Question: “ഇന്ത്യയിൽ മുസ്‌ലിംകൾ ന്യൂനപക്ഷമായതിനാലല്ലേ ഞങ്ങൾക്കെതിരെ ജിഹാദ് നടത്താത്തത്? ഇസ്‌ലാം കാഫിറുകൾക്കെതിരെ ജിഹാദ് ചെയ്യാൻ കൽപ്പിക്കുന്നില്ലേ?
Answer: ഇന്ത്യയിലെ മുസ്‌ലിംകൾ ജിഹാദ് നടത്തുന്നില്ലെന്ന ധാരണ ശരിയല്ല. കാരണം മുഴുവൻ വിശ്വാസികളും ജിഹാദ് നിർവഹിക്കാൻ ബാധ്യസ്ഥരാണ്. അതിൽനിന്ന് മാറിനിൽക്കാൻ ആർക്കും അനുവാദമില്ല. നരകശിക്ഷയിൽനിന്ന് രക്ഷനേടാനും സ്വർഗലബ്ധിക്കും അതനിവാര്യമാണ്. ഖുർആൻ പറയുന്നു: “വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങൾക്കു ഞാനറിയിച്ചു തരട്ടെയോ? നിങ്ങൾ ദൈവത്തിലും അവന്റെ ദൂതനിലും വിശ്വസിക്കുക. നിങ്ങളുടെ ജീവധനാദികളാൽ ദൈവമാർഗത്തിൽ ജിഹാദ് നടത്തുക. അതാണ് നിങ്ങൾക്കുത്തമം. നിങ്ങൾ അറിയുന്നവരെങ്കിൽ.” (61:10-11)
‘ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വർഗപ്രവേശം സാധ്യമല്ലെന്നു’ ഖുർആൻ പ്രഖ്യാപിക്കുന്നു (3: 142).മുസ്‌ലിം സമുദായത്തിന്റെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിർവഹിക്കലത്രെ. “ദൈവമാർഗത്തിൽ യഥാവിധി ജിഹാദ് ചെയ്യുക. തന്റെ ദൗത്യത്തിനുവേണ്ടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തിൽ നിങ്ങൾക്കൊരു ക്ലിഷ്ടതയും അവനുണ്ടാക്കിയിട്ടില്ല.”(22: 78)
ജിഹാദ് ആർക്കെങ്കിലും എതിരാണെന്ന ധാരണ പരമാബദ്ധമാണ്. സത്യസംസ്ഥാപനത്തിനുള്ള നിരന്തരയത്നമാണത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേൽ മേധാവിത്വം പുലർത്തിയും സ്വന്തം ജീവിതത്തെ ദൈവനിർദേശങ്ങൾക്കനുരൂപമാക്കി, യഥാർഥ സത്യവിശ്വാസിയാവാൻ നടത്തുന്ന ശ്രമം പോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവേ ഒരിക്കൽ പ്രവാചകൻ പറഞ്ഞു: “നാം ഏറ്റവും ചെറിയ ജിഹാദിൽ നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു.” പ്രവാചക ശിഷ്യൻമാർ ചോദിച്ചു: “ഏതാണ് ഏറ്റവും വലിയ ആ ജിഹാദ്?” നബിതിരുമേനി അരുൾ ചെയ്തു: “മനസ്സിനോടുള്ള സമരവും സ്വന്തത്തോടുള്ള ജിഹാദുമാണത്.”
കുടുംബത്തിന്റെ ഇസ്‌ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുൾപ്പെടുന്നു. സത്യസംസ്ഥാപനത്തിനും നൻമയുടെ പ്രചാരണത്തിനും ധർമത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചർച്ചയും വിദ്യാഭ്യാസ പ്രചാരണവുമെല്ലാം അതിൽ പെടുന്നു. സമുദായത്തിന്റെ അത്യുന്നതി ലക്ഷ്യം വെച്ചുള്ള ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക-സാംസ്കാരിക-കലാ-സാ ഹിത്യ പ്രവർത്തനങ്ങളും ജിഹാദുതന്നെ. ദൈവിക സൻമാർഗത്തിന്റെ സംസ്ഥാപനത്തിനായി നടത്തപ്പെടുന്ന സകല ശ്രമങ്ങളും ദൈവമാർഗത്തിലെ ജിഹാദാണ്. സമഗ്രമായൊരു പദമാണത്. ബുദ്ധിപരമായും ചിന്താപരമായുമുള്ള വിപ്ലവങ്ങളുണ്ടാക്കാനും ജനങ്ങളുടെ വികാരങ്ങളും താൽപര്യങ്ങളും സംസ്കരിക്കാനും, അവരുടെ വീക്ഷണം ദൈവിക സൻമാർഗത്തിനനുരൂപമാക്കി മാറ്റാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങൾ തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധ സമരം വരെ അത് വ്യാപിച്ചുകിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതും ജിഹാദ് തന്നെ; ആ മാർഗത്തിലെ മരണം ദൈവസരണിയിലെ രക്തസാക്ഷിത്വവും.
അതിനാൽ, മുസ്‌ലിംകൾ ന്യൂനാൽ ന്യൂനപക്ഷമായാലും മഹാഭൂരിപക്ഷമായാലും ജിഹാദ് നിർബന്ധമാണ്. സാഹചര്യമാണ് അതിന്റെ രീതി നിശ്ചയിക്കുക. അത് അമുസ്‌ലിംകൾക്കെതിരെയുള്ള സായുധ സമരമോ യുദ്ധമോ അല്ല. ദൈവികമാർഗത്തിലെ ത്യാഗപരിശ്രമമാണ്.
ചോദ്യത്തിൽ സൂചിപ്പിക്കപ്പെട്ടപോലെ അമുസ്‌ലിംകളെല്ലാം കാഫിറുകളല്ല. കാഫിർ എന്നത് ഇസ്‌ലാമിലെ ഒരു സാങ്കേതികപദമാണ്. സത്യവും സൻമാർഗവും യഥാവിധി മനസ്സിലാക്കിയ ശേഷവും ബോധപൂർവം അതിനെ നിഷേധിക്കുന്നവനാണ് കാഫിർ. കാഫിറുകളോടും അനിവാര്യമായ കാരണമില്ലാതെ ആയുധമെടുത്ത് അടരാടാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അവർ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തായാലും ന്യൂനപക്ഷ നാടുകളിലായാലും ശരി.