Question: “കമ്മിറ്റികൾ രൂപീകരിച്ച് സകാത്ത് വിതരണം ചെയ്തുവരുന്ന രീതി ശെരിയാണോ? അത് ഇസ്‌ലാമികമായി സാധുവാണോ?”
Answer: പഴയ മദ്ഹബുകളിലോ കിതാബുകളിലോ പ്രശ്നം ഇങ്ങനെ ഒരു വിഷയം പരാമർശിച്ചിട്ടേ ഇല്ല. അതിനാൽ സകാത്ത് വിതരണത്തിന് കമ്മിറ്റിയെ ഏൽപിക്കുക എന്ന ആശയം തന്നെ ഇസ്‌ലാമിക പണ്ഡിതന്മാർ ഒരു ഘട്ടത്തിലും ചർച്ച ചെയ്തിട്ടില്ലാത്തത് കൊണ്ട് കമ്മിറ്റി എന്ന ആശയം തീർത്തും പുതിയതാണ്. പുതിയ പ്രശ്നത്തിന്റെ മതപരമായ സാധുത സ്വാഭാവികമായും പുതിയ ഇജ്തിഹാദിനെ തേടുന്നു. പാടുണ്ടെന്നോ ഇല്ലെന്നോ എന്ത് പറഞ്ഞാലും അത് ഇജ്തിഹാദിലൂടെയുള്ള അഭിപ്രായമാണെന്ന് വ്യക്തം. ഖുർആൻ മൊഴിമാറ്റം, ആരാധനകളിൽ ഉച്ചഭാഷിണി ഉപയോഗം തുടങ്ങിയ പുതിയ പ്രശ്നങ്ങളിലൊക്കെയും പണ്ഡിതന്മാർ ഇതിഹാദിലൂടെ മതവിധികൾ പുറപ്പെടുവിച്ചപോലെ സകാത്ത് കമ്മിറ്റി കാര്യത്തിലും ഇജ്തിഹാദ് ആണ് പ്രയോഗിക്കേണ്ടത്. അതിലൂടെ പുറപ്പെടുവിച്ച മതവിധി ശരിയാവാം. തെറ്റുമാവാം. രണ്ടായാലും നബി(സ) പറഞ്ഞതനുസരിച്ച് പ്രതിഫലം ലഭിക്കും.
സകാത്ത് കമ്മിറ്റിയെ ഏൽപിക്കുന്ന പ്രശ്നം തന്നെ ഉടലെടുത്തത് എപ്പോഴാണ്? ഇസ്‌ലാമിക ഭരണകൂടം ഭൂമുഖത്തില്ലാതായതിനു ശേഷം മാത്രം ഉടലെടുത്ത പ്രശ്നമാണത്. 1924-ൽ ഉസ്മാനിയാ(ഒട്ടോമൻ) ഖിലാഫത്ത് തകരുന്നതുവരെയും നാമമാത്രമായെങ്കിലും ഇസ്‌ലാമിക ഭരണസംവിധാനം നിലവിലിരുന്നു. മുസ്‌ലിം ലോകത്ത് നൂറുകണക്കിന് സുൽത്താന്മാരും നവാബുമാരും രാജാക്കന്മാരും നാടുവാഴികളും ഉണ്ടായിരുന്നു. സകാത്ത് അവരെ ഏൽപിക്കാനും പൊതുഖജനാവിൽ നിന്ന് അവകാശികൾക്ക് വിതരണം ചെയ്യാനും സംവിധാനവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാൽ ഭരണാധികാരി സകാത്ത് അർഹർക്ക് വിതരണം ചെയ്യാത്തവനോ സകാത്ത് തുകയെടുത്ത് മദ്യപിക്കുന്നവനോ ആണെങ്കിൽ പോലും സകാത്ത് അയാളെ ഏൽപിക്കണമെന്ന ചർച്ചപോലും കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ ഇസ്‌ലാമിക ഭരണാധികാരികൾ ഇല്ലാതാവുകയോ ഇസ്‌ലാമേതര സമൂഹങ്ങളിൽ മുസ്‌ലിംകൾ ജീവിക്കേണ്ടിവരികയോ ചെയ്യുന്ന സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്ന പ്രശ്നം മുൻകാല പണ്ഡിതന്മാർ ചർച്ച ചെയ്തില്ല. ഇനിയെന്തു ചെയ്യണം? ഒരു വിഭാഗം വാദിക്കുന്നു, വ്യക്തികൾ സ്വന്തമായി വിതരണം ചെയ്താൽ മതി എന്ന്. അതിനെന്താണ് തെളിവെന്ന് ചോദിച്ചാൽ മറുപടിയില്ല. കാരണം ഹിജ്റ പതിനാലാം നൂറ്റാണ്ട് വരെയും അങ്ങനെയൊരു വിഷമസന്ധി ഉടലെടുത്തിരുന്നില്ല. സകാത്ത് സംഭരണവും വിതരണവും ആരംഭിച്ചതുമുതൽ അത് സ്റ്റേറ്റിന്റെ ചുമതലയിലായിരുന്നല്ലോ. മറുവശത്ത് സ്റ്റേറ്റ് ഇല്ലാതായി എന്നതുകൊണ്ട് പള്ളി നിർമാണമോ ജുമുഅയോ ജമാഅത്തോ ജിഹാദോ ഒന്നും മുസ്‌ലിം സമൂഹം വേണ്ടെന്നു വെച്ചില്ല. അവയൊക്കെയും വ്യക്തികൾ സ്വന്തമായി നടത്തിയാൽ മതി എന്നും വെച്ചില്ല. പകരം സാമൂഹിക സംവിധാനങ്ങളൊരുക്കുകയായിരുന്നു. അപ്പോൾ ദാരിദ്ര്യനിർമാർജനത്തിനും സമുദായത്തിന്റെ നിലനിൽപിനും ഏറ്റവും ഉതകുന്ന സകാത്ത് മാത്രം തോന്നിയവർ തോന്നിയപോലെ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്താൽ പോരല്ലോ. പരസ്യയാചന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വിതരണം നടത്തിയാൽ സകാത്ത് വിതരണബാധ്യത നിറവേറുമോ. മഹല്ലുകളിൽ നിന്ന് സാമൂഹികമായി സംഭരിച്ച് അർഹരെ കണ്ടെത്തി പാവങ്ങളുടെ അഭിമാനം വണപ്പെടുത്താതെയും ദാരിദ്ര്യത്തിന് പരിഹാരമാവുന്ന വിധത്തിലും വിതരണം ചെയ്യാൻ യോഗ്യരായവരുടെ കൂട്ടായ്മ (കമ്മിറ്റി) ഉണ്ടാക്കി അവരെ ഏൽപിക്കുന്നതല്ലെ നല്ലത്. ഒന്നിലധികം പേരടങ്ങിയ സമിതി കൂടിയാലോചനകളിലൂടെ ശാസ്ത്രീയമായും മാന്യമായും അർഹർക്കിടയിൽ വിതരണം ചെയ്യുന്നതല്ലേ ഏറെ സാധുവാകുന്നത്?
കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോൾ യോഗ്യരും സത്യസന്ധരുമായിരിക്കണമെന്നത് വേറെ കാര്യം. അത് എല്ലാ കാര്യങ്ങൾക്കും ബാധകമാണല്ലോ. ‘മുസ്‌ലിം തന്റെ സകാത്ത് വ്യക്തിപരമായി ഏൽപിച്ചുകൊടുക്കണമെന്ന് നിർബന്ധമില്ല. പ്രത്യുത തനിക്കു പകരം വിശ്വസ്തനായ ഒരു മുസ്‌ലിമിനെ അത് ഏൽപിക്കാവുന്നതാണ്….. സകാത്ത് ദാതാവ് വിതരണത്തിന് മറ്റൊരാളെ ഏൽപിക്കുന്നതാണ് കൂടുതൽ അഭികാമ്യം’ എന്നു പോലും ചില മാലികികൾക്ക് അഭിപ്രായമുണ്ട്. പ്രദർശനപരത ഒഴിവാക്കാൻ അതുതകും എന്നതുകൊണ്ടാണത്. താൻ സ്വയം സകാത്ത് വിതരണം ഏറ്റെടുത്താൽ ജനങ്ങളുടെ സ്തുതിയും പ്രശംസയുമാണ് ആഗ്രഹിക്കുന്നത് എന്ന ഭീതി ഒഴിവാക്കാനും അതാണ് നല്ലത്. അയാൾക്കുതന്നെ തന്നെക്കുറിച്ച് അങ്ങനെയൊരു ആശങ്കയുണ്ടെങ്കിൽ പകരക്കാരനെ ഏൽപിക്കുന്നത് ചിലപ്പോൾ നിർബന്ധം തന്നെയാവും. അതുപോലെ സകാത്തിന് അർഹർ ആരാണെന്ന് ദാതാവിന് അറിയില്ലെങ്കിൽ അത് യഥാസ്ഥാനത്ത് അർഹരായവർക്ക് നൽകുന്നവരെ ഏൽപിക്കേണ്ടത് നിർബന്ധമാണ്’ (ഫിഖ്ഹുസ്സകാത്ത്, വാല്യം 2, സകാത്ത് വിതര ണത്തിലെ ചുമതലപ്പെടുത്തൽ’- ഡോ. യൂസുഫുൽ ഖറദാവി). അശ്ശർഹുൽ കബീർ (ദസൂഖിയുടെ ടിപ്പണി) എന്ന ഗ്രന്ഥത്തെ അവലംബിച്ച് പ്രശസ്ത പണ്ഡിതനായ ഖറദാവി പ്രതിപാദിച്ച ഈ വസ്തുതകൾ മുമ്പിൽ വെച്ചാൽ സകാത്ത് വിതരണത്തിലെ ഏറ്റവും വലിയ തിന്മകളായ പ്രദർശനപരതയും പ്രത്യുപകാര പ്രതീക്ഷയും ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമാവുക വിതരണത്തിന് സമിതിയെ ഏൽപിക്കലാണെന്ന് വ്യക്തമാവും.