തുടക്കം മുതല്‍ തന്നെ ഇസ്‌ലാം കാര്‍ഷികവൃത്തിയെ അത്യധികം പ്രോത്സാഹിപ്പിച്ചിരുന്നു. കൃഷിയുമായി ബന്ധപ്പെടുത്തി സൃഷ്ടിപ്രക്രിയയെയും ഭൂമിയിലെ ജീവിതത്തെയും കുറിച്ച് വിശദീകരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും മുസ്‌ലിംകളെ കാര്‍ഷികവൃത്തിയിലുള്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്ന അനവധി ഹദീസുകളുമുണ്ട്. സമ്പദ്ഘടനയിലെ പ്രധാനപ്പെട്ട ഒരു പ്രവൃത്തി എന്ന നിലയിലും ഖജനാവിന്റെ നെടുംതൂണ്‍ എന്ന നിലയിലും മുസ്‌ലിം ഭരണാധികാരികള്‍ കൃഷിയുടെ പരിപോഷണത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. കൃഷിക്കു വേണ്ടി ഭൂമിയെ പാകപ്പെടുത്തുന്നതിനും പുഴകളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഭൂമി ഇല്ലാത്തവര്‍ക്ക് അത് വിതരണം ചെയ്യുന്നതിനുമുള്ള ഒട്ടേറെ നടപടികള്‍ അവര്‍ എടുത്തുപോന്നിരുന്നതായി ചരിത്രത്തില്‍ വായിക്കാം.
മനുഷ്യന്‍ വേരുറപ്പിക്കുന്നതിന്റെ അടയാളമായും കൃഷി കരുതപ്പെട്ടിരുന്നു. മണ്ണ് കിളച്ചതിനു ശേഷം വിത്തിറക്കി വിളയുടെ പരിപാലനത്തിലും കൊയ്ത്തിലും മുഴുകിയിരിക്കുന്നവര്‍ നാടോടി ജീവിതം ഉപേക്ഷിച്ച് സ്ഥിരവാസം ആരംഭിക്കാന്‍ നിര്‍ബന്ധിക്കപ്പെടും. ഇങ്ങനെ അന്യനാട്ടിലുള്ള തന്റെ പട്ടാളക്കാര്‍ പോരാട്ടവഴി ഉപേക്ഷിച്ച് ശാന്തജീവിതം ആരംഭിക്കുന്നത് തടയാന്‍ വേണ്ടിയാവാം ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) തുടക്കത്തില്‍ അവരെ കൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചത്. പക്ഷേ, പിന്നീട് അദ്ദേഹം അവരില്‍ പലരെയും കൃഷി ചെയ്യാന്‍ അനുവദിച്ചു.
കൃഷിയുടെ ഭാഷാ വശങ്ങളെയും ചെടികളുടെ ഔഷധഗുണങ്ങളെയും കൃഷി ഒരു ശാസ്ത്രശാഖയായി വളര്‍ന്നുവന്നതിനെയും കുറിച്ചാണ് ഈ ലേഖനത്തില്‍ മുഖ്യമായും ചര്‍ച്ചചെയ്യുന്നത്.
കൃഷി ഭാഷാശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ചെടികളുടെ പേരുകളും കൃഷിയുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളും ശേഖരിച്ച് രേഖപ്പെടുത്തുന്നതില്‍ അറബി ഭാഷാശാസ്ത്രജ്ഞര്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. ഇത്തരം പദങ്ങളുടെ ബൃഹത്തായ ശേഖരങ്ങള്‍ ഇബ്‌നു സീദയുടെ അല്‍ മുഖസ്സ്വസ് പോലെയുള്ള പല നിഘണ്ടുക്കളിലും കാണാം. കൃഷിയെക്കുറിച്ചുള്ള പ്രബന്ധങ്ങളില്‍ കൊടുത്തിരിക്കുന്ന വിശദാംശങ്ങളുടെ കൃത്യതയും ആഴവും, ചെടികളുടെ ശരീരഘടനയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഭാഗങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും, ഏതൊരു വായനക്കാരനെയും അത്ഭുതപ്പെടുത്തും.
സസ്യവളര്‍ച്ചയുടെ ഓരോ ഘട്ടവും അറബി ഭാഷയില്‍ വളരെ വിശദമായി ഈ പുസ്തകങ്ങളില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. അല്‍ മുഖസ്സ്വസില്‍നിന്നുള്ള ഒരു ഭാഗം: ”നട്ടതിനു ശേഷം വളരാന്‍ തുടങ്ങുന്ന ഈന്തപ്പനയെ ആദ്യ ഘട്ടത്തില്‍ അല്‍നഖീറ എന്നാണ് വിളിക്കുന്നത്; ഭ്രൂണാവസ്ഥയിലുള്ള ഒരു ഫലബീജം മാത്രമാണത്. വിത്തിന്റെ പുറകുവശത്തുള്ള ഈ ബീജത്തില്‍നിന്നാണ് പിന്നീട് ചെടി മുളച്ചു വരുന്നത്. അടുത്ത ഘട്ടത്തില്‍ അല്‍നഖീറ നജീമയിലേക്ക് പരിണമിക്കുകയും പിന്നീട് മുള്ളായും മടക്കായും മാറുകയും ചെയ്യുന്നു. ഇങ്ങനെ ഒന്നിനു മുകളില്‍ ഒന്നായി അനവധി മടക്കുകള്‍ വന്നതിനു ശേഷം രൂപപ്പെട്ടുവരുന്ന മരം ആദ്യം അല്‍ ഫര്‍ശ് എന്ന് വിശേഷിപ്പിക്കപ്പെടും. മടക്കുകളുടെ എണ്ണവും വീതിയും വര്‍ധിക്കുന്നതിനസുരിച്ച് അതിനെ അല്‍ സഫീഫി, അസീബ്, നസീഗഃ, ശാഇബ് എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്.”
മുസ്‌ലിം വൈദ്യശാസ്ത്ര വിദഗ്ധര്‍ ചെടികളുടെ ഔഷധഗുണങ്ങള്‍ക്കും അവയുടെ സൂക്ഷിപ്പിനുമാണ് ഊന്നല്‍ നല്‍കിയത്. തൈം എന്ന സുഗന്ധമുള്ള കാട്ടുചെടിയെക്കുറിച്ച് ഉമര്‍ അല്‍അന്‍ദാക്കി എഴുതുന്നു:
”ഏതാണ്ട് കറുത്ത നിറമുള്ള സുന്ദരമായ ഇലകളുള്ള ഒരു കാട്ടുചെടി. ഹിമ തൈം അല്ലെങ്കില്‍ കഴുത തൈം എന്ന് വിളിക്കുന്ന കയ്പ്പ് കുറഞ്ഞതും കൂടുതല്‍ വീതിയുള്ള ഇലകളുള്ളതുമായ ഒരു തരം തൈം ഉണ്ട്. എന്നാല്‍ സാധാരണ തോട്ടങ്ങളില്‍ കാണുന്ന തൈം കര്‍പ്പൂരതുളസി (മിന്റ്) പോലെയാണ് നടാറുള്ളത്. ഇത് എല്ലാതരം ഭക്ഷണങ്ങളുടെയും സ്വാദ് കൂട്ടുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് മാത്രമല്ല, ഉദരവേദനക്കും ഒട്ടുമിക്ക വിഷബാധകള്‍ക്കും മികച്ച ഔഷധം കൂടിയാണ്.”
ഇസ്‌ലാമിലെ കൃഷി പാരമ്പര്യം
അറബിയില്‍ സിറാഅത്തുല്‍ അര്‍ള് എന്ന് വിളിക്കുന്ന ഭൂകൃഷി കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിലെ കൃഷിപാരമ്പര്യം മുഖ്യമായും പടുത്തുയര്‍ത്തപ്പെട്ടത്. അല്‍ അവ്വാം വിശദീകരിക്കുന്നു: ”കൃഷിയിടം തെരഞ്ഞെടുക്കുകയും ചെടി നടുകയും ധാന്യങ്ങള്‍ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിനൊപ്പം വളക്കൂറുള്ളതും വളക്കൂറു കുറഞ്ഞതും തീരെ ഉപയോഗമില്ലാത്തതുമായ മണ്ണിനെ തിരിച്ചറിയാനുള്ള അറിവും കഴിവും ഒത്തുവരുമ്പോഴാണ് ഭൂകൃഷി സമ്പൂര്‍ണമാവുന്നത്. അതുപോലെത്തന്നെ ഓരോ മണ്ണിനും ഇണങ്ങുന്ന ചെടികളും മരങ്ങളും ഏതാണെന്നും അവയില്‍ ഏറ്റവും മികച്ച തരം, അവക്കിണങ്ങുന്ന സമയം, വെള്ളം, കീടനാശിനി, വളം എന്നിവ ഏതാണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വിളവുകള്‍ സൂക്ഷിക്കുന്ന രീതിയും ഭൂകൃഷിയുടെ ഭാഗമാണ്.” മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ ചുരുക്കത്തില്‍ വിശദീകരിക്കാം:
മണ്ണ്
അന്ദലൂസ്യന്‍ പണ്ഡിതനായ ഇബ്‌നുല്‍ അവ്വാം തന്റെ പ്രശസ്തമായ കിതാബുല്‍ ഫിലാഹ (കൃഷിപുസ്തകം) എന്ന കൃതിയില്‍ പറയുന്നു: ”കൃഷിയില്‍ ആദ്യം അറിയേണ്ടത് മണ്ണ് അനുയോജ്യമാണോ എന്നാണ്. ഇതറിയാത്തവന്‍ (കൃഷിയില്‍) വിജയിക്കില്ല.”
കാര്‍ഷികവൃത്തിക്കിറങ്ങുന്നവര്‍ക്ക് ഭൂമി, അതിന്റെ പ്രകൃതം, തരം, അതിനു പറ്റിയ ചെടികള്‍, മരങ്ങള്‍ എന്നിവയെക്കുറിച്ചും മണ്ണിന്റെ തണുപ്പ്, ചൂട്, ഈര്‍പ്പം, നിര്‍ജലീകരണം, ഇവ ചെടിക്കു മുകളില്‍ ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ചും അഗാധമായ ജ്ഞാനം ഉണ്ടാകണമെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
ഭൂമിയുടെ പ്രകൃതത്തില്‍ മാറ്റങ്ങളുണ്ടാകാമെങ്കിലും അതിനെ മൃദുവായത്, കട്ടിയുള്ളത്, പര്‍വത മണ്ണ്, മണല്‍, കറുത്ത മണ്ണ്, വെള്ള മണ്ണ്, മഞ്ഞ മണ്ണ്, ചുവന്ന മണ്ണ്, പരുക്കന്‍ മണ്ണ്, ചുവപ്പു കലര്‍ന്ന മണ്ണ് എന്നിങ്ങനെ പല ഇനങ്ങളായി തരം തിരിക്കാവുന്നതാണ്.
മരങ്ങള്‍ ദ്രവിച്ചു പോകുന്നതിനുള്ള കാരണം മണ്ണിന്റെ പ്രകൃതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതിനാല്‍ ഇന്ന് കൃഷിവിദഗ്ധര്‍ ചെയ്യുന്നതുപോലെ മണ്ണ് മാറ്റണമെന്ന് ഈ പുസ്തകത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. മാത്രമല്ല, അലങ്കാര ചെടികളുടെയും മരങ്ങളുടെയും മണ്ണ് ആറു മാസത്തിലൊരിക്കല്‍ മാറ്റണമെന്നും ഇതില്‍ പറയുന്നുണ്ട്.
ജലസേചനം
മുസ്‌ലിംകള്‍ ജീവിച്ചിരുന്ന നാടിനനുസരിച്ച് അവര്‍ പിന്തുടര്‍ന്നു വന്നിരുന്ന ജലസേചന രീതികളിലും മാറ്റമുണ്ടായിരുന്നു. യമനിലെ പ്രശസ്തമായ ജലസ്രോതസ്സായ അല്‍ സമ്മാനെക്കുറിച്ച് ചരിത്രകാരനായ അല്‍ ഹംദാനി എഴുതുന്നു: ”70 മുതല്‍ 100 ബാഅ് വരെ (4 ബാഅ് 3 മീറ്ററിന് സമമായിരുന്നു) ആഴത്തിലാണ് അല്‍ സമ്മാനില്‍ വെള്ളമുണ്ടായിരുന്നത്. വെള്ളം ശേഖരിക്കാനും സൂക്ഷിക്കാനും കൃത്രിമ കിണറുകളും വശങ്ങളില്‍ പരുക്കന്‍ കല്ലുകള്‍ പാകിയ ചെറിയ തടാകങ്ങളുമുണ്ട്.”
ഖുമാറവൈഹി എന്ന ത്വൂലൂന്‍ ഭരണാധികാരിയുടെ ജലസേചന വിദഗ്ധര്‍ വിചിത്രമായ ഒരു രീതിയാണ് അവലംബിച്ചിരുന്നത്. മരത്തടിയുടെ മേല്‍ സ്വര്‍ണ നിറമുള്ള പിച്ചളത്തിന്റെ ഒരു പാളിയുണ്ടാക്കും. തടിയുടെയും പിച്ചളപ്പാളിയുടെയും നടുവിലുള്ള വിടവില്‍ നിന്ന് ഈയത്തില്‍ തീര്‍ത്ത ചാലുകള്‍ തോട്ടത്തിലെ മറ്റു ചാലുകളിലേക്ക് വെള്ളമൊഴുക്കുന്ന രീതിയായിരുന്നു അവരുടേത്. (ഇപ്പോള്‍ ഇറാനിലെ ഖുറാസാന്‍ മേഖലയിലുള്ള) മര്‍വില്‍ ജലനിയന്ത്രണത്തിനു വേണ്ടി പതിനായിരത്തോളം ഉദ്യോഗസ്ഥരുള്ള ഒരു പ്രത്യേക വകുപ്പു തന്നെ സ്ഥാപിക്കപ്പെട്ടിരുന്നു എന്ന് ഭൂമിശാസ്ത്രഗ്രന്ഥകാരനായ അല്‍ ഇസ്തഖ്‌രി, അല്‍ മസാലിക് വല്‍ മമാലിക് (വഴികളും രാജ്യങ്ങളും) എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്.
ഇസ്‌ലാമിക ലോകത്ത് പ്രയോഗത്തിലുണ്ടായിരുന്ന ജലസേചന രീതികളില്‍ പലതും ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് അവയുടെ മികവിന്റെ തെളിവാണ്. ഇന്നത്തെ സ്‌പെയിനിലെ അന്ദലൂസിയയില്‍ ഇത്തരത്തില്‍ ചിലത് കാണാം. ഇസ്‌ലാമിക ഭരണകാലത്ത് നടത്തപ്പെട്ടിരുന്ന തരത്തിലുള്ള ജലകോടതികള്‍ വലന്‍ഷ്യയില്‍ ഇന്നും എല്ലാ വ്യാഴാഴ്ചകളിലും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ഇറാഖിലെ സാമര്‍റയിലെ അല്‍ നഹര്‍വാന്‍ പുഴയുടെ തീരത്തുള്ള ഫൗഖറ ഗേറ്റില്‍ കണ്ടെത്തിയ ചില കെട്ടിട നിര്‍മാണസാമഗ്രികള്‍ മുസ്‌ലിംകളുടെ വികസിത ജലസേചന രീതികളുടെ മറ്റൊരുദാഹരണമാണ്. വെള്ളമൊഴുകിയിരുന്ന കുഴല്‍ പൂര്‍ണമായും ചേറു കൊണ്ടും കളിമണ്ണു കൊണ്ടും നിര്‍മിക്കപ്പെട്ടതായിരുന്നു. ഈ കുഴല്‍ 1050 ഡിഗ്രിക്കു മുകളില്‍ ചൂടാക്കിയപ്പോള്‍ തുരുമ്പു തടയുന്ന ഒരു വസ്തുവായി മാറി എന്ന് ഒരു പണ്ഡിതന്‍ നിരീക്ഷിക്കുന്നു.
വെള്ളത്തിന്റെ വിവിധ തരങ്ങളെക്കുറിച്ചും അവ ഓരോ ചെടിക്കും എത്ര അളവില്‍ ആവശ്യമുണ്ടെന്നും എല്ലാ കൃഷിപുസ്തകങ്ങളിലും പറയുന്നുണ്ട്. മറഞ്ഞിരിക്കുന്ന ഭൂഗര്‍ഭ ജലം കണ്ടുപിടിക്കാന്‍ ചെയ്യേണ്ട പരീക്ഷണങ്ങളും കുഴിക്കേണ്ട വിധവും വിശദമായി തന്നെ ഇവയില്‍ വിവരിച്ചിട്ടുണ്ട്.
കുമിളകളോടെ ഒഴുകിപ്പോകുന്ന അരുവികളില്‍നിന്ന് ഈയത്തില്‍ നിര്‍മിച്ച പൈപ്പുകള്‍ വഴി വെള്ളം ശേഖരിക്കാനുള്ള വഴി അറബ് ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരുന്നു. മണ്ണിന്റെ ഉയരം അളന്ന് ഭൂമിക്കടിയില്‍ നീര്‍ച്ചാലുകള്‍ നിര്‍മിക്കാനുള്ള സംവിധാനങ്ങളും പുഴയുടെ ആഴം അളക്കാനുള്ള യന്ത്രങ്ങളും അവരുടെ കൈയിലുണ്ടായിരുന്നു.
വളം
‘മണ്ണിന് വളം ലഭിച്ചില്ലെങ്കില്‍ അതിന്റെ ശക്തി ചോരും, വളം കൂടിയാല്‍ അത് കരിഞ്ഞുപോകും’ എന്ന് ഇബ്‌നുല്‍ ഹജ്ജാജ് പറയുന്നുണ്ട്. കാലം കഴിയുന്നതിനനുസരിച്ച് മണ്ണിന്റെ ഗുണം കുറയും. അത് ശരിപ്പെടുത്താന്‍ വളം ചേര്‍ക്കണം, പക്ഷേ ഒരിക്കലും അത് അമിതമായ അളവില്‍ പാടില്ല എന്ന ദീര്‍ഘദൃഷ്ടിയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണുന്നത്. ഇതേ കാരണത്താലാണ് ഇന്നത്തെ കൃഷിവിദഗ്ധര്‍ വളപ്പാക്കറ്റുകള്‍ക്ക് മുകളിലുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കര്‍ഷകരോട് പറയുന്നത്.
വിവിധ തരം വളങ്ങളെക്കുറിച്ചും അവക്ക് ചേരുന്ന മണ്ണിനെയും ചെടികളെയും കുറിച്ചും ഇബ്‌നു ബസ്സാല്‍, ഇബ്‌നു ഹജ്ജാജ്, ഇബ്‌നുല്‍ അവ്വാം എന്നിവര്‍ വിശദീകരിക്കുന്നുണ്ട്. ഇതില്‍ മരങ്ങളുടെ ഇലകള്‍ വളമായി ഉപയോഗിക്കുന്നതിന്റെയും കമ്പോസ്റ്റ് വളങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്നു. കമ്പോസ്റ്റ് വളനിര്‍മാണത്തില്‍ മൂന്നു ഘട്ടങ്ങള്‍ ഉണ്ടെന്നാണ് ഇബ്‌നു ബസ്സാല്‍ പറയുന്നത്. ആദ്യം പുല്ല്, വൈക്കോല്‍, ചാരം എന്നിവയുടെ മിശ്രിതം ഒരു കുഴിയില്‍ നിക്ഷേപിക്കുക. പിന്നെ അതിനു മുകളില്‍ വെള്ളമൊഴിക്കുകയും അതിനു ശേഷം അതിനെ ചീയാന്‍ വിടുകയും ചെയ്യുക. മണ്ണിനെയും ചെടിയെയും മാറ്റിയെടുക്കാന്‍ മാത്രമാണ് വളം ഉപയോഗിക്കുന്നത്.
ചെടിനടല്‍
ചെടി നടുന്നതുമായി ബന്ധപ്പെട്ട് പഴയ അറബി ഗ്രന്ഥങ്ങളില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ ഇന്നും പ്രസക്തമാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. പ്രയോഗത്തിലൂടെയും സസ്യ, കൃഷി ശാസ്ത്രങ്ങളുടെ അടിസ്ഥാന തത്ത്വങ്ങള്‍ നിരീക്ഷിച്ചതിലൂടെയും അവര്‍ രൂപപ്പെടുത്തിയ സിദ്ധാന്തങ്ങളുടെ ക്രോഡീകരണമാണ് ഈ രേഖകള്‍.
മത്തങ്ങ നടുന്നതിനെപ്പറ്റി ഇബ്‌നു ബസ്സാല്‍ പറയുന്നു: ”അല്‍ അന്തലൂസ് പോലെയുള്ള തണുത്ത രാജ്യങ്ങളില്‍ ജനുവരി മാസത്തില്‍ വളം കൊണ്ടു മൂടിയ തട്ടുകളില്‍ മത്തങ്ങ നടുകയും പിന്നീട് അവയുടെ തണ്ട് ബലപ്പെടുമ്പോള്‍ ഏപ്രില്‍ മാസത്തില്‍ അവയെ സ്ഥിരം മണ്ണിലേക്ക് മാറ്റുകയും ചെയ്യണം….
”വളം നിരപ്പാക്കിയതിനു ശേഷം ഏകദേശം 20 സെ.മീ വ്യത്യാസത്തില്‍ ചെറിയ കുഴികള്‍ കുഴിക്കുകയും ഓരോ കുഴിയിലും നാലോ അഞ്ചോ വിത്തുകള്‍ പാകുകയും വേണം. വിത്തുകളുടെ കൂര്‍ത്ത വശം മുകളിലേക്ക് ചൂണ്ടുന്ന രീതിയിലാണ് അവ നിക്ഷേപിക്കേണ്ടത്. വിത്തുകളെ 5 സെ.മീ കനത്തില്‍ വളം കൊണ്ടു മൂടുകയും അതിനു മുകളില്‍ അട്ടിയായി കാബേജ് ഇലകള്‍ വെക്കുകയും വേണം. വളത്തില്‍നിന്നുള്ള ചൂട് മുകളിലേക്ക് പോകുമ്പോള്‍ ഇലകള്‍ അതിനെ തണുപ്പിക്കുകയും ആവി തിരിച്ച് ജലതുള്ളികളായി വിത്തിനു മുകളില്‍ വീഴുകയും ചെയ്യും. ചെടി നന്നായി വളര്‍ന്നുകഴിഞ്ഞാല്‍ ചിറകെട്ടിയ പാടങ്ങളിലേക്ക് അവയെ മാറ്റിനടണം.”
ആധുനിക ഡ്രിപ്പ് ഇറിഗേഷന്നും ഗ്രീന്‍ഹൗസുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രം തന്നെയല്ലേ ഇത്? കൂടാതെ, ഇറാഖില്‍ എല്ലാ തരം പച്ചക്കറികളും പഴങ്ങളും കൊല്ലത്തിന്റെ എല്ലാ മാസത്തിലും ലഭിക്കുമായിരുന്നു എന്ന് ഇബ്‌നുല്‍ ഫഖീഹ് അല്‍ ഹമദാനി പറയുന്നുണ്ട്.
സസ്യരോഗങ്ങള്‍
നിഘണ്ടു രചയിതാവായ ഇബ്‌നുസീദഃ പോലും തന്റെ അല്‍ മുഖസ്സ്വസ് എന്ന നിഘണ്ടുവില്‍ ചെടികള്‍ ആരോഗ്യത്തോടെ വളരുന്നതിന് തടസ്സമാവുന്ന കാരണങ്ങളെക്കുറിച്ച് ഒരു മുഴു അധ്യായം തന്നെ എഴുതിച്ചേര്‍ത്തിരിക്കുന്നു. ഇതിനു പുറമെ ഇലകളെ ദ്രവിപ്പിക്കുന്ന സസ്യരോഗത്തെക്കുറിച്ചും ചെടികള്‍, ഈന്തപ്പനകള്‍, മരത്തടി എന്നിവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും അദ്ദേഹം ചില അധ്യായങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.
സസ്യങ്ങളെ പരിപാലിക്കുന്ന വിഷയത്തില്‍ അറബി പുസ്തകങ്ങള്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതായി കാണാം. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ തത്ത്വങ്ങളില്‍ അന്ധവിശ്വാസങ്ങളും കടന്നുവന്നിരുന്നു എന്നത് സത്യമാണ്.
ഇബ്‌നു ബസ്സാല്‍ കുറിച്ചിട്ട രണ്ട് ചികിത്സാ രീതികള്‍ നോക്കാം. ഇതില്‍ ആദ്യത്തേത് മത്തങ്ങമരത്തിന്റെ തടിയെ ഉണക്കിക്കളയുന്ന ഒരു തരം ഫംഗസുമായി ബന്ധപ്പെട്ടതാണ്. രോഗം ബാധിച്ച ഭാഗം കുഴിച്ചിട്ടതിനു ശേഷം പുതിയൊരു ഭാഗം വളര്‍ന്നുവരുന്നതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഇതിന്റെ പ്രതിവിധി. രണ്ടാമത്തേത് ഇബ്‌നു ഹജ്ജാജിനെ ഉദ്ധരിച്ചുകൊണ്ട് ഇബ്‌നുല്‍ അവ്വാം തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയതാണ്:
”വിളവു കുറഞ്ഞതും ശോഷിച്ച ശിഖരങ്ങളുള്ളതുമായ ഒരു മരത്തില്‍ പുഴുവരിക്കുന്ന ഫലങ്ങളുണ്ടാവുകയും അവ വര്‍ഷങ്ങളോളം സാധാരണയിലും കവിഞ്ഞ അളവില്‍ വീണുപോവുകയും ചെയ്താല്‍, അനുചിതമായ മണ്ണിലാണ് മരം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാം. ഇത് തിരുത്താന്‍ മരത്തടിയില്‍നിന്ന് 2.5 മീ. അകലെ വേരിനു ചുറ്റും കുഴിച്ച് അവിടെയുള്ള മണ്ണ് കളയണം. പകരം മറ്റൊരു പ്രതലത്തില്‍നിന്നെടുത്ത പുതിയ മണ്ണ് കൊണ്ട് ആ കുഴി നിറക്കുകയും വടികള്‍ കൊണ്ട് ഈ മണ്ണ് നന്നായി താഴോട്ട് അമര്‍ത്തുകയും വേണം. വേരുകള്‍ ചീഞ്ഞതായി കണ്ടാല്‍ അവ വെട്ടി പ്രകൃതിദത്തമായ വളം ചേര്‍ക്കണം. വേരുകളില്‍ പുഴുവരിക്കുന്നുണ്ടെങ്കില്‍ വളത്തില്‍ ചാരം ചേര്‍ക്കണം. മണ്ണിന് ഈര്‍പ്പം കൂടുതലാണെങ്കില്‍ ഉണങ്ങിയ ചുവന്ന മണ്ണോ കടല്‍ (അല്ലെങ്കില്‍ പുഴ) മണലില്‍ പഴയ വളം ചേര്‍ത്തോ അതിനു ചുറ്റും നിറയ്ക്കണം.”
ചീഞ്ഞുണ്ടാകുന്ന വളത്തില്‍ കാണപ്പെടുന്ന പുഴുക്കളെയും പാറ്റകളെയും നശിപ്പിക്കുന്നതില്‍ ചാരത്തിനുള്ള കഴിവിനെക്കുറിച്ചും പഴയകാല മുസ്‌ലിം വിദഗ്ധര്‍ക്ക് അറിവുണ്ടായിരുന്നു എന്നത് കൗതുകകരമായ ഒരു വസ്തുതയാണ്.
മരങ്ങളെ ഇണക്കല്‍
കാട്ടുമരങ്ങളെ നാട്ടിലെ സാഹചര്യങ്ങളുമായി ഇണക്കിക്കൊണ്ടുവരുന്നത് സൂക്ഷ്മമായ ഒരു പ്രക്രിയയായിരുന്നു. ഇതിനെ ഇബ്‌നു ബസ്സാല്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ”പിഴവ് സംഭവിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇണക്കിക്കൊണ്ടു വരുന്ന പ്രക്രിയക്ക് ഗവേഷണവും നിരീക്ഷണവും ആവശ്യമാണ്. എങ്കിലും മരത്തിന്റെ വളര്‍ച്ചയുടെ വേഗം കൂട്ടാന്‍ അത്യധികം ഉപകരിക്കുന്ന ഒരു രീതിയാണിത്. ഇതിനു വേണ്ടി മരത്തിന്റെ പ്രായവും പ്രകൃതവും അറിഞ്ഞിരിക്കുകയും അതിനു പറ്റിയ സമയം തെരഞ്ഞെടുക്കുകയും വേണം.”
പണ്ഡിതന്മാര്‍ ഇണക്കല്‍ പ്രക്രിയയുടെ നിയമങ്ങളും രീതികളും തരങ്ങളും വിശദീകരിക്കുക മാത്രമല്ല, വ്യത്യസ്ത തരത്തിലുള്ള മരങ്ങളെ പരസ്പരം ഇണക്കി നോക്കുകയും ചെയ്തിരുന്നു. അത്തിമരത്തെ ഒലീവു മരവുമായും റോസാച്ചെടിയെ മുന്തിരി, ആപ്പിള്‍, ബദാം എന്നീ മരങ്ങളുമായും ഇണക്കിയത് ഇതിനുദാഹരണങ്ങളാണ്. ടോളഡോയില്‍ ഒരേ മരത്തിനു മുകളില്‍ വിവിധ തരം പഴങ്ങള്‍ കണ്ടതായി ചരിത്രകാരനായ ഇബ്‌നു സഈദ് രേഖപ്പെടുത്തിയിട്ടുണ്ട്.
പഴങ്ങളുടെയും വിളകളുടെയും സൂക്ഷിപ്പ്
പഴങ്ങളും വിളകളും സൂക്ഷിക്കാന്‍ ഉപയോഗിച്ചു വന്നിരുന്ന ചില വിചിത്രമായ രീതികള്‍ നോക്കാം. ആപ്പിള്‍, ഉറുമാമ്പഴം, ശീമമാതളം (ക്വിന്‍സ്), പിയര്‍, ചെറുനാരങ്ങ, മുന്തിരി എന്നീ പഴങ്ങള്‍ സ്ഫടിക പാത്രങ്ങളില്‍ മരങ്ങളില്‍ തന്നെ സൂക്ഷിക്കാമെന്ന് ഇബ്‌നു ഹജ്ജാജ് പറയുന്നു. ഇടുങ്ങിയ വായും വീതി കൂടിയ ശരീരവുമുള്ള ഈ പാത്രങ്ങള്‍ പഴുത്ത പഴങ്ങളെ കൊള്ളിക്കാന്‍ പറ്റിയതാണെന്ന് അദ്ദേഹം വിശ്വസിച്ചു. പൂവിടുന്ന അവസ്ഥയില്‍ പഴങ്ങളെ ഈ പാത്രങ്ങള്‍ക്കുള്ളിലേക്ക് കടത്തുകയും പിന്നീട് കാറ്റില്‍ ഉടഞ്ഞുപോകാതിരിക്കാന്‍ പാത്രം ചില്ലുകളുമായി കൂട്ടിക്കെട്ടുകയും വേണം. നീണ്ട കാലം പഴങ്ങള്‍ ഇതില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ കാറ്റു കടക്കാന്‍ വേണ്ടി പാത്രത്തിന്റെ വായ താഴോട്ടേക്ക് തിരിച്ചാണ് വെക്കേണ്ടത്.
പഴങ്ങളെ തേനില്‍ മുക്കിവെക്കുന്നതും നല്ലൊരു രീതിയായി കണക്കാക്കപ്പെട്ടിരുന്നു. തറയില്‍ വെക്കുന്ന പ്രത്യേക കുടങ്ങളുടെയുള്ളില്‍ തുണി കെട്ടി അതില്‍ ആപ്പിള്‍ സൂക്ഷിക്കാമെന്ന് ഇബ്‌നു ബസ്സാല്‍ പറയുന്നുണ്ട്. പല തട്ടുകളായി ഇങ്ങനെ തുണി കെട്ടി ആപ്പിള്‍ വെച്ചതിനു ശേഷം കുടം നിറഞ്ഞാല്‍ വേറൊരു തുണി കൊണ്ടു മൂടുകയും കളിമണ്ണ് ഉപയോഗിച്ച് ഇത് അടക്കുകയും വേണം. പിന്നീട് ഏതെങ്കിലും തണുപ്പുള്ള സ്ഥലത്ത് കുടം സൂക്ഷിക്കാം. ഇതിന് പഴങ്ങളെ റെഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കുന്ന ആധുനിക രീതിയില്‍നിന്ന് വളരെയധികം വ്യത്യാസമൊന്നുമില്ല എന്ന് ഒരു വേള നമുക്ക് സംശയം തോന്നാം.
ഗോതമ്പിന്റെ കൂടെ ഉറുമാമ്പഴത്തിന്റെ ഇലകളും ചിരങ്ങും ഓക്കുമരത്തടിയുടെ ചാരവും ചേര്‍ത്തുവെക്കുന്നത് ഗോതമ്പിനെ തടിതുളപ്പന്മാരില്‍നിന്നും മറ്റും സംരക്ഷിക്കുമെന്ന് ഇബ്‌നു ഹജ്ജാജ് പറയുന്നുണ്ട്.
കൃഷി വ്യവസായം
കൃഷിയുമായി ബന്ധപ്പെട്ട വ്യവസായങ്ങളെക്കുറിച്ച് ചുരുക്കത്തിലെങ്കിലും സൂചിപ്പിക്കുക എന്നത് എല്ലാ കാര്‍ഷിക പുസ്തകങ്ങളും തുടര്‍ന്നുവന്ന രീതിയായിരുന്നു. ഉണക്കമുന്തിരി, ഉണക്കിയ അത്തിപ്പഴം, വിനാഗിരി, ഉപ്പിലിട്ടത്, ജാമുകള്‍, പഞ്ചസാര, പരുത്തി, എണ്ണകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ നിര്‍മാണം ഇതില്‍പെടും.
കാരറ്റ്, ചെറുനാരങ്ങ, മത്തങ്ങ, പീച്ച് എന്നിവയുടെ ജാമുകളുടെ നിര്‍മാണത്തിന് പേരുകേട്ട രാജ്യമായിരുന്നു യമന്‍. യമനില്‍നിന്നുള്ള കട്ടിയുള്ള ഹദൂരി തേന്‍ മക്കയിലും ഇറാഖിലും വിലപ്പെട്ട സമ്മാനവസ്തുവായി കണക്കാക്കപ്പെട്ടിരുന്നു. വെയിലത്ത് ഉണക്കി പിന്നീട് ദിവസങ്ങളോളം തകരപാത്രങ്ങളില്‍ സൂക്ഷിച്ചാണ് കട്ടിയുള്ള ഈ തേന്‍ ഉണ്ടാക്കിയിരുന്നത്. വായു കടക്കാത്ത വിധം പാത്രങ്ങളുടെ വായ ഭദ്രമായി കെട്ടിവെക്കും.
ഇറാനിലെ മര്‍വില്‍നിന്ന് തണ്ണിമത്തന്‍ നുറുക്കി ഇറാഖിലേക്ക് കയറ്റിയയക്കാറുണ്ടായിരുന്നു. ഉപ്പിലിട്ട ഒലീവിന്റെ സ്വാദ് വര്‍ധിപ്പിക്കാന്‍ അതില്‍ തേന്‍, എണ്ണ, വിനാഗിരി, തൈം, മല്ലി എന്നിവ ചേര്‍ത്തിരുന്നു.
അറേബ്യന്‍ കൃഷിവിദഗ്ധര്‍ക്ക് റോസടക്കമുള്ള പൂവുകളിലുള്ള താല്‍പര്യം കാരണം സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തില്‍ അവര്‍ നല്ല പുരോഗതി കൈവരിച്ചു. ഇവയുടെ നിര്‍മാണത്തിനും കയറ്റുമതിക്കും പേരുകേട്ട നഗരമായിരുന്നു ജൂര്‍. അല്‍ നുവൈരിയുടെ നിഹായാതുല്‍ അറബ് (ഏറ്റവും മോഹിപ്പിക്കുന്നത്) എന്ന പുസ്തകത്തിന്റെ പന്ത്രണ്ടാം അധ്യായത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ വാറ്റിയെടുക്കുന്നതിനുള്ള പലതരം രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
തോട്ടകൃഷിയും മറ്റു കലകളും
സസ്യലോകത്തിന്റെ സൗന്ദര്യശാസ്ത്രപരമായ മാനങ്ങളെയും ഇസ്‌ലാമിക സംസ്‌കാരം അവഗണിച്ചില്ല. പ്രകൃതി സൗന്ദര്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചതിലൂടെ മനുഷ്യനെ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ചെടികളും പൂവുകളും വളരുന്ന ഉദ്യാനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയും ശ്രദ്ധയും ലഭിച്ചിരുന്നു. ഖുമാറവൈഹിയുടെ ഉദ്യാനത്തെക്കുറിച്ച് പ്രശസ്ത ചരിത്രകാരനായ അല്‍ മഖ്‌രീസി പറയുന്നതിങ്ങനെയാണ്: ”അദ്ദേഹം തന്റെ ഉദ്യാനത്തില്‍ പല തരത്തിലുള്ള മരങ്ങള്‍ നട്ടു. പല ഉയരങ്ങളിലുള്ള പനമരങ്ങള്‍ വെച്ചുപിടിപ്പിച്ചു. ചിലതിന്റെ പഴങ്ങള്‍ നിന്നു കൊണ്ടും ചിലതിന്റെ പഴങ്ങള്‍ ഇരുന്നു കൊണ്ടും എത്തിപ്പിടിക്കാന്‍ സാധിക്കും. വ്യത്യസ്തമായ സ്വാദുകളായിരുന്നു ഓരോന്നിനും. മറ്റു ചെടികള്‍ക്കൊപ്പം പനിനീര്‍പ്പൂവും കുങ്കുമവും നട്ടു. ഇവയെ പരിപാലിക്കാന്‍ ഒരു തോട്ടക്കാരനെയും അദ്ദേഹം നിയമിച്ചു.”
കുരുവില്ലാത്ത മുന്തിരി, വര്‍ഷം മുഴുവന്‍ വിളയുന്ന റോസുകള്‍, ആപ്പിളുകള്‍ മുതലായ പല പുതിയ കൃഷിയാവിഷ്‌കാരങ്ങളിലും മുസ്‌ലിം വിദഗ്ധര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പൂക്കളുടെ നിറം മാറ്റാനും കാട്ടുചെടികളെ ഇണക്കി നാട്ടിലെ ഉദ്യാനങ്ങളില്‍ വിജയകരമായി വളര്‍ത്താനും അവര്‍ക്ക് കഴിയുമായിരുന്നു.
കൃഷിയുല്‍പന്നങ്ങളുടെ പ്രചാരണം
ഇസ്‌ലാമിക ലോകത്തെ കൃഷിരീതികള്‍ക്ക് സംഭവിച്ച കാതലായ മാറ്റങ്ങളെക്കുറിച്ചും മുസ്‌ലിംകള്‍ കച്ചവടം നടത്തിയിരുന്ന മേഖലകളിലെ കൃഷിയുല്‍പന്നങ്ങള്‍ വ്യാപിച്ച വഴിയെക്കുറിച്ചും ഗവേഷണം നടത്തിയ ടൊറണ്ടോ സര്‍വകലാശാലയിലെ ആന്‍ഡ്രൂ എം. വാട്‌സണ്‍, 1974 മുതല്‍ പ്രസിദ്ധീകരിച്ച തന്റെ ഗവേഷണ ഫലങ്ങളില്‍ ഉഷ്ണമേഖലയില്‍ വളരുന്ന ചെടികളെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റി നടുകയും വളര്‍ത്തുകയും ചെയ്യുന്നതില്‍ മുസ്‌ലിം കര്‍ഷകര്‍ വഹിച്ച പങ്കിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ചൂടു കാലാവസ്ഥക്കു യോജിക്കുന്ന തരത്തിലുള്ള പ്രത്യേക തരം ചോളങ്ങളും നാരങ്ങയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. അറബിക് വേരുകളുള്ള 726 ചെടികളുടെ ലാറ്റിന്‍ നാമങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
വാട്‌സന്റെ ഗവേഷണം ഇസ്‌ലാമിക കാര്‍ഷിക സംസ്‌കാരം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്നു ഭൂഖണ്ഡങ്ങളില്‍ പതിമൂന്നാം നൂറ്റാണ്ടു വരെ ചെലുത്തിയ സ്വാധീനത്തെപ്പറ്റിയുള്ള ധാരണകളെ മാറ്റിമറിച്ചു. ഇസ്‌ലാമിക കാര്‍ഷിക രീതികളുടെ ഈ കടന്നുവരവിനെ അദ്ദേഹം ‘മധ്യകാല ഹരിത വിപ്ലവം’ എന്നാണ് വിശേഷിപ്പിച്ചത് (മിഡീവല്‍ ഗ്രീന്‍ റെവല്യൂഷന്‍ പിന്നീട് ഇത് ‘മുസ്‌ലിം കൃഷി വിപ്ലവം’ എന്നും ‘ഇസ്‌ലാമിക കൃഷി വിപ്ലവം’ എന്നും ‘ഇസ്‌ലാമിക ഹരിത വിപ്ലവം’ എന്നും മാറ്റിവിളിക്കപ്പെട്ടു). ഇവയില്‍ എല്ലാ പദങ്ങളും വിരല്‍ചൂണ്ടുന്നത് എട്ടാം നൂറ്റാണ്ടു മുതല്‍ പതിമൂന്നാം നൂറ്റാണ്ടു വരെ മുസ്‌ലിം നാടുകളിലെ കൃഷിസംസ്‌കാരത്തിനു സംഭവിച്ച മൗലികമായ രൂപമാറ്റത്തിലേക്കാണ്.
മുസ്‌ലിം വ്യാപാരികള്‍ പുരാതന ലോകത്തുടനീളം സ്ഥാപിച്ച കച്ചവട വ്യവസ്ഥ, കൃഷിയുല്‍പന്നങ്ങളും രീതികളും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിന് സഹായകമായി എന്ന് വാട്‌സണ്‍ വാദിക്കുന്നു. ഇതില്‍ ഇസ്‌ലാമിക ലോകത്തിനു പുറത്തുള്ള ഉല്‍പന്നങ്ങളും പെട്ടിരുന്നു. ആഫ്രിക്കയില്‍നിന്നുള്ള ചോളവും ചൈനയില്‍നിന്നുള്ള നാരങ്ങകളും ഇന്ത്യയില്‍ നിന്നുള്ള മാങ്ങ, പരുത്തി, അരി, കരിമ്പ് തുടങ്ങിയ ഉല്‍പന്നങ്ങളും മുമ്പൊരിക്കലും ഇവ കൃഷി ചെയ്യപ്പെട്ടിട്ടില്ലാതിരുന്ന ഇസ്‌ലാമിക നാടുകളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനൊപ്പം അറേബ്യന്‍ നാടുകളില്‍നിന്ന് മുല്ല, നീലയും മഞ്ഞയും നിറങ്ങളിലുള്ള റോസാപ്പൂക്കള്‍, ചിലയിനം കമേലിയകള്‍ എന്നിവ യൂറോപ്പിലേക്കും വ്യാപിച്ചു. ഇക്കാലത്ത് അരങ്ങേറിയ ഈ പ്രതിഭാസത്തെ ചില ആളുകള്‍ ‘കൃഷിയുല്‍പന്നങ്ങളുടെ ആഗോളവത്കരണം’ എന്നാണ് വിളിച്ചത്. ഈ മാറ്റങ്ങള്‍ ഇസ്‌ലാമിക നാടുകളിലെ സമ്പദ്‌വ്യവസ്ഥ, ജനസംഖ്യ, ജനസംഖ്യാനുപാതം, ചുറ്റും കാണുന്ന സസ്യലതാദികള്‍, കൃഷി, വരുമാനം, നഗരങ്ങളുടെ വളര്‍ച്ച, തൊഴിലാളികളുടെ വിതരണം, അനുബന്ധ വ്യവസായങ്ങള്‍, പാചകം, ഭക്ഷണരീതികള്‍, വസ്ത്രധാരണം എന്നിവയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നാണ് വാട്‌സണ്‍ സ്ഥാപിക്കുന്നത്.
പതിമൂന്നാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ചില പുരാതന ചൈനീസ് രേഖകളില്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ള നാവികര്‍ ക്രിസ്റ്റഫര്‍ കൊളംബസിനു മുമ്പ് അമേരിക്കന്‍ കരകളിലെത്തിയതായും അവരുടെ നാടുകളില്‍നിന്നുള്ള ചില ചെടികള്‍ അവിടെ കൊണ്ടുവന്നതായും പറയുന്നുണ്ടെന്ന്, ഈ രേഖകള്‍ കണ്ടുപിടിക്കുകയും സൂക്ഷ്മമായി പഠിക്കുകയും ചെയ്ത അമേരിക്കന്‍ യൂനിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ സസ്യശാസ്ത്ര വിദഗ്ധന്‍ പ്രഫസര്‍ ഹുയിലിന്‍ ലി സ്ഥിരീകരിക്കുന്നുണ്ട്. ഒമ്പതു വര്‍ഷത്തോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഗവേഷണത്തില്‍നിന്നാണ് അദ്ദേഹം ഈ നിരീക്ഷണത്തിലെത്തിയത്. ഇന്നത്തെ അമേരിക്കയുടെ ഭാഗമായിരിക്കാന്‍ സാധ്യതയുള്ള ‘മോലാന്‍പി’ എന്ന മേഖലയില്‍ മുസ്‌ലിംകള്‍ പപ്പായ, പൈനാപ്പിള്‍, മത്തങ്ങ, ഇന്ത്യന്‍ ചോളം എന്നീ വര്‍ഗങ്ങള്‍ കൊണ്ടുവരികയും വളര്‍ത്തുകയും ചെയ്തിരുന്നു എന്ന് ഈ രേഖകളില്‍ പറയുന്നുണ്ട്.
(കടപ്പാട്: പ്രബോധനം ആഴ്ചപതിപ്പ്)