ഇന്ത്യ ഉള്‍പ്പെടെ ഏതൊരു രാഷ്ട്രത്തിലും ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് സവിശേഷപ്രാധാന്യം ഉണ്ട്. സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളില്‍ നിന്നും സമ്പാദ്യം സമാഹരിച്ച് വികസന പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടുന്ന സംഘടിത ഏജന്‍സിയാണ് ബാങ്കുകള്‍. പൊതുമേഖല, സ്വകാര്യമേഖല, സഹകരണമേഖല, വിദേശമേഖല എന്നിങ്ങനെ വിവിധ ഉടമസ്ഥതയിലുള്ള ആയിരക്കണക്കിന് ബാങ്കുശാഖകള്‍ രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്നുണ്ട്.
സമ്പാദ്യം സമാഹരിക്കുന്നതിനും ബാങ്കിംഗ് സേവനങ്ങള്‍ സമസ്തജനവിഭാഗങ്ങളില്‍ എത്തിക്കുന്നതിനും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സമ്പൂര്‍ണ്ണ ബാങ്കിംഗ് (ഫിനാന്‍ഷ്യല്‍ ഇന്‍കന്‍ഷന്‍) എന്നത് സര്‍ക്കാറിന്റെ മുഖ്യധനനയം ആയി മാറിയിട്ടുണ്ട്. ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും സാധാരണജനങ്ങളെ മോചിപ്പിക്കുന്നതിനും സബ്‌സിഡി, വായ്പ തുടങ്ങിയ ഇനങ്ങളിലെ ആനൂകൂല്യം വ്യക്തിഗതമായി നേരിട്ട് എത്തിക്കുന്നതിനും സമ്പൂര്‍ണ്ണ ബാങ്കിംഗ് അനിവാര്യമാണ്. വാണിജ്യബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്കുകള്‍, സഹകരണബാങ്കുകള്‍, പ്രാദേശികബാങ്കുകള്‍ തുടങ്ങി വ്യത്യസ്തമേഖലകള്‍ക്ക് ഊന്നല്‍നല്‍കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അവയുടെ ശാഖകളും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന സമ്പൂര്‍ണ്ണ ബാങ്കിംഗിന് വേണ്ടി കഠിനശ്രമം നടത്തുന്നുണ്ട്. നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ശേഷവും ഇന്ത്യയിലെ 35-40 ശതമാനം പേര്‍ ബാങ്കിംഗ് സേവനങ്ങളുടെ പരിധിയില്‍ എത്തിയിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷംപേര്‍ ഇസ് ലാം മതവിശ്വാസികള്‍ ആണ് എന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ഇസ്‌ലാം മതവിശ്വാസമനുസരിച്ച് പലിശ (രിബ) നിഷിദ്ധം (ഹറാം) എന്നതാണ് പലിശ അടിസ്ഥാനമാക്കി മാത്രം പ്രവര്‍ത്തിക്കുന്ന സാമ്പ്രദായിക ബാങ്കിംഗ് മേഖലയില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ഈ മതവിശ്വാസികളെ പ്രേരിപ്പിക്കുന്നത്. ധനവിഭവം ഉല്‍പ്പാദനസേവന കാര്‍ഷികരംഗങ്ങളില്‍ വിനിയോഗിക്കുകയും ബൗദ്ധികവും കായികവുമായ പ്രവര്‍ത്തനങ്ങളിലൂടെ നേട്ടം ഉണ്ടാക്കണമെന്നുമാണ് ഇസ് ലാം നിഷ്‌കര്‍ഷിക്കുന്നത്. എല്ലാ സന്ദര്‍ഭങ്ങളിലും പ്രവര്‍ത്തനഫലം അനുകൂലമാകണമെന്നില്ല. നേട്ടമായാലും കോട്ടമായാലും അത് സ്വീകരിക്കാന്‍ നിക്ഷേപകര്‍ തയ്യാറാകണം. മറിച്ച് മെയ്യനങ്ങാതെ പലിസനേടാം എന്ന നിക്ഷേപകന്റെ സമീപനം ഉചിതമല്ല എന്നു സാരം.
പലിശരഹിതബാങ്കിംഗ് എന്ന ഇസ് ലാമിക് ബാങ്കിംഗില്‍ സദാചാരമുറകള്‍ക്കും മൂല്യബോധനത്തിനുമാണ് ധനസമാഹരണത്തിലും ധനവിനിയോഗത്തിലും ഊന്നല്‍ നല്‍കുന്നത്. പലിശരഹിത ബാങ്കിംഗിലൂടെ സമാഹരിച്ച ധനവിഭവം മനുഷ്യസമൂഹത്തിന് അനിവാര്യമായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി വിനിയോഗിക്കണം എന്ന നിര്‍ബന്ധമുണ്ട്. ഒപ്പം ചൂതാട്ടം, മദ്യം, വ്യഭിചാരം തുടങ്ങിയ സദാചാരവിരുദ്ധ ഇനങ്ങളുമായി ബന്ധപ്പെട്ട സംരംഭങ്ങളില്‍ ധനവിഭവ വിനിയോഗം തടയപ്പെടണം എന്നും ഉണ്ട്.
ഓഹരി നിക്ഷേപത്തില്‍ നിന്നുള്ള ലാഭവിഹിതം,കടപ്പത്രത്തിലൂടെയുള്ള പലിശക്ക് ബദലായ പാട്ടത്തുക, ബൗദ്ധികപ്രവര്‍ത്തനത്തിനും ആസ്തികള്‍ക്കും ലഭിക്കുന്ന റോയല്‍റ്റി എന്നിവ സ്വഭാവഗുണം (ഹലാല്‍) ഉള്ളവയെന്ന നിലയില്‍ നിക്ഷേപകന് സ്വീകരിക്കാനാവും ആഗോളതലത്തില്‍ 20000 കോടി ഡോളറിന്റെ (2 ട്രില്യണ്‍) സാമ്പത്തിക ആസ്തിയാണ് ഇസ് ലാമിക് ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് നേടാനായത്. അതായത് ഒരു ദശകകാലയളവില്‍ ഇവയുടെ ആസ്തികളില്‍ പത്തിരട്ടി വര്‍ദ്ധന വന്നിരിക്കുന്നു. ഉദാത്തമായ ആശയത്തിന്റെ പിന്‍ബലമുള്ള ഇസ് ലാമിക് ബാങ്കിംഗിലൂടെ സമാഹരിക്കപ്പെടുന്ന ധനവിഭവം ഇന്ത്യന്‍ സമ്പത്ത്‌വ്യവസ്ഥയില്‍ പ്രയോജനപ്പെടുത്താനാവാത്തത് ആശ്വാസപ്രദമല്ല. ഇടക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോള്‍ നിരവധി നിക്ഷേപകര്‍ ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ ഇസ് ലാമിക് ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഔദ്യോഗികമായി അംഗീകാരം നേടിയിട്ടില്ലാത്തത് കൊണ്ട് നിക്ഷപം ചൈന, തായ്‌വാന്‍, ഇന്തോനേഷ്യ, മലേഷ്യ, എന്നിങ്ങനെയുള്ള രാജ്യങ്ങളിലേക്ക് പോകുകയായിരുന്നു.
പലിശരഹിത ബാങ്കിംഗിന് അവസരമൊരുക്കി സമ്പൂര്‍ണ്ണബാങ്കിംഗ് എന്ന ആശയം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുന്നതിന് റിസര്‍വ്വ്ബാങ്ക് ഇപ്പോള്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നു. സമ്പൂര്‍ണ്ണബാങ്കിംഗ് കൈവരിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ദീപക് മൊഹന്തി കമ്മറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ്വ്ബാങ്കിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇസ് ലാമിക് ബാങ്കിംഗിനായി ഒന്‍പത് മാതൃകകളാണ് റിസര്‍വ്വ്ബാങ്കിന്റെ പരിഗണനയില്‍ ഉള്ളത്. മുശാറക, മുദാറബ, മുറാബഹ, ഇജാറ, ഇസ്തിസ്‌ന, സുകുക്, വക്കാല, വഭീഅ, ഖര്‍ദ്ഹസന്‍, എന്നിങ്ങനെയുള്ള അറബ് പദങ്ങള്‍തന്നെയാണ് ഒന്‍പത് മാതൃകകള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇവ യഥാക്രമം ഓഹരിപങ്കാളിത്തം, പരസ്പരവിശ്വാസാധിഷ്ഠിതം, സാധനങ്ങള്‍ വാങ്ങാനുള്ള ധനസഹായം, കുത്തകപ്പാട്ടം, പണം പിന്നീട് നല്‍കാമെന്ന കരാറില്‍ നിര്‍മ്മാമ പ്രവര്‍ത്തനം, അംഗീകൃത സെക്യൂരിറ്റികളിലെ നിക്ഷേപം, ഏജന്‍സി പ്രവര്‍ത്തനം, സുരക്ഷിത നിക്ഷേപം, പ്രശസ്തിയും ഉദ്ദേശശുദ്ധിയുമുള്ള പ്രവര്‍ത്തനം എന്നിവയിലേക്കുള്ള ധനവിനിയോഗമാണ് വിവക്ഷിക്കുന്നത്.
ആഗോളതലത്തില്‍, ഇസ് ലാമിക് ബാങ്കിംഗ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത് രണ്ടുതരത്തിലാണ്. പൂര്‍ണ്ണമായും ഇസ് ലാമിക് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ഒന്നാമത്തെ വിഭാഗത്തിലുള്ളത്. എന്നാല്‍ സാമ്പ്രദായികബാങ്കിംഗ് നടത്തുന്ന സ്ഥാപനങ്ങളില്‍ പ്രത്യേകം പലിശരഹിതബാങ്കിംഗ് വിന്‍ഡോ ഏര്‍പ്പെടുത്തുന്നതാണ് രണ്ടാമത് വിഭാഗം. ഇന്ത്യയില്‍ രണ്ടാമത്തെ വിഭാഗം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി നിയമ, സാങ്കേതിക, നിയന്ത്രണഉപാധികളും നടപടികളും പുനര്‍ക്രമീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച ക്രമീകരണങ്ങള്‍ എങ്ങനെയാകണം എന്നതാണ് റിസര്‍വ്വ്ബാങ്ക് ഇപ്പോള്‍ വിലയിരുത്തുന്നത്. ലാഭനഷ്ടം അടിസ്ഥാനമാക്കി എന്ന തരത്തിലുള്ള ബാങ്കിംഗ് എന്ന നിലയില്‍ ഇതരമതവിശ്വാസികള്‍ക്കും പങ്കാളികളാകാന്‍ കഴിയുന്ന വിധമാണ് ഇന്ത്യയില്‍ പലിശരഹിതബാങ്കിംഗ് പ്രാവര്‍ത്തികമാക്കുന്നത്. ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് മുന്നോട്ട് വച്ച ആശയമാണ് ഇസ് ലാമിക് ബാങ്കിംഗ്. നിയമതടസ്സം കൊണ്ട് പ്രാവര്‍ത്തികമാകാതെ പോയ ഈ ആശയത്തിന് ഇപ്പോള്‍ പുതിയമാനം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
കടപാട് :ഡോ എം. ശാര്‍ങ്ധരന്‍ (കേരള കൗമുദി )