കുട്ടിക്കാലത്ത് എൻറെ നാടായ പയ്യന്നൂരിൽ എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ നോമ്പ്തുറയിൽ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് കോഴിക്കോട്ട് ‘കാരുണ്യ’ത്തിൽ താമസമാക്കിയതിനു ശേഷവും പല മുസ്ലിം സുഹൃത്തുക്കളും നോമ്പ് തുറക്ക് ക്ഷണിക്കാറുണ്ട്. ഒരിക്കൽ സുഹൃത്ത് കൂടിയായ നടൻ സിദ്ദിഖ് വീട്ടിൽ വന്നപ്പോൾ നോമ്പ് തുറക്കേണ്ട സമയമായിരുന്നു. ഞാൻ പറഞ്ഞു നമുക്കിവിടെ നോമ്പ് തുറക്കാം. അദ്ദേഹം പറഞ്ഞു അതിൻറെ പുണ്യം തിരുമേനിക്ക് കിട്ടുമെന്ന്… എൻറെ വീട്ടിൽ ജോലിക്കാരായ ആളുകൾ, ഡ്രൈവേഴ്സ് അവർക്ക് നോമ്പ് മാസമായാൽ ഭാര്യ വെളുപ്പിനെ എഴുന്നേറ്റ് അവരുടെ ഇഷ്ടമനുസരിച്ച് ഭക്ഷണമുണ്ടാക്കിക്കൊടുക്കും. അതിലവർക്ക് പ്രത്യേക കണിശതയാണ്. ഇവിടെയായത് കൊണ്ട് നിങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്ക് മാറ്റം വരുത്തിക്കൂടാ എന്ന് അവർ നിർബന്ധപൂർവം പറയും.
ഇവിടെയടുത്തുള്ള പള്ളിയിൽ ഇഫ്താറിന് ക്ഷണിച്ചപ്പോൾ ഞാൻ പോയിട്ടുണ്ട്. അതൊരു പ്രത്യേക അനുഭവമായിരുന്നു. എല്ലാവരുമൊത്തുള്ള കൂടിച്ചേരൽ, സ്നേഹം പങ്കിടൽ, ഭക്ഷണത്തിനല്ല പ്രാധാന്യം. നന്മക്കാണ്.
ഒരിക്കൽ സ്നേഹവിരുന്നിൽ ആദരണീയനായ പാണക്കാട് തങ്ങളോട് ഞാൻ ചോദിച്ചു: ‘അങ്ങ് വിശുദ്ധ ഖുറാനിൽ നിന്ന് ഉൾക്കൊണ്ട ഏറ്റവും വലിയ തത്ത്വമെന്താണ്’? അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ‘ഇന്നല്ലാഹ മഅസ്സ്വാബിരീൻ’ (തീർച്ചയായും ക്ഷമാശീലരോടൊപ്പമാണ് ദൈവം). അപ്പോൾ തന്നെ ഞാനത് മനഃപാഠമാക്കി. എൻറെ ജീവിതത്തിൽ പ്രയോഗികമാക്കി. എന്നെ ആര് ഉപദ്രവിച്ചാലും ഞാൻ പൊറുത്തു. എനിക്ക് എൻറെതായ പരിമിതികളുണ്ട്. നാലു വര്ഷം മുൻപുള്ള ഞാനല്ലയിന്ന്. എൻറെ ചെറുപ്പം പോയല്ലോയെന്നുള്ള ആശങ്കയുമില്ല. എന്നെ തളർത്തിയ രോഗത്തെപോലും ഞാൻ പോസിറ്റീവായെടുക്കുന്നു. കാരണം, ഇതെല്ലാം പരമകാരുണികനായ ദൈവമറിയുന്നുണ്ട്, കാലത്തിനു മായ്ച്ചുകളയാനാവാത്ത ഒന്നാണത്. മറ്റുള്ളവരെ സ്നേഹത്തിലൂടെ നാം കീഴടക്കണം. അതാണ് ഞാൻ ഓർമിച്ചത്. തങ്ങൾ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടും വിശുദ്ധ ഖുർആനെ സംബന്ധിച്ച് അർത്ഥപൂർണമാണ്. അതിൽ കവിഞ്ഞൊരു തത്ത്വമില്ല. അദ്ദേഹത്തിന് വേണമെങ്കിൽ ‘അന്നാസിർ’, ‘അൽ-ഫാതിഹ’ എന്നൊക്കെ പറയാമായിരുന്നു. ഖുർആൻ വിവരിക്കുന്നത് അതുതന്നെയാണ്. എല്ലാത്തിൻറെയും അടിസ്ഥാനം സ്നേഹം, സമാധാനമാണ്.
ബാബുക്കയുടെ (ബാബുരാജ്) പത്നിക്ക് ഉംറക്ക് പോകാൻ ദാസേട്ടൻ സഹായിക്കുകയുണ്ടായി. അന്ന് ദാസേട്ടൻ ഒരു സഹോദരൻറെ കടമ നിർവഹിച്ചെന്നേയുള്ളു. എന്നാൽ ബാബുക്കയുടെ ഭാര്യ തിരിച്ചുവന്നത് ദാസേട്ടനായുള്ള സംസം വെള്ളവുമായിട്ടാണ്. എന്നിട്ടെന്നോട് പറഞ്ഞു അത് ദാസേട്ടനെ ഏൽപ്പിക്കണമെന്ന്. ഞാനത് സന്തോഷത്തോടെ ദാസേട്ടന് എത്തിച്ചുകൊടുത്തു. അത്രയേറെ കൃതാർത്ഥമായിരുന്നു ആ യാത്ര.
അബ്ദുസ്സമദ് സമദാനി എന്നെ മിക്കപ്പോഴും സന്ദർശിക്കാറുണ്ട്. ഒരുതവണ വീട്ടിൽ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ പോകട്ടേ, നമസ്കരിക്കാൻ സമയമായി. ഞാൻ പറഞ്ഞു. നിങ്ങൾക്ക് സമ്മതമാണേൽ ഇവിടെ നിന്ന് നമസ്കരിക്കാം. നിങ്ങൾക്ക് നമസ്കരിക്കാൻ കൂടിയാണെൻറെ വീട്. എൻറെ വീട്ടിലെ പ്രാർത്ഥനാമുറിയിൽ ഭാഗവതമുണ്ട്. ഖുർആനും ബൈബിളുമുണ്ട്; പിന്നെ വിശുദ്ധ മക്കയിലെ മണലും. ഇതൊക്കെ എൻറെയൊരു വിശ്വാസത്തിൻറെ ഭാഗമാണ്.
പണ്ട് തിരുവനന്തപുരത്ത് മാതൃഭൂമിയിൽ ജോലി ചെയ്യുമ്പോൾ കലാപമുണ്ടായി. ചാല കമ്പോളം കത്തിയമർന്നു. അപ്പോൾ, അടുത്ത വീട്ടിൽനിന്ന് ആളുകൾ മതിൽ ചാടി ഓഫീസിലേക്ക് വന്നു. നിരവധിപേർക്ക് പരിക്ക് പറ്റിയിരുന്നു. വന്നയാളുകൾക്ക് ഞാൻ സുരക്ഷിതമായി അഭയം നൽകി. എൻറെ കൂടെ മുസ്ലിം സുഹൃത്തായിരുന്നു ജോലി ചെയ്തിരുന്നത്. അവനെന്നോട് ചോദിച്ചു: ‘തിരുമേനീ, ഞാൻ മുസ്ലിമും നിങ്ങളൊരു ഹിന്ദുവും. നമ്മളും പേടിക്കണമല്ലോയെന്ന്. ശരിക്കും അദ്ദേഹത്തിൻറെ വാക്ക് എൻറെ മനസ്സിൽ തറച്ചു.
മതമല്ല വലുത്, മനുഷ്യസ്നേഹമാണ്. അതാണ് പ്രവാചകനും നമ്മെ പഠിപ്പിച്ചത്. ദൈവവചനം, അതൊരു വാക്കിലൊതുങ്ങുന്നതല്ല, പുസ്തകത്തിലൊതുങ്ങുന്നതല്ല. അതിലുമപ്പുറത്തേക്ക് ഒഴുകുകയാണ്. അനന്തമായ സ്നേഹത്തിൻറെ അവാച്യമായൊരനുഭൂതി… എല്ലാ മതത്തിലും പ്രവാചകന്മാരുണ്ട്. ഓരോ മതവും അതിനെ അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കുന്നു. ഇസ്ലാം മതം പ്രവാചകവചനങ്ങൾ ശക്തമായും വ്യക്തമായും ഉൾക്കൊള്ളുന്നുവെന്ന് മാത്രം.പ്രവാചകന്മാർ ദാനശീലം ഉൽബോധിപ്പിക്കുകയുണ്ടായി. നാം കഴിക്കുന്നതോടൊപ്പം പാവപ്പെട്ടവനെയും ഊട്ടുക എന്ന്. അല്ലെങ്കിൽ അയൽക്കാരനെയും ഊട്ടുകയെന്ന്.
റമദാൻ മാസം, അതൊരു പുണ്യമാസമാണ്. ആത്മനിയന്ത്രണത്തിൻറെ ദിവസങ്ങൾ… സഹനത്തിൻറെ വഴികളിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമൊക്കെ ഒന്നാകേണ്ട ശുഭകാലം. പ്രവാചകൻ പറഞ്ഞത് അങ്ങനെയാണ്. ഏത് മതമെന്നോ ഏത് ജാതിയെന്നോ വേർതിരിവില്ലാതെ പരസ്പരം സ്നേഹിച്ച് കലഹങ്ങളേതുമില്ലാതെ കഴിയുന്ന, വ്രതാനുഷ്ടാനങ്ങളുടെ പുണ്യമാസം… ത്യാഗവും ധ്യാനവും ചേരുന്ന ജീവിത മുഹൂർത്തങ്ങളാണവ. അവിടെ രഹസ്യങ്ങളും പരസ്യങ്ങളുമില്ല. മനസ്സ് തുറന്നിട്ട പുസ്തകം പോലെ ദൈവത്തിന് മുന്നിൽ അർപ്പിക്കുന്നു. നോമ്പുകാലത്തിൻറെ ദീപ്തസ്മരണകളിൽ മുഴുകുമ്പോൾ, ജീവിതം തന്നെ അർത്ഥപൂർണമാകുന്നു. നമ്മൾ എല്ലാ വികാരവും മാറ്റിവെക്കുന്നു. കാമ, ക്രോധ, ലോപ, മോഹങ്ങൾ എന്നിവയെ ഒക്കെ വിലക്കിക്കൊണ്ടുള്ളതാവണം നോമ്പുകാലമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇപ്പോഴും എന്നെ കണ്ടാൽ ചില മുസ്ലിം സഹോദരിമാർ മുഖത്തെ തുണി മാറ്റിയിട്ട് ചിരിക്കും. അതിലെനിക്ക് അഭിമാനമുണ്ട്. കാരണം, ഞാനവർക്ക് അന്യനല്ല;സ്വന്തം സഹോദരനാണ്. മതത്തിനപ്പുറത്തുള്ള ബന്ധം… നോമ്പുകാലത്തിൻറെ അനുഭവങ്ങൾക്ക് തീവ്രതയും തീക്ഷ്ണതയുമുണ്ടായിരിക്കണം. എല്ലാ അനുഭവങ്ങളും സൗഗന്ധികമായിരിക്കണം. സ്നേഹപൂർണമായിരിക്കണം. റമദാനിലെ ചന്ദ്രിക വിരിയുമ്പോൾ നമ്മുടെ നോമ്പ്കാലം അർത്ഥപൂർണമായി. അതിലൂടെ കാരുണ്യവാനായ ദൈവത്തിൻറെ സ്നേഹസ്പർശം കൂടുതലായി നമുക്കനുഭവിക്കാം.
– കൈതപ്രം ദാമോദരൻ നമ്പൂതിരി