Question: “എന്തിനാണ് മുഹമ്മദ് നബി പ്രവാചകത്വത്തിനു മുമ്പ് ഹിറാഗുഹയിൽ പോയി ഏകാന്തവാസം അനുഷ്ഠിച്ചത്?”
Answer: ദിവ്യബോധനം സ്വീകരിക്കുന്ന വ്യക്തി അതിനർഹനായിരിക്കണമല്ലോ. എല്ലാ അർഥത്തിലും സുസജ്ജനും. മറ്റെല്ലാ പ്രവാചകന്മാരെയും പോലെ മുഹമ്മദ് നബിയും ദൈവികസന്ദേശം ഏറ്റുവാങ്ങാൻ പറ്റും വിധം വളർത്തപ്പെടുകയായിരുന്നു. ആവശ്യമായ യോഗ്യതയാലും സിദ്ധിയാലും അനുഗ്രഹിക്കപ്പെടുകയായിരുന്നു. അതിനാൽ എല്ലാവിധ ദുശ്ശീലങ്ങളിൽ നിന്നും പാപവൃത്തികളിൽ നിന്നും തീർത്തും മുക്തനായി പരമ പരിശുദ്ധനായാണ് നബിതിരുമേനി വളർന്നുവന്നത്. വിശ്വസ്തനായി പരക്കെ അറിയപ്പെടുമാറ് കുറ്റമറ്റതായിരുന്നു തിരുമേനിയുടെ ജീവിതം. നാൽപതു വയസ്സോടടുത്തപ്പോൾ ദൈവികമായ ഉൾവിളി സ്വീകരിച്ച്, മലീമസമായ ചുറ്റുപാടിൽ നിന്നു മാറി ഹിറാഗുഹയിൽ ഏകാന്തവാസമനുഷ്ഠിച്ചു. അങ്ങനെ പ്രവാചകത്വം ഏറ്റുവാങ്ങാനാവശ്യമായ മാനവികമായ പൂർണത പ്രാപിക്കുക യായിരുന്നു മുഹമ്മദ് നബി. അഥവാ, ദൈവം തന്റെ അന്ത്യദൂതനായി നിയോഗിക്കാൻ പോകുന്ന വ്യക്തിയെ അതിനനുയോജ്യമാം വിധം വളർത്തിക്കൊണ്ടുവരികയായിരുന്നു. ഹിറാ ഗുഹയിലെ ധ്യാനനിരതമായ ജീവിതം അതിന്റെ ഭാഗമായിരുന്നു.