ഏതൊരാൾക്കും പ്രിയപ്പെട്ടതാണ് ഇഷ്ടഭക്ഷണം. വിശപ്പുണ്ടാകുമ്പോൾ മുന്നിലെത്തുന്ന വിശിഷ്ടഭോജൃങ്ങൾ അതുകൊണ്ടുതന്നെ ഒരുതരം ആസക്തി മനുഷ്യരിൽ സൃഷ്ടിക്കും. ഈ ആസക്തി ആത്മനിയന്ത്രണംകൊണ്ട് അടക്കിവെക്കുക. അതാണ് ഓരോ വിശ്വാസിയും വ്രതാനുഷ്ഠാനംകൊണ്ട് സാധിച്ചെടുക്കുന്നത്. നോമ്പ് പകൽസമയത്ത് ഭക്ഷണമുപേക്ഷിക്കൽ മാത്രമല്ല, പ്രപഞ്ചനാഥൻറ മുന്നിൽ മനസ്സുനിറഞ്ഞ് പ്രാർഥിക്കൽ കൂടിയാണ്. വ്രതം ത്യാഗമാണ്. നമുക്ക് പ്രിയപ്പെട്ട ഒന്ന് വേണ്ടെന്നുവെക്കൽ. അർഹതയുള്ളവരെ സഹായിക്കുക എന്ന ധർമംകൂടി ഈ മാസക്കാലത്ത് വിശ്വാസികൾ ആചരിക്കുന്നു. നോമ്പും പ്രാർഥനയുമൊ- ക്കെ ദൈവമഹത്വം തേടിയുള്ള യാത്രയിലെ വഴിവെളിച്ചം മാത്രം. വിശക്കുന്നവനും വേദനിക്കുന്നവനും ഒരു കുഞ്ഞു കൈത്താങ്ങായി മാറുക കൂടി ചെയ്താലേ അതിന് അർഥപൂർത്തി കൈവരൂ. റമദാനിൽ ഇത്തരം നന്മകൾ നേരിട്ട് കണ്ടറിഞ്ഞ ഒട്ടേറെ അനുഭവങ്ങളുള്ളയാളാണ് ഇതെഴുതുന്നയാൾ. സഹനത്തിനൊപ്പം സ്നേഹത്തിൻറയും എഴുതാക്കഥകൾ എത്രയോ ഉണ്ട് ഈ മണ്ണിൽ. ആത്മീയ ഉണർവിലേക്കുള്ള ഈ യാത്രയിൽ ഞാനും പങ്കുചേരുന്നു.