Question : “മതേതര നാടുകളിലേതുപോലെയോ കൂടുതലായോ മതന്യൂനപക്ഷങ്ങൾക്ക് ഇസ്ലാമികരാഷ്ട്രത്തിൽ മതസ്വാതന്ത്ര്യമുണ്ടാകുമെന്ന് പലരും അവകാശപ്പെടുന്നുണ്ട്. എന്നാൽ ലോകത്ത് ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമിക്കാൻ അനുവാദമുണ്ടോ? പാകിസ്താനിലും ബംഗ്ലാദേശിലുമെല്ലാം ഉള്ളവതന്നെ തകർക്കുകയല്ലേ ചെയ്യുന്നത് ?
Answer : പാകിസ്താനും ബംഗ്ലാദേശുമുൾപ്പെടെ ലോകത്ത് ഹിന്ദുപൗരന്മാരുള്ള മുസ്ലിം നാടുകളിലെല്ലാം ക്ഷേത്രം നിർമിക്കാനും അവിടെ ആരാധനയും ആഘോഷവും നടത്താനും അനുവാദമുണ്ട്. ഭരണകൂടമോ ജനങ്ങളോ അതിലൊരിക്കലും ഒരു നിലക്കും ഇടപെടാറില്ല. എന്നല്ല, ആവശ്യമായ സഹായസഹകരണം ചെയ്തു കൊടുക്കാറുമുണ്ട്. കുറച്ചു വർഷം മുമ്പ് വന്ന ഒരു പത്രവാർത്തയിലിങ്ങനെ കാണാം: “ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രങ്ങളും ധർമസ്ഥാപനങ്ങളും പുനരുദ്ധരിക്കാൻ ഗവൺമെന്റ് ഏകദേശം ആറു ലക്ഷം രൂപ അനുവദിച്ചു. ഈ തീരുമാനമെടുത്ത നീതിന്യായ വകുപ്പിന്റെയും ആധ്യാത്മിക കാര്യങ്ങളുടെയും മന്ത്രി നൂറുൽ ഇസ്ലാം, എല്ലാ മതങ്ങളുടെയും ഉന്നമനത്തിൽ തങ്ങൾ തൽപരരാണെന്നറിയിച്ചു. (മാതൃഭൂമി 4-10-1985).
മറ്റൊരു മുസ്ലിം നാടായ ഇന്തോനേഷ്യയെ സംബന്ധിച്ച് ആർ എസ്.എസ്. വാരിക കേസരി എഴുതുന്നു: “എല്ലാ വിഭാഗങ്ങൾക്കും പൂർണമായ ആരാധനാസ്വാതന്ത്ര്യം നൽകുന്ന ഇന്തോനേഷ്യൻ ഭരണഘടന ആ രാജ്യത്തിന്റെ മതേതര സ്വഭാവം വ്യക്തമാക്കുന്നു. ഇസ്ലാം, ക്രിസ്തുമതം, ബുദ്ധമതം, ഹിന്ദുധർമം തുടങ്ങിയ നാലു മതങ്ങൾക്കും സർക്കാർ തുല്യമായ അംഗീകാരവും പ്രോത്സാഹനവുമാണ് നൽകുന്നത്. ഇതിനായി സർക്കാർ നിയന്ത്രണത്തിൽ ഒരു പ്രത്യേക വകുപ്പ് തന്നെയുണ്ട്. വിവിധ മതാനുയായികൾ ഇവിടെ പരസ്പരം സ്നേഹത്തോടും സഹവർത്തിത്തത്തോടും കൂടി കഴിയുന്നു”(7-6-1987).
പാകിസ്ഥാനിൽ ജന്മാഷ്ടമി ദീപാവലി പോലുള്ള ആഘോഷ ദിനങ്ങളിൽ ഹിന്ദു സഹോദരങ്ങൾക്ക് അരി, പഞ്ചസാര തുടങ്ങിയവ പ്രത്യേകമായി അനുവദിക്കാറുണ്ട്. കൂടാതെ, ലാഹോർ ജില്ലയിലെ അംഗീകൃത കോളേജുകളിലും സ്കൂളുകളിലും പഠിക്കുന്ന ന്യൂനപക്ഷസമുദായ വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ്പ് നൽകിവരുന്നു. ലാഹോറിലെ ക്രൈസ്തവ മതവിശ്വാസികൾക്ക് ശ്മശാനമുണ്ടാക്കാൻ ആറു ലക്ഷം രൂപ സർക്കാർ സഹായധനം നൽകുകയുണ്ടായി.
1992-ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ പാകിസ്താനിലെയും ബംഗ്ലാദേശിലെയും അവിവേകികളായ ചിലർ ക്ഷേത്രങ്ങളുടെ നേരെ കൈയേറ്റം നടത്തുകയും കേടുപാടുകൾ വരുത്തുകയും ചെയ്തു. അപ്പോൾ അവരെ തടയാനും ഹൈന്ദവ ആരാധനാലയങ്ങൾ സംരക്ഷിക്കാനും മുന്നോട്ടു വന്നത് അവിടങ്ങളിലെ ഇസ്ലാമിക പ്രവർത്തകരാണ്. അന്ന് അമ്പലങ്ങൾ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ സുഗതകുമാരി ഇന്ത്യാ ടുഡേയിലെഴുതി: “ബാബരി മസ്ജിദ് തകർത്തതിലൂടെ ഹിന്ദുക്കൾ എന്ത് നേടി? അയൽനാടുകളിൽ എത്രയോ ക്ഷേത്രങ്ങൾ അക്രമിക്കപ്പെടുകയുണ്ടായി. തകർക്കപ്പെട്ട പള്ളി പുനർനിർമിച്ചു കൊടുക്കാതിരിക്കാൻ നമ്മുടെ സംസ്കാരം നമ്മെ അനുവദിക്കുകയില്ല. എന്നാൽ കൈയേറ്റങ്ങൾക്കിരയായ അമ്പലങ്ങളുണ്ടോ പുനരുദ്ധരിക്കപ്പെടുന്നു.”
പക്ഷേ, സംഭവിച്ചത് മറിച്ചാണ്. ഒമ്പതു മാസത്തിനകം അക്രമങ്ങൾക്കിരയായ മുഴുവൻ ക്ഷേത്രങ്ങളും പാകിസ്താനിലെയും ബംഗാദേശിലെയും ഭരണകൂടങ്ങൾ പുതുക്കിപ്പണിതു. ഈ സംഭവം ഇന്ത്യയിലെ പത്രങ്ങൾ തന്നെ റിപ്പോർട്ടു ചെയ്യുകയുണ്ടായി. അവയുടെ കട്ടിംഗുകളും ഇന്ത്യാടുഡേയിലെ ലേഖനത്തിന്റെ കോപ്പിയും അയച്ചുകൊടുത്ത് പ്രതികരണമാവശ്യപ്പെട്ടുവെങ്കിലും സുഗതകുമാരി മറുപടി അയയ്ക്കാനുള്ള സന്മനസ്സു പോലും കാണിച്ചില്ല. കാരണം യാഥാർഥ്യം അവർ കണക്കുകൂട്ടിയതിൽ നിന്നും നാട്ടിൽ പ്രചരിപ്പിക്കപ്പെട്ടതിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
അന്യമതസമൂഹങ്ങളുടെ ആരാധ്യവസ്തുക്കളെ അവഹേളിക്കാനോ അവരുടെ ആരാധനാലയങ്ങളെ കൈയേറ്റം ചെയ്യാനോ ഇസ്ലാം ആരെയും അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ മുസ്ലിം നാടുകളിലെവിടെയും ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുകയോ തകർക്കപ്പെടുകയോ ഇല്ല. അഥവാ, ഏതെങ്കിലും അവിവേകികൾ അങ്ങനെ ചെയ്താൽ അവ പുനർനിർമിക്കാൻ ഇസ്ലാമിക സമൂഹവും ഭരണകൂടവും ബാധ്യസ്ഥവും പ്രതിജ്ഞാബദ്ധവുമാണ്.