നൈജീരിയൻ ചലച്ചിത്ര നടനായ സാമുവൽ റോബിൻസൺ സകരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്
ഡൽഹി: ബൈക്കപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സുഡാനി ഫ്രം നജീരിയ താരം സാമുവൽ അബിയോള റോബിൻസൺ. ഡൽഹിയിലെ തിരക്കേറിയ കവലയിൽ വെച്ച് സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാർ ഇടിക്കാനിരുന്നതായും നിയന്ത്രണം വിട്ടു സാരമായ പരിക്കുകൾ സംഭവിച്ചതായും സാമുവൽ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറഞ്ഞു. അപകടം സംഭവിച്ച ഉടനെ തന്നെ രണ്ട് മുസ്‌ലിം സഹോദരങ്ങൾ ആശുപത്രിയിൽ എത്തിച്ചു. സുഖപ്പെടുന്നത് വരെ അവർ ആശുപത്രിയിൽ കൂട്ടിരുന്നതായും അവർക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും അവർ അത് വാങ്ങാൻ വിസമ്മതിച്ചതായും സാമുവൽ റോബിൻസൺ കുറിപ്പിൽ പറഞ്ഞു. തന്നെ ആശുപത്രിയിൽ എത്തിച്ചവരോട് നന്ദിയുള്ളവനായിരിക്കുമെന്നും ദൈവം അവർക്ക് വലിയ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും സാമുവൽ കൂട്ടിച്ചേർത്തു. അപകടത്തിൽ സാമുവൽ ധരിച്ചിരുന്ന ഷൂസും ഹെൽമെറ്റും തകർന്നിട്ടുണ്ട്. ശരീരത്തിലെ പരിക്കുകളുടെ ഫോട്ടോ ഉൾപ്പെടെയാണ് സാമുവൽ ഇൻസ്റ്റാഗ്രാമിൽ അപകട വാർത്ത അറിയിച്ചത്.
നൈജീരിയൻ ചലച്ചിത്ര നടനായ സാമുവൽ റോബിൻസൺ 2018ൽ സകരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. ‘ഒരു കരീബിയൻ ഉടായിപ്പ്’ എന്ന മലയാള ചിത്രത്തിലും സാമുവൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ അഭിനയിച്ച ആദ്യ നൈജീരിയൻ താരമാണ് സാമുവൽ. വാൾട്ട് ഡിസ്നിയുടെ ഡെസ്പറേറ്റ് ഹൗസൈ്വവ്സ് ആഫ്രിക്ക, ടിൻസൽ, എം.ടി.വി യുടെ ഷുക എന്നീ ചിത്രങ്ങളിലെ സാമുവലിന്റെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ദിബാകർ ദാസ് റോയ് സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയാണ് സാമുവലിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
സാമുവൽ റോബിൻസണിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്:
സുഹൃത്തുക്കളെ, ഇന്നലെ ഡൽഹിയിൽ വെച്ച് ഞാൻ ഒരു ബൈക്ക് അപകടത്തിൽ പെട്ടു. ഒരു കവലയിലേക്ക് കയറാനിരിക്കെ അതിവേഗതയിൽ വന്ന ഒരു കാർ എന്നെ ഇടിക്കാനിരുന്നു. കാറിന്റെ ഇടിയിൽ നിന്നും രക്ഷപ്പെടാൻ ബൈക്ക് തെന്നിമാറ്റിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു അപകടത്തിൽപ്പെട്ടു. ആശുപത്രിയിൽ പോയി എന്റെ പരിക്കുകൾ ചികിത്സിച്ചു . ഇപ്പോൾ ഞാൻ സുഖമായിരിക്കുന്നു. റോഡിൽ നിന്ന് എന്നെ രക്ഷിച്ച് ആശുപത്രിയിൽ കൊണ്ടുപോയ ആ രണ്ട് മുസ്‌ലിം സഹോദരങ്ങളോട് ഞാൻ നന്ദിയുള്ളവനാണ്. ഞാൻ സുഖപ്പെടുന്നത് വരെ അവർ ആശുപത്രിയിൽ എനിക്ക് കൂട്ടിരുന്നു. ഞാൻ അവർക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും അവർ അത് വാങ്ങാൻ വിസമ്മതിച്ചു. ദൈവം അവർക്ക് വലിയ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കുറച്ചുകാലമായി ഞാൻ നിങ്ങളുമായി ഒരു നല്ല വാർത്തയും പങ്കുവെച്ചിരുന്നില്ലെന്ന് എനിക്കറിയാം. എന്റെ അടുത്ത പ്രൊജക്ട് ദിബാകർ ദാസ് റോയ് സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി സിനിമയാണ്. റോബിൻസൺ കുറിപ്പ് അവസാനിപ്പിക്കുന്നു.