റിയാദ്: ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ പ്രവാചക നഗരമായ മദീന ഒന്നാം സ്ഥാനത്ത്. ഗൾഫിലെ തന്നെ മറ്റൊരു നഗരമായ ദുബൈക്കാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ ദിവസം യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ കമ്പനിയാണ് പഠനം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യ നിരക്കുകളും രാത്രി സ്ത്രീകൾക്ക് ഒറ്റയ്ക്ക് നിർഭയമായി സഞ്ചരിക്കാൻ കഴിയുന്നതുമായ ഘടകങ്ങളാണ് പഠനത്തിനെടുത്തത്. അതേസമയം, പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹി ഇടം പിടിച്ചത്. ലോകത്ത് തന്നെ സ്ത്രീകൾക്കെതിരായ കുറ്റ കൃത്യങ്ങൾ വർധിച്ചു വരുന്ന നഗരമായ ഡൽഹിയെ വിലയിരുത്തിയുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.
10ൽ 10 പോയിന്റം നേടിയാണ് മദീന ലോകത്തിലെ ഒന്നാം സ്ഥാനത്ത് എത്തിയത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 10 ൽ എത്ര സ്കോർ ലഭിക്കുന്നു എന്ന് നോക്കിയാണ് പട്ടിക തരം തിരിച്ചിരുന്നത്. 9.06 സ്കോറുമായി തായ്ലൻഡിലെ ചിയാങ് മായ് ആണ് രണ്ടാം സ്ഥാനത്ത്. 9.04 സ്കോർ നേടി ദുബൈ മൂന്നാം സ്ഥാനത്തുമെത്തി. പൊതു ഗതാഗതത്തിൽ ഭൂരിഭാഗവും സ്ത്രീകൾക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ടെന്നും, സ്ത്രീകൾക്ക് ഒറ്റക്ക് യാത്രചെയ്യാൻ സുരക്ഷിതമായ നഗരമാണ് ദുബൈയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡൽഹിയും ജൊഹാനസ്ബർഗും ക്വാലാലംപൂരുമെല്ലാം ഏറ്റവും കുറവ് പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്..
കുറച്ചു നാളുകൾക്ക് മുന്നേ പുറത്ത് വന്ന മറ്റൊരു റിപ്പോർട്ടിൽ ജീവിക്കാൻ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാപനങ്ങളിൽ മൂന്നെണ്ണവും അറബ് രാജ്യങ്ങൾ ആയിരുന്നു. ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ എന്നിവയായിരുന്നു അത്.