നാസ്തിക സുഹൃത്തുക്കളോട്.
1. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആരാണ്? ആരും സൃഷ്ടിച്ചതല്ല; അനാദിയിൽ തന്നെ ഉണ്ടായിരുന്നതാണ് എന്നാണ് മറുപടിയെങ്കിൽ ഈ പ്രപഞ്ചത്തിൽ ചലനങ്ങളും മാറ്റങ്ങളും ഉണ്ടാക്കുന്നത് ആരാണ്? വൻ വിസ്ഫോടനത്തിലൂടെയാണ് ഇന്ന് കാണപ്പെടുന്ന പ്രപഞ്ചവും അതിലെ ചലനവും ഉണ്ടായതെന്നാണ് മറുപടിയെങ്കിൽ അനാദിയിലെ പിണ്ഡത്തിൽ കണക്കാക്കാനാവാത്ത അത്ര ഊഷ്മാവും സാന്ദ്രതയും വർദ്ധിച്ച് വിസ്ഫോടനം സംഭവിച്ചതെന്നാണ്? എന്തുകൊണ്ട് ആ വിസ്ഫോടനം അതിന് മുമ്പായില്ല? എന്തുകൊണ്ട് ശേഷമായില്ല? അനാദിയിൽ ഇല്ലാത്ത ഊഷ്മാവും സാന്ദ്രതയും ആ പിണ്ഡത്തിൽ വർദ്ധിച്ചത് എന്തുകൊണ്ട്? എങ്ങനെ? ആരാണ് അവ വർധിപ്പിച്ചത്? അനാദിയിൽ തന്നെ ഉണ്ടായിരുന്നുവെങ്കിൽ അനാദിയിൽ തന്നെ വിസ്ഫോടനം സംഭവിക്കേണ്ടതായിരുന്നില്ലേ?
2. മനുഷ്യൻറെ ബുദ്ധിയും ചിന്തയും മസ്തിഷ്കത്തിൻറെ രാസപ്രവർത്തനം കാരണമാണെന്ന അഭിപ്രായമുണ്ടോ? ചിന്ത പദാർഥമാണോ? ആണെങ്കിൽ അത് നിർവചനങ്ങൾക്കും ഗണിതശാസ്ത്രപരമായ വിശകലനങ്ങൾക്കും വിധേയമാകേണ്ടതല്ലേ? പദാർത്ഥാതീതമാണെങ്കിൽ പദാർത്ഥപരമായ മസ്തിഷ്കത്തിൽ നിന്ന് പദാർത്ഥാതീതമായ ചിന്ത ഉണ്ടാകുന്നതെങ്ങനെ? എന്തുകൊണ്ട്?
3. എന്താണ് സ്നേഹം? മാതാവിനോടും പിതാവിനോടും മകളോടും ഭാര്യയോടും നാടിനോടും വീടിനോടുമുള്ള സ്നേഹത്തിൽ വല്ല വ്യത്യാസമുണ്ടോ? ഉണ്ടെങ്കിൽ ഓരോന്നിനോടുമുള്ള സ്നേഹത്തിലെ വ്യത്യാസമെന്താണ്? ആ വ്യത്യാസം എന്തുകൊണ്ട്? ഓരോന്നിനോടുമുള്ള സ്നേഹം എത്ര ശതമാനം? അത് കണക്കാക്കാനുള്ള മാനദണ്ഡമെന്ത്? എന്തുകൊണ്ടാണ് മാതാവിനെയും മകളെയുമൊക്കെ സ്നേഹിക്കുന്നത്?
4. നമ്മുടെ നമ്മുടെ ഓരോരുത്തരുടേയും തലയിൽ ആയിരക്കണക്കിന് മുടിയുണ്ട്. ജീവിച്ചിരിക്കുന്ന 700 കോടിയിലേറെ മനുഷ്യർക്കും ഇവ്വിധം ആയിരക്കണക്കിന് മുടിയുണ്ട്. അവയിൽ ഒരു മുടി പോലും നമ്മുടെ ഒരു മുടി പോലെയില്ല. മനുഷ്യാരംഭം മുതൽ ഇന്നോളമുണ്ടായ എണ്ണിയാലൊടുങ്ങാത്ത തലമുറകളിലെ കോടാനു കോടാനുകോടി മനുഷ്യരിൽ ഒരാളുടെ തലമുടി പോലും നമ്മുടെ മുടി പോലെ ഇല്ല. ലോകാവസാനം വരെ ആർക്കും ഉണ്ടാവുകയുമില്ല. എന്തുകൊണ്ട്? ജീനുകളുടെ വ്യത്യാസം കൊണ്ടാണെന്നാണ് മറുപടിയെങ്കിൽ എന്തുകൊണ്ട് ജീനുകളിൽ ആ വ്യത്യാസം ഉണ്ടായി? എങ്ങനെ ഉണ്ടായി? കണ്ണ്, കൈവിരൽ, കയ്യക്ഷരം, ഗന്ധം തുടങ്ങി ശരീരത്തിലെ ഓരോ അംശവും മറ്റുള്ളവരുടേതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ്. ഇതെങ്ങിനെ സംഭവിച്ചു? എന്ത് കൊണ്ട് സംഭവിച്ചു?
5. നിങ്ങൾ നീതിയിൽ വിശ്വസിക്കുന്നുണ്ടോ? എല്ലാവർക്കും നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അതോടൊപ്പം ആർ എത്ര വിചാരിച്ചാലും നീതി നടപ്പാക്കാൻ ഇവിടെ സാധ്യമല്ലെന്ന് അറിയാമല്ലോ. അപ്പോൾ നീതിക്കുവേണ്ടിയുള്ള ആഗ്രഹം ഒരിക്കലും നടക്കാതെ പോവുകയല്ലേ ചെയ്യുന്നത്? അതിന് കാണുന്ന പരിഹാരമെന്ത്? മുകളിൽ വിശദീകരിച്ച പോലെ വിസ്മയകരമായ വ്യക്തിത്വമുള്ള മനുഷ്യൻറെ അന്ത്യം അനീതിപരമാകുമോ?
6. വിവേചനങ്ങൾ എല്ലാം അവസാനിക്കണമെന്ന് താങ്കൾ ആഗ്രഹിക്കുന്നുണ്ടോ? അതോടൊപ്പം ഇവിടെ കടുത്ത വിവേചനം കാണുന്നില്ലേ? അതിന് കാണുന്ന പരിഹാരമെന്ത്?
7. ഹൈഡ്രജനും ഓക്സിജനും ചേർന്നാൽ വെള്ളമുണ്ടാവും. എന്തുകൊണ്ട്?
മുകളിൽ ചേർത്ത ചോദ്യങ്ങൾക്ക് താങ്കളുടെ മനസ്സാക്ഷിക്ക് തൃപ്തികരമെന്ന് തോന്നുന്ന മറുപടി എന്താണ്?
അഥവാ അറിയില്ല എന്നാണ് മറുപടിയെങ്കിൽ അത് നമ്മുടെ അറിവിൻറെയും യുക്തിയുടെയും ചിന്തയുടെയും പരിമിതിയല്ലേ? നിത്യ ജീവിതത്തിൽ നാമുമായി ബന്ധപ്പെട്ട ഇവയൊന്നും മനസ്സിലാക്കാൻ കഴിയാത്ത നമ്മുടെ പരിമിതി അല്ലാഹുവിനെയും പ്രവാചകനെയും സംബന്ധിച്ച ചോദ്യങ്ങളുടെ കാര്യത്തിലും ബാധകമല്ലേ? സർവ്വശക്തനായ അല്ലാഹുവിൻറെ തീരുമാനങ്ങളുടെ യുക്തി അവൻ വിശദീകരിക്കാത്തിടത്തോളം കാലം നമുക്ക് അറിയില്ല എന്നതല്ലേ സത്യം?
അത് അംഗീകരിക്കാനുള്ള വിനയം നമുക്ക് ഉണ്ടാവേണ്ടതല്ലേ?
–ശൈഖ് മുഹമ്മദ് കാരകുന്ന് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ്–