പ്രകാശ രേഖ: എട്ട്
ഡയോജനസ് ഏതൻസ് നഗരത്തിലൂടെ നട്ടുച്ചക്ക് ചൂട്ടും കത്തിച്ച് നടന്ന സംഭവം സുവിദിതമാണ്. ആളുകൾ അദ്ദേഹത്തെ ഭ്രാന്തനെന്ന് വിളിച്ചു. പലരും ചോദിച്ചു; എന്താണ് തെരഞ്ഞു നടക്കുന്നത്. മനുഷ്യനെയാണ് തെരയുന്നതെന്ന് ഡയോജനസ് അറിയിച്ചു. അപ്പോൾ അവർ അദ്ദേഹത്തെ പെരും പിരാന്തനെന്ന് വിശേഷിപ്പിച്ചു. ഇതിലൊട്ടും അത്ഭുതമില്ല. പ്രതിഭാശാലികളുടെ കർമ്മങ്ങളുടെ യുക്തി അവർ പറഞ്ഞു കൊടുക്കാതെ സാമാന്യബുദ്ധികൾക്ക് മനസ്സിലാവില്ല. സാമാന്യ ബുദ്ധികളുടെ കർമ്മങ്ങളുടെ യുക്തി മന്ദബുദ്ധികൾക്കും മനസ്സിലാവില്ല. കവികളുടെ വാക്കുകളുടെ ആശയം മറ്റുള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. എൻറെ പാദസ്പർശമേറ്റ് മണൽതരികൾക്ക് രോമാഞ്ചമുണ്ടായിയെന്ന് കവി പറഞ്ഞാൽ അത് സാധാരണക്കാർക്ക് അത് ഭ്രാന്താണെന്നേ തോന്നുകയുള്ളൂ.
അപ്പോൾ ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും ബുദ്ധിയും ബോധവും യുക്തിയും നൽകിയ അതിരുകളില്ലാത്ത ബോധത്തിൻറെയും അറിവിൻറെയും യുക്തിയുടെയും ഉടമയായ ദൈവത്തിൻറെ കർമ്മങ്ങളുടെ യുക്തി അവൻറെ കോടാനുകോടി സൃഷ്ടികളിലൊന്നായ മനുഷ്യന് മനസ്സിലാകണമെന്നില്ല. അതിനാലാണ് ദൈവം എന്തിനാണ് കൊറോണയെ സൃഷ്ടിച്ചതെന്നത് പോലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത്.
എന്തിനാണ് മനുഷ്യൻ രോഗിയാകുന്നത്, വാർധക്യം ബാധിക്കുന്നത്, മരിക്കുന്നത്, ദരിദ്രരാകുന്നത്, അവശരും അശരണരുമാകുന്നത്, മന്ദബുദ്ധികളും മനോരോഗികളുമാകുന്നത് പോലുള്ള നൂറുകൂട്ടം ചോദ്യങ്ങൾ ഉന്നയിക്കാവുന്നതാണ്. ഇതിനെല്ലാം ദൈവ പ്രോക്തമായ വിശദീകരണം സ്വീകരിക്കുകയല്ലാതെ കേവല യുക്തി കൊണ്ട് തൃപ്തികരമായ മറുപടി കണ്ടെത്താനാവില്ല. മനുഷ്യ ബുദ്ധിയുടെയും യുക്തിയുടെയും ഈ പരിമിതി ഉൾക്കൊള്ളാത്തവർ എപ്പോഴും തികഞ്ഞ ആശയക്കുഴപ്പങ്ങളിലായിരിക്കും; തീർച്ച.