മുംബൈ: മതത്തിന്റെ പേരിലുള്ള സംഘർഷങ്ങളും സ്പർദ്ദകളുമൊക്കെ വ്യാപിച്ചുവരുന്ന കാലത്ത് മതഐക്യത്തെ വെളിപ്പെടുത്തുന്ന ഒരു യുവതിയുടെ അനുഭവകുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റമദാൻ കാലത്ത് വിശ്വാസിയായ തന്റെ ഊബർ ഡ്രൈവർക്ക് യാത്രാമധ്യേ നമസ്കരിക്കാനായി സൗകര്യമൊരുക്കി നൽകിയതിനെക്കുറിച്ചാണ് യുവതി ലിങ്ക്ഡ് ഇന്നിലൂടെ പങ്കുവെക്കുന്നത്.
എയർ പോർട്ടിൽ നിന്ന് വീട്ടിലേക്ക് യാത്രചെയ്യുന്നതിനിടെ ഊബർ ഡ്രൈവറുടെ ഫോണിൽ നിന്ന് ബാങ്ക് വിളിയുടെ അലാറം കേൾക്കുകയുണ്ടായി. ഞാനയാളോട് “നോമ്പ് തുറന്നോ” എന്ന് ചോദിച്ചു. അദ്ദേഹം യാത്രക്കിടെ നോമ്പ് തുറന്നെന്ന് അറിയിച്ചു. “നിങ്ങൾക്ക് നമസ്കരിക്കണോ” എന്ന് ഞാൻ വീണ്ടും ചോദിച്ചു. നിങ്ങൾ അനുവദിക്കുമോയെന്ന് ഡ്രൈവർ ചോദിച്ചപ്പോൾ ഞാൻ അതെയെന്ന് ഉത്തരം നൽകി. അദ്ദേഹം വണ്ടി റോഡരികിൽ പാർക്ക് ചെയുകയും പിൻ സീറ്റിൽ ഇരുന്ന് നിസ്കരിക്കുകയും ചെയ്തു – പ്രിയ സിങ് ലിങ്ക്ഡ് എഴുതി
സർവ്വമത ഐക്യമുള്ള ഇന്ത്യയെക്കുറിച്ചാണ് എനിക്ക് മാതാപിതാക്കൾ പറഞ്ഞുതന്നിട്ടുള്ളതെന്നും അവർ പോസ്റ്റിന് താഴെ എഴുതി. വർഗീയ ധ്രുവീകരണത്തിന് സംഘടിത ശ്രമങ്ങൾ നടക്കുന്ന കാലത്ത് മാനവികതയുടെ സന്ദേശം നൽകുന്ന പോസ്റ്റിന് ഇതിനോടകം തന്നെ 97,000-ത്തിലധികം അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്.