ഏകകോശജീവിയായ അമീബ മുതല്‍ ‘ബുദ്ധിജീവി’ യായ മനുഷ്യനടക്കം കോടാനുകോടി ജീവ ജാലങ്ങളുണ്ട് ഭൂമിയില്‍. അതില്‍ ആന മുതല്‍ തിമിംഗലം വരെയുള്ള വന്‍ജീവികളെ അടക്കിഭരിക്കുന്ന ‘ഭൂമിയിലെ രാജാക്കന്മാര്‍’ ആണ് മനുഷ്യര്‍ എന്ന് പറയാം.മനുഷ്യര്‍ക്ക് ഇങ്ങനെ വാഴാന്‍ കഴിയുന്നത് ‘ബുദ്ധിജീവികള്‍’ ആയതുകൊണ്ടാണ്. ഇവ്വിധം ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ക്കിടയില്‍ പ്രവാചകന്‍മാരും വേദങ്ങളും എന്തിനാണ്?മറ്റു ജീവജാലങ്ങള്‍ക്കിടയില്‍ പ്രവാചകന്മാരില്ല,വേദങ്ങളുമില്ല എന്നിരിക്കെ?
മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യന് ഒരുപാട് സവിശേഷതകളുണ്ട് അതോടൊപ്പം പരിമിതികളും. ഈ പരിമിതികളെ മനസ്സിലാവുമ്പോഴാണ് മറ്റു ജീവജാലങ്ങള്‍ക്കിടയില്‍ ആവശ്യമില്ലാത്ത, പ്രവാചകന്‍മാരും വേദങ്ങളും മനുഷ്യര്‍ക്കാവശ്യമാണെന്ന് ബോധ്യപ്പെടുക
ഒരു ആട് പ്രസവിച്ചാല്‍, അല്ലെങ്കില്‍ ഒരു പശു പ്രസവിച്ചാല്‍, അതിന്റെ കുഞ്ഞ് അല്‍പം കഴിയുമ്പോള്‍ അന്നം തേടി അതിന്റെ മാതാവിന്റെ അകിട്ടിലേക്ക് സ്വയം പോകുന്നതായി കാണാം. എന്നാല്‍ ഒരു മനുഷ്യകുഞ്ഞിനെ സംബന്ധിച്ചിടത്തോളം വാവിട്ടു കരയാനേ ആ സന്ദര്‍ഭത്തില്‍ കഴിയൂ. മാതാവ് വാരിയെടുത്ത് മാറോട് ചേര്‍ക്കുമ്പോഴാണ് മനുഷ്യകുഞ്ഞിന് അന്നം നുകരാനാവുന്നത്. ഇത് സൂചിപ്പിക്കുന്നത് തുടക്കം മുതല്‍ തന്നെ ഒരു ‘കൈതാങ്ങ്’ ആവശ്യമാണ് മനുഷ്യന് എന്ന കാര്യമാണ്. ഒരു പൂച്ചക്കുട്ടിക്ക് പോലുമില്ലാത്ത പരിമിതികള്‍ മനുഷ്യകുട്ടിക്കുണ്ട് എന്നര്‍ഥം
ഇത് മാത്രമല്ല മുട്ട വിരിഞ്ഞ് പുറത്തുവരുന്ന കോഴികുഞ്ഞ് ധാന്യമണിയും മണല്‍ത്തരിയും തിരിച്ചറിയും. പട്ടിക്കും പൂച്ചക്കും കോഴിക്കും കഴുതക്കുമെല്ലാം അവയുടെ അന്നമേതെന്നറിയാം. അവക്ക് ‘ഹറാമും ഹലാലും’ (അനുവദനീയവും നിഷിദ്ധവും) എന്തൊക്കെയെന്ന് അവയെ സൃഷ്ടിക്കുമ്പോള്‍ തന്നെ അവയുടെ പ്രകൃതിയില്‍ ദൈവം നിര്‍ണയിച്ചു വച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ കാര്യം അങ്ങനെയല്ല. കുട്ടി മുട്ടിലിഴഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള്‍ രക്ഷിതാക്കളുടെ കണ്ണ് തെറ്റിയാല്‍ സ്വന്തം മലവും വാരി വിഴുങ്ങും. ഒരു പട്ടിക്കുട്ടി ചെയ്യാത്തത് മനുഷ്യക്കുട്ടി ചെയ്യുമെന്നര്‍ഥം. ആ സന്ദര്‍ഭത്തില്‍ ‘അരുത്’ എന്ന് ആ മനുഷ്യക്കുട്ടിയെ പഠിപ്പിക്കേണ്ടത് ഒരു അനിവാര്യതയാണ്. ഇങ്ങനെ ജീവിതത്തിലുടനീളം പാടുള്ളതും പാടില്ലാത്തതും പഠിപ്പിക്കണം മനുഷ്യനെ. മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചപ്പോള്‍ തന്നെ ദൈവം അത് അവയുടെ പ്രകൃതില്‍ നിക്ഷേപിച്ചിരിക്കുന്നു
മനുഷ്യപ്രകൃതമനുസരിച്ച് അരുതായ്മകളില്ലാത്ത സ്വതന്ത്ര ജീവിതം മനുഷ്യനെ മനുഷ്യനല്ലാതാക്കിമാറ്റും. യഥാര്‍ഥത്തില്‍ മനുഷ്യനെ മനുഷ്യനാക്കുന്നത് അതിരുവിട്ട സ്വാതന്ത്ര്യമല്ല. അത് മനുഷ്യനെ നാശത്തിലേക്കാണ് നയിക്കുക. മനുഷ്യ ജീവിതം തന്നെ അതിനുദാഹരണങ്ങള്‍ പറഞ്ഞുതരുന്നുണ്ട്
പക്ഷിമൃഗാതികള്‍ ഇവിടെ സ്വതന്ത്രമായി ലൈംഗിക വേഴ്ച്ച നടത്തുന്നു. അതിന്റെ പേരില്‍ ഒരു നാശവും അവര്‍ക്ക് ഉണ്ടാകുന്നില്ല. അതിനര്‍ഥം അവ ജീവിക്കുന്നത് ശരിയായ രീതിയിലാണെന്നാണ്. അവയെ ദൈവം സൃഷ്ടിച്ചപ്പോള്‍ തന്നെ അവക്കാവശ്യമായ ‘അതിരുകള്‍’ നിര്‍ണയിച്ചു വെച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ അതിരുവിട്ട് ലൈംഗിക വേഴ്ച്ച നടത്തിയാല്‍ എയ്ഡ്‌സ് പോലെയുള്ള മാരകരോഗങ്ങള്‍ പിടികൂടുന്നു. മനുഷ്യവംശത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. അതിനര്‍ഥം ആ ജീവിതം ശരിയല്ല എന്നാണല്ലോ.
അതിനാല്‍,’പാറി നടക്കും പറവകളൊന്നും വേളി കഴിക്കാറില്ല’ എന്ന ന്യായം മനുഷ്യന് ബാധകമാക്കാന്‍ പറ്റില്ല. വേളി കഴിക്കുക എന്നാല്‍ ഒരു നിയമത്തിന് വിധേയമാവലാണ് പക്ഷിമൃഗാതികളെ സൃഷ്ടിച്ചപ്പോള്‍ തന്നെ ദൈവം കൃത്യമായ ചില നിയമങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.ഇര തേടുന്നിടത്തു മുതല്‍ ഇണ ചേരുന്നിടത്തു വരെ അതുണ്ടെന്ന് കാണാം. അത് കൊണ്ടാണ് വിശപ്പടങ്ങിയ ഒരു സിംഹം കഴിവുണ്ടായിട്ടും രണ്ടാമതൊരു മുയലിനെ വെറുതെ കൊല്ലാത്തത്.ഒരു ഈച്ചയും അതിന്റെ ഇണയെ ബലാത്സംഗം ചെയ്ത് കൊല്ലുന്നത് നാം കാണുന്നില്ല. ഹിംസ്ര ജന്തുക്കള്‍ എന്ന് നാം വിശേഷിപ്പിക്കുന്ന പുലിയോ സിംഹമോ പോലും അവയുടെ ഇണയെ ബലാല്‍സംഗം ചെയ്ത് കൊല്ലാറില്ല.പക്ഷിമൃഗാദികള്‍ക്കിടയില്‍ ‘സത്രീ പീഡനം’ എന്ന അതിരുവിട്ട പ്രതിഭാസമില്ല. എന്നാല്‍ മനുഷ്യന്റെ കാര്യമോ? മുലപ്പാല്‍ മണം വറ്റാത്ത പിഞ്ചു കുഞ്ഞുങ്ങളെ വരെ പിച്ചിച്ചീന്തുന്നു! ഇത് ‘മൃഗീയത’യല്ല ‘പൈശാചികതയാണ്’. മനുഷ്യന് നിയന്ത്രണങ്ങളില്ലാതെ വന്നാല്‍ മൃഗമാവുകയല്ല, പിശാചാവുകയാണ് ചെയ്യുക. ഇങ്ങനെയുള്ള മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കാന്‍ നിയമങ്ങളും നിയന്ത്രണങ്ങളും വേണ്ടതില്ലെന്നാണോ? മനുഷ്യന് ചില ‘അതിരുകള്‍’ നിശ്ചയിക്കേണമെന്നുറപ്പാണ്. ജീവിതത്തിലുടനീളം ഈ അതിരുകള്‍ മനുഷ്യന് അനിവാര്യമാണ്. അതിനാണ് ‘സന്മാര്‍ഗിക നിയമങ്ങള്‍’ എന്ന് പറയുന്നത.് സ്രഷ്ടാവായ ദൈവം പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ടും വേദങ്ങള്‍ നല്‍കിക്കൊണ്ടുമാണ് മനുഷ്യനെ സാന്മാര്‍ഗിക നിയമങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നു:
ആകാശഭൂമികളിലുള്ള സകല ചരാചരങ്ങളും ഒന്നുകില്‍ നിര്‍ബന്ധിതമായി അല്ലെങ്കില്‍ സ്വയം ദൈവത്തിന് അനുസരണം സമര്‍പ്പിക്കവെ ഇവര്‍ (മനുഷ്യര്‍) ദൈവത്തിനുള്ള സമര്‍പ്പണമല്ലാത്ത മറ്റു വല്ല വ്യവസ്ഥയുമാണോ തേടിപ്പോകുന്നത് (ഖുര്‍ആന്‍ 3 : 83)
കുരങ്ങുകള്‍ വളര്‍ത്തിയ എട്ടു വയസ്സുകാരി നല്‍കുന്ന പാഠം
2017 ജനുവരിയില്‍ ഉത്തര ഗംഗാതടത്തിലെ വന്യ ജീവി സങ്കേതത്തില്‍ നിന്ന് കിട്ടിയ കുരങ്ങുകള്‍ വളര്‍ത്തിയ എട്ടു വയസ്സുകാരി പെണ്‍കുട്ടി ഒരു വലിയ പാഠം മനുഷ്യന് നല്‍കുന്നുണ്ട്. കുരങ്ങുകളില്‍ നിന്ന് മോചിപ്പിച്ചെടുത്ത കുട്ടിയെ കുറിച്ച് വന്ന പത്രവാര്‍ത്ത ഇങ്ങനെയാണ്:
‘കുട്ടിക്ക് ഒരു വാക്ക് പോലും സംസാരിക്കാനോ സാധാരണ മനുഷ്യരെ പോലെ പെരുമാറാനോ കഴിഞ്ഞിരുന്നില്ല ‘മനുഷ്യര്‍’ അടുത്തെത്തുമ്പോള്‍ അവള്‍ അക്രമകാരിയാകുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു ചികിത്സയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മനുഷ്യപ്രകൃതി വീണ്ടെടുത്തിട്ടില്ല .പിച്ച വെച്ച് നടക്കാന്‍ ഡോക്ടര്‍മാര്‍ അവളെ പരിശീലിപ്പിക്കുകയാണ്. എന്നാല്‍ രണ്ട് കൈയും നിലത്തു കുത്തി മൃഗങ്ങളെപ്പോലെയാണ് നടത്തം നഖം വളര്‍ന്നിരിക്കുന്നു’ (മാധ്യമം 2017 ഏപ്രില്‍ 7 )
കുരങ്ങുകള്‍ വളര്‍ത്തിയ മനുഷ്യക്കുട്ടിക്ക് എന്തുകൊണ്ട് മനുഷ്യപ്രകൃതമുണ്ടായില്ല? എന്നാല്‍ മനുഷ്യന്‍ വളര്‍ത്തുന്ന കുരങ്ങിന്‍ കുട്ടി ശരിയായ കുരങ്ങായും പൂച്ചക്കുട്ടി ശരിയായ പൂച്ചയായും കോഴിക്കുട്ടി ശരിയായ കോഴിയുമായാണല്ലോ വളരുന്നത്. അപ്പോള്‍ പക്ഷിമൃഗാതികള്‍ പ്രകൃതിപരമായി തന്നെ പൂര്‍ണതയിലാണ്. മനുഷ്യന്‍ അങ്ങനെയല്ല. മനുഷ്യന്‍ മനുഷ്യനാകണമെങ്കില്‍ സന്മാര്‍ഗികവും മറ്റുമായ ചില പെരുമാറ്റമര്യാദകള്‍ അവനെ വേറേതന്നെ പഠിപ്പിക്കണം. അതാണ് പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും നല്‍കിയിട്ടുള്ളത്.
മുഹമ്മദ് നബി തന്റെ നിയോഗത്തെക്കുറിച്ച് പറഞ്ഞത് ‘മാനവികതയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായത്’ എന്നാണ്. ഇങ്ങനെ മനുഷ്യന്‍ ഭൂമിയില്‍ മനുഷ്യനായി ജീവിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറേ പ്രവാചകന്മാരെ പല സന്ദര്‍ഭങ്ങളിലായി ദൈവം നിയോഗിച്ചിട്ടുണ്ട് എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ ദൈവം പറയുന്നു:
‘എല്ലാസമൂഹങ്ങളിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു : നിങ്ങള്‍ ദൈവത്തിനു മാത്രം വഴിപ്പെട്ടു ജീവിക്കുക. പരിധി ലംഘിച്ച അതിക്രമകാരികളെ നിരാകരിക്കുക’ (ഖുര്‍ആന്‍ 16: 36)
ലക്ഷത്തില്‍പരം ദൂതന്മാരെ ലോകത്തിന്റെ പല ഭാഗങ്ങളിലായി പല സന്ദര്‍ഭങ്ങളില്‍ ദൈവം നിയോഗിച്ചിട്ടുണ്ടെന്ന് മുഹമ്മദ് നബിയും വിശദീകരിച്ചിട്ടുണ്ട്. ഇങ്ങനെ ആദ്യ പ്രവാചകന്‍ ആദം മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് വരെയുള്ള ദൈവദൂതന്മാരിലൂടെയും അവരെ പിന്‍പറ്റിയ മഹാന്മാരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട സന്മാര്‍ഗികാധ്യാപനങ്ങളാണിന്ന് മാനവ സമൂഹത്തില്‍, ഏറിയും കുറഞ്ഞും, ‘മാനവികത’ അല്ലെങ്കില്‍ ‘ധാര്‍മികത’ എന്ന പേരില്‍ നിലനില്‍ക്കുന്നത്. അതിന്റെ വീണ്ടെടുപ്പാണ് കാലം തേടുന്നത്
പിന്‍കുറി
‘വ്യക്തി സ്വാതന്ത്ര്യം’ എന്ന ആനക്കാര്യത്തിന്റെ പേരില്‍ സ്വന്തം അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കു പോലും കുട്ടികള്‍ക്ക് ധാര്‍മികോപദേശം നല്‍കാന്‍ സ്വാതന്ത്ര്യമില്ലാത്ത ഒരു കാലം ! പണ്ട് ചേര്‍ത്തലയിലെ ഒരു നങ്ങേലി മാറ് മറയ്ക്കല്‍ അവകാശത്തിനായി സ്വന്തം മാറ് മുറിച്ച് മരിച്ച നാട്ടില്‍ മാറ് തുറന്നിടല്‍ അവകാശത്തിനായി സമരം നടത്തുന്ന ഒരു വല്ലാത്ത കാലം !! പ്രവാചകത്വത്തെ തേടുന്നു ഈ കാലം .
ജി. കെ എടത്തനാട്ടുകര