‘മനുഷ്യരേ’ എന്ന വിളി
എത്രമേൽ മധുരമുള്ളതാണ്,
ഇമ്പവും ഈണവും നിറഞ്ഞതാണ്! മനുഷ്യരെല്ലാം ഒന്നാണെന്ന മഹത്തായ സാമൂഹിക ബോധത്തിൻ്റെ പ്രധാന അടിത്തറയാണ് വേദഗ്രന്ഥത്തിൻ്റെ
ഈ അഭിസംബോധന.
നിങ്ങൾ ഭൂഖണ്ഡങ്ങളിലേക്ക് പടർന്നോളൂ, ദേശാതിർത്തികളാൽ വേർതിരിഞ്ഞോളൂ, വിശ്വാസ വൈജാത്യങ്ങളാൽ വ്യത്യസ്തരായ്ക്കൊള്ളൂ…. പക്ഷേ, അവയ്ക്കെല്ലാം അപ്പുറം, മനുഷ്യരെന്ന അർത്ഥത്തിൽ നിങ്ങളൊന്നാണ്.
വ്യത്യസ്ത വംശധാരകളെന്ന് നിങ്ങൾ വേർപ്പിരിക്കുന്നുണ്ടല്ലോ! എന്നാൽ, നിങ്ങളൊന്നറിയണം; നിങ്ങളുടെ ആദ്യത്തെ മാതാവും പിതാവും ഒന്നാണ്, ആ നിലക്ക് നിങ്ങൾ ഒറ്റ വംശമാണ്, മനുഷ്യവംശം! ഈയൊരു ഏകീകരണത്തിൻ്റെ മൗലിക പാഠമാണ് മനുഷ്യരേ എന്ന വിളി.
ഈ മഹാമാരിയും നമ്മെ അങ്ങനെ ഏകീകരിച്ചിട്ടുണ്ടല്ലോ!
സത്യവേദത്തിൻ്റെ സാമൂഹിക വീക്ഷണത്തെ അടയാളപ്പെടുത്തുന്ന സാങ്കേതിക പ്രയോഗമെന്ന്, ‘മനുഷ്യരേ’ എന്ന അഭിസംബോധനയെ വിശേഷിപ്പിക്കാം. ആശയങ്ങളും കർമ്മങ്ങളും നയവികാസങ്ങളും സ്ഥാപനങ്ങളുമൊക്കെ രൂപപ്പെടുത്തുമ്പോൾ
വേദദർശനത്തിൻ്റെ വക്താക്കൾ
ഈ സാമൂഹിക വീക്ഷണമാണ് ഒന്നാമത് പരിഗണിക്കേണ്ടത്. ഭാഷയിലും പ്രയോഗങ്ങളിലും ജീവിത രീതികളിലും പുലർത്തേണ്ടതും ഇതേ സാമൂഹിക വീക്ഷണം തന്നെ. ഇരുപത് തവണയെങ്കിലും, ‘മനുഷ്യരേ’ (അയ്യുഹന്നാസ് ) എന്ന പ്രയോഗം വേദഗ്രന്ഥം ആവർത്തിച്ചിട്ടുണ്ട്. ‘ആദം സന്തതികളേ’എന്ന സംബോധനയിലും ഈ ഏകത്വത്തിൻ്റെ വിളംബരമാണുള്ളത്.
‘വിശ്വസിച്ചവരേ’ എന്ന വിളിയാകട്ടെ ആദർശപരമാണ്. അവകാശവാദത്തെക്കാൾ,
ഉത്തരവാദിത്ത ബോധത്തെയാണ്
അത് ഉൾക്കൊള്ളുന്നത്.
‘കറുത്തവളുടെ മകനേ’ എന്ന അഭിശപ്തമായൊരു വിളി ഒരാളുടെ വായിൽ നിന്ന് വീണുപോയപ്പോൾ, എത്രമേൽ രോഷാകുലനായിരുന്നു ലോക ഗുരുവെന്ന് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ടല്ലോ. ‘അജ്ഞാനാന്ധതയുടെയും ജീർണ്ണതയുടെയും അടയാളങ്ങൾ ഇനിയും നിന്നിൽ ബാക്കിയുണ്ടോ’ എന്ന മുനകൂർത്ത ചോദ്യവും അയാൾക്ക് നേരിടേണ്ടി വന്നു. എല്ലാ വിഭാഗീയതകൾക്കും അതീതമായി ‘മനുഷ്യരേ’ എന്ന സമത്വത്തിൻ്റെ വിളിയാളം പഠിപ്പിച്ചവർ പിന്നെയും പിന്നോട്ട് നടക്കുന്നതിൽ ലോകഗുരുവിൻ്റെ അകംനൊന്തിരുന്നു. കറുത്തവരേ, വെളുത്തവരേ, അറബികളേ, ആഫ്രിക്കക്കാരേ…. വംശം, ഭാഷ, ദേശം, വർണ്ണം, കുലം, ഗോത്രം, മതസമുദായം തുടങ്ങിയവയുടെയെല്ലാം പേരിലുള്ള വർഗ്ഗീയവും വംശീയവുമായ എല്ലാ സങ്കുചിത വേർതിരിവുകളേയും റദ്ദ് ചെയ്യുകയാണ്, ‘മനുഷ്യരേ’ എന്ന വിളിയിലൂടെ സത്യവേദം ചെയ്തത്. അതു കൊണ്ട്, വിഭാഗീയതയുടെ മതിൽക്കെട്ടുകൾ തകർക്കുന്ന മുദ്രാവാക്യം കൂടിയായി ഈ വിളിയെ തിരിച്ചറിയണം.
‘പ്രിയപ്പെട്ട സഹോദരീ സഹോദരൻമാരേ..’ ചിക്കാഗോയിൽ ചരിത്രം തീർത്ത ആ അഭിസംബോധന ഈ വേദദർശനത്തിൽ നിന്ന് ഉരുവം കൊണ്ടതാകാതെ തരമില്ല. ജാതീയതയുടെ അസ്പൃശ്വതകളാൽ ഭ്രാന്തെടുത്തു നിന്ന ഒരു സംസ്കൃതിക്ക്, മനുഷ്യസമത്വത്തിൻ്റെ ലോകസന്ദേശം പരിചയപ്പെടുത്തിയതും പഠിപ്പിച്ചതും ഈ
സത്യവേദ ദർശനമാണല്ലോ! “അയ്യുഹന്നാസ്’ എന്ന പേരിൽ പുസ്തകമെഴുതാനിരുന്ന
മലയാള സാഹിത്യകാരനെ അവസാനം പ്രചോദിപ്പിച്ചതും ഇതേ ആശയം തന്നെയാകണം. ഇക്കാരണങ്ങൾ കൊണ്ടെല്ലാമാണ് ഈ കുറിപ്പ് ഇങ്ങനെ അവസാനിപ്പിക്കുന്നത്;
സാക്ഷാൽ ദൈവത്തിനല്ലാതെ, മറ്റെന്തിനെങ്കിലും സാഷ്ടാംഗം പ്രണാമം ചെയ്യാൻ അനുവാദമുണ്ടായിരുന്നെങ്കിൽ, ‘മനുഷ്യരേ’ എന്ന, സത്യവേദത്തിലെ പ്രയോഗത്തെ
നമിച്ചു പോകുമായിരുന്നു. വിഭാഗീയതയുടെ ലോക ക്രമത്തെ മാറ്റിയെഴുതാൻ കരുത്തുറ്റ ആശയമുദ്രയാണല്ലോ അത്!
സദ്റുദ്ദീൻ വാഴക്കാട്
7025786574