പ്രകാശ രേഖ: രണ്ട്
-ശൈഖ് മുഹമ്മദ് കാരക്കുന്ന്
കോഴിക്കോട്ടെ മാൻ ഹാളിൽ രണ്ട് അതിഥി തൊഴിലാളികൾ അകപ്പെട്ടു. അവർ പ്രാണവായു വേണ്ടി പിടയുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവർ നൗഷാദ് മാൻ ഹാളിലിറങ്ങി. അദ്ദേഹം രണ്ടുപേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചു. അതിനിടയിൽ ശ്വാസം മുട്ടി മരിച്ചു. എല്ലാവരും അതിനെ വീരമൃത്യുവെന്ന് വിശേഷിപ്പിച്ചു. നൗഷാദിനെ മരണം ലാഭമോ നഷ്ടമോ?
ഒരു വീടിന് തീ പിടിച്ചു. അതിനകത്ത് മൂന്നുപേർ അകപ്പെട്ടു. അവരെ രക്ഷിക്കാൻ നാലു പേർ വീടിനകത്തേക്ക് ഓടിക്കയറി. നിർഭാഗ്യവശാൽ വീട് കത്തിയമർന്നു. ഏഴു പേരും വെന്തു മരിച്ചു. അവരുടെ മരണത്തെ മനുഷ്യസ്നേഹികളൊക്കെയും വാനോളം വാഴ്ത്തുന്നു. എന്നാൽ നാലുപേർ സാഹസിക ശ്രമത്തിന് മുതിർന്നിട്ടില്ലായിരുന്നുവെങ്കിൽ മൂന്നു പേരേ മരിക്കുമായിരുന്നുള്ളു. അപ്പോൾ നൗഷാദിൻറെ മരണവും ഈ നാലു പേരുടെ മരണവും ലാഭമോ നഷ്ടമോ?
ഗണിതശാസ്ത്രപരമായി നഷ്ടമാണ്. ഭൗതികാർത്ഥത്തിലും നഷ്ടം തന്നെ. കേവല യുക്തിയുടെ അടിസ്ഥാനത്തിൽ നോക്കിയാലും അങ്ങനെത്തന്നെ. അവർക്ക് ജീവിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ഭാര്യമാർ വിധവകളും മക്കൾ അനാഥരുമായി. മരണശേഷം ഒരു ജീവിതമില്ലെങ്കിൽ നൗഷാദിനും മറ്റു നാലുപേർക്കും എന്തു നേട്ടം?
എന്നിട്ടും ആരും അവരുടെ മരണം നഷ്ടമാണെന്ന് പറയുന്നില്ല. പറയാൻ ഇഷ്ടപ്പെടുന്നുമില്ല. മരണാനന്തര ജീവിതത്തിൽ വിശ്വാസമില്ലെന്ന് തറപ്പിച്ചു പറയുന്നവർ പോലും അവരുടെ മരണത്തെ രക്തസാക്ഷ്യമായും വീരമൃത്യുവായും വിശേഷിപ്പിക്കുന്നു. അതൊട്ടും നഷ്ടമല്ലെന്ന് വിലയിരുത്തുന്നു.
യഥാർത്ഥത്തിൽ മരണാനന്തരമുള്ള ജീവിതത്തെ സംബന്ധിച്ച ഏതോ തരത്തിലുള്ള ബോധമിണിതിന് കാരണം. പലരിലും ആ ബോധം അവ്യക്തമോ അസ്പഷ്ടമോ ആയിരിക്കും. പരലോകത്തിൽ വിശ്വാസമില്ലെന്ന് പറയുന്ന മതനിഷേധികളുടെ മനസ്സിൽ പോലും കർമഫലം അനുഭവിക്കുന്ന ലോകത്തെക്കുറിച്ച ബോധം പാരമ്പര്യമായി പകർന്നു കിട്ടിയത് അവ്യക്തമായെങ്കിലും നിലനിൽക്കുന്നുണ്ടായിരിക്കും. അതിനാലാണ് മനുഷ്യൻ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളും സഹിക്കുന്ന ത്യാഗങ്ങളും വൻ നഷ്ടമായും വങ്കത്തമായും വിലയിരുത്തപ്പെടാത്തത്. മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള പരാജയപ്പെടുന്ന പോരാട്ടങ്ങളും രക്ത സാക്ഷ്യങ്ങളും പാഴ് വേലകളായി കണക്കാക്കപ്പെടാത്തത്.
മരണാനന്തര ജീവിതത്തെ സംബന്ധിച്ച് ഏവരെയും ഏതോ വിധത്തിൽ സ്വാധീനിക്കുന്ന ബോധത്തിന് കൃത്യതയും പ്രാമാണികതയും നൽകുകയാണ് മതം ചെയ്യുന്നത്. അതുകൊണ്ടാണ് യഥാർത്ഥ മതവിശ്വാസികളുടെ ജീവിതത്തെ രൂപപ്പെടുത്തുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിയാമക ശക്തിയായി മതം മാറുന്നത്. മതം ആവശ്യപ്പെടുന്നതും അതുതന്നെ.