Question: കാരുണ്യത്തെക്കുറിച്ച് ഏറെ പറയുന്ന ഇസ്‌ലാം മൃഗങ്ങളോടും മറ്റു ജീവികളോടും കാണിക്കാറുള്ളത് ക്രൂരതയല്ലേ? അവയെ അറുക്കുന്നത് ശരിയാണോ?
Answer: ഭൂമിയിലെ എല്ലാറ്റിനോടും കാരുണ്യം കാണിക്കണമെന്ന് ഇസ്‌ലാം കല്പിക്കുന്നു. പ്രവാചകൻ പറഞ്ഞു: “ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിലോകത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും.”(ത്വബ്റാനി)
“കരുണയില്ലാത്തവന് കാരുണ്യം കിട്ടുകയില്ല.” (ബുഖാരി,മുസ്‌ലിം)
“നിർഭാഗ്യവാനല്ലാതെ കരുണയില്ലാത്തവനാവതേയില്ല.”(അബൂദാവൂദ്)
ഭൂമിയിലെ ജീവികളെയെല്ലാം ഇസ്‌ലാം മനുഷ്യരെപ്പോലുള്ള സമുദായമായാണ് കാണുന്നത്. അല്ലാഹു പറയുന്നു: “ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാൽ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങൾ മാത്രമാകുന്നു.”(ഖുർആൻ 6: 38)
മനുഷ്യർ ധിക്കാരികളാകുമ്പോഴും മഴവർഷിക്കുന്നത് ഇതര ജീവികളെ പരിഗണിച്ചാണെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. “ജനം സകാത്ത് നല്കാതിരുന്നാൽ മഴ നിലക്കുമായിരുന്നു. ജന്തുക്കൾ കാരണമായാണ് എന്നിട്ടും മഴ വർഷിക്കുന്നത്.”(ഇബ്നുമാജ)
ജീവനുള്ള ഏതിനെ സഹായിക്കുന്നതും സേവിക്കുന്നതും പുണ്യകർമമത്രെ. പ്രവാചകൻ പറയുന്നു: “പച്ചക്കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും നിങ്ങൾക്കു പുണ്യമുണ്ട്.”(ബുഖാരി)
നബിതിരുമേനി അരുൾ ചെയ്യുന്നു: “ഒരാൾ ഒരു വഴിയിലൂടെ നടന്നു പോകവേ ദാഹിച്ചുവലഞ്ഞു. അയാൾ അവിടെ ഒരു കിണർ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോൾ ഒരു നായ ദാഹാധിക്യത്താൽ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്. എനിക്കുണ്ടായിരുന്നപോലെ!’ എന്ന് ആത്മഗതം ചെയ്ത് അയാൾ കിണറ്റിലിറങ്ങി. ഷൂവിൽ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരിൽ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാൾക്കു പൊറുത്തു കൊടുത്തു.” ഇതുകേട്ട് അവിടത്തെ അനുചരന്മാർ ചോദിച്ചു. മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങൾക്കു പ്രതിഫലമുണ്ടോ? പ്രവാചകൻ പ്രതിവചിച്ചു: “പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങൾക്കു പ്രതിഫലമുണ്ട്.” (ബുഖാരി, മുസ്‌ലിം)
മറ്റൊരു സംഭവം പ്രവാചകൻ ഇങ്ങനെ വിവരിക്കുന്നു. “ഒരു നായ കിണറിന് ചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അത് ചാവാറായിരുന്നു. അതുകണ്ട് ഇസ്റാഈല്യരിൽ പെട്ട ഒരു വ്യഭിചാരിണി തന്റെ ഷൂ അഴിച്ച് അതിൽ വെള്ളമെടുത്ത് അതിനെ കുടിപ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തു. അതിന്റെ പേരിൽ അല്ലാഹു അവർക്ക് പൊറു ത്തുകൊടുത്തു.”(ബുഖാരി)
ഏതു ജീവിയേയും ദ്രോഹിക്കുന്നത് പാപമാകുന്നു. പ്രവാചകനത് ശക്തമായി വിലക്കുന്നു. നബിതിരുമേനി അരുൾ ചെയ്യുന്നു: “പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നുചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവർ നരകാവകാശിയായി.” (ബുഖാരി, മുസ്‌ലിം)
“ഒരു കുരുവിയെയോ അതിനെക്കാൾ ചെറിയ ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവോട് ഉത്തരം പറയേണ്ട കാര്യമാണ്.” ന്യായമായ ആവശ്യമെന്തെന്ന് ചോദിച്ചപ്പോൾ അവിടന്ന് പറഞ്ഞു: “ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.”(അഹ്മദ്)
വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകൻ നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം, തിർമുദി)
ഇപ്രകാരം തന്നെ മൃഗങ്ങളെ കല്ലെറിയുന്നതും തേനീച്ച, ഉറുമ്പ്, കുരുവി പോലുള്ളവയെ കൊല്ലുന്നതും അവിടന്ന് വിലക്കിയിരിക്കുന്നു. (മുസ്‌ലിം,അബൂദാവൂദ്)
നബിതിരുമേനി അരുൾ ചെയ്യുന്നു: “ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി വധിച്ചാൽ അന്ത്യദിനത്തിൽ അത് അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും. എന്റെ നാഥാ! ഇന്നയാൾ എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.” (നസാഈ, ഇബ്നുഹിബ്ബാൻ)
തണുപ്പകറ്റാൻ തീയിട്ട അനുചരന്മാരോട്, ഉറുമ്പ് കരിയാൻ കാരണമാകുമോ എന്ന ആശങ്കയാൽ അത് കെടുത്താൻ കല്പിക്കുകയും ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നൽകാതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും വിലക്കുകയും ജന്തുക്കളുടെ പുറംഭാഗം ഇരിപ്പിടമാക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത പ്രവാചകൻ വൃക്ഷങ്ങളോടുപോലും കരുണ കാണിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി. മരത്തിനുനേരെ കല്ലെറിഞ്ഞ കുട്ടിയോട് അവിടന്ന് പറഞ്ഞു: “ഇനിമേൽ നീ ഒരു മരത്തേയും കല്ലെറിയരുത്. കല്ലുകൊണ്ടാൽ അതിനു വേദനിക്കും.”
ഇവ്വിധം ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനോടും നിറഞ്ഞ കാരുണ്യത്തോടെ വർത്തിക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.
ആഹാരമില്ലാതെ ഇവിടെ ഒന്നിനും ജീവിക്കാനാവില്ല. സസ്യങ്ങളും പ്രാണികളും ഇഴജീവികളും ജലജീവികളും കന്നുകാലികളും പറവകളുമെല്ലാം ജീവിക്കുന്നത് ഭക്ഷണം ഉപയോഗിച്ചാണ്. അത് സാധ്യമാവണമെങ്കിൽ ഓരോന്നിനും മറ്റുള്ളവയെ ഉപയോഗപ്പെടുത്തുകതന്നെ വേണം. സസ്യങ്ങൾ നിലനിൽപിനായി മറ്റു സസ്യങ്ങളെ ഉപയോഗിക്കുന്നു. അപൂർവം ചിലത് ജീവികളെയും ആഹാരമായുപയോഗിക്കാറുണ്ട്. പ്രാണികൾ സസ്യങ്ങളെയും മറ്റു ജീവികളെയും ഭക്ഷിക്കുന്നു. വായുവിലും വെള്ളത്തിലും കരയിലും കടലിലുമുള്ള ജീവികളെല്ലാം നിലനിൽക്കുന്നത് സസ്യങ്ങളെയും മറ്റു ജീവികളെയും ആഹാരമായുപയോഗിച്ചാണ്. ഇവയിൽ ഓരോ ജീവിക്കും അതിന്റെ ശരീരഘടനക്കനുസൃതമായ ജീവിതരീതിയാണുള്ളത്.
മുയൽ സസ്യഭുക്കായതിനാൽ അതിനനുസൃതമായ പല്ലും വായയുമാണ് അതിനുള്ളത്. സിംഹം മാംസഭുക്കായതിനാൽ അതിന്റെ വായയുടെയും വയറിന്റെയും ഘടന അതിനു ചേരുംവിധമാണ്. മനുഷ്യൻ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാൻ സാധിക്കും വിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തീർത്തും സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകൾ സസ്യാഹാരം മാത്രം കഴിക്കാൻ കഴിയും വിധം പരന്നതും നിരപ്പായതുമാണല്ലോ. പൂർണമായും മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂർത്തതും മൂർച്ചയുള്ളതുമത്രെ. എന്നാൽ, മനുഷ്യനു രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂർച്ചയുള്ളവയും കൂർത്തവയുമുണ്ട്. അഥവാ, മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതുതന്നെ മിശ്രഭുക്കായാണ്.
ദഹനേന്ദ്രിയങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സസ്യഭുക്കുകൾക്ക് സസ്യാഹാരം മാത്രം ദഹിപ്പിക്കാവുന്നതും മാംസഭുക്കുകൾക്ക് അതിനനു സൃതമായതുമാണ് ദഹനേന്ദ്രിയങ്ങളെങ്കിൽ മനുഷ്യന്റേത് രണ്ടിനെയും ദഹിപ്പിക്കാവുന്ന വിധമുള്ളവയാണ്. പല്ലുകളുടെയും ദഹനവ്യവസ്ഥയുടെയും അവസ്ഥതന്നെ മനുഷ്യൻ മിശ്രഭുക്കാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുന്നു.
ഈ ഭൂമിയും അതിലുള്ളവയുമൊക്കെ മനുഷ്യസമൂഹത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. അഥവാ, മനുഷ്യനാണ് ഭൂമിയുടെ കേന്ദ്രബിന്ദു. അല്ലാഹു പറയുന്നു: “ആകാശഭൂമികളിലുള്ളതൊക്കെയും നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത് നിങ്ങൾ കാണുന്നില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ അവൻ നിങ്ങൾക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു.”(ഖുർആൻ 31: 20)
“കാലികളിൽനിന്ന് ഭാരം ചുമക്കുന്നവയും അറുത്തു ഭക്ഷിക്കാനുള്ളവയും അവൻ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾക്ക് അല്ലാഹു നല്കിയതിൽ നിന്ന് ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാൽപാടുകളെ പിന്തുടരരുത്. അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.”(ഖുർആൻ 6: 142)
“ഉറപ്പായും നിങ്ങൾക്ക് കന്നുകാലികളിൽ ഗുണപാഠമുണ്ട്. അവയുടെ ഉദരത്തിൽ നിന്നുള്ളതിൽ നിന്ന് നിങ്ങൾക്കു നാം കുടിക്കാൻ തരുന്നു. നിങ്ങൾക്ക് അവയിൽ ധാരാളം പ്രയോജനങ്ങളുണ്ട്. അവയിൽനിന്ന് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.”(ഖുർആൻ 23: 21)
“നിങ്ങൾക്കു പുതുമാംസം എടുത്തു ഭക്ഷിക്കാനും നിങ്ങൾക്കണിയാനുള്ള ആഭരണം പുറത്തെടുക്കാനും പാകത്തിൽ കടലിനെ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നതും അല്ലാഹുവാകുന്നു.”(ഖുർആൻ 16: 14)
ഭൂമിയിലുള്ളതൊക്കെയും മനുഷ്യനുവേണ്ടി സംവിധാനിക്കപ്പെട്ടതാണെന്ന തത്വത്തെ നിരാകരിക്കുന്നവരും പ്രയോഗത്തിൽ അതിനനുസൃതമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. മനുഷ്യൻ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഭൂമിയെ ഉഴുതുമറിക്കുന്നു. അതിൽ കിണറുകളും കുളങ്ങളും കുഴിക്കുന്നു. റോഡുകളും പാലങ്ങളും നിർമിക്കുന്നു. വീടുകൾ ഉണ്ടാക്കുന്നു. ഇതൊക്കെ ചെയ്യുമ്പോൾ അവിടെയുള്ള പ്രാണികൾക്കും ജീവികൾക്കും എന്തു സംഭവിക്കുന്നുവെന്ന് പരിഗണിക്കാറില്ല. എല്ലാ ജീവികൾക്കും ഒന്നുപോലെ അവകാശപ്പെട്ട ഭൂമിയിലാണ് താൻ റോഡും കിണറുമൊക്കെ ഉണ്ടാക്കുന്നതെന്നോർക്കാറില്ല. ഇപ്രകാരം തന്നെ സസ്യങ്ങളെയും ഫലവൃക്ഷങ്ങളെയും വിളകളെയുമെല്ലാം മനുഷ്യൻ തന്റെ താൽപര്യത്തിനായുപയോഗിക്കുന്നു. അതിനാൽ ഭൂമിയും അതിലുള്ളവയും മനുഷ്യനുവേണ്ടി സജ്ജമാക്കപ്പെട്ടതാണെന്ന സത്യത്തെ പ്രയോഗതല ത്തിൽ അംഗീകരിക്കാത്ത ആരുമില്ല.
ഒരു ജീവിയെയും കൊല്ലുകയില്ല എന്നതാണ് അഹിംസകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കിലും അതിനനുസൃതമായി ജീവിതം നയിക്കുന്ന ആരും ഈ ഭൂമിയിലില്ല. മാംസാഹാരം കഴിക്കാത്തവർ സസ്യാഹാരം ഭക്ഷിക്കുന്നവരാണല്ലോ. സസ്യങ്ങൾക്ക് ജീവനും വികാരവുമുണ്ടെന്നത് സുസമ്മതസത്യമത്രെ. അതിനാൽ മാംസഭുക്കുകളെപ്പോലെ, സസ്യഭുക്കുകളും ജീവഹാനിവരുത്തുന്നവരും സസ്യങ്ങളെ വേദനിപ്പിക്കുന്നവരുമാണ്.
ഏതു മനുഷ്യനും ശരീരത്തിൽ മുറിവുപറ്റിയാൽ അതിലെ വിഷാണുക്കളെ മരുന്നുപയോഗിച്ചു കൊല്ലുന്നു. ഉദരത്തിലെ ക്യമികളെ നശിപ്പിക്കുന്നു. കൊതുകുകൾ മുട്ടയിട്ടു വിരിയുന്ന കെട്ടിനിൽക്കുന്ന മലിനജലത്തിൽ വിഷം തളിച്ച് അവയെ കൊല്ലുന്നു. മൂട്ടയെയും കൊതുകിനെയും നശിപ്പിക്കുന്നു. ചുരുക്കത്തിൽ, ഏതെങ്കിലും ജീവിയെ ഹനിക്കാതെ ആരും എവിടെയുമില്ല; ഉണ്ടാവുക സാധ്യവുമല്ല.
മനുഷ്യസമൂഹത്തിന്റെ സുഗമമായ നിലനിൽപിനായി വിഷാണുക്കളെ കൊല്ലാമെങ്കിൽ അതേ കാര്യത്തിൽ ഏറ്റം നല്ല പോഷകാഹാരമെന്ന നിലയിൽ മാംസം ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ബി.1, നിയാസിൻ തുടങ്ങിയവ മാംസാഹാരത്തിൽ ധാരാളമായി ഉണ്ടെന്ന് അനിഷേധ്യമാണ്. സസ്യങ്ങളെയും പ്രാണികളെയും അണുക്കളെയും മറ്റും തങ്ങളുടെ നിലനിൽപിനായി കൊല്ലാമെന്ന് തീരുമാനിച്ചവർ ജനകോടി കൾക്ക് ആഹാരമായി മാറുന്ന മാംസം ഉപേക്ഷിക്കണമെന്ന് പറയുന്നത് തീർത്തും നിരർഥകമത്രെ.
അതുകൊണ്ടുതന്നെ, ജീവജാലങ്ങളോട് പരമാവധി കാരുണ്യം കാണിക്കാൻ കൽപിക്കുന്ന ഇസ്‌ലാം അവയുടെ മാംസം ഭക്ഷിക്കുന്നത് അനുവദനീയമാക്കി. ലോകത്തിലെ കോടിക്കണക്കിന് ജനങ്ങൾ ജീവിതം നയിക്കുന്നത് മാംസാഹാരം ഉപയോഗിച്ചാണ്. അത് വിലക്കുന്നത് സാമൂഹ്യദ്രോഹവും ജനവിരുദ്ധവുമാണ്.
മാംസം അനുവദനീയമാകാൻ ജീവികളെ ദൈവനാമമുച്ചരിച്ച് അറുക്കണമെന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും അനുസരിച്ചുകൊണ്ടായിരിക്കണം മറ്റെല്ലാ കർമങ്ങളുമെന്ന പോലെ അവന്റെ സൃഷ്ടിയായ ജീവിയെ അനിവാര്യമായ ആവശ്യത്തിന് ഉപയോഗപ്പെടുത്തേണ്ടതെന്ന് ഇതു പഠിപ്പിക്കുന്നു. അതോടൊപ്പം ഉരുവിന് പരമാവധി സൗകര്യം നൽകിയും പ്രയാസം ലഘൂകരിച്ചുമായിരിക്കണം അറവെന്ന് കണിശമായി കല്പ്പിക്കുകയും ചെയ്യുന്നു. പ്രവാചകൻ പറയുന്നു. “അല്ലാഹു എല്ലാ കാര്യങ്ങളിലും നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ കൊല്ലുന്നുവെങ്കിൽ നല്ല നിലയിലത് നിർവഹിക്കുക, അറുക്കുന്നുവെങ്കിൽ അതും നല്ലനിലയിലാക്കുക. കത്തിയുടെ വാതല മൂർച്ച കൂട്ടി ഉരുവിന് സൗകര്യം ചെയ്യുക.” (മുസ്‌ലിം)
ഒരിക്കൽ ഒരാൾ നബിതിരുമേനിയോടു പറഞ്ഞു: “ഞാൻ ആടിനെ അറു ക്കുമ്പോൾ ദയ കാണിക്കാറുണ്ട്. ഇതുകേട്ട് പ്രവാചകൻ പ്രതിവചിച്ചു: “നീ അതിനോടു കരുണ കാണിച്ചാൽ അല്ലാഹു നിന്നോടും കരുണ കാണിക്കും.”(ഹാകിം)
ഒരാൾ അറുക്കാനുള്ള ആടിനെ അതിന്റെ കാലു പിടിച്ചുവലിച്ചുകൊണ്ടുപോവുന്നതു കാണാനിടയായ ഉമറുൽ ഫാറൂഖ് പറഞ്ഞു: “നിനക്കുനാശം! അതിനെ നല്ലനിലയിൽ മരണത്തിലേക്കു നയിക്കുക. “
ഇസ്‌ലാമിനെപ്പോലെ ഹൈന്ദവ ധർമത്തിലും മാംസാഹാരം അനുവദനീയമാണ്. അത് മാംസഭക്ഷണം വിലക്കുന്നുവെന്ന ധാരണ അബദ്ധമാണ്. പല മഹർഷിമാരും പുണ്യവാളന്മാരും മാംസാഹാരം കഴിക്കുന്നവരായിരുന്നുവെന്ന് പുരാണങ്ങൾ വ്യക്തമാക്കുന്നു. ശ്രീരാമൻ വനവാസത്തിന് അയക്കപ്പെട്ടപ്പോൾ, എനിക്കു രുചികരമായ മാംസത്തളിക ഉപേക്ഷിക്കേണ്ടിവരുമെന്ന് മാതാവിനോട് പറഞ്ഞിരുന്നതായി അയോധ്യാകാണ്ഡത്തിലെ 20, 26, 94 ശ്ലോകങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇത് ശ്രീരാമന് മാംസഭക്ഷണത്തോട് പ്രിയമുണ്ടായിരുന്നതായി വ്യക്തമാക്കുന്നു.
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു: “എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളിൽ പോകുന്നവനും മറ്റുള്ളവർ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ പറയുന്നവനുമായ പുത്രനുണ്ടാവണം, അവൻ എല്ലാ വേദങ്ങളും പഠിക്കണം, ആറ് വർഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാൻ അവർ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.”(6-4-18)
previous post