ടി.കെ.എം. ഇഖ്ബാൽ
കേരളത്തിൽ ശക്തിപ്പെട്ടു വരുന്ന മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തോട് ചേർത്ത് കാണേണ്ടതാണ് മത സമൂഹങ്ങളെ പൊതുവിലും, മുസ്‌ലിംകളെ പ്രത്യേകമായും ടാർഗറ്റ് ചെയ്ത് കൊണ്ട് ലിബറൽ മൂല്യങ്ങളുടെ മറപിടിച്ച് ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്ന സാംസ്കാരികമായ കടന്നാക്രമണങ്ങൾ. കുടുംബത്തെയും വിവാഹത്തെയും അപ്രസക്താക്കുന്ന തരത്തിലുള്ള പുതിയ ലിബറൽ ആശയങ്ങളും കാഴ്ചപ്പാടുകളും കാമ്പസുകളിലും പൊതു സമൂഹത്തിലും പ്രചരിപ്പിക്കാൻ മാത്രമല്ല, അധികാര ബലം ഉപയോഗിച്ച് അടിച്ചേൽപിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്ക്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കാനുള്ള തീരുമാനം ഇതിൻ്റെ ഭാഗമായിട്ടു വേണം മനസ്സിലാക്കാൻ. ജെൻഡർ ന്യൂട്രാലിറ്റി എന്നത് കൃത്രിമവും സ്ത്രീകൾക്ക് ദോഷകരമായി ഭവിക്കുന്നതുമായ രീതിയിൽ സ്ത്രീ പുരുഷ സമത്വം കൊണ്ടുവരാൻ വേണ്ടി ലിബറലിസം ഉണ്ടാക്കിയ ആശയമാണ്. എല്ലാ മതങ്ങളും അംഗീകരിക്കുന്നതും സമൂഹത്തിൻ്റെ ആരോഗ്യകരമായ നിലനിൽപ്പിന് അനിവാര്യവുമായ മൂല്യങ്ങളെ തകർക്കാൻ ബോധപൂർവമായ ശ്രമം പാർട്ടിയും പോഷക സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത് കേരളീയ സമൂഹം തിരിച്ചറിയാതെ പോകരുത്.
അടുത്ത കാലത്ത് സി.പി.എമ്മിൻ്റെ ചില കീഴ്ഘടകങ്ങളും എസ്.എഫ്.ഐ.യുടെ കാമ്പസ് യൂണിറ്റുകളും പുറത്തിറക്കിയ ചില പോസ്റ്ററ്റുകൾ ശ്രദ്ധിച്ചാൽ സ്വതന്ത്ര ലൈംഗികതയുടെ പേരിൽ എങ്ങോട്ടാണ് പാർട്ടി കേരളത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നത് എന്ന് ബോധ്യമാവും. കഴിഞ്ഞ വർഷം ‘അന്തർദേശീയ സ്വയംഭോഗദിന’ ത്തോടനുബന്ധിച്ച് SEXWITHOUTSHAME എന്ന ഹാഷ് ടാഗിൽ എസ്.എഫ്.ഐ കോഴിക്കോട് മെഡിക്കൽ കോളജ് യൂണിറ്റ് ഇറക്കിയ പോസ്റ്ററിൽ ഉദ്ധരിച്ചത് ഫ്രോയിഡിൻ്റെ ഒരു വാചകമായിരുന്നു: “സ്വയം ഭോഗത്തിലെ ഒരേയൊരു നാണക്കേട് അത് നന്നായി ചെയ്യാൻ കഴിയാതിരിക്കുന്നതിലെ നാണക്കേട് മാത്രമാണ്.” സമാനമായി, സ്വവർഗലൈംഗികതയെയും സ്വതന്ത്ര ലൈംഗികതയെയും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്ററുകൾ മറ്റു മെഡിക്കൽ കോളേജുകളിലെ എസ്എഫ്..ഐ യൂണിറ്റുകളും പുറത്തിറക്കിയിരുന്നു. സ്വയംഭോഗത്തിന് ഒരു അന്തർദേശീയ ദിനമുണ്ടെന്ന് (മെയ് 7) പലരും അറിയുന്നത് തന്നെ എസ്.എഫ്.ഐ.യുടെ ഈ കാമ്പയിനിലൂടെയായിരിക്കും. എൽ.ഡി.എഫ് ഭരണഞ്ഞിലായിരിക്കെ, കാമ്പസുകളിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ആളെക്കൂട്ടാനുള്ള കുറുക്കുവഴിയാണ് ഇപ്പോൾ ഫ്രീ സെക്സ് അഥവാ ‘സെക്സ് വിത്തൗട്ട് ഷെയിം.’ മലയാളത്തിൽ പറഞ്ഞാൽ, നാണമില്ലാതെ ഇണചേരുക. മുതലാളിത്തത്തിൻ്റെയും ലിബറലിസത്തിൻ്റെയും പ്രലോഭനീയമായ മുദ്രാവാക്യങ്ങൾ ഇപ്പോൾ കമ്യൂണിസ്റ്റുകൾക്ക് സ്വന്തം!
ഇക്കഴിഞ്ഞ ജനുവരി 8 ന് നടന്ന എസ്.എഫ്.ഐ. പെരിന്തൽമണ്ണ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ഇങ്ങനെ: “പ്രണയത്തിന് മേൽ ആര് വരച്ചു ലിംഗാതിർത്തികൾ. ഈ ലോകം എല്ലാവരുടേതുമാണ്.” സ്വവർഗരതിയെ മഹത്വവൽക്കരിക്കുന്ന ഈ പോസ്റ്ററിൽ ഗേ, ലെസ്ബിയൻ ഇണകളുടെ ചിത്രവുമുണ്ട്. (സ്വവർഗ ഇണകളുടെ ചിത്രം വരച്ചപ്പോൾ ആണിനെയും പെണ്ണിനെയും വസ്ത്രം കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്. ജെൻഡർ ന്യൂട്രാലിറ്റിക്കാരുടെ ഗതികേട് !). ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിൻ്റെ മുന്നോടിയായി നടക്കുന്ന ഏരിയാ സമ്മേളനങ്ങളോടനുബന്ധിച്ച് സി പി എം ചാല ഏരിയ പുറത്തിറക്കിയ പോസ്റ്ററിൽ അരിവാളേന്തിയ സ്വവർഗാനുരാഗികളെ ചിത്രീകരിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകണ്ടായി. Vote for SFl എന്ന അടിക്കുറിച്ചോടെ എസ്.എഫ്.ഐ കാസർഗോഡ് എഞ്ചിനീയറിംഗ് കോളജ് പുറത്തിറക്കിയ രണ്ട് പോസ്റ്ററുകളിൽ ഒന്ന് തട്ടമിട്ട പെൺകുട്ടിയുടെ തോളിൽ കൈവെച്ച് കിന്നാരം പറയുന്ന വിദ്യാർത്ഥിയുടെ ചിത്രത്തോടു കൂടിയുള്ളതാണ്. ‘കപട സദാചാരകരങ്ങൾക്ക് കൈവിലങ്ങിടാം’ എന്നാണ് പോസ്റ്ററിലെ വാചകം. “വേലികൾ തകർത്തൊരു വലയം തീർത്തിടാം” എന്ന കാപ്ഷനോടുകൂടിയ മറ്റൊരു പോസ്റ്ററിൽ ഒരു പെൺകുട്ടിയും കുറെ ആൺകുട്ടികളും വട്ടം കൂടി മദ്യപിക്കുന്ന ചിത്രമാണുള്ളത്. എസ്.എഫ്.ഐ. യിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാൻ ഇതിലപ്പുറം എന്തെങ്കിലും വേണോ? സെക്സ് ഇൻഡസ്ട്രി ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മാറിയത് പുരോഗമനപരം ആയത് കൊണ്ടല്ല, മനുഷ്യൻ്റെ ജന്തു സഹജമായ ചോദനകളെ കയറൂരി വിടുന്നു എന്നത് കൊണ്ടാണ്. മുതലാളിത്തം നന്നായി കച്ചവടം ചെയ്യുന്ന ഈ ചോദനകളുടെ പുറത്താണ് ഇപ്പോൾ വിപ്ലവ പ്രസ്ഥാനത്തിൻ്റെ കളി!
മാർക്സിസത്തിൽ നിന്ന് ലിബറലിസത്തിലേക്ക്
വ്യക്തിയുടെ പൂർണമായ സ്വാതന്ത്യത്തെ ഊന്നിപ്പറയുന്ന ലിബറലിസവും വ്യക്തിയുടെ ഇഷ്ടങ്ങളെയും താൽപര്യങ്ങളെയും വർഗത്തിൻ്റെയും സമൂഹത്തിൻ്റെയും സാമ്പത്തിക താൽപര്യങ്ങൾക്ക് വിധേയമാക്കുന്ന മാർക്സിസവും തമ്മിൽ പറയത്തക്ക സമാനതകളൊന്നുമില്ല. വൈരുദ്ധ്യങ്ങൾ ഏറെയുണ്ട് താനും. ലിബറൽ ബൂർഷ്വാ ജനാധിപത്യവും കമ്യൂണിസത്തിൻ്റെ തൊഴിലാളി വർഗസർവാധിപത്യവും ഒരുമിച്ചു ചേരുന്ന ഒരു ബിന്ദു പോലുമില്ല. ഇതൊക്കെയാണെങ്കിലും ലിബറലിസത്തിൻ്റെ കാര്യമായ വക്താക്കളായി ഇപ്പോൾ രംഗപ്രവേശം ചെയ്തിരിക്കുന്നത് മാർക്സിസ്റ്റുകളാണ്. ഇടതു ലിബറലുകൾ എന്ന ഒരു കാറ്റഗറി തന്നെ നിലവിലുണ്ടല്ലോ.
കുടുംബം, വിവാഹം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ആശയതലത്തിലല്ലെങ്കിലും പ്രയോഗതലത്തിൽ മാർക്സിസവും ലിബറലിസവും യോജിച്ചു വരുന്നുണ്ടെന്ന് കാണാം. വ്യക്തിയുടെ ലൈംഗിക സ്വാതന്ത്ര്യത്തിനും അഭിനിവേശങ്ങൾക്കും തടസ്സമാവുന്ന സ്ഥാപനം എന്ന നിലയിൽ ലിബറലിസത്തിന് കുടുംബത്തോട് വലിയ താൽപര്യമില്ല. പടിഞ്ഞാറൻ നാടുകളിൽ ലിബറലിസം വിവാഹത്തിൻ്റെയും കുടുംബഘടനയുടെയും വ്യാപകമായ തകർച്ചയിലേക്ക് നയിക്കാനുള്ള കാരണമിതാണ്.
കുടുംബത്തോടുള്ള മാർക്സിസത്തിൻ്റെ നിലപാട് കുറെക്കൂടി റാഡിക്കലാണ്. വ്യക്തിസ്വാതന്ത്യത്തിലല്ല, സാമ്പത്തിക ഘടനയിലാണ് അതിൻ്റെ ഊന്നൽ. മാർക്സിയൻ കാഴ്ചപ്പാടിൽ സ്വകാര്യ സ്വത്തിൽ നിന്നാണ് കുടുംബം ഉത്ഭവിച്ചത്. സ്വകാര്യസ്വത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യാൻ കണ്ട് പിടിച്ച വഴി. മാർക്സും എംഗൽസും സ്വപ്നം കണ്ട വർഗ രഹിത സമൂഹം നിലവിൽ വരുമ്പോൾ, സ്വകാര്യ സ്വത്തിനോടൊപ്പം വിവാഹവും കുടുംബവും ഇല്ലാതാവും. കമ്യൂണിസ്റ്റ് സമൂഹത്തിൽ ലൈംഗിക ബന്ധത്തിൻ്റെ ഒരേയൊരു അടിസ്ഥാനം പരസ്പരമുള്ള ഇഷ്ടവും താൽപര്യവുമായിരിക്കും. അത്തരം ബന്ധങ്ങളിലൂടെ ഉണ്ടാവുന്ന കുട്ടികളുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കും. ഗർഭധാരണത്തെക്കുറിച്ച ആധി അതോടെ ഇല്ലാതാവും. “കുടുംബത്തിൻ്റെ ഉത്ഭവം” (origin of family) എന്ന പുസ്തകത്തിൽ എംഗൽസ് എഴുതുന്നു: “ഇത് (കുട്ടികളുടെ സാമൂഹിക പരിരക്ഷ) “പ്രത്യാഘാതങ്ങളെ” ക്കുറിച്ച ഉൽക്കണ്ഠ ഇല്ലാതാക്കും. സ്നേഹിക്കുന്ന പുരുഷന് സ്വയം സമർപ്പിക്കുന്നതിൽ നിന്ന് പെൺകുട്ടിയെ തടയുന്ന ഏറ്റവും വലിയ സാമൂഹിക ഘടകം അതാണല്ലോ. കൂടുതൽ സ്വതന്ത്രവും പ്രയാസരഹിതവുമായ ലൈംഗിക ബന്ധങ്ങളിലേക്കും, അതോടൊപ്പം സ്ത്രീയുടെ കന്യകാത്വത്തെക്കുറിച്ചും മാന്യതയെക്കുറിച്ചുമുള്ള കൂടുതൽ സഹിഷ്ണുതാപരമായ പൊതുജനാഭിപ്രായത്തിലേക്കും ക്രമത്തിൽ ഇത് വഴി തെളിയിക്കുകയില്ലെ?”
കമ്യൂണിസത്തിൻ്റെ വർഗരഹിത സമൂഹം എങ്ങനെയാണ് പ്രവർത്തിക്കുക എന്ന് മാർക്സും എംഗൽസും വിശദീകരിച്ചിട്ടില്ലാത്തത് പോലെ കുട്ടികളുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കുന്നതിൻ്റെ രീതിയെന്താണ് എന്നും വിശദീകരിക്കപ്പട്ടിട്ടില്ല. വർഗരഹിത സമൂഹം മാർക്സിസ്റ്റ് ആചാര്യൻമാരുടെ സ്വപ്നങ്ങളിൽ മാത്രം അവശേഷിച്ചുവെങ്കിലും, വിവാഹത്തിൻ്റെയും കുടുംബത്തിൻ്റെയും അതിരുകൾ ഭേദിക്കുന്ന പ്രണയവും ലൈംഗിക സ്വാതന്ത്യവും ലിബറൽ കിനാക്കളോടൊപ്പം സഖാക്കളെ ഇപ്പോഴും ആവേശഭരിതരാക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. കുടുംബം തകർന്നാലും കുടുംബത്തിൻ്റെ ഉത്ഭവ കാരണമെന്ന് മാർക്സും എംഗൽസും വിശ്വസിച്ച സ്വകാര്യ സ്വത്ത് ഇല്ലാതാവരുത് എന്ന് മാത്രമേ അവർക്ക് നിർബന്ധമുള്ളൂ. മാർക്സിസം പ്രസംഗിക്കാനേ കൊള്ളൂ. കോർപറേറ്റ് താൽപര്യങ്ങൾ ഭരിക്കുന്ന മുതലാളിത്തമാണ് പാർട്ടിയുടെ സിൽവർ ലൈൻ!
ആചാര്യന്മാരുടെ വഴി
എംഗൽസ് കുടുംബത്തെക്കുറിച്ച സ്വന്തം സ്വപ്നങ്ങളോട് നീതി പുലർത്തിയ ആളായിരുന്നുവെങ്കിലും മാർക്സിന് അതിൽ വേണ്ടത്ര വിശ്വാസമുണ്ടായിരുന്നില്ല എന്നാണ് അവരുടെ ജീവചരിത്രം കാണിച്ചുതരുന്നത്. കാമ്പസുകളിൽ ലൈംഗിക വിപ്ളവം നടത്തുന്ന എസ്.എഫ്.ഐ യുടെ കുട്ടികൾ വായിച്ചു പഠിക്കേണ്ടതാണ് ആ ചരിത്രം. 1840 കളിൽ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം 1850 ൽ എംഗൽസ് മേരി ബേൺസ് എന്ന തൊഴിലാളി വനിതയുമായി സ്ഥിരബന്ധം സ്ഥാപിച്ചു. 1863 ൽ ബേൺസ് മരിക്കുന്നത് വരെയും വിവാഹമില്ലാതെയാണ് അവർ ഒരുമിച്ച് ജീവിച്ചത്.
മാർക്സിൻ്റെ വഴി വ്യത്യസ്തമായിരുന്നു. മാർക്സിന് വിവാഹേതര ബന്ധത്തിലൂടെ ഒരു കുട്ടിയുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും, ഭാര്യ ജെന്നിയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം ഗാഢമായിരുന്നു. കടുത്ത സാമ്പത്തിക പ്രയാസങ്ങളുടെ നടുവിലാണ് അവർ ജീവിച്ചത്. ഒരു ‘യാഥാസ്ഥിതിക’ കുടുംബനാഥനെ പോലെയാണ് സ്വന്തം കുട്ടികളെ മാർക്സ് വളർത്തിയത്. മകൾ ലോറയുമായി പോൾ ലഫാർഗ് ശൃംഗരിക്കുന്നത് കണ്ടപ്പോൾ, ഒരു കുടുംബം പുലർത്താൻ കഴിവുണ്ടെന്ന് തെളിയിക്കുന്നത് വരെ അവളിൽ നിന്ന് അകന്ന് നിൽക്കാൻ അയാളെ മർക്സ് ശാസിച്ചു. മകൾ എലീനർക്ക് ഇഷ്ടമുണ്ടായിട്ട് പോലും പ്രോസ്പർ ലിസാഗറെയുമായുള്ള വിവാഹബന്ധം മാർക്സ് അംഗീകരിച്ചില്ല.
മാർക്സിൻ്റെയും എംഗൽസിൻ്റെയും കുടംബ സങ്കൽപം സ്വന്തം ജീവിതത്തിൽ പകർത്തിയ എലീനറുടേത് ഒരു ദുരന്തകഥയായിരുന്നു. മാതാപിതാക്കളുടെ മരണത്തിന് ശേഷം അവൾ എഡ്വേഡ് അവലിംഗുമായി പ്രണയത്തിലാവുകയും അയാളുടെ കൂടെ ജീവിക്കുകയും ചെയ്തു. എഡ്വേഡിന് നിയമപരമായി വിവാഹം ചെയ്ത വേറെ ഭാര്യയുണ്ടായിരുന്നു. എലീനറുടെ കൂടെ ജീവിക്കുമ്പോൾ തന്നെ 1897 ൽ അയാൾ ഇവാ ഫ്രൈ എന്ന 22 വയസ്സായ മറ്റൊരു യുവതിയെ രഹസ്യവിവാഹം ചെയ്തു. രണ്ട് മാസം കഴിഞ്ഞ് അയാൾ എലീനറെ ഉപേക്ഷിച്ച് പോയപ്പോൾ അവർ മാനസികമായി തകർന്നു പോയി. കുറെ മാസങ്ങൾക്ക് ശേഷം എഡ്വേഡ് തിരിച്ചു വന്നെങ്കിലും അയാളുടെ രഹസ്യവിവാഹത്തെക്കുറിച്ച് അറിഞ്ഞിട്ടാവണം എലീനർ ആത്മഹത്യ ചെയ്തു. കുടുബത്തകർച്ചയുടെ ദുരന്ത ചിത്രങ്ങൾ കാണാൻ സഖാക്കൾ സ്വന്തം ആചാര്യൻമാരുടെ ജീവചരിത്രം പരതിയാൽ മതി, പടിഞ്ഞാറിൻ്റെ ലിബറൽ ലോകത്തേക്ക് പോകേണ്ടതില്ലെന്ന് ചുരുക്കം.
ലിബറലിസം ബാക്കിവെച്ചത്
കാമ്പസുകളിലും പുറത്തും സ്വതന്ത്ര ലൈംഗികത പ്രചരിപ്പിക്കുന്നവർ കേരളീയ സമൂഹത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നറിയാൻ ലിബറൽ സ്വർഗലോകത്തിലെ കുറച്ചു കഥകൾ കൂടി പറയാം. ലിബറലിസം അതിൻ്റെ ഉത്ഭവകാലം മുതൽക്ക് തന്നെ പല തലത്തിൽ വിമർശന വിധേയമായിട്ടുണ്ടെങ്കിലും പടിഞ്ഞാറൻ ലോകത്ത് ഇപ്പോൾ അത് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് സ്വതന്ത്ര ലൈംഗികതയുടെ പേരിൽ അത് സൃഷ്ടിച്ച സാമൂഹ്യ ശൈഥില്യത്തിൻ്റെയും കുടുംബത്തകർച്ചയുടെയും പേരിലാണ്. ഞെട്ടിപ്പിക്കുന്നതാണ് അവിടെ നിന്നും പുറത്ത് വരുന്ന സ്ഥിതിവിവരക്കണക്കുകൾ. ഈ വിഷയകമായി നടത്തപ്പെട്ട സർവെകൾ പറയുന്നത് ലോകത്തിലെ 320 മില്യനിലധികം കുട്ടികൾ ഏകരക്ഷിതാവുള്ള കുടുംബങ്ങളിൽ (Single-parent family) ജീവിക്കുന്നവരാണെന്നാണ്. ഇവരിൽ വലിയ ശതമാനം വികസിത മുതലാളിത്ത രാജ്യങ്ങളിലാണ്.2020/2021 സ്ഥിതി വിവരക്കണക്കുകൾ പ്രകാരം അമേരിക്കയിലെ 86 % ഏക രക്ഷിതാവുള്ള കുടുംബങ്ങളെ നയിക്കുന്നത് അമ്മമാരാണ്. ചെറുപ്രായക്കാരായ അമ്മമാരിൽ 57% ഭർത്താവില്ലാതെ ജീവിക്കുന്നവരാണ്. 2017 ഡാറ്റ പ്രകാരം, അമേരിക്കയിലെ 25% കുടുംബങ്ങൾക്ക് ഏകരക്ഷിതാവേ യുള്ളൂ. 2019 ൽ ബ്രിട്ടനിലെ 14.9% (2.9 മില്യൻ) കുടുംബങ്ങൾക്ക് ഏക രക്ഷിതാവേയുണ്ടായിരുന്നുള്ളൂ. അതിൽ 2.4 മില്യൻ രക്ഷിതാക്കളും അമ്മമാരാണ്. കുട്ടികളുള്ള 24% കുടുംബങ്ങൾക്കും ഏക രക്ഷിതാവേയുള്ളൂ. അമേരിക്കയിൽ 15.76 മില്യൻ കുട്ടികളാണ് അമ്മ ഏക രക്ഷിതാവായിട്ടുള്ള കുടുംബങ്ങളിൽ ജീവിക്കുന്നത്. 3.23 മില്യൻ കുട്ടികൾ ജീവിക്കുന്നത് അഛൻ മാത്രമുള്ള കുടുംബങ്ങളിലാണ്. 17 വയസ് വരെ പ്രായമുള്ള 5.89 മില്യൻ കുട്ടികൾ ജീവിക്കുന്നത് വിവാഹമോചിതരായ ഏകരക്ഷിതാവിൻ്റെ കൂടെയാണ്. 2.45 മില്യൻ കുട്ടികൾ കഴിയുന്നത് വിവാഹമോചിതരാവാതെ വേറിട്ട് കഴിയുന്ന ഏക രക്ഷിതാവുള്ള കുടുംബങ്ങളിലാണ്. ഇതിൽ 84.83 ശതമാനം അമ്മമാരുടെ കൂടെയും 15.17 ശതമാനം അഛൻമാരുടെ കൂടെയും.
ഭാര്യയോ ഭർത്താവോ മരിച്ചു പോയത് കൊണ്ടല്ല, ജീവിച്ചിരിക്കെത്തന്നെ വിവാഹമോചിതരാവുകയോ വേറിട്ട് ജീവിക്കുകയോ ചെയ്യുന്നത് കൊണ്ടാണ് ഏകരക്ഷിതാവുള്ള കുടുംബങ്ങളുടെ എണ്ണം ഇത്രയധികം വർദ്ധിച്ചത്. ഏക രക്ഷിതാവ് മാത്രമുള്ള, പ്രത്യേകിച്ചും അഛൻമാരില്ലാത്ത കുടുംബങ്ങളിൽ വളരുന്ന കുട്ടികളിലുണ്ടാവുന്ന മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ പടിഞ്ഞാറൻ ലോകത്ത് നടന്നിട്ടുണ്ട്. (Life without father: What happens to the children? Sara Mclanahan). വിവാഹിതരാവാതെ തന്നെ അഛനോ അമ്മയോ ആയി മാറുകയും അങ്ങനെ ജീവിതം തുടരുകയും ചെയ്യുന്നവരുടെ എണ്ണവും വളരെ കൂടുതലാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.
കുടുംബത്തകർച്ച എന്ന ഗുരുതരമായ സാമൂഹ്യ പ്രശ്നത്തെക്കുറിച്ച് നിരവധി പഠനങ്ങളും പുസ്തകങ്ങളും പടിഞ്ഞാറൻ ലോകത്ത് എഴുതപ്പെട്ടിട്ടുണ്ട്. ഇസബൽ വി സോ ഹിൽ (lsabel V Sawhill) എഴുതിയ Generation Unbound- Drifting into Sex and Parenthood Without Marriage എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ലേഖനം തുടങ്ങുന്നത് ഇങ്ങനെ: “അമേരിക്കയിൽ ചെറുപ്പക്കാരായ മാതാപിതാക്കൾക്കുണ്ടാവുന്ന പകുതിയോളം കുട്ടികളും വിവാഹേതര ബന്ധത്തിലൂടെയാണ് പിറക്കുന്നത്. പലതും പ്ലാൻ ചെയ്യാതെയുമാണ്. വർദ്ധിക്കുന്ന ദാരിദ്ര്യവും കുട്ടികൾ നേരിടുന്ന വിവേചനവുമാണ് ഫലം. അവിവാഹിതരായ രക്ഷിതാക്കൾക്ക് കൂടുതൽ സാമൂഹിക സുരക്ഷിതത്വ പദ്ധതികൾക്ക് വേണ്ടി ഇടതുപക്ഷം വാദിക്കുമ്പോൾ പരമ്പരാഗത വിവാഹങ്ങളിലേക്ക് തിരിച്ചു പോകണം എന്നാണ് വലതുപക്ഷം വാദിക്കുന്നത്.”
The Atlantic ൻ്റെ സ്റ്റാഫ് ലേഖിക എമ്മ ഗ്രീൻ ( Emma Green) Why it is hard for liberals to talk about family values? ( ലിബറലുകൾക്ക് കുടുംബ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എന്താണ് ക്ലേശം?) എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്: “കുടുംബഘടനയെക്കുറിച്ച് പൊതുയിടങ്ങളിൽ സംസാരിക്കാൻ ഇടതിന് കൂടുതൽ പ്രയാസമാണ്. നല്ലതിനായാലും ചീത്തക്കായാലും, പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നവർ എന്ന നിലയിലാണ് ഇടത് നിർവചിക്കപ്പെട്ടിരിക്കുന്നത്.” മതസംഘടനകൾ പരമ്പരാഗത കുടുംബഘടനകൾക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് കുടുംബ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ലിബറലുകൾക്ക് പൊതുവെ വൈമുഖ്യം എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ആൺ പെൺ ലൈംഗിക ബന്ധത്തിലും സ്വവർഗരതിയിലും വിചിത്രമായ പുതിയ പുതിയ രീതികൾ പരീക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പടിഞ്ഞാറിൻ്റെ ലിബറൽ ലോകത്ത് നിന്നാണ് കുടുംബം തിരിച്ചുപിടിക്കാനുള്ള മുറവിളി ഉയരുന്നതെന്നോർക്കണം. ഈ ഘട്ടത്തിലാണ് വേലികൾ തകർക്കാനും ലിംഗാതിർത്തികൾ ഭേദിക്കാനും യുവതലമുറയോടുള്ള എസ്. എഫ്. ഐ യുടെ ആഹ്വാനം. മതമൂല്യങ്ങളുടെ നിരാസമാണ് പുരോഗമനം എന്നു കരുതി അവർ ഇറക്കുമതി ചെയ്യുന്നത് ജീർണിച്ച് ദുർഗന്ധം വമിക്കുന്ന മുതലാളിത്ത ലിബറൽ സംസ്കാരമാണ്. ലൈംഗികതൃഷ്ണകളുടെയും കാമനകളുടെയും ഭൂതത്തെ കുടത്തിൽ നിന്ന് പുറത്തിറക്കിക്കഴിഞ്ഞാൽ അത് തലമുറകളെത്തന്നെ നശിപ്പിച്ചു കളയും. കേരളം വലിയ വില നൽകേണ്ടി വരും.
(28 January 2022 ലെ പ്രബോധനത്തിൽ വന്ന ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ)