ഖുര്‍ആനില്‍ അബദ്ധങ്ങളുണ്ടെന്നും അതിനാല്‍ അത് ദൈവികമല്ലെന്നും വരുത്തിത്തീര്‍ക്കുന്നതിനായി വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു ആരോപണമാണ്, ‘ഖുര്‍ആനിലെ ഭൂമി പരന്നതാണ്’ എന്ന വാദം. ഇതിനവര്‍ ഖുര്‍ആനില്‍ നിന്ന് തെളിവായുദ്ധരിക്കുന്ന വചനങ്ങള്‍ കാണുക.
”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥന്). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്‌കൊണ്ട് നിങ്ങള്‍ സമന്‍മാരെ ഉണ്ടാക്കരുത്.” (2:22)
”ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!”(51:48).
”അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു.” (71:19)
”ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്” (88:20).
ഈ വചനങ്ങളും സമാനമായ മറ്റു ചില വചനങ്ങളുമുദ്ധരിച്ച് ‘ഖുര്‍ആനിലെ ഭൂമി പരന്നതാണ്’ എന്നാണ് വാദം.
എന്നാല്‍, ഭൂമിയെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലെ മറ്റു ചില പരാമര്‍ശങ്ങള്‍ നോക്കൂ.
”അതെ, നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ക്കവിടെ പാതകളുണ്ടാക്കിത്തരികയും ചെയ്തവന്‍.” (43:10)
”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (20:53)
ഈ വചനങ്ങളില്‍ നിന്ന് ‘ഖുര്‍ആനിലെ ഭൂമി തൊട്ടിലിന്റെ ആകൃതിയോടെ തൂങ്ങി നില്‍ക്കുന്നതാണ്’ എന്ന് വിമര്‍ശകര്‍ വാദിക്കുമോ? എന്താണ് വസ്തുത?
വിമര്‍ശകരുദ്ധരിക്കാറുള്ള സൂറത്ത് ഗാശിയയിലെ ഇരുപതാം വചനം പരിശോധിക്കുക. ”ഭൂമിയിലേക്ക് അവര്‍ നോക്കുന്നില്ലേ?…” എന്ന് ഖുര്‍ആന്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് ആരോടാണ്? ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരോടാണ്. ‘ബഹിരാകാശത്ത് ചെന്ന് ഭൂമിയെ നോക്കുന്നില്ലേ?’ എന്നല്ല ഇവിടെ ഖുര്‍ആന്‍ ചോദിക്കുന്നത്.
ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് ഭൂമിയുടെ പരപ്പാണ് അനുഭവപ്പെടുന്നത്. ഈ സവിശേഷതയാണ് ഖുര്‍ആന്‍ എടുത്തു പറയുന്നത്. ഭൂമിയിലെ മനുഷ്യന് ആപേക്ഷികമായി ഭൂമി പരന്നതാണ് എന്നര്‍ഥം.
പ്രകൃതിപ്രതിഭാസങ്ങളെ മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുടെ ഭാഗമായാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. സൂറതുല്‍ ബഖറയിലെ വചനം 22-ല്‍ പറയുന്ന കാര്യങ്ങള്‍ ‘ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു തന്നവന്‍’, ‘അതുമുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കാനാവശ്യമായ കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തന്നവന്‍.’ ഇവിടെയെല്ലാം അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളുടെ ഭാഗമായി പ്രകൃതിപ്രതിഭാസങ്ങളെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. അതുപോലെ ഭൂമിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ‘നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ വിരിപ്പാക്കി’ (71:19), ‘നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കി’ (43:10). ഇവിടെയെല്ലാം മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളാണ് എടുത്തു പറയുന്നത്. ഒരു വിരിപ്പുപോലെ മനുഷ്യന് സുഖകരമായ ജീവിതത്തിന് സൗകര്യമൊരുക്കുന്ന ഭൂമി ഒരു തൊട്ടില്‍ ശിശുവിന് നല്‍കുന്ന സുരക്ഷപോലെ മനുഷ്യര്‍ക്ക് സുരക്ഷയേകുകയും ചെയ്യുന്നു.
ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് ആപേക്ഷികമായി ഭൂമിയുടെ പരപ്പ് എടുത്തു പറയുന്ന ഖുര്‍ആന്‍ പ്രപഞ്ചത്തിലെ മറ്റൊരു ഗോളത്തിന് ആപേക്ഷികമായി അഥവാ സൂര്യന് ആപേക്ഷികമായി പറയുമ്പോള്‍ ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു.
”ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ഥ്യപൂര്‍വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.”(39:5)
ഭൂമിയുടെ ഗോളാകൃതിയുമായി ബന്ധപ്പെട്ട പ്രകൃതിപ്രതിഭാസമാണല്ലോ രാപ്പകലുകളുടെ മാറ്റം. ഇതിനു നിമിത്തം സൂര്യനാണ്. ‘രാത്രിയെക്കൊണ്ട് പകലിന്മേലും പകലിനെക്കൊണ്ട് രാത്രിമേലും ചുറ്റുന്നു'(യുകവ്വിറുല്ലൈല അലന്നഹാരി വ യുകവയുകവ്വിറുന്നഹാറ അലല്ലൈല്‍) എന്ന പ്രസ്താവനയിലൂടെ ഭൂമിയുടെ ആകൃതിയെക്കുറിച്ച് ഖുര്‍ആന്‍ കൃത്യമായ സൂചന നല്‍കുന്നു.
ഇനി ചിലരുടെ ചോദ്യം അല്ലാഹുവിന് പ്രൈമറി സ്‌കൂളുകളിലെ പാഠപുസ്തകങ്ങളിലേതുപോലെ ”ഭൂമി ഒരു ഗോളമാകുന്നു” എന്നു പറഞ്ഞു കൂടായിരുന്നോ എന്നായിരിക്കും. ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല എന്നാണ് അതിനുള്ള ഉത്തരം. ശാസ്ത്രകാര്യങ്ങള്‍ വിശദീകരിക്കുക അതിന്റെ ലക്ഷ്യവുമല്ല. മതപരമായ കര്‍മകാര്യങ്ങള്‍ പോലും ഖുര്‍ആനില്‍ വിശദീകരിച്ചിട്ടില്ല. അഞ്ചു നേരത്തെ നമസ്‌കാരങ്ങളുടെ രൂപം, റക്അതുകള്‍, മറ്റു നിബന്ധനകള്‍ ഇവയൊന്നും തന്നെ ഖുര്‍ആനില്‍ വിശദീകരിച്ചിട്ടില്ല. അത്തരം വിശദീകരണങ്ങള്‍ക്ക് ഹദീഥുകളെയും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെയും ആശ്രയിക്കുകയാണ് മുസ്ലിംകള്‍ ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ ശാസ്ത്രകാര്യങ്ങളോ ചരിത്രങ്ങളോ ഒന്നും വിശദീകരിക്കുകയെന്നത് ഖുര്‍ആനിന്റെ രീതിയല്ല.
എന്നാല്‍, അറിവിന്റെ ഏതു മാനദണ്ഡമുപയോഗിച്ച് പരിശോധിച്ചാലും ഖുര്‍ആനില്‍ അതിസൂക്ഷ്മമായ ഒരബദ്ധംപോലുമുള്ളതായി വസ്തുനിഷ്ഠമായി തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം.
നവനാസ്തികരുടെ വിമര്‍ശനം
‘യുകവ്വിറു’ എന്ന പ്രയോഗവുമായി ബന്ധപ്പെട്ട് ഭൗതികവാദികള്‍ വിമര്‍ശനമുന്നയിക്കാറുണ്ട്. ‘ഖുര്‍ആനിലെ ഭൂമിയെ കഴിഞ്ഞ 50-100 വര്‍ഷങ്ങളായിട്ട് ഇസ്ലാമിക പ്രബോധകര്‍ ഉരുട്ടിക്കൊണ്ടിരിക്കുകയാണ്’ എന്നാണ് ഈയടുത്ത് കേരളത്തിലെ പ്രമുഖനായൊരു ഭൗതികവാദി ‘മിറാക്കുള’ എന്ന പരിപാടിയില്‍ പറഞ്ഞത്! മെഗല്ലന്റെ സമുദ്രയാത്രയ്ക്ക് ശേഷമാണ് ‘യുകവ്വിറു’ എന്ന പ്രയോഗത്തെ വ്യാഖ്യാനിച്ച് മുസ്ലിംകള്‍ ഖുര്‍ആനിലെ പരന്ന ഭൂമിയെ ഉരുട്ടാന്‍ തുടങ്ങിയത് എന്നാണ് മറ്റൊരു വിമര്‍ശനം. തീര്‍ത്തും അടിസ്ഥാന രഹിതമായ വിമര്‍ശനങ്ങളാണിവയെല്ലാം. സി.ഇ 1519-ലായിരുന്നുവല്ലോ മെഗല്ലന്റെ സമുദ്രയാത്ര. അതിന് അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഇബ്‌നു ഹസം (റ) ജീവിച്ചിരുന്നത്. ഇബ്‌നു ഹസം (റ) ഖുര്‍ആനിലെ ഈ വചനത്തെ(39:5) അടിസ്ഥാനമാക്കി ഭൂമിക്ക് ഗോളാകൃതിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആധുനിക കാലത്തെ പ്രമുഖ പണ്ഡിതന്‍ ഇബ്‌നു ഉഥൈമീന്‍ പറയുന്നു:
”ഖുര്‍ആനിന്റെയും യാഥാര്‍ഥ്യത്തിന്റെയും ശാസ്ത്രീയ വീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഭൂമി ഗോളാകൃതിയിലാണ്.
ഈ ഖുര്‍ആന്‍ വചനമാണതിന് തെളിവ്.
”ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ഥ്യപൂര്‍വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.'(39:5)
ഇവിടെ യുകവ്വിര്‍ (ചുറ്റിപ്പൊതിയുന്നു) എന്നതിന്റെ ആശയം തലപ്പാവ് പോലെ എന്തെങ്കിലും ചുറ്റുക എന്നാണ്. രാവും പകലും ഭൂമിയില്‍ പരസ്പരം ചുറ്റുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് ഭൂമി ഗോളാകൃതിയിലാണെന്ന് സൂചിപ്പിക്കുന്നു. കാരണം, ഒന്നിനെക്കൊണ്ട്(രാത്രിയെക്കൊണ്ട്) മറ്റൊന്നിനെ(പകലിനെ) ചുറ്റുകയാണെങ്കില്‍ അത് ചുറ്റുന്നത് ഭൂമിയിലൂടെയാണ്. അപ്പോള്‍ ഭൂമി ഗോളാകൃതിയിലായിരിക്കണം.”