അമേരിക്കന്‍ സ്ത്രീകള്‍ എന്ന നിലയില്‍, ഫെമിനിസ്റ്റുകള്‍ എന്നാല്‍ എന്താണ് എന്നതിനെ കുറിച്ച് ഞങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു ധാരണയുണ്ട് ; എല്ലാവിധ ലൈംഗിക സ്വാതന്ത്ര്യങ്ങളോടും കൂടി ലോകത്ത് പരിലസിച്ച് പാറി നടക്കുന്ന സ്ത്രീകള്‍. പക്ഷെ ഇതുതന്നെയാണ് അമേരിക്കന്‍ ഫെമിനിസത്തിന്റെ ഏറ്റവും വലിയ പ്രശ്‌നവുംലൈംഗികതയും, നമ്മുടെ ശരീരത്തിന്റെ വിമോചനവുമാണ് അതിന്റെ എല്ലാമെല്ലാം. തീര്‍ച്ചയായും, ആ സ്വാതന്ത്ര്യത്തിന്റെ ഒരു ഭാഗമാണ് ഗര്‍ഭച്ഛിദ്രവും, ഗര്‍ഭനിരോധവും, പക്ഷെ ഇന്നത്തെ സമൂഹത്തില്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് പോരാട്ടം അരങ്ങേറിയത്.
Free the Nipple പോലെയുള്ള നവ ഫെമിനിസ്റ്റ് കാമ്പയിനുകള്‍, നമ്മുടെ തന്നെ ശരീരത്തോടുള്ള ആദരവില്ലായ്മയെ മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത് നമുക്ക് ചുറ്റുമുള്ളവര്‍ നമ്മുടെ ശരീരത്തെ അനാദരിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് നയിക്കുകയും ചെയ്യും. സ്ത്രീകള്‍ എന്ന നിലയില്‍ ബഹുമാനിക്കപ്പെടാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നാം പുതിയ ഒരു സ്രോതസ്സിലേക്ക് നോക്കേണ്ടിയിരിക്കുന്നു;അതെ, മുസ്‌ലിം സ്ത്രീകള്‍. മുസ്‌ലിം പുരുഷന്‍മാരെ പോലെ തന്നെ, മുസ്‌ലിം സ്ത്രീകളും മറ്റുള്ളവരുടെ ശരീരത്തെ ഒരു പരിശുദ്ധ ദേവാലയം പോലെയാണ് നോക്കിക്കാണുക, പ്രത്യേകിച്ച് സ്ത്രീ ശരീരത്തെ. സ്വയം തുറന്ന് കാണിക്കാന്‍ വിസമ്മതിക്കുന്നതാണ് അവരുടെ മാന്യത. ആധുനിക ഫെമിനിസ്റ്റുകളെ കുറിച്ച് നാം ചിന്തിക്കുകയാണെങ്കില്‍, നവ അമേരിക്കന്‍ പ്രവണതകളില്‍ നിന്നും അകന്ന് മാറി, കടകവിരുദ്ധമെന്ന് നാം എല്ലായ്‌പ്പോഴും കരുതുന്ന മുസ്‌ലിം ഫെമിനിസ്റ്റുകളിലേക്ക് നാം നോക്കേണ്ടിയിരിക്കുന്നു.
അമേരിക്കന്‍ പൊതുധാരണക്ക് വിപരീതമായി, സ്ത്രീ ശാക്തീകരണത്തിന്റെ ചരിത്രവും സംസ്‌കാരവും ഇസ്‌ലാമിനുണ്ട്. പ്രവാചകന്‍ മുഹമ്മദ്(സ)ക്ക് നല്‍കപ്പെട്ട ദൈവിക വചനങ്ങളെന്ന് വിശ്വസിക്കപ്പെടുന്ന ഖുര്‍ആനില്‍, ദൈനംദിന കര്‍മ്മങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും കാര്യത്തില്‍ സ്ത്രീയും പുരുഷനും തുല്ല്യരാണെന്നാണ് പറഞ്ഞിട്ടുള്ളത്. കുടുംബം, ദാനധര്‍മ്മം, മക്കള്‍, ലൈംഗികത, അങ്ങനെ തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ എടുത്താലും ഒരു പുരുഷനും ഒരു സ്ത്രീക്കും ഒരേ ബാധ്യതകളും കടമകളും തന്നെയാണുള്ളത്. അവയെല്ലാം നേരായ മാര്‍ഗത്തില്‍ തന്നെ ആവുകയും വേണം.
മുന്‍കാല മുസ്‌ലിം സ്ത്രീകള്‍ ഈ ആശയത്തെ സജീവമായി നിലനിര്‍ത്തിയിരുന്നു. ആദ്യത്തെ മുസ്‌ലിം സ്ത്രീ ഖദീജയാണ്, മുഹമ്മദ് നബി(സ)യുടെ പത്‌നി. അവരുടെ സ്വാധീനമില്ലാതെ, ഇസ്‌ലാമിന് അക്കാലത്ത് അത്രയും വിജയം കൈവരിക്കാന്‍ സാധിക്കില്ലായിരുന്നു. അറേബ്യയിലെ പ്രമുഖ കച്ചവടക്കാരിയും ഭൂവുടമസ്ഥയുമായിരുന്നു ഖദീജ. മുഹമ്മദ്(സ)ക്ക് ദിവ്യബോധനം ലഭിച്ച സമയത്ത്, താങ്കള്‍ക്ക് ബുദ്ധിഭ്രമം ബാധിച്ചിട്ടില്ലെന്നും, മറിച്ച് താങ്കള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടനായി മാറിയിരിക്കുകയാണെന്നും പറഞ്ഞ് സമാധാനിപ്പിച്ചത് ഖദീജ(റ) ആയിരുന്നു. ഭയന്നോടാതെ, തന്നോട് സംവദിക്കാന്‍ ശ്രമിക്കുന്ന മാലാഖമാരുടെയും ദൈവത്തിന്റെയും വചനങ്ങളള്‍ക്ക് കാതോര്‍ക്കാന്‍ ഖദീജ(റ) മുഹമ്മദ് നബിയെ(സ)നിര്‍ബന്ധിക്കുന്നുണ്ട്. അന്ത്യപ്രവാചകനിലേക്കുള്ള നബിയുടെ(സ)വളര്‍ച്ചക്ക് ആവശ്യമായ പിന്തുണയും ആത്മവിശ്വാസവും ഖദീജ(റ)യാണ് നല്‍കുന്നത്. ഇസ്‌ലാം പൂര്‍ണ്ണമായും പുഷ്പിച്ച് പരിലസിക്കുന്നതിന് ആവശ്യമായ ശക്തി നല്‍കിയത് സ്ത്രീയായ ഖദീജ(റ)യായിരുന്നു. മുസ്‌ലിം സ്ത്രീകള്‍ എത്ര വിശ്വസ്തരും ആത്മാര്‍ത്ഥവതികളുമാണെന്നതിനുള്ള ഒരു ഉദാഹരണം മാത്രമാണിത്;കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന, ഊര്‍ജ്ജസ്വലരായ, ധീരരായ, ഒരു ഫെമിനിസ്റ്റ് എന്താവണം എന്നതിനുള്ള ഏറ്റവും മികച്ച മാതൃകകളാണ് മുസ്‌ലിം സ്ത്രീകള്‍.
ഇന്നത്തെ ലോകത്ത് ഇത്രത്തോളം പ്രമുഖ സ്ത്രീ വ്യക്തിത്വങ്ങള്‍ ഉണ്ടായിട്ട് പോലും, മുസ്‌ലിം സ്ത്രീകള്‍ അവരുടേതായ രീതിയില്‍ ആത്മാവിഷ്‌കാരം നടത്തുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പേടിപ്പെടുത്തുന്ന, പുരുഷമേധാവിത്വ സമൂഹത്തില്‍ ജീവിക്കുമ്പോഴും, മേല്‍ പറഞ്ഞ കരുത്തുറ്റ ചരിത്രസംഭവങ്ങളില്‍ നിന്നാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ മാര്‍ഗദര്‍ശനം തേടുന്നത്. മതഭക്തിയുടെ ഭാഗമായി ഹിജാഹ് ധരിക്കുക പോലെയുള്ള വിശ്വാസപരമായ കാര്യങ്ങളുടെ പേരില്‍ പിറകോട്ട് പോകാന്‍ ഈ ആധുനിക സ്ത്രീകള്‍ക്ക് യാതൊരു പേടിയുമില്ല. മുസ്‌ലിം സ്ത്രീകളും അല്ലാത്തവരും ധരിക്കുന്ന ഒന്നാണ് ഹിജാബ്;മാതാപിതാക്കളോ ഭര്‍ത്താക്കന്‍മാരോ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല അത്. ഹിജാബ് ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും ഒരു മുസ്‌ലിം സ്ത്രീയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം, ഈ ആശയം അമേരിക്കയിലെ ഫെമിനിസത്തെ പ്രത്യേകിച്ച് തുറന്ന്കാട്ടുന്നുണ്ട്. നീണ്ട മുടി, മെലിഞ്ഞ് വളഞ്ഞ ശരീരം, ന്യൂനതകളില്‍ നിന്നും മുക്തമായ മുഖഭംഗി തുടങ്ങി ഒരു നിശ്ചിത ആകര്‍ഷണീയ ശാരീരികാകാരം കൈവരിക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്തപ്പെടുന്ന അമേരിക്കന്‍ സമൂഹത്തിലെ സ്ത്രീകള്‍ വലിയ പ്രയാസങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. എല്ലാവിധ സമ്മര്‍ദ്ദങ്ങളില്‍ മുക്തരാണെന്ന് വിചാരിക്കുന്ന ഞങ്ങള്‍, ആ സമ്മര്‍ദ്ദങ്ങള്‍ക്കെല്ലാം വഴിപ്പെടുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ ഞങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന നിരന്തര ഭയത്താല്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രകൃതിദത്ത സ്ത്രീത്വത്തെ അടിച്ചമര്‍ത്തുകയാണ്. ഈ സാമൂഹിക വിമര്‍ശനത്തിനെതിരെ നിവര്‍ന്ന് നില്‍ക്കാനും, ‘എല്ലാവര്‍ക്കും നോക്കിനില്‍ക്കാനുള്ളതല്ല എന്റെ ശരീരം’ എന്ന് പറയാനുമുള്ള ധൈര്യം ഞങ്ങള്‍ക്കില്ല.
എന്നിരുന്നാലും ഒരുപാട് മുസ്‌ലിം സ്ത്രീകള്‍ ആ ഒരു ആര്‍ജ്ജവം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണുള്ളത്. ഇതിലൂടെ, ഈ ദൈനംദിന സമ്മര്‍ദ്ദങ്ങളില്‍ നിന്നും അവര്‍ സ്വയം മോചിതരാവുന്നു. ‘എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള ഒരു വസ്തുവല്ല ഞാന്‍’ എന്ന് പറയാനുള്ള ആര്‍ജ്ജവം യഥാര്‍ത്ഥത്തില്‍ അവര്‍ക്കുണ്ട്. സ്വയം വിമോചനത്തിനുള്ള ശക്തിയുള്ളത് പോലെ തന്നെ, അമേരിക്കന്‍ ചിട്ടവട്ടങ്ങളില്‍ നിന്നും പെരുമാറ്റച്ചട്ടങ്ങളില്‍ നിന്നും മാറിനടക്കാനുള്ള ധൈര്യവും അവര്‍ക്കുണ്ട്. ശരീരപ്രദര്‍ശനത്തിലൂടെയുള്ള അവര്‍ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്, മറിച്ച് ആത്മാവിഷ്‌കാരങ്ങളിലൂടെയാണ്. സൗന്ദര്യശാസ്ത്ര സങ്കല്‍പ്പത്തിന്റെ അളവുകോലുകള്‍ കൊണ്ടല്ല മുസ്‌ലിം സ്ത്രീകള്‍ നോക്കിക്കാണപ്പെടുന്നതും, ബഹുമാനിക്കപ്പെടുന്നതും;സമൂഹത്തില്‍ വളരെ ഗൗരവത്തോടെയാണ് അവര്‍ പരിഗണിക്കപ്പെടുന്നത്.
ഇങ്ങനെയൊക്കെയല്ലെ ഫെമിനിസം ആവേണ്ടത്? നമ്മുടെ ശരീരിക സവിശേഷതകളുടെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്കും, വെറുംവര്‍ത്തമാനങ്ങള്‍ക്കും ഉപരിയായി യഥാര്‍ത്ഥത്തില്‍ കേള്‍ക്കപ്പെടാനും, ബഹുമാനിക്കപ്പെടാനും സ്ത്രീകള്‍ക്ക് അര്‍ഹതയില്ലെ? ഉത്തരം അതെ എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. മുസ്‌ലിം-അമേരിക്കന്‍ സമൂഹത്തിലും, വിശാലമായ മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ എടുത്ത് നോക്കിയാലും ശരി, ഹിജാബ് അണിഞ്ഞാലും ഇല്ലെങ്കിലും ശരി, മാന്യത കാത്ത്‌സൂക്ഷിക്കുന്ന സ്ത്രീകള്‍ എവിടെയും ബഹുമാനിക്കപ്പെടുന്നത് കാണാന്‍ കഴിയും.
കുറച്ചാഴ്ച്ചകള്‍ക്ക് മുമ്പ്, ഫെമിനിസം ഇസ്‌ലാമില്‍ എന്ന വിഷയത്തിലുള്ള ഒരു പ്രഭാഷണം കേള്‍ക്കാനായി ഞാന്‍ പോയിരുന്നു. അതാണ് ഈ ചിന്തകളെല്ലാം ഒരിക്കല്‍ കൂടി എന്റെ തലയില്‍ ഉദിക്കാന്‍ കാരണമായത്. ഹിജാബ് ധരിച്ച ഒരു മുസ്‌ലിം സ്ത്രീയായിരുന്നു പ്രഭാഷക;അവരുടെ വാക്കുകളില്‍ മുഴുകുകയല്ലാതെ വെറൊരു വഴിയും ആ റൂമില്‍ കൂടിയിരുന്നവര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു, അത്രയ്ക്ക് ആകര്‍ഷണീയവും, ഊര്‍ജ്ജസ്വലവുമായിരുന്നു അവരുടെ സംസാരം. ഒന്നര മണിക്കൂര്‍ വളരെ പെട്ടെന്ന് കടന്നുപോയി, Free the Nipple പ്രതിനിധീകരിക്കുന്ന ട്രെന്‍ഡി ഫെമിനിസത്തെ കുറിച്ചും, ചില ട്രെന്‍ഡുകള്‍ ഇല്ലാതാകേണ്ടതിനെ കുറിച്ചും ചിന്തിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അമേരിക്കന്‍ സ്ത്രീകളാണ് സ്വതന്ത്രരെന്നും, മുസ്‌ലിം സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരാണെന്നും ചിന്തിക്കുന്ന തരത്തില്‍ പാകപ്പെടുത്തപ്പെട്ടതാണ് ഞങ്ങളുടെ മനസ്സുകളെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആരാണ് യഥാര്‍ത്ഥത്തില്‍ പുരുഷാധിപത്യ സമൂഹത്താല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നതെന്നും. അത് ഞങ്ങള്‍ തന്നെയാണെന്നും അവസാനം ഞാന്‍ മനസ്സിലാക്കി. പുരുഷന്റെയും സമൂഹത്തിന്റെയും വിധിതീര്‍പ്പോടെയുള്ള നോട്ടങ്ങളില്‍ നിന്നും സ്വയം സ്വാതന്ത്ര്യം നേടിയവരാണ് ഹിജാബ് അണിഞ്ഞ സ്ത്രീകള്‍;Free the Nipple വാദികള്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല. പുരുഷന്റെ ലോകത്തിലേക്ക് അവര്‍ ആഴത്തില്‍ വീണുകഴിഞ്ഞു, ഈ ട്രെന്‍ഡ് ആദരവ് നേടി തരുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
അതുകൊണ്ടു തന്നെ, എന്റെ Free the nipple കൂട്ടുകാരികളോടും കൂട്ടുകാരോടും എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാല്‍, നിങ്ങള്‍ നിങ്ങളുടെ മുസ്‌ലിം സഹോദരിമാരിലേക്ക് ഒന്ന് കണ്ണയക്കുക, സ്ത്രീ ശരീരത്തെ ഒരു കളിപ്പാട്ടം പോലെ കാണുന്നതിന് പകരം, സ്ത്രീ ശരീരത്തെ ഒരു പുണ്യഗേഹമായി കണ്ട് പരിചരിക്കുന്ന ഒരു ഫെമിനിസത്തിന്റെ സൃഷ്ടിപ്പിന് വേണ്ടി അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക. ഒരു വ്യത്യസ്തമായ വെളിച്ചത്തില്‍ ഫെമിനിസത്തെ നമുക്ക് ദര്‍ശിക്കാം.
(കടപ്പാട് :islamonlive)