ഈ ലോകം കുടുസ്സുറ്റതായി മാറുമ്പോള്‍ ജീവിതത്തില്‍ നിന്ന് തന്നെയുള്ള ഒളിച്ചോട്ടമാണ് ആത്മഹത്യ. വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള അശക്തിയുടെ ഫലമാണത്. ഒരാളെ ആത്മഹത്യയിലേക്ക് എത്തിക്കുന്നതിന് പലതരം പ്രേരകങ്ങളുണ്ടാവാം. കടുത്ത അപമാനം, കൊടിയ ദാരിദ്ര്യം, താങ്ങാനാവാത്ത അതിക്രമം, അനീതിക്കും അടിച്ചമര്‍ത്തലിനും മുമ്പില്‍ അശക്തനാവല്‍ തുടങ്ങിയവയെല്ലാം അത്തരം കാരണങ്ങളാണ്. ഈ അവസ്ഥകളിലെല്ലാം തന്നെ ആത്മഹത്യ ചെയ്യുന്നവന് നിലനില്‍ക്കുന്ന ചീത്ത സാഹചര്യത്തോട് പൊരുത്തപ്പെടാനാവുന്നില്ല. അതില്‍ നിന്നുള്ള ഒളിച്ചോട്ടവും ഉള്‍വലിയലും അവന്‍ തെരെഞ്ഞെടുക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ജീവിതം മുന്നോട്ടു നയിക്കുന്നതിനേക്കാള്‍ ലഘുവായ ദോഷമായിട്ടാണ് ആത്മഹത്യയെ അത് തെരെഞ്ഞെടുക്കുന്നവന്‍ കാണുന്നത്.
ഈ ചിന്തയെ അതിന്റെ മുളയിലേ ചികിത്സിക്കുകയാണ് ഇസ്‌ലാം. രണ്ട് ദോഷങ്ങളെയും താരതമ്യം ചെയ്യുന്ന ആത്മഹത്യ തെരെഞ്ഞെടുക്കുന്നവന്റെ കാഴ്ച്ചപ്പാടില്‍ നിന്നു കൊണ്ട് തന്നെയാണത്. അതായത് മരണം ഒരിക്കലും നാശമല്ല. മറിച്ച് പരലോക ജീവിതത്തിന്റെ തുടക്കമാണ്. മരിക്കുന്നതോടെ അവസാനിക്കുന്നതായിരുന്നു ജീവിതമെങ്കില്‍ പ്രയാസകരമായ ജീവിതത്തില്‍ നിന്നുള്ള മോചനമായി ആത്മഹത്യയെ കാണാമായിരുന്നു. അപ്പോള്‍ പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ആത്മഹത്യ. പൊതുവെ ദുര്‍ബല മനസ്സിനുടമകളാണ് പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടാറുള്ളത്. എന്നാല്‍ ആ ഒളിച്ചോട്ടം കൊണ്ട് ജീവിതം അവസാനിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇസ്‌ലാമിക വീക്ഷണ പ്രകാരം വേദനകളോടും പ്രതിസന്ധികളോടും പൊരുത്തപ്പെടാനാവാത്ത ദുര്‍ബല മനസ്സിനുടമകള്‍ക്ക് പോലും ചേര്‍ന്നതല്ല ആത്മഹത്യ. കാരണം ആത്മഹത്യ ചെയ്യുന്നവന്‍ താന്‍ ഒളിച്ചോടുന്ന പ്രതിസന്ധിയേക്കാള്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് ചെന്നു പതിക്കുന്നത്. അപമാനത്തില്‍ നിന്നോ ദാരിദ്ര്യത്തില്‍ നിന്നോ അല്ലെങ്കില്‍ കൊടിയ പീഡനങ്ങളില്‍ നിന്നോ രക്ഷപ്പെടാനാണ് ഒരാള്‍ ആത്മഹത്യ ചെയ്യുന്നതെങ്കില്‍ ആത്മഹത്യക്ക് ശേഷവും അതെല്ലാം അവന്‍ അഭിമുഖീകരിക്കേണ്ടി വരുന്നു.
ആത്മഹത്യ ചെയ്തവനുള്ള ശിക്ഷയേക്കാള്‍ വേദനാജനകവും നിന്ദ്യവുമായ ശിക്ഷ ഹദീസുകളില്‍ പരാമര്‍ശിച്ചതായി കാണുന്നില്ല. ഈ ലോകത്ത് നേരിടേണ്ടി വരുന്ന പ്രതിസന്ധിയെയും പരലോകത്തെ ശിക്ഷയെയും താരതമ്യപ്പെടുത്തുകയാണതിലൂടെ.
ആത്മഹത്യ തനിക്ക് ആശ്വാസം പകരുമെന്നാണ് അത് തെരെഞ്ഞെടുക്കുന്നവന്‍ ചിന്തിക്കുന്നത്. എന്നാല്‍ ചിന്തയെ തന്നെ മാറ്റിമറിക്കുകയാണ് പ്രവാചകചര്യ. നബി(സ) പറഞ്ഞതദായി ജുന്‍ദുബ് (റ) നിവേദനം ചെയ്യുന്നു: നിങ്ങളുടെ മുമ്പുണ്ടായിരുന്നവരില്‍ ഒരാള്‍ക്ക് മുറിവ് പറ്റുകയും അയാള്‍ ഏറെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അയാള്‍ ഒരു കത്തിയെടുത്ത് തന്റെ കൈയ്യില്‍ മുറിവാക്കുകയും രക്തം വാര്‍ന്ന് മരിക്കുകയും ചെയ്തു. അയാളെ കുറിച്ച് അല്ലാഹു പറഞ്ഞു, എന്റെ അടിമ അവന്റെ ശരീരം കൊണ്ട് (മരണത്തിലേക്ക്) ധൃതി കൂട്ടി. അവന് ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. സ്വര്‍ഗം അവന് നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് പറഞ്ഞതില്‍ നിന്ന് കാലമെത്ര കഴിഞ്ഞാലും സ്വര്‍ഗം അവന് കാണാനാകില്ലെന്നാണ്.
ആത്മഹത്യ ചെയ്യുന്നവന്‍ തന്റെ മരണ വേദന പെട്ടന്ന് തന്നെ അവസാനിക്കുമെന്നാണ് ചിന്തിക്കുന്നത്. അതുകൊണ്ടാണ് ട്രെയിനിന് തലവെക്കല്‍, ഉയരമുള്ള സ്ഥലത്ത് നിന്ന് ചാടല്‍, വിഷം കഴിക്കല്‍, കഴുത്തില്‍ കുരുക്കിടല്‍ തുടങ്ങിയ ദീര്‍ഘനേരം വേദനിക്കാതെ വേഗത്തില്‍ മരണം ഉറപ്പുവരുത്തുമെന്ന് ധരിക്കുന്ന മാര്‍ഗങ്ങളവര്‍ സ്വീകരിക്കുന്നത്. ഈ ചിന്തയെ തകിടം മറിക്കുകയാണ് പ്രവാചക വചനം. അബൂഹുറൈറയില്‍ നിന്നുള്ള ഒരു നിവേദനത്തില്‍ നബി(സ) പറയുന്നു: “ഒരാള്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് തന്റെ ജീവനെടുത്തതെങ്കില്‍ നാളെ നരകത്തില്‍ നിത്യവാസിയായി അതേ ആയുധം അയാള്‍ തന്റെ വയറിലേക്ക് കുത്തിയിറക്കിക്കൊണ്ടിരിക്കും. ഒരുവന്‍ വിഷം കഴിച്ചാണ് തന്റെ ജീവന്‍ കെടുത്തിയതെങ്കില്‍ നരകത്തില്‍ നിത്യവാസിയായി ആ വിഷം പാനം ചെയ്തുകൊണ്ടേയിരിക്കേണ്ടിവരും. ഒരുവന്‍ മലയില്‍നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെങ്കില്‍ നരകത്തില്‍ നിത്യവാസിയായി ആ മലയില്‍നിന്ന് ചാടി പിടഞ്ഞ് ദുരന്തം സഹിച്ചുകൊണ്ടേ ഇരിക്കേണ്ടിവരും. ആത്മഹത്യക്ക് തെരെഞ്ഞെടുത്ത രീതി നരകത്തില്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ അതുകൊണ്ട് ജീവന്‍ നഷ്ടപ്പെടാതെ നരകത്തില്‍ ശാശ്വതനായി കഴിയേണ്ടി വരും.”
അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള മോഹം
ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവനില്‍ അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള മോഹം വളര്‍ത്തിയാണ് ഇസ്‌ലാം ആത്മഹത്യയെ പ്രതിരോധിക്കുന്നത്. അല്ലാഹു പറയുന്നു: നിങ്ങള്‍ സ്വന്തത്തെ കൊലപ്പെടുത്തരുത്, തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്.(അന്നിസാഅ്: 29) എന്തൊക്കെ ദോഷങ്ങള്‍ നിങ്ങളെ ബാധിച്ചാലും അല്ലാഹുവിന്റെ നന്മയും കാരുണ്യവും നിങ്ങളിലെപ്പോഴുമുണ്ടാകും. ഈ പ്രപഞ്ചത്തില്‍ നിങ്ങള് മാത്രമല്ല പ്രയാസങ്ങളെ അഭിമുഖീകരിക്കുന്നത്. നിങ്ങള്‍ക്കൊപ്പം കരുത്തനായ വിധികള്‍ നിര്‍ണയിക്കുന്ന ഒരു യജനമാനനുണ്ട്. നിങ്ങളുടെ പ്രയാസങ്ങളെയും ദുരിതങ്ങളെയും ദുഖങ്ങളെയും നീക്കുന്ന നല്ലവനും കാരുണ്യവാനുമാണവന്‍. അല്ലാഹുവിനെ കൂട്ടുപിടിക്കുന്ന ദാസന്റെ ഹൃദയത്തിലേക്കവന്‍ ക്ഷമയും തൃപ്തിയും ചൊരിയുന്നു.
ഐഹികലോകത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാത്തതാണ് ആത്മഹത്യ ചെയ്യുന്നവര്‍ക്ക് അതിന് പ്രേരകമാകുന്നത്. ഈ ലോകത്തെ ജീവിതം ശാന്തവും സ്വസ്ഥവും സന്തോഷപ്രദവും ആരോഗ്യകരവുമായിരിക്കുമെന്നാണ് ചിലയാളുകള്‍ ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും ജീവിതത്തില്‍ അവര്‍ പ്രതീക്ഷിക്കുന്നേയില്ല. അതിന്ന് വേണ്ടി ഒരുങ്ങാത്തതു കൊണ്ട് അതില്‍ സഹനം കൈക്കൊള്ളാനും അവര്‍ക്ക് സാധിക്കില്ല.
എന്നാല്‍ ഈ ലോകത്തെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: അവനത്രെ, ആകാശലോകത്തെയും ഭൂമിയെയും ആറു നാളുകളില്‍ സൃഷ്ടിച്ചത് അതിനുമുമ്പ് അവന്റെ സിംഹാസനം ജലത്തിന്‍ മീതെയായിരുന്നു നിങ്ങളിലേറ്റം സുന്ദരമായി കര്‍മം ചെയ്യുന്നവനാരെന്നു പരീക്ഷിക്കേണ്ടതിന്. (ഹൂദ്: 7) അതായത് അവനാണ് ആകാശഭൂമികളെ സൃഷ്ടിക്കുകയും നിങ്ങളെ പരീക്ഷിക്കുന്നതിനായി അവയെ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തി തന്നിരിക്കുന്നതും. ആരാണ് ഏറ്റവും നന്നയി പ്രവര്‍ത്തിക്കുന്നതെന്ന് അപ്പോള്‍ വ്യക്തമാകും. മനുഷ്യസൃഷ്ടിപ്പിന് പിന്നിലെ യുക്തി തന്നെ പരീക്ഷണമാണ്. അതുകൊണ്ട് തന്നെ മനുഷ്യന്‍ ഈ ലോകത്ത് പരീക്ഷണ ജീവിതമാണ് ജീവിക്കുന്നത്. ധാരാളം പ്രതിസന്ധികളും അപകടങ്ങളും നിറഞ്ഞ ദീര്‍ഘമായ പോരാട്ടമാണ് ഈ ലോകത്തെ ജീവിതമെന്നതില്‍ സംശയമില്ല. അതില്‍ വേദനകളും വിശപ്പും ദാരിദ്ര്യവും രോഗവും പ്രിയപ്പെട്ടവരുടെ മരണവുമുണ്ടാകും.
വിശ്വാസികളെ അല്ലാഹു വേദനകള്‍ കൊണ്ട് പരീക്ഷിക്കും. ചിലപ്പോഴെല്ലാം അക്രമികള്‍ക്കുണ്ടാവുന്ന വേദനകളെക്കാള്‍ കഠിനമായിരിക്കും അത്. അക്രമികളുടെ ഉപദ്രവത്തോടും സത്യത്തിന്റെ പാതയില്‍ ഉറച്ചു നിലകൊള്ളുന്നതിലും വിശ്വാസികള്‍ എവിടെയാണെന്നും ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നവരുടെ പ്രതിഫലത്തിന് അവര്‍ അര്‍ഹരാണോ എന്നും അറിയുന്നതിന് വേണ്ടിയാണത്.
വിശ്വാസവും മാനസിക നിര്‍ഭയത്വവും
ടെന്‍ഷനും മാനസിക രോഗങ്ങളും ചിലപ്പോഴെല്ലാം ആത്മഹത്യയുടെ കാരണമാകാറുണ്ട്. മനസ്സിന് സ്വസ്ഥതയും സമാധാനവും പകര്‍ന്നു നല്‍കാന്‍ ദീനിനെ പോലെ മറ്റൊന്നുമില്ല. മഹാനായ ഇബ്‌നു ഖയ്യിം പറയുന്നു: അല്ലാഹുവിനെ സ്വീകരിക്കുന്നതിലൂടെയല്ലാതെ ചിതറിക്കിടക്കുന്ന ഹൃദയം കൂട്ടിചേര്‍ക്കപ്പെടുന്നില്ല. അല്ലാഹുവിനോടുള്ള ഇണക്കമല്ലാതെ അതിന്റെ ഏകാന്തത നീക്കുകയില്ല. അവനെ കുറിച്ച അറിവില്‍ നിന്നും അവനോടുള്ള ഇടപഴകലിലെ സത്യസന്ധതയില്‍ നിന്നുമുണ്ടാകുന്ന സന്തോഷം കൊണ്ടല്ലാതെ അതിലെ ദുഖം ഇല്ലാതാവുകയില്ല. അവന്റെ കല്‍പനയിലും വിലക്കുകളിലും വിധിയിലുമുള്ള തൃപ്തികൊണ്ടല്ലാതെ അതിലെ ദുഖത്തിന്റെ തീനാളങ്ങള്‍ അണക്കപ്പെടുകയില്ല.
വിശ്വാസം പകര്‍ന്നു നല്‍കുന്ന മനസ്സിന്റെ സമാധാനത്തെ ഡോ. യൂസുഫുല്‍ ഖറദാവി വിശേഷിപ്പിക്കുന്നു: അല്ലാഹുവില്‍ നിന്നുള്ള ചൈതന്യവും വെളിച്ചവുമാണത്. ഭയപ്പെടുന്നവനത് സമാധാനം നല്‍കുന്നു, അസ്വസ്ഥപ്പെടുന്നവനത് സ്വസ്ഥത നല്‍കുന്നു, ദുഖിതനത് സമാശ്വാസം നല്‍കുന്നു, ക്ഷീണിതനത് ആശ്വാസം നല്‍കുന്നു, ദുര്‍ബലനെയത് ശക്തിപ്പെടുത്തുന്നു, പരിഭ്രാന്തനായവനത് വഴികാണിക്കുന്നു.
മനുഷ്യന് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം പറയുന്നു: മനുഷ്യപ്രകൃതത്തിലുള്ള ആ വിടവ് സംസ്‌കാരം കൊണ്ടോ തത്വശാസ്ത്രം കൊണ്ടോ നികത്തപ്പെടുകയില്ല. അല്ലാഹുവിലുള്ള വിശ്വാസത്തിന് മാത്രമേ അത് നികത്താനാവൂ.
മാനസികരോഗ ക്ലിനിക്കുകളുടെ വിശകലന പ്രകാരം മാനസിക പ്രശ്‌നങ്ങളനുഭവിക്കുന്നവര്‍ സാമൂഹിക ഇടപെടലുകള്‍ നടത്തണമെന്നാണ് പറയുന്നത്. അവര്‍ ആളുകളുമായി സഹവസിക്കണമെന്നത് ഒരു സാമൂഹിക തത്വമാണ്. അവര്‍ക്കുള്ള ചികിത്സയുടെ ഭാഗമാണത്. ഇസ്‌ലാം വ്യത്യസ്ത തലങ്ങളില്‍ അതിന് ഊന്നല്‍ നല്‍കുന്നത് കാണാം. കുടുംബബന്ധം ചേര്‍ക്കല്‍, കുടുംബങ്ങളെ സന്ദര്‍ശിക്കല്‍, രോഗീ സന്ദര്‍ശനം, മരണവീട്ടിലെ അനുശോചനം, ജനാസ സംസ്‌കരണം, ജമാഅത്ത് നമസ്‌കാരം തുടങ്ങിയവ അതിനുള്ള വഴിയാണ് തുറക്കുന്നത്. ഇസ്‌ലാമിലെ കുടുംബ സങ്കല്‍പം അണുകുടുംബ സങ്കല്‍പമല്ല, മറിച്ച് കൂട്ടുകുടുംബമാണ്. അപ്രകാരം ഒരാള്‍ ഒറ്റക്ക് ഉറങ്ങുന്നത് ഇസ്‌ലാം വിലക്കുന്നത് കാണാം. ഇബ്‌നു ഉമര്‍(റ) പറയുന്നു: ഏകാന്തത വിലക്കപ്പെട്ടിരിക്കുന്നു: ഒരാള്‍ ഒറ്റക്ക് ഉറങ്ങുകയോ ഒറ്റക്ക് യാത്ര നടത്തുകയോ ചെയ്യുന്നത്.