രാജ്യമൊന്നടങ്കം അടച്ചു പൂട്ടപ്പെട്ട ഈ ലോക് ഡൗൺ കാലം ദുരിതങ്ങളുടെയും പ്രതിസന്ധികളുടേതും മാത്രമല്ല, നന്മയുടെ പൂക്കൾ വിരിയുന്ന സ്നേഹ വസന്തത്തിൻ്റേതു കൂടിയാവുന്നുണ്ട്.
രാജ്യം അടച്ചു പൂട്ടിയപ്പോൾ സ്വാഭാവികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതോടനുബന്ധിച്ച ഹോസ്റ്റലുകൾക്കും താഴു വീണു.
അടുത്ത പ്രദേശങ്ങളിലെ പലരും, ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് നാടണഞ്ഞപ്പോൾ, ലക്ഷദീപിലെ അഗത്തി ദ്വീപിൽ നിന്നും മഞ്ചേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എൻട്രൻസ് പരിശീലനത്തിനായി വന്ന “ലുഖ്മാനുൽ സബ” എന്ന പെൺകുട്ടി എങ്ങോട്ടു പോകണമെന്നറിയാതെ നിസ്സഹായയായി…
അടച്ചു പൂട്ടിയ തൻ്റെ ഹോസ്റ്റലിനു മുന്നിൽ കണ്ണു നിറഞ്ഞ് ഒറ്റപ്പെട്ടു നിന്ന അവളെ മാളവിക എന്ന തൻ്റെ കൂട്ടുകാരി കൈ പിടിച്ചു അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി… മഞ്ചേരിയിലെ കോവിലകം കുണ്ട് വടക്കേതൊടി വീട്ടിലേക്ക്…
അവിടെ തൻ്റെ കൂട്ടുകാരിയുടെ അനിയത്തി കീർത്തനയ്ക്കും അമ്മയ്ക്കും അച്ഛനുമൊപ്പം അവരുടെ ഒരു മകളായി…. അവൾക്ക് അവിടെ ഒന്നിനും ഒരു തടസ്സവുമുണ്ടായില്ല….
ആ വീട്ടിൽ നിസ്കാരപ്പായ വിരിച്ച് അവൾ നമസ്കരിച്ചു… റമദാൻ മാസമായി വ്രതമെടുത്തു തുടങ്ങിയപ്പോൾ കൂട്ടുകാരിയും കുടുംബവും അവളൊത്തു വ്രതമെടുത്തു…
മത ജാതി ദേശഭേദങ്ങളെ അപ്രസക്തമാക്കുന്ന സ്നേഹത്തിൻ്റെ കൊടുക്കൽ വാങ്ങലുകളുടെ നിറഭേദങ്ങൾ കണ്ട് മനുഷ്യ സ്നേഹികളുടെ മനസ്സുനിറയുന്നുണ്ടാവും തീർച്ച!
കഴിഞ്ഞ ദിവസം “മാധ്യമം” ദിനപ്പത്രത്തിൽ ഈ മനോഹര ചിത്രം കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി… ഓരോ മുഖങ്ങളിലും വിടരുന്ന ചിരിയിൽ നിന്നും പ്രസരിക്കുന്നത് എത്ര നിഷ്കളങ്കമായ സ്നേഹമാണെന്ന് നോക്കൂ….!
മത ജാതി ചിന്തകൾ സ്പർശിക്കാത്ത സ്നേഹത്തിന് മണ്ണിൽ അമാനുഷിക ഭാവങ്ങൾ തീർക്കാനാവും…!
പൊരിവെയിലിൽ ഇളം കാറ്റായും, ദാഹിച്ചു വരണ്ടവൻ്റെ നാവിലേക്കിറ്റുന്ന തെളിനീരായും, പേമാരിയിൽ കുടയായും, ആഴക്കയങ്ങളിൽ അകപ്പെട്ടവൻ്റെ നേരെ നീളുന്ന സ്നേഹക്കരമായും, കൂരിരുട്ടിലെ നെയ്ത്തിരി നാളമായുമൊക്കെ അത് രൂപം മാറും….
ഒന്നോർത്തു നോക്കൂ എന്തൊരു ഇമ്പമുള്ള കാഴ്ചകളാവും അതൊക്കെ…
അവനവൻ്റെ മതവിശ്വാസങ്ങൾ ഉള്ളിൽ സൂക്ഷിക്കുമ്പോഴും ഒറ്റത്തട്ടിൽ, ഒറ്റക്കള്ളിയിൽ മനുഷ്യർ പരസ്പരം കൈകോർത്തു നിൽക്കുന്ന ദൃശ്യം…
ഒന്നു തളരുമ്പോൾ ചായാനായി പരസ്പരം തോളുകൾ കാട്ടിക്കൊടുക്കുന്ന മനുഷ്യർ..!
ആ ഒരു സ്നേഹം തന്നെയല്ലേ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്…!
മാളവികയോടും, അച്ഛൻ പ്രദീപ്, അമ്മ ബിന്ദു, അനിയത്തിക്കുട്ടി കീർത്തന എന്നിവരോടും ഒത്തിരിയിഷ്ടം….!
ഈ ചിത്രം ഓർമ്മയിലേക്കെത്തുമ്പോഴൊക്കെ അറിയാതെ വീണ്ടും വീണ്ടും പറഞ്ഞു പോകും ” മനുഷ്യൻ എത്ര നല്ല പദം”!
🖋️ അസ് ലം തിരൂർ