ഗുരുസാഗരം എന്ന എന്‍റെ നോവലില്‍ നിന്നും ഒരു ഖണ്ഡിക ഉദ്ധരിക്കട്ടെ:
‘ആര്യാവര്‍ത്തത്തിലൂടെ പടകള്‍ പിന്നെയും നീങ്ങുന്നത് ആദിമ ഗുരുക്കന്‍മാര്‍ അറിഞ്ഞു. എല്ലാം ആവര്‍ത്തിക്കുന്നുവല്ലോ, അവര്‍ ഖേദിച്ചു. ആര്യാവര്‍ത്തത്തിന്‍റെ കഴിഞ്ഞ കാലങ്ങള്‍; സിന്ധുവും ഗംഗയും അതിന്‍റെ പരപ്പുകളെ നനച്ചുകൊണ്ട് ഒഴുകി നടന്നു, നദീതടങ്ങള്‍ പച്ചപിടിച്ചും വരവൃക്ഷങ്ങള്‍ പക്വഫലങ്ങളെ കൊണ്ട് നിറഞ്ഞുമിരുന്നു. ബ്രാഹ്മണനും ക്ഷത്രിയനും ഈ വിളയെ പ്രകൃതി ദേവതകള്‍ക്ക് നേദിച്ചു. എന്നാല്‍, ഈ അര്‍പ്പണത്തില്‍ നിന്ന് അവര്‍ അധ:കൃതന്‍റെ സന്തതികളെ വിലക്കി നിര്‍ത്തി. അങ്ങനെ വിലക്കപ്പെട്ടവര്‍ ആരാധന നിഷേധിക്കപ്പെട്ട്, സ്പര്‍ശത്തില്‍ നിന്നും സാമീപ്യത്തില്‍ നിന്നും അകറ്റപ്പെട്ട്, വെളിമ്പുറങ്ങളില്‍ അലഞ്ഞു; ഗുരു പരമ്പരകള്‍ അവര്‍ക്കായി ദു:ഖം പൂണ്ടു. ആ ദു:ഖത്തിന്‍റെ വിളി കേട്ട്, ഒരായിരം കാതം അകലെക്കിടന്ന മരുഭൂമിയിലെവിടെയോ വീണ്ടും ഒരു ഗുരു പിറവി കൊണ്ടു. മരുഭൂമിയുടെ ചന്ദ്രക്കലയിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി ആ ഗുരു അഖണ്ഡത്തോട് സംസാരിച്ചു. അഖണ്ഡത്തിന്‍റെ വെളിപാടുകള്‍ അവന്‍റെ കാതില്‍ സ്വകാര്യമായി, മൃദുലമായി മുഴങ്ങി. മരുപ്പച്ചയിലെ മിനാരങ്ങളില്‍ കയറി നിന്ന് കൊണ്ട് അവന്‍ മരുഭൂമിയിലൂടെ വിളിച്ചു, താരതമ്യമില്ലാത്തവനായ ദൈവത്തെ ആരാധിക്കാന്‍ ഈ മന്ദിരത്തിലേക്ക് വരിക! ഒട്ടകവും ആടും മേച്ചു നടന്ന പ്രാകൃതഗോത്രങ്ങള്‍ ഈ പ്രവാചകനെ ചെവിക്കൊണ്ട് വാളെടുത്ത് മണലുകടന്ന് ദിക്കുകളിലേക്ക് കവിഞ്ഞൊഴുകി’.
പ്രവചനം നിരന്തരമാണെന്നും അതേറ്റുവാങ്ങാനുള്ള ഭിക്ഷാപാത്രങ്ങളാണ് പ്രവാചകന്‍മാരെന്നും ധരിച്ചാല്‍ സംഘടനാ രൂപത്തിലുള്ള മതസ്പര്‍ധകള്‍ ബാലിശങ്ങളായിത്തീരും. സംഘടിത മതങ്ങള്‍ക്ക് ചരിത്ര കാലഘട്ടവും ഗോത്രസവിശേഷതകളുമുണ്ട്. ഒരു ഗോത്രം ഒരു കാലഘട്ടത്തില്‍ ഏറ്റു വാങ്ങുന്ന പ്രവചനത്തിന്‍റെ ധ്വനികളും സിംബലുകളും ആ കാലത്തിന്‍റെയും ഗോത്രസംസ്‌കൃതിയുടെയുമാണ്. എന്നാല്‍, പ്രവചനത്തിന്‍റെ ചൈതന്യം ഒരു സനാതനധാരയുടെ ഭാഗമാണെന്ന് കാണാം. മത സംഘടനകള്‍ക്ക് പറ്റുന്ന തെറ്റ് ഈ സനാതനധാരയെ കാണാതിരിക്കുകയും മറിച്ച് ചരിത്രനിഷ്ഠമായ സിംബലുകളെ ശാശ്വതീകരിക്കുകയും ചെയ്യുക എന്നതാണ്. എല്ലാ മതങ്ങള്‍ക്കും ഇത്തരത്തില്‍ അസഹിഷ്ണുത സംഭവിച്ചിട്ടുണ്ട്.
ഒരു പ്രവാചകന്‍ ഞാന്‍ മാത്രം എന്നിലൂടെ മാത്രം എന്ന് പറയുന്നതും അക്ഷരാര്‍ത്ഥത്തില്‍ എടുത്തുകൂടാ. ദൈവാനുഭവത്തിന്റെ തീക്ഷണതയിലാണ് അങ്ങനെ പറഞ്ഞുപോകുന്നത്. അല്ലെങ്കില്‍, ഗതാഗതവും, ആശയവിനിമയവും പ്രയാസമായിരുന്ന പ്രാചീനശതകങ്ങളില്‍ ദൈവം ഏതെങ്കിലും ഒരു ഗോത്രത്തില്‍മാത്രം തന്‍റെ വെളിപാടുകള്‍ നിക്ഷേപിച്ച് തൃപ്തിയടഞ്ഞു എന്ന് കരുതേണ്ടി വരും. ഇത് ക്രൂരമായ ദൈവനിന്ദയായിരിക്കും.
കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങള്‍ക്കിടക്ക് മാത്രമല്ല പ്രവചനം നടന്നിരിക്കുക. പ്രാചീനയുഗങ്ങളില്‍, പ്രാചീന മനുഷ്യന്‍റെ രൂപകങ്ങളില്‍, പ്രപഞ്ചമനസ്സ് സംസാരിച്ചെന്നിരിക്കണം. അങ്ങനെ മൃഗപ്രായങ്ങളായ സംസ്‌കൃതികളില്‍ പോലും, പ്രവചനവും പ്രവാചകനും ഉണ്ടായിരുന്നിരിക്കണം. പ്രവചനം സാക്ഷാത്ക്കാരമല്ല; അക്ഷരാതീതവും, ഭാവദീപ്തവുമാണ്.
ഈ തീവ്രഭാവമാണ് ഏത് മതത്തിന്‍റെയും കാതല്‍. വിഭിന്നങ്ങളായ തിയോളജികള്‍ പുറന്തോടുകള്‍ മാത്രം. വിഗ്രഹാരാധകന്‍റെയും, വിഗ്രഹനിഷേധിയുടെയും കാര്യമെടുക്കുക. രണ്ടു പേരുടെയും ആരാധന വിഭിന്നങ്ങളാണെന്ന് സമ്മതിക്കാം. എന്നാല്‍, താന്താങ്ങളുടെ സങ്കല്‍പ്പങ്ങളുടെ കടമ്പകള്‍ കടക്കുന്നത് വരെയുള്ളൂ ഈ വിഭിന്നത. കടന്നുകഴിഞ്ഞാലാകട്ടെ, പിന്നെയുള്ളത് ശുദ്ധമായ ദൈവാനുഭവം മാത്രം. ആ അനുഭവം സരൂപമല്ല.
ഇത് മനസ്സില്‍ വെച്ചാല്‍ മതസ്പര്‍ധകള്‍ മഞ്ഞുപൊലെ മാഞ്ഞുപോകും. ഈ ലാളിത്യത്തോടെയാണ് ഞാന്‍ പ്രവാചകനായ മുഹമ്മദിനെ സ്വീകരിച്ചിട്ടുള്ളത്. മുഹമ്മദ് എന്‍റെ ഗുരുപരമ്പരയിലെ തേജസ്വിയായ ഗുരുവാണ്, എന്‍റെ പ്രവാചകന്‍.
ഒ.വി വിജയൻ
കടപ്പാട് : മുഹമ്മദ് നബി (ലേഖന സമാഹാരം)
പ്രസാധനം : ഡയലോഗ് സെന്റര്‍ കേരള
വിതരണം : ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്