Question: “പരേതന് പുത്രനുള്ളപ്പോൾ അനാഥ പൗത്രൻ അനന്തരാവകാശിയാവുകയില്ല. ഈ നിയമം അന്യായമല്ലേ? അനാഥരോടുള്ള അതിക്രൂരമായ അനീതിയും. അനാഥ സംരക്ഷണത്തിന് അനല്പമായ പ്രാധാന്യം കല്പിക്കുന്ന ഇസ്‌ലാം അങ്ങനെ ചെയ്യുമോ? അതിനാൽ നിലവിലുള്ള അനന്തരാവകാശ വ്യവസ്ഥ അനിസ്‌ലാമികവും ഖുർആനിക സമീപനത്തിന് വിരുദ്ധവുമല്ലേ?”
Answer: തീർച്ചയായും ഇസ്‌ലാം അനാഥ സംരക്ഷണത്തിന് അതിയായ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. അവരോടുള്ള അവഗണന മതനിഷേധം തന്നെയാണ്. അല്ലാഹു പറയുന്നു: “നീ കണ്ടുവോ, മതത്തെ നിഷേധിക്കുന്നവനെ? അവനാകുന്നു അനാഥയെ അവഗണിക്കുന്നവൻ.” (ഖുർആൻ 107:1, 2)
അനാഥയോട് പരുഷമായി പെരുമാറുന്നതുപോലും പാപമാണ്. പ്രവാചകനെ അഭിസംബോധനം ചെയ്ത് അല്ലാഹു ആജ്ഞാപിക്കുന്നു: “അതിനാൽ നീ അനാഥയോട് പരുഷമായി പെരുമാറരുത്. ചോദിച്ചു വരുന്നവരെ വിരട്ടരുത്.” (ഖുർആൻ 93: 9,10)
പിന്തുടർച്ചാവകാശത്തെപ്പറ്റി പറഞ്ഞടത്തെല്ലാം പരിശുദ്ധ ഖുർആൻ പ്രയോഗിച്ചത് ‘വിട്ടേച്ചു പോയ സ്വത്ത്’ (4: 7, 176) എന്നാണ്. ഇതിൽ മൂന്നു പൊതു തത്ത്വങ്ങൾ അന്തർഭവിച്ചിരിക്കുന്നു.
1. ഇസ്‌ലാമിൽ അനന്തരാവകാശമാണുള്ളത്. അതിനാൽ അനന്തരമെടുക്കപ്പെടുന്ന ആളുടെ ജീവിതകാലത്ത് അയാളുടെ സ്വത്തിൽ ആർക്കും ഒരവകാശവുമില്ല.
2. പരേതന്റെ മരണസമയത്ത് ജീവിച്ചിരിക്കുന്ന പിന്തുടർച്ചക്കാർക്ക് മാത്രമേ ദായധനാവകാശമുണ്ടാവുകയുള്ളൂ.
3. പരേതന്റെ ജീവിതകാലത്ത് മരണപ്പെട്ട പിന്തുടർച്ചക്കാർക്ക് അയാളുടെ അനന്തരസ്വത്തിൽ അവകാശമുണ്ടാവുകയില്ല. അനന്തരസ്വത്തുണ്ടാവുന്നതിനു മുമ്പേ അവർ മരിച്ചുപോയി എന്നതുതന്നെ കാരണം.
അനന്തരാവകാശത്തിന്റെ അടിസ്ഥാനമായി അല്ലാഹു അംഗീകരിച്ചത് അടുത്ത ബന്ധമാണ്. ‘മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ സ്വത്ത്’ എന്ന ഖുർആന്റെ പ്രയോഗം അതാണ് തെളിയിക്കുന്നത്.
ആറു നിയമങ്ങൾ ഇതിന്റെ അനിവാര്യതയത്രെ.
1. പരേതന്റെ അടുത്ത ബന്ധുക്കൾ അതേ താവഴിയിലെ അകന്ന ബന്ധുക്കളുടെ അവകാശം തടയും.
2. ദായധന വിഭജനത്തിൽ അനന്തരാവകാശിയുടെ സാമ്പത്തികാവസ്ഥയല്ല. പരേതനുമായുള്ള ബന്ധമാണ് പരിഗണിക്കപ്പെടുക.
3. ദായധന വിഭജനത്തിലെ അംഗീകൃത മാനദണ്ഡം വ്യക്തികളുടെ ആവശ്യങ്ങളോ അവശതകളോ അല്ല; ബന്ധത്തിന്റെ സ്വഭാവമാണ്.
4. മാതാപിതാക്കൾ, ഭാര്യാഭർത്താക്കൻമാർ, പുത്ര-പുത്രിമാർ എന്നിവരാണ് പരേതന്റെ അടുത്ത ബന്ധുക്കൾ. അവരുടെ സാന്നിധ്യത്തിൽ മറ്റാരും അവകാശികളാവുകയില്ല.
5. പിതാവുള്ളപ്പോൾ പിതാമഹനും മാതാവുള്ളപ്പോൾ ഉമ്മൂമ്മയും പുത്രനുള്ളപ്പോൾ പൗത്രനും ദായധനാവകാശികളാവുകയില്ലെന്നത് ഇതിന്റെ അനിവാര്യതയത്രെ.
6. പിതാവില്ലാതിരിക്കെ പിതാമഹന്നും പുത്രനില്ലാത്തപ്പോൾ പൗത്രനും പിന്തുടർച്ചാവകാശം ലഭിക്കുന്നത് അവർ പിതാവിന്റെയും പുത്രന്റെയും പ്രതിനിധികളെന്ന നിലക്കല്ല; ഏറ്റവും അടുത്ത കണ്ണികളുടെ അഭാവത്തിൽ അവകാശം തൊട്ടടുത്ത കണ്ണികളിലേക്ക് നീളുന്നതുകൊണ്ടാണ്.
ഉപര്യുക്ത കാരണങ്ങളാൽ പുത്രൻമാരുള്ളപ്പോൾ അവരുടെ മക്കൾക്ക് മാത്രമല്ല, നേരത്തെ മരിച്ചുപോയ പുത്രൻമാരുടെ മക്കൾക്കും പരേതന്റെ സ്വത്തിൽ വിഹിതമുണ്ടാവുകയില്ല. കാരണം, ഇവിടെ ദായധനാവകാശം കുടുംബശൃംഖലയിലെ ഏറ്റവും അടുത്ത കണ്ണിയായ പുത്രനുമായി ബന്ധപ്പെടുന്നതിനാൽ അകന്ന കണ്ണിയായ പൗത്രനിലേക്കു നീളുന്നില്ല. പരിശുദ്ധ ഖുർആനിൽ നിന്നും പ്രവാചകചര്യയിൽനിന്നും, ഇന്നോളമുള്ള പ്രാമാണികരായ പണ്ഡിതൻമാരത്രയും മനസ്സിലാക്കിയതും ആചരിച്ചുപോന്നതുമായ നിയമം ഇതത്രെ.
കേവല നിയമങ്ങൾ കൊണ്ട് ഈ പ്രശ്നത്തിൽ സമ്പൂർണ നീതി നടപ്പാക്കുക സാധ്യമല്ല. ഇത് ഇസ്‌ലാമിന്റെ മാത്രം സ്ഥിതിയല്ല. മുഴുവൻ നിയമവ്യവസ്ഥകളുടെയും അവസ്ഥയാണ്. ചില ഉദാഹരണങ്ങളിലൂടെ ഈ വസ്തുത ആർക്കും അനായാസം ഗ്രഹിക്കാവുന്നതാണ്.
1. പരേതന് നാലു മക്കളുണ്ടെന്ന് സങ്കല്പിക്കുക. മൂത്ത മകൻ 28 വയസ്സുള്ള എഞ്ചിനീയറാണ്. സ്വന്തമായി സ്വത്തും വീടുമുണ്ട്. രണ്ടാമൻ ഇരുപത്തിനാലുകാരനായ ഡോക്ടറാണ്. മൂന്നാമൻ പന്ത്രണ്ട് വയസ്സുള്ള വിദ്യാർഥിയും, നാലാമൻ നാലു വയസ്സുകാരനും. സമ്പൂർണ നീതിയെ സംബന്ധിച്ച ശുദ്ധ സങ്കല്പമനുസരിച്ച് സ്വത്തെല്ലാം ചെറിയ രണ്ട് കുട്ടികൾക്കായി അവരുടെ പ്രായവ്യത്യാസമനുസരിച്ച് വീതിച്ചുകൊടുക്കുകയാണ് വേണ്ടത്. മൂത്ത രണ്ടു പേർക്കും സ്വയം സമ്പാദിക്കാൻ സാധിക്കുമല്ലോ. എന്നാൽ, ഇവ്വിധം ദായധനം ഓഹരിവെക്കണമെന്ന് ഒരു നിയമവ്യവസ്ഥയും അനുശാസിക്കുന്നില്ല. അതൊട്ട് പ്രായോഗികവുമല്ല.
2. അനന്തരാവകാശികളായ രണ്ട് പുത്രൻമാരിൽ ഒരാൾ അംഗവൈകല്യത്താൽ അധ്വാനശേഷി കുറഞ്ഞവനും അപരൻ അരോഗദൃഢഗാത്രനുമാണെങ്കിൽ ദായധനത്തിന്റെ സിംഹഭാഗവും വികലാംഗന് നല്കിയാലേ നീതിയാവുകയുള്ളൂ. എന്നാൽ രണ്ടാൾക്കും തുല്യമായി ഭാഗിക്കാനല്ലാതെ ശാരീരികശക്തിയുടെ ഏറ്റക്കുറവനുസരിച്ച് അനന്തരാവകാശത്തിലെ അനുപാതം നിശ്ചയിച്ച ഒരു നിയമവ്യവസ്ഥയും ലോകത്തില്ല.
3. ഒരേ മാതാപിതാക്കളുടെ സന്താനങ്ങളെല്ലാം ബുദ്ധിശക്തിയിലും സാമർഥ്യത്തിലും സമൻമാരായിരിക്കില്ല, അസാമാന്യ കഴിവുള്ളവരും തീരെ മോശക്കാരുമുണ്ടായിരിക്കും. സമർഥൻമാർക്ക് വേഗം സമ്പാദിക്കാനും സുഖമായി ജീവിക്കാനും സാധിക്കുന്നതിനാൽ അവരുടെ ദായധനവിഹിതം മറ്റ് മക്കളെയപേക്ഷിച്ച് കുറയ്ക്കണമെന്ന് ആജ്ഞാപിക്കുന്ന പിന്തുടർച്ചാവകാക്രമം എവിടെയും നിലവിലില്ല. ധൈഷണിക കഴിവിന്റെ തോതനുസരിച്ച് അനന്തരാവകാശത്തിലെ അനുപാത നിർണയം നടപ്പുള്ള കാര്യവുമല്ല.
ഇങ്ങനെ സമ്പൂർണനീതി നടപ്പാക്കാൻ കേവലനിയമങ്ങൾക്ക് സാധ്യമല്ലാത്തതിനാലാണ് ഈ മേഖലയിൽ ഇസ്‌ലാം മനുഷ്യന്റെ പരലോക വിശ്വാസത്തിലും ധർമബോധത്തിലും കാരുണ്യവികാരങ്ങളിലും ഊന്നൽ നല്കുന്നത്. അവയൊക്കെ ഉത്തേജിപ്പിച്ച് മാത്രമേ സാമ്പത്തികനീതി നടപ്പാക്കാനാവുകയുള്ളൂ.
പ്രാതിനിധ്യസിദ്ധാന്തമംഗീകരിച്ചാൽ മാത്രമേ പുത്രനുള്ളപ്പോൾ അനാഥ പൗത്രന് അനന്തരസ്വത്തിൽ വിഹിതമുണ്ടാവുകയുള്ളൂ. മരിച്ച പുത്രൻ ജീവിച്ചിരിപ്പുള്ളതായി സങ്കല്പിച്ച്, തൽസ്ഥാനത്ത് അയാളുടെ സന്താനങ്ങളെ പ്രതിനിധികളാക്കി ദായധനത്തിൽ വിഹിതം നൽകുന്ന സമ്പ്രദായമാണിത്. ഉദാഹരണമായി, A എന്ന വ്യക്തിക്ക്, B,C എന്നീ രണ്ട് പുത്രൻമാരുണ്ടെന്ന് സങ്കല്പിക്കുക. D,E,F എന്നിവർ Bയുടെ സന്താനങ്ങ ളാണ്. A ജീവിച്ചിരിക്കെതന്നെ B മരിച്ചു. പിന്നീട് A മരിച്ചാൽ B ജീവിച്ചിരിക്കുന്നവനായി പരിഗണിച്ച് Cയോടൊപ്പം D,E,F എന്നിവരെ Bയുടെ പ്രതി നിധികളാക്കി A യുടെ അനന്തരസ്വത്ത് വിഭജിക്കലാണിത്. അപ്പോൾ C ക് ലഭിക്കുന്ന വിഹിതം Bയുടെ മൂന്ന് മക്കൾക്കും കൂടി കിട്ടുന്നു.
ഇസ്‌ലാം ഈ പ്രാതിനിധ്യരീതി അംഗീകരിക്കുന്നില്ല. പ്രസ്തുത സിദ്ധാന്തം ഒട്ടേറെ പാളിച്ചകൾക്കും പിഴവുകൾക്കും വഴിവെക്കുന്നുവെന്ന തുതന്നെ കാരണം.
1. അനന്തരാവകാശ വ്യവസ്ഥയിലെവിടെയെങ്കിലും പ്രാതിനിധ്യസിദ്ധാന്തം അംഗീകരിക്കുകയാണെങ്കിൽ എല്ലാ വശങ്ങളിലും അത് നടപ്പാക്കൽ നിർബന്ധമായിത്തീരും. ഭാര്യാഭർത്താക്കൻമാരും ഇതിൽ നിന്നൊഴിവാകുകയില്ല. അതിനാൽ, ഭർത്താവിന്റെ മരണശേഷം ഭാര്യ മരിക്കുകയാണെങ്കിൽ ഭാര്യയുടെ അനന്തരസ്വത്തിൽ ഭർത്താവിനുള്ള വിഹിതം, മരിച്ച ഭർത്താവിന്റെ അടുത്ത ബന്ധുക്കൾക്ക് നല്കേണ്ടിവരും. അതുപോലെ, ഭാര്യയുടെ ശേഷം ഭർത്താവ് മരിച്ചാൽ ഭാര്യയുടെ വിഹിതം അവരുടെ മാതാവ്, പിതാവ് പോലുള്ള ഉറ്റബന്ധുക്കൾക്ക് നല്കേണ്ടിവരും. ഇങ്ങനെ ചെയ്യണമെന്ന് ആരും വാദിക്കുമെന്നു തോന്നുന്നില്ല.
2. പിതാവ് ജീവിച്ചിരിപ്പില്ലാത്ത ഒരാൾ മരിച്ചാൽ ദായധനം വീതിക്കപ്പെടുമ്പോൾ അയാൾക്കു മുമ്പേ മരിച്ചുപോയ പിതാവിന്റെ പിന്തുടർച്ചക്കായെല്ലാം പിതാവിന്റെ പ്രതിനിധികളായി പരിഗണിച്ച് അവകാശം നല്കേണ്ടിവരും. ഉദാഹരണത്തിന്, Aയുടെ മക്കളാണ് B, C, D, ഇതിൽ Bക്ക് E, F, G എന്നീ മക്കളാണുള്ളത്. ഇവരിൽ A നേരത്തെ മരണപ്പെട്ടു. പിന്നീട് B മരിക്കുമ്പോൾ ഭാര്യയോ മാതാവോ പിതാമഹനോ ഉമ്മയോ ഇല്ലെങ്കിൽ മുഴുവൻ ധനവും ശേഷക്കാരായ മക്കൾ E F G എന്നിവർക്കാണ് ലഭിക്കുക. എന്നാൽ, പ്രാതിനിധ്യ സിദ്ധാന്തം അംഗീകരിക്കുന്നുവെങ്കിൽ A ജീവി ച്ചിരിക്കുന്നവനായി സങ്കല്പിച്ച് ആറിലൊന്ന് അയാൾക്ക് നീക്കിവെച്ച് മറ്റു മക്കളായ B, C എന്നിവരെ Aയുടെ പ്രതിനിധികളാക്കി അവർക്ക് നല്കേണ്ടിവരും. അപ്രകാരം മുമ്പേ മരണപ്പെട്ട മാതാവിന്റെ അടുത്ത ബന്ധുക്കളെ അവരുടെ പ്രതിനിധികളായി കണക്കാക്കി ആറിലൊന്ന് അവർക്കും, മരിച്ചുപോയ ഭാര്യയുടെ ഉറ്റവരെ അവരുടെ പ്രതിനിധികളാക്കി എട്ടിലൊന്ന് അവർക്കും കൊടുക്കൽ നിർബന്ധമായിത്തീരുന്നു. അതോടെ യുക്തിയുക്തവും വ്യവസ്ഥാപിതവുമായ അനന്തരാവകാശഘടന യുക്തിശൂന്യവും അവ്യവസ്ഥിതവുമായിത്തീരുന്നു. അങ്ങനെ അനാഥരായ പൗത്രൻമാരുടെ നേട്ടത്തിനുവേണ്ടി ഉണ്ടാക്കുന്ന അതേ വ്യവസ്ഥ അവരുടെ സ്വത്ത് മറ്റു ബന്ധുക്കളിലേക്ക് ഒഴുകിപ്പോകാനുള്ള അനേകം ചാലുകളായി പരിണമിക്കുന്നു.
3. വിശുദ്ധ ഖുർആനിലോ പ്രവാചകചര്യയിലോ വ്യക്തമാക്കുകയോ സൂചിപ്പിക്കുകയോ ചെയ്യാത്ത ഒരു നിയമം പുതുതായി നിർമിക്കുമ്പോൾ അതിന് പ്രാമാണികമായ അടിത്തറയില്ലെങ്കിൽ ബുദ്ധിപരമായ സാധുതയെങ്കിലും വേണം. അനാഥ പൗത്രൻമാരുടെ കാര്യത്തിൽ മാത്രം പ്രാതിനിധ്യസിദ്ധാന്തം അംഗീകരിക്കുകയും മറ്റെവിടെയും അത് പരിഗണിക്കാതിരിക്കുകയുമാണെങ്കിൽ അതിന് എന്തെങ്കിലും തെളിവോ ന്യായീകരണമോ അനിവാര്യമാണ്. ഇതൊന്നും ഇന്നോളം ആരും മുന്നോട്ടുവെച്ചിട്ടില്ല.
4. പ്രാതിനിധ്യസിദ്ധാന്തമംഗീകരിക്കുന്നുവെങ്കിൽ സഹോദര സഹോദരിമാർക്കും പിതൃവ്യൻമാർക്കും അവരുടെ പുത്രൻമാർക്കുമെല്ലാം അനന്തരാവകാശ നിയമം നിശ്ചയിച്ചത് അനാവശ്യമാണെന്ന് വാദിക്കേണ്ടിവരും. കാരണം, പരേതന് പിതാവുണ്ടെങ്കിൽ സഹോദരൻമാർക്കും മറ്റും അവകാശമുണ്ടായിരിക്കുകയില്ലല്ലോ; മറ്റ് ഓഹരിക്കാരുടേത് കഴിച്ചുള്ളതെല്ലാം അദ്ദേഹത്തിനാണല്ലോ ലഭിക്കുക. പ്രാതിനിധ്യ തത്ത്വമനുസരിച്ച് പിതാവ് ജീവിച്ചിരിപ്പില്ലെങ്കിലും ജീവിച്ചിരിക്കുന്നവനായി സങ്കല്പ്പിച്ച് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെ അയാളുടെ പ്രതിനിധികളാക്കി മുഴുവൻ സ്വത്തും അവർക്ക് നല്കേണ്ടിവരും. അതോടെ സഹോദരീ സഹോദരൻമാരുടെയും മറ്റും ഓഹരി നിർണയം തീരെ നിഷ്ഫലവും നിരർഥകവുമായിത്തീരുന്നു. അവർക്ക് ലഭിക്കുന്ന വിഹിതത്തിൽ സാരമായ മാറ്റം സംഭവിക്കുകയും ചെയ്യുന്നു.
5. പ്രാതിനിധ്യസിദ്ധാന്തം പൗത്രൻമാർക്ക് ഇസ്‌ലാം നിശ്ചയിച്ച വിഹിതത്തിലും വ്യത്യാസം വരുത്തുന്നു. ഉദാഹരണത്തിന്, Aക്ക് B, C എന്നീ പുത്രൻമാരുണ്ട്. ഇവരിൽ Bക്ക് D എന്ന മകനും Cക്ക് E,F,G എന്നീ പുത്രൻമാരുമാണുള്ളത്. Aയുടെ മരണത്തിനു മുമ്പേ മക്കളായ Bയും Cയും പരലോകം പ്രാപിച്ചു. പിന്നീട് 4 മരണപ്പെടുകയാണെങ്കിൽ ഇസ്‌ലാമിക നിയമപ്രകാരം D, E, F, G എന്നീ പൗത്രൻമാർക്കെല്ലാം തുല്യാവകാശമാണുണ്ടാവുക. പ്രാതിനിധ്യ സിദ്ധാന്തമാണ് സ്വീകരിക്കുന്നതെങ്കിൽ B പ്രതിനിധീകരിക്കുന്ന Dക്ക് ലഭിക്കുന്ന വിഹിതം മാത്രമേ Cയെ പ്രതിനിധീകരിക്കുന്ന E, F, G എന്നിവർക്കെല്ലാം കൂടി ഉണ്ടാവുകയുള്ളൂ. ഇത് ഇസ്‌ലാമിക വ്യവസ്ഥ തകർക്കുന്നതോടൊപ്പം തികച്ചും അനീതിയായിത്തീരുകയും ചെയ്യുന്നു.
6. ഇസ്‌ലാമിലെ അനന്തരാവകാശത്തിന്റെ അടിസ്ഥാനങ്ങളിൽ അതിപ്രധാനമായ ഒന്ന് അന്യോന്യമുള്ള സംരക്ഷണബാധ്യതയാണ്. പുത്രനുള്ളപ്പോൾ പിതാവിന്റെ സംരക്ഷണോത്തരവാദിത്തം പൗത്രന്നില്ല. അതേ സമയം പൗത്രന്റെ സംരക്ഷണ ബാധ്യത പിതാമഹന്നാണ്. പിതാമഹനില്ലെങ്കിൽ പിതൃവ്യന്നും. അതുകൊണ്ടുതന്നെയാണ് പൗത്രന്റെ അനന്തര സ്വത്ത് ലഭിക്കുന്നത്. പ്രാതിനിധ്യസിദ്ധാന്തം അംഗീകരിക്കുന്നതോടെ ഈ അടിസ്ഥാനം പൂർണമായും തകരുന്നു. അല്ലെങ്കിൽ പിതാവിനെ പ്രതിനിധീകരിച്ച് പിതാമഹന്റെ സംരക്ഷണച്ചുമതല പൗത്രനിൽ വന്നുചേരുകയും ചെയ്യുന്നു. പുത്രനുള്ളപ്പോൾ അനാഥപൗത്രനെ ഇവ്വിധം ബാധ്യതകളേല്പിക്കുന്നത് തികച്ചും അനീതിയത്രെ.
പുരാതന അറേബ്യൻ സമൂഹത്തിൽ അനാഥരായ പൗത്രൻമാർക്ക് മാത്രമല്ല, അനാഥരായ പുത്രൻമാർക്കും അനന്തരാവകാശമുണ്ടായിരുന്നില്ല. പ്രായ പൂർത്തിയെത്തിയ പുത്രൻമാർക്ക് മാത്രമേ പിന്തുടർച്ചാവകാശം ലഭിച്ചിരുന്നുള്ളൂ. എന്നാൽ, ഇസ്‌ലാം ഗർഭസ്ഥശിശു ഉൾപ്പെടെ മുഴുവൻ മക്കൾക്കും സ്വത്തവകാശമനുവദിച്ചു. എങ്കിലും വളരെ ഭദ്രവും ക്രമബന്ധിതവും വ്യവസ്ഥാപിതവുമായ ഇസ്‌ലാമിക അനന്തരാവകാശ ക്രമമനുസരിച്ച് നേരത്തെ വിവരിച്ച ന്യായമായ കാരണങ്ങളാൽ പുത്രൻ ജീവിച്ചിരിക്കെ അനാഥപൗത്രന് അനന്തരാവകാശമുണ്ടാവുകയില്ല. പുരാതന കാലത്തെ ഗോത്രസമൂഹ വ്യവസ്ഥയിൽ ഇത് ഒരു പ്രശ്നവും സൃഷ്ടിച്ചിരുന്നില്ല. കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും അന്യോന്യം അടുപ്പിച്ചു നിറുത്തുന്ന ശക്തമായ ഗോത്ര ചിന്ത സകലരുടെയും സംരക്ഷണം ഉറപ്പ് വരുത്തിയിരുന്നു. അന്നൊക്കെ അനാഥരുടെ പൂർണമായ സംരക്ഷണം അവരുടെ രക്ഷിതാവ് നല്ലപോലെ നിർവഹിച്ചുപോന്നിരുന്നു. പിതാമഹൻ, പിതൃവ്യൻ തുടങ്ങിയ അടുത്ത ബന്ധുക്കൾ അവരെ ഒട്ടും അവഗണിച്ചിരുന്നില്ല. ജനനത്തിനു മുമ്പേ പിതാവ് നഷ്ടപ്പെട്ട പ്രവാചകനെ പിതാമഹനും പിന്നീട് പിതൃവ്യനും സംരക്ഷിച്ച സംഭവം സുവിദിതമാണ്. ഇവിടെ പിതൃവ്യൻ പ്രവാചകനെ പോറ്റി വളർത്തുക മാത്രമല്ല, സ്വന്തം സന്താനങ്ങളെക്കാൾ സ്നേഹിക്കുകയും വളരെ പ്രതികൂലമായ പരിതഃസ്ഥിതിയിൽ അദ്ദേഹത്തിനുവേണ്ടി പ്രമാണിവർഗത്തിന്റെ വിരോധം ഏറ്റുവാങ്ങുകയുമുണ്ടായി. ശക്തമായ കുടുംബബോധവും ഗോത്രചിന്തയും അതിൽ അനല്പമായ പങ്ക് വഹിച്ചിട്ടുണ്ട്. പരമ്പരാഗതമായി നിലനിന്നുപോന്നിരുന്ന ഈ കുടുംബവ്യവസ്ഥ ഇസ്‌ലാമിന്റെ ആഗമനാനന്തരവും തുടർന്നുപോന്നു. അതിനാലാണ് അനാഥ പേരക്കുട്ടികളുടെ അനന്തരാവകാശ പ്രശ്നം അടുത്ത കാലം വരെയും ചർച്ചാ വിഷയമാവാതിരുന്നത്. ഇസ്‌ലാം ഉയർത്തിപ്പിടിച്ച് ഉന്നതമായ ധാർമിക തത്ത്വങ്ങളും മാനുഷികമൂല്യങ്ങളും കാരുണ്യവികാരങ്ങളും അതിൽ അനല്പമായ പങ്ക് വഹിച്ചിട്ടുണ്ട്.
എന്നാൽ, പഴയ ഗോത്രബോധത്തിന് മങ്ങലേല്ക്കുകയും അനാഥരുടെ സംരക്ഷണകാര്യത്തിൽ രക്ഷിതാക്കൾ അശ്രദ്ധ കാണിക്കുകയും ചെയ്യുന്ന ആധുനിക സമൂഹത്തിൽ അനാഥരായ പൗത്രൻമാരുടെ അനന്തരാവകാശ പ്രശ്നം, പരലോകബോധം സൃഷ്ടിക്കുന്ന സ്നേഹ-കാരുണ്യ-വാത്സല്യ വികാരങ്ങൾക്കും ധാർമിക ചിന്തക്കും മാത്രം വിട്ടുകൊടുത്താൽ പോരെന്ന വളരെ ശക്തമായ അഭിപ്രായം ഉയർന്നുവന്നിരിക്കുന്നു. മുസ്‌ലിം ലോകത്ത് ഇക്കാര്യം ഏറെ വിവാദങ്ങൾക്ക് വഴിമരുന്നിടുകയും ചില നിയമനിർമാണങ്ങൾക്ക് നിമിത്തമാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവയിൽ പലതും ഇസ്‌ലാമിക വ്യവസ്ഥയുടെ ചൈതന്യം ചോർത്തിക്കളയുന്നവയും മൗലികമായ പാളിച്ചകൾ പറ്റിയവയുമാണ്.
(വിശദവിവരങ്ങൾക്ക് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച വി.എ. കബീറിന്റെ ശരീഅത്തും ഇന്ത്യൻ മുസ്‌ലിംകളും, പേജ് 180-192)
എങ്കിലും പ്രശ്നത്തിന് ഇസ്‌ലാമികമായ പരിഹാരം അനിവാര്യമാണെന്ന് പല ആധുനിക പണ്ഡിതൻമാരും അംഗീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ ചട്ടക്കൂട്ടിലൊതുങ്ങിനിന്നുകൊണ്ട് അതെങ്ങനെ സാധിക്കുമെന്നതു മാത്രമാണ് പ്രശ്നം. ദായധനം ലഭിക്കാത്ത അടുത്ത ബന്ധുക്കൾക്ക് ഒസ്യത്ത് നിർബന്ധമാണെന്ന പൂർവപണ്ഡിതൻമാരുടെ അഭിപ്രായം ഇവിടെ ഏറെ പ്രസക്തമാകുന്നു. ത്വാവൂസ്, ഖതാദഃ, ഹസൻ ബസ്വരി, ജാബിർ, അബൂമിജ്ലസ്, മസ്റൂഖ്, ഇയാസ്, ഇബ്നു ജരീർ, സുഹ് രി പോലുള്ളവർ പ്രസ്തുത വീക്ഷണം അംഗീകരിച്ചവരാണ്. പ്രമുഖ കർമശാസ്ത്ര പണ്ഡിതനായ ഇബ്നുഹജരിൽ അസ്ഖലാനിയും ഇതേ പക്ഷക്കാരനാണ്. ഇപ്രകാരം തന്നെ അനന്തരാവകാശനിയമങ്ങളുടെ അവതരണത്തോടെ ഒസ്യത്ത് നിർബന്ധമാക്കുന്ന ഖുർആൻ വാക്യം ദുർബലപ്പെട്ടുവെന്ന വീക്ഷണത്തോട് വിയോജിക്കുന്നവരാണ് ഇബ്നു ഉമർ, ത്വൽഹഃ, സുബൈർ, അബ്ദുല്ലാഹിബ്നു ഉബയ്യ്, ശഅ്ബീ, അത്വാഅ്, ഇസ്ഹാഖ്, ത്വബരി, ദാവൂദ് പോലുള്ളവർ, ഏതായിരുന്നാലും പൗത്രൻമാർക്ക് ഒസ്യത്ത് ചെയ്യാൻ പിതാമഹൻ ധാർമികമായി ബാധ്യസ്ഥനാണ്. നിയമം മൂലം അതിനവരെ നിർബന്ധിക്കാമെന്ന് പല ആധുനിക പണ്ഡിതൻമാരും പറഞ്ഞിട്ടുണ്ട്. പ്രമുഖ ഈജിപ്ഷ്യൻ ഗ്രന്ഥകാരനായ മുഹമ്മദ് അബൂസഹ്റ (അഹ്കാമുത്തരീഖാതി വൽ മവാരീസി, പേജ് 323-324), മുഹമ്മദ് സകരിയ്യൽ ബർദീസി (അൽ മീറാസു വൽ വസ്വിയ്യതു ഫിൽ ഇസ്‌ലാം’, പേജ് 175, 176) പോലുള്ളവരെല്ലാം ഇത്തരം നിയമനിർമാണങ്ങളെ അനുകൂലിച്ചിട്ടുണ്ട്. മുഹമ്മദ് അബൂസഹ്റ ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം നല്കിയിട്ടുണ്ട്. അതനുസരിച്ച് അനാഥ പൗത്രൻമാരുടെ പിതാവ് ജീവിച്ചിരുന്നുവെങ്കിൽ ലഭിക്കുമായിരുന്ന സ്വത്തോ ഒസ്യത്ത് അനുവദിക്കപ്പെട്ട ആകെ സ്വത്തിന്റെ മൂന്നിലൊന്നോ ഏതാണ് കുറവെങ്കിൽ അത്രയും പരേതന്റെ സ്വത്തിൽനിന്നെടുത്ത് അനാഥ പൗത്രൻമാർക്ക് നല്കുകയും ബാക്കി യഥാർഥ അവകാശികൾക്കിടയിൽ വിഭജിക്കുകയുമാണ് വേണ്ടത്. ഉദാഹരണമായി, പരേതന് പുത്രനും രണ്ട് പുത്രിമാരും മാതാപിതാക്കളും മരണമടഞ്ഞ മകന്റെ മകളുമാണുള്ളതെങ്കിൽ മാതാപിതാക്കൾക്ക് ആറിലൊന്ന് വീതവും ബാക്കി മക്കൾക്കുമാണല്ലോ ലഭിക്കുക. മരണമടഞ്ഞ മകൻ ജീവിച്ചിരുന്നുവെങ്കിൽ ശേഷിച്ചതിന്റെ ആറിൽ രണ്ട് (2/6) അഥവാ ആകെ സ്വത്തിന്റെ പതിനെട്ടിൽ നാല് (4/18) ആണ് അയാൾക്കുണ്ടാവുക. ഒസ്യത്ത് ചെയ്യാവുന്ന പരമാവധി സ്വത്തിനെക്കാൾ അത് കുറവാകയാൽ അത്രയും ധനം അനന്തരസ്വത്തിൽനിന്നെടുത്ത് അനാഥ പൗത്രിക്ക് നല്കുകയും ശേഷിക്കുന്നത് അവകാശികൾക്കിടയിൽ വിഭജിക്കുകയും ചെയ്യുന്നതാണ്. അഥവാ പരേതന് പുത്രനും മരിച്ച പുത്രന്റെ പുത്രനുമാണുള്ളതെങ്കിൽ മരിച്ച മകൻ ജീവിച്ചിരിക്കുന്നതായി സങ്കല്പിച്ച് കിട്ടാവുന്ന വിഹിതമായ ആകെ സ്വത്തിന്റെ പാതി പൗത്രന് നല്കാവതല്ല. കാരണം, അത് ഒസ്യത്ത് ചെയ്യാവുന്ന പരമാവധിയായ മൂന്നിലൊന്നിൽ കൂടുതലാണ്. ഇത്തരം ഘട്ടങ്ങളിൽ മൂന്നിലൊന്ന് പൗത്രനുവേണ്ടി നീക്കിവെക്കേണ്ടതാണ്. ഇവ്വിധം ഒസ്യത്ത് ചെയ്യാൻ പിതാമഹൻമാരെ നിയമം വഴി നിർബന്ധിക്കാമെന്ന വീക്ഷണം നിരാകരിക്കേണ്ട ഒരാവശ്യവുമില്ല.
നമ്മുടേതുപോലെ നിയമം വഴി ഒസ്യത്ത് നിർബന്ധമാക്കാത്ത നാടുകളിൽ പുത്രനോ പുതിയോ പരലോകം പ്രാപിക്കുമ്പോൾ തന്നെ അവരിലെ അനാഥ പേരക്കുട്ടികൾക്ക് ഒസ്യത്ത് ചെയ്യാൻ പിതാമഹൻമാർ നിഷ്കർഷ പുലർത്തേണ്ടതാണ്. ഇങ്ങനെ അനാഥ പൗത്രപ്രശ്നം പരിഹരിക്കാൻ കഴിഞ്ഞാൽ ഇസ്‌ലാം വളരെ പ്രാധാന്യം നല്കിയ അനാഥസംരക്ഷണത്തിന് പാതയൊരുക്കാൻ അത് സഹായകമായിത്തീരും. പിന്തുടർച്ചാവകാശം ലഭിക്കാത്ത അടുത്തബന്ധുക്കൾക്ക് ഒസ്യത്ത് ചെയ്യൽ നിർബന്ധമാണെന്ന് അഭിപ്രായമില്ലാത്ത പണ്ഡിതൻമാരും അത് വളരെ പ്രബലമായ പുണ്യകർമമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന വസ്തുത പ്രത്യേകം പ്രസ്താവ്യമത്രെ.
previous post