Question: “ദീർഘകാലത്തെ മനനത്തിലൂടെ മഹാമനീഷികൾക്ക് ലഭിക്കുന്നതല്ലേ ദിവ്യജ്ഞാനം? ഇക്കാലത്തും ഇത് സാധ്യമല്ലേ?”
Answer: ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കാൻ സാധിക്കുന്നതോ മനനത്തിലൂടെ മനസ്സുകൾക്ക് ആർജിക്കാൻ കഴിയുന്നതോ അല്ല ദിവ്യസന്ദേശം. ആഗ്രഹിച്ചോ ശ്രമിച്ചോ ലഭിക്കുന്നതുമല്ല ദിവ്യബോധനം. എല്ലാവിധ ഭൗതിക വിശകലനങ്ങൾക്കും അതീതവും അതിസൂക്ഷ്മവുമായ പ്രതിഭാസമാണത്. സ്വപ്ന ദർശനത്തിലൂടെ ലഭ്യമാകുന്ന അറിവ് ആർജിതജ്ഞാനമോ ആഗ്രഹിച്ച് ലഭിക്കുന്നതോ അല്ലല്ലോ. എന്നാൽ സ്വപ്നജ്ഞാനം ശരിയാവാനും തെറ്റാവാനും സാധ്യതയുണ്ട്. ദിവ്യബോധനം അതിനോടുപമിക്കാമെങ്കിലും പ്രവാചകന്മാർക്ക് വന്നെത്തുന്ന ദിവ്യസന്ദേശം ഒരിക്കലും അബദ്ധമാവുകയില്ല. സകല വിധ പ്രമാദസാധ്യതകളിൽനിന്നും മുക്തമത്രെ അത്.
പ്രവാചകത്വം ദൈവത്തിന്റെ ദാനമാണ്. അവൻ ഇഛിക്കുന്നവരെ തന്റെ ദൂതന്മാരായി തെരഞ്ഞെടുക്കുന്നു. മാനവ സമൂഹത്തിന്റെ മാർഗദർശനത്തിനായി അവരെ നിയോഗിക്കുന്നു. അതിൽ മനുഷ്യേഛക്കോ അധ്വാനപരിശ്രമങ്ങൾക്കോ ഒരു പങ്കുമില്ല. അല്ലാഹു പറയുന്നു: “നിനക്ക് വേദം നൽകപ്പെടുമെന്ന് നീയൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇത് നിന്റെ നാഥനിൽനിന്നുള്ള അനുഗ്രഹം കൊണ്ടുമാത്രമത്രെ. അതിനാൽ നീ സത്യനിഷേധികളുടെ സഹായിയാവരുത്.” (28: 86).
“അത് അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അവൻ ഇഛിക്കുന്നവർക്ക് അവനത് നൽകുന്നു.”(62: 44)
എന്താണ് ദിവ്യബോധനമെന്നും വേദഗ്രന്ഥമെന്നും മുഹമ്മദ് നബിതിരുമേനിക്ക് നേരത്തെ അറിയുക പോലുമില്ലായിരുന്നുവെന്ന് ഖുർആൻ വ്യക്തമാക്കുന്നു: “നമ്മുടെ കൽപനയനുസരിച്ച് നാം നിനക്ക് ബോധനം നൽകിയിരിക്കുകയാണല്ലോ. വേദമെന്താണ്, സത്യവിശ്വാസമെന്താണ് എന്നൊന്നും നിനക്കൊട്ടും അറിവുണ്ടായിരുന്നില്ല. എന്നാൽ നാമതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. നാം ഉദ്ദേശിക്കുന്നവർക്ക് അതുവഴി മാർഗ ദർശനം നൽകുന്നു”(42: 52).