Q: എന്താണ് ജിഹാദ്? മറ്റു മതസമൂഹങ്ങൾക്ക് അതൊരു ഭീഷണിയല്ലേ?
-ജോര്‍ജ്, പത്തനംതിട്ട
Answer: ജിഹാദ് എന്ന പദത്തിന്റെ ഭാഷാര്‍ഥം കഠിനമായ പ്രയാസങ്ങളോട് മല്ലിടുക, സാഹസപ്പെടുക, കഠിനമായി അധ്വാനിക്കുക, കഷ്ട നഷ്ടങ്ങളും ത്യാഗവും അനുഭവിക്കുക തുടങ്ങിയവയാണ്. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ലോകത്തും സത്യവും നീതിയും ധര്‍മവും സന്മാര്‍ഗവും മൗലികാവശ്യങ്ങളും മനുഷ്യാവകാശങ്ങളും സ്ഥാപിക്കാനും നിലനിര്‍ത്താനും നടത്തുന്ന എല്ലാ അധ്വാന പരിശ്രമങ്ങളുമാണ് ജിഹാദ്.
സാഹചര്യമാണ് ജിഹാദിന്റെ മാര്‍ഗം തീരുമാനിക്കുന്നത്. ഉപര്യുക്ത ലക്ഷ്യ സാക്ഷാത്കാരത്തിന് ഓരോ കാലത്തും ദേശത്തും പരിതസ്ഥിതിയിലും ഏറ്റവും അനുയോജ്യവും അനുവദനീയവും ഫലപ്രദവുമായ രീതിയാണ് സ്വീകരിക്കേണ്ടത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇച്ഛകളെ നിയന്ത്രിച്ചും സ്വന്തം ജീവിതത്തെ ദൈവ നിര്‍ദേശങ്ങള്‍ക്ക് അനുരൂപമാക്കി മാറ്റുന്നത് ശ്രേഷ്ഠമായ ജിഹാദാണ്. കുടുംബത്തിന്റെ ഇസ്‌ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്‌കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദില്‍ പെടുന്നു. സമൂഹത്തിന്റെ ആരോഗ്യകരമായ മാറ്റത്തിനും രാജ്യത്ത് സാമൂഹ്യനീതി പുലരുന്നതിനും നടത്തുന്ന ബോധവല്‍ക്കരണവും പ്രചാരണ പ്രവര്‍ത്തനങ്ങളും ജിഹാദ് തന്നെ.
അതിനാല്‍ ജിഹാദ് സമഗ്രമായ ഒരു പദമാണ്.നന്മക്കായി നടത്തുന്ന എല്ലാ അധ്വാനപരിശ്രമങ്ങളും അതില്‍ പെടുന്നു. ബുദ്ധിപരമായും ചിന്താപരമായുമുള്ള വിപ്ലവങ്ങളുണ്ടാക്കാനും ജനങ്ങളുടെ വികാരങ്ങളും താല്‍പര്യങ്ങളും സംസ്‌കരിക്കാനും അവരുടെ വീക്ഷണങ്ങള്‍ ദൈവിക വ്യവസ്ഥക്ക് അനുരൂപമാക്കാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങള്‍ തൊട്ട് സത്യത്തെയും അതിന്റെ വാഹകരെയും തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ചെറുത്ത് നില്‍ക്കുന്നത് വരെ ജിഹാദിന്റെ ഭാഗമാണ്.