പ്രകാശ രേഖ: ആറ്
ലോകപ്രശസ്ത കവിയും ചിത്രകാരനും ചിന്തകനുമാണ് ഖലീൽ ജിബ്രാൻ. ജനിച്ചത് ലബനാനിലാണെങ്കിലും ജീവിതത്തിൻറെ സിംഹഭാഗവും കഴിച്ചുകൂട്ടിയത് അമേരിക്കൻ ഐക്യനാടുകളിലാണ്. ക്രൈസ്തവ വിശ്വാസിയായിരുന്നിട്ടും പ്രവാചകനെ അഗാധമായി സ്നേഹിച്ചു. ഭൂവന പ്രശസ്തമായ അദ്ദേഹത്തിൻറെ പുസ്തകത്തിൻറെ പേര് തന്നെ പ്രവാചകൻ എന്നാണ്. ഖലീൽ ജിബ്രാൻറെ വിഖ്യാതമായ വാക്യങ്ങളിലൊന്ന്:
“നിങ്ങൾ വളരെ സുഖമായി ജീവിക്കുമ്പോൾ ഓർക്കുക; തൊട്ടടുത്ത കട്ടിലിൽ ദുഃഖം മൂടിപ്പുതച്ച് കിടക്കുന്നുണ്ട്. നിങ്ങൾ ദുഃഖിതനാണെങ്കിൽ മറക്കാതിരിക്കുക; തൊട്ടടുത്ത കട്ടിലിൽ സുഖം മൂടിപ്പുതച്ച് കിടപ്പുണ്ട്.”
ഇരുളും പകലും പോലെ, കുന്നും കുഴിയും പോലെ, കയറ്റവും ഇറക്കവും പോലെ മനുഷ്യജീവിതം സുഖദുഃഖ സമ്മിശ്രമാണ്. എളുപ്പവും പ്രയാസവുമുള്ളതാണ്.അത് ജയാപജയങ്ങളുടേതാണ്. മാറിമാറിവരുന്ന അവസ്ഥാന്തരങ്ങളുടേതാണ്.
ഭൗതിക ജീവിതത്തിലെ സുഖദുഃഖങ്ങൾക്കും വിജയ പരാജയങ്ങൾക്കും നിദാനം കർമ്മങ്ങളിലെ നന്മ തിന്മകളാകണമെന്നില്ല. ചിലപ്പോൾ പാപ പങ്കിലമായ ജീവിതം നയിക്കുന്നവരിവിടെ സുഖസൗകര്യങ്ങളുടെ പാരമ്യത പ്രാപിച്ചേക്കാം. വിശുദ്ധ ജീവിതം നയിക്കുന്ന പുണ്യ പുരുഷന്മാർ വമ്പിച്ച കഷ്ട നഷ്ടങ്ങൾക്ക് വിധേയമാവുകയും ചെയ്തേക്കാം.വിശ്വാസികൾക്ക് ജീവിത വിഭവങ്ങൾ നൽകണമെന്ന് അബ്രഹാം പ്രവാചകൻ പ്രാർത്ഥിച്ചപ്പോൾ അവിശ്വാസികൾക്കും അത് നൽകുമെന്നാണല്ലോ ദൈവം പ്രതിവചിച്ചത്.
അല്ലലും അലട്ടുമില്ലാതെ സുഖസൗകര്യങ്ങൾ അനുഭവിച്ച് ജീവിക്കുമ്പോൾ പക്വമതികൾ അതിൽ അമിതമായി അഭിരമിക്കുകയോ അഹങ്കരിക്കുകയോ ഇല്ല. തൊട്ടടുത്ത നിമിഷം എല്ലാം തകിടം മറിഞ്ഞേക്കാമെന്ന് അയാൾ മനസ്സിലാക്കുന്നു. അതിനാൽ വിപത്തുകൾ വരാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്തുന്നു. അപ്രകാരം തന്നെ കഷ്ടനഷ്ടങ്ങളുടെ നീർകയത്തിൽ മുങ്ങിത്താഴുമ്പോഴും അയാളൊട്ടും നിരാശനാവുകയില്ല. ഏറെ വൈകാതെ എല്ലാം മാറിമറിയുമെന്നും വിജയ തീരമണയുമെന്നും അയാൾ പ്രതീക്ഷിക്കുന്നു. അതിനാൽ നിഷ്ക്രിയനാവാതെ രക്ഷാമാർഗ്ഗം തേടിക്കൊണ്ടേയിരിക്കുന്നു. ഫലമോ ഏതവസ്ഥയിലും വിവേകശാലികൾ കർമനിരതമായ ജീവിതം നയിക്കുന്നു. വിജയവീഥിയിലൂടെ മുന്നോട്ടു നീങ്ങുന്നു.പ്രയാസത്തൊപ്പമാണ് എളുപ്പമെന്ന ഖുർആൻറെ ആവർത്തിച്ചുള്ള പ്രഖ്യാപനം മറക്കാതിരിക്കുക.