കൊവിഡ് പരത്തുന്നത് മുസ്ലിംകളാണെന്ന വംശീയാക്രമണത്തെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടി രാഖി സാവന്ത്. ഇന്ത്യൻ മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യക്തികളേയും മാധ്യമങ്ങളേയുമാണ് രാഖി സാവന്ത് വിമർശിച്ചത്. ഹിന്ദുക്കളെയും മുസ്ലിംകളെയും പരസ്പരം എതിർക്കരുത്. അങ്ങിനെ ചെയ്യുന്നവരേക്കുറിച്ച് ലജ്ജതോന്നുന്നെന്നും ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അവർ പറഞ്ഞു.
മുസ്ലിംകൾ കൊറോണയെ കൊണ്ടുവന്നുവെന്ന് അബദ്ധത്തിൽ പോലും പറയരുത്. മുസ്ലിംകൾ അത് ചെയ്തിട്ടില്ല. എല്ലാ സമുദായത്തിൽ നിന്നുമുള്ള ആളുകളെ കൊറോണ ബാധിക്കുന്നു. പരമേശ്വരനും അല്ലാഹുവിനും യേശുവിനുമെതിരേ പാപം ചെയ്തവരിൽ നിന്ന് വന്നതാണ്. ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ എന്നിവരുടേത് പോലെ ഇന്ത്യ മുസ്ലിംകളുടേതുമാണ്.
ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന മുസ്ലിംകളുടെ ശ്രമങ്ങളെ അവർ പ്രശംസിച്ചു. ഒരു മുസ്ലിം എത്രമാത്രം സഹായം നൽകുന്നുവെന്ന് നോക്കൂ. അവർ ഭക്ഷണമെത്തിക്കുകയും നിങ്ങളുടെ മൃതദേഹങ്ങൾ ചുമക്കുകയും ചെയ്യുന്നു. മുസ്ലിംകൾ ഹിന്ദുക്കളുടെ അന്ത്യകർമങ്ങൾ അടുത്തിടെ നടത്തിയ സംഭവങ്ങളെ പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു.