സമാധാനപൂർണവും സന്തോഷകരവുമായ റമദാൻ ആശംസിക്കുകയും ചെയ്തിട്ടുണ്ട് എഴുത്തുകാരൻ പൗലോ കൊയ്ലോ
വേറിട്ട റമദാൻ ആശംസയുമായി വിഖ്യാത എഴുത്തുകാരൻ പൗലോ കൊയ്ലോ. ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി ക്ഷമാപണവുമായാണ് സമൂഹമാധ്യമങ്ങളിൽ കൊയ്ലോ കുറിപ്പിട്ടിരിക്കുന്നത്.
“പ്രിയ സുഹൃത്തുക്കളേ, നൂറ്റാണ്ടുകളായി തീർത്തും അഹങ്കാരത്തിലും അസഹിഷ്ണുതയിലും മുൻവിധിയിലുമാണ് ഞങ്ങൾ ക്രിസ്ത്യാനികൾ കഴിഞ്ഞത്. അതുകൊണ്ട് എല്ലാ വർഷത്തെയും പോലെ, ഞങ്ങളോട് പൊറുക്കണമെന്ന് അപേക്ഷിക്കുകയാണ്.”- പൗലോ കൊയ്ലോ ആവശ്യപ്പെട്ടു.
നാളെ അമ്പിളിക്കല ദൃശ്യമാകുമ്പോൾ സമാധാനപൂർണവും സന്തോഷകരവുമായ റമദാൻ ആശംസിക്കുന്നതായും അദ്ദേഹം കുറിച്ചു.
വിവിധ ഭാഷകളിലായി കോടിക്കണക്കിനു പ്രതികൾ വിറ്റുപോയ ‘ദ ആൽകെമിസ്റ്റ്’ ഉൾപ്പെടെയുള്ള നിരവധി ബെസ്റ്റ് സെല്ലർ കൃതികളുടെ രചയിതാവാണ് പൗലോ കൊയ്ലോ. കേരളത്തിലടക്കം എണ്ണമറ്റ ആരാധകരുള്ള അദ്ദേഹത്തിന്റെ കൃതികൾ 60ലേറെ ഭാഷകളിലായി 150ലേറെ രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.