ബദ്ര്‍ യുദ്ധം കഴിഞ്ഞു. റസൂലിനും തിരുസഖാക്കള്‍ക്കും നൂറുകൂട്ടം കാര്യങ്ങള്‍ അടിയന്തരമായി ചെയ്തു തീര്‍ക്കാനുണ്ട്. അതിനിടെ ഓരോരുത്തരായി വന്നു തിരുമേനിയോട് തങ്ങളുടെ യുദ്ധാനുഭവങ്ങള്‍ വിവരിച്ചുകൊണ്ടിരിക്കുന്നു.
മുജദ്ദറു ബ്‌നു സിയാദ് തിരുമേനിയുടെ മുന്നില്‍ വന്നു നിന്നു. വസ്ത്രത്തിനു പുറത്ത് കാണുന്ന ശരീരഭാഗങ്ങളില്‍ അവിടവിടെ യുദ്ധമേല്‍പിച്ച മുറിപ്പാടുകള്‍ കാണാം. യുദ്ധം ജയിച്ച സന്തോഷം ഉള്ളില്‍ തുളുമ്പുന്നുണ്ടെങ്കിലും, മുഖത്ത് നനുത്ത ദുഃഖമാണു തെളിയുന്നത്. ‘തിരുദൂതരേ!’ മുജദ്ദര്‍ പറഞ്ഞുതുടങ്ങി: ‘അബുല്‍ ബുഖ്തരിയ്യുബ്‌നു ഹിശാമിനെ നേരിടേണ്ടിവന്നത് എനിക്കാണ്. എന്റെ മുന്നില്‍ വാളുമായി വന്നപ്പോഴെല്ലാം ഞാന്‍ അയാളെ ഒഴിവാക്കിക്കൊണ്ടിരുന്നു. അന്നേരം അയാള്‍ ചോദിച്ചു: താങ്കള്‍ എന്താണ് എന്നോട് പോരിനു വരാത്തത്?’
‘യുദ്ധവേദിയില്‍ കണ്ടുമുട്ടിയാല്‍ താങ്കളെ വധിക്കരുതെന്ന് ഞങ്ങള്‍ക്ക് നബി തിരുമേനി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്’ എന്ന് ഞാന്‍ അയാളോടു പറഞ്ഞു.
‘എന്റെ കൂടെ സുഹൃത്ത് ജിനാദ ബ്‌നു മലീഹയുമുണ്ട്, അയാളെയും പരിഗണിക്കുമോ?’
‘സുഹൃത്തിന്റെ കാര്യം റസൂല്‍ പറഞ്ഞിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ അയാളെ തീര്‍ച്ചയായും പരിഗണിക്കുകയില്ല.’
‘എങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് പടവെട്ടിക്കൊള്ളാം. ആപത്ഘട്ടത്തില്‍ സ്വജീവന്‍ രക്ഷിക്കാന്‍ സുഹൃത്തിനെ കൈവെടിഞ്ഞു എന്ന് മക്കയിലെ പെണ്ണുങ്ങള്‍ പഴിപറയുന്നത് കേള്‍ക്കാന്‍ എനിക്കാവില്ല.’
‘ഇതും പറഞ്ഞ് അയാള്‍ എന്നോട് സംഘട്ടനത്തിന് ഒരുമ്പെട്ടുവന്നു. അപ്പോള്‍, എങ്ങനെയെങ്കിലും അയാളെ ബന്ധനസ്ഥനാക്കി താങ്കളുടെ മുമ്പില്‍ കൊണ്ടുവരാനായി എന്റെ ശ്രമം. അതും ഫലിച്ചില്ല. ഒടുവില്‍ ആത്മരക്ഷാര്‍ഥം എനിക്കയാളെ വധിക്കേണ്ടിവന്നു റസൂലേ.’ മുജദ്ദര്‍ പറഞ്ഞുനിര്‍ത്തി. അയാള്‍ വിതുമ്പുന്നുണ്ടായിരുന്നു.
‘ഇക്കാര്യത്തില്‍ താങ്കളെ നാം കുറ്റപ്പെടുത്തുകയില്ല. അബുല്‍ ബുഖ്തരിയോടു നമുക്കുണ്ടായിരുന്ന വലിയ കടപ്പാട് ഓര്‍ത്താണ് നാം അങ്ങനെ നിര്‍ദേശം നല്‍കിയിരുന്നത്’- റസൂല്‍ പ്രതികരിച്ചു.
എന്തായിരുന്നു റസൂലിനും മുസ്ലിംകള്‍ക്കും അയാളോടുള്ള കടപ്പാട്? അബുല്‍ ബുഖ്തരി ആരാണെന്ന് അറിയുന്ന ആര്‍ക്കും ക്ഷണത്തില്‍ സംഭവത്തിന്റെ പൊരുള്‍ മനസ്സിലാവും.
ഉന്നതമായ മാനുഷിക നന്മകള്‍ ജീവിതത്തില്‍ സൂക്ഷിച്ചു പരിപാലിച്ചിരുന്ന ഖുറൈശീ പ്രമുഖനായിരുന്നു അബുല്‍ബുഖ്തരി. ഇസ്‌ലാമിന്റെ തുടക്കം മുതലേ അയാള്‍ റസൂലിനെയോ മുസ്‌ലിംകളെയോ ഉപദ്രവിച്ചിരുന്നില്ല. മാത്രമല്ല, പലപ്പോഴും ശത്രുക്കളുടെ കൈയേറ്റങ്ങള്‍ക്കെതിരെ നിലകൊള്ളുകയും ചെയ്തു. അബുല്‍ബുഖ്തരിയുടെ മാനുഷിക സമീപനം ഏറ്റവും ഉജ്ജ്വലമായി കണ്ടത്, നബിതിരുമേനിയെ വധിക്കാന്‍ വിട്ടുകിട്ടാത്തതിന്റെ പേരില്‍, റസൂല്‍ തിരുമേനിയുടെ അടുത്ത കുടുംബങ്ങളായ ബനൂ ഹാശിമിനും ബനൂമുത്ത്വലിബിനും എതിരെ ഖുറൈശികള്‍ ഏര്‍പ്പെടുത്തിയ ക്രൂര ബഹിഷ്‌കരണ കാലത്താണ്.
‘അവരോട് മിണ്ടരുത്; കൂടി ഇരിക്കരുത്. അവരോട് വാങ്ങരുത്. അവര്‍ക്ക് വില്‍ക്കരുത്. അവരില്‍നിന്ന് വിവാഹം കഴിക്കരുത്. അവര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കരുത്…….’ പോരാത്തതിന്, ‘ബഹിഷ്‌കരണ ദുരിതബാധിതരോട് യാതൊരു കാരണവശാലും ദയ തോന്നരുത്’ എന്ന ഒരു വ്യവസ്ഥ കൂടി അന്ന് അവര്‍ അതില്‍ എഴുതിച്ചേര്‍ത്തു. അങ്ങനെയൊരു സാമൂഹിക, സാമ്പത്തിക ബഹിഷ്‌കരണം ഇതഃപര്യന്തമുള്ള ലോകചരിത്രത്തില്‍ നടാടെയായിരുന്നു. ഈ നടപടിയില്‍ ബഹിഷ്‌കൃതര്‍ വല്ലാതെ വലഞ്ഞു. നിരീക്ഷകരുടെ ദൃഷ്ടിയില്‍പെടാതെ കക്ഷത്തില്‍ ഒതുങ്ങുന്ന ഭക്ഷ്യവസ്തുക്കള്‍ തിരുമേനിക്ക് വല്ലപ്പോഴും സൂത്രത്തില്‍ എത്തിച്ചുകൊടുക്കുന്ന ഹസ്രത്ത് ബിലാലിന്റെ നിസ്സഹായത നിറഞ്ഞ ചിത്രം കണ്ണീരോടെയല്ലാതെ ഓര്‍ക്കാന്‍ ആര്‍ക്കു കഴിയും!
ബഹിഷ്‌കരണത്തിന് മൂന്നാണ്ട് തികയാറായ ഒരു ദിവസം നിശാവേളയില്‍, ഖദീജയുടെ സഹോദരപുത്രനായ ഹകീമുബ്‌നു ഹിസാം കുറച്ച് ഭക്ഷ്യവസ്തുക്കളുമായി ബഹിഷ്‌കൃതരുടെ സമീപത്തെത്തി. അബൂജഹ്ല്‍ തടഞ്ഞു. അന്നേരം അബുല്‍ ബുഖ്തരി രംഗത്തെത്തി. അയാള്‍ അബൂജഹ്ലിനോട് കയര്‍ത്തുകൊണ്ട് ചോദിച്ചു: ‘ഒരാള്‍ കരുണ വിചാരിച്ചു തന്റെ പിതൃസഹോദരിക്ക് വിശപ്പകറ്റാന്‍ വല്ലതും കൊടുക്കുന്നതും താങ്കള്‍ തടയുകയോ?’ അബൂജഹ്ല്‍ വിട്ടില്ല. അന്നേരം കൈയില്‍ കിട്ടിയ എന്തോ എടുത്ത്, അബൂജഹ്‌ലിന്റെ പ്രായം മറന്ന്, അബുല്‍ ബുഖ്തരിക്ക് അയാളെ പ്രഹരിക്കേണ്ടിവന്നു. ഒരു ചവിട്ടും വെച്ചു കൊടുത്തു (അബൂജഹ്‌ലിന്റെ പുത്രന്‍ ഇക്‌രിമക്ക് നബിതിരുമേനിയേക്കാള്‍ മൂന്നു വയസ്സ് കുറവേ ഉണ്ടായിരുന്നുള്ളൂ എന്നതില്‍നിന്ന് അയാളുടെ പ്രായം മനസ്സിലാക്കാന്‍ കഴിയും). പിന്നീട്, ആ കിരാത ബഹിഷ്‌കരണത്തിനെതിരെ പൊതുജനാഭിപ്രായം സംഘടിപ്പിച്ച്, അത് അവസാനിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയ ആറു പേരില്‍ ഒരാളും അബുല്‍ബുഖ്തരി തന്നെയായിരുന്നു.
ഇങ്ങനെയെല്ലാമുള്ള അബുല്‍ബുഖ്തരി ജീവിച്ചത് പൂര്‍ണമായി വിഗ്രഹാരാധകനും ബഹുദൈവവിശ്വാസിയുമായിട്ടു തന്നെയായിരുന്നു. എന്നിട്ടും, മുസ്ലിംകളുടെ കൈയാല്‍ അയാള്‍ വധിക്കപ്പെടരുതെന്ന് റസൂല്‍ അദമ്യമായി ആഗ്രഹിക്കുന്നു. അദ്ദേഹം സമൂഹത്തില്‍ തുടര്‍ന്നും ജീവിക്കേണ്ടയാളാണെന്ന് റസൂല്‍ അനുയായികളെ പഠിപ്പിക്കുന്നു. ബദ്‌റിനോടനുബന്ധിച്ചു തന്നെ നബിതിരുമേനിയുടെ ഇതിനേക്കാള്‍ ചേതോഹരമായ, മറ്റൊരു പ്രതികരണം കൂടി ഉദ്ധരിക്കാന്‍ നമുക്ക് കഴിയും.
സംഘട്ടനം അവസാനിക്കുമ്പോള്‍, ഖുറൈശികളില്‍ പ്രധാനികളായ എഴുപത് പേര്‍ യുദ്ധത്തടവുകാരായി മുസ്ലിംകളുടെ അധീനതയില്‍ ഉണ്ടായിരുന്നു. നടാടത്തെ അനുഭവമായിരുന്നതിനാല്‍ അവരെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ സുദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. ഖുറൈശികളാകട്ടെ, കൊല്ലപ്പെട്ടവരുടെ പേരില്‍ അനുശോചന ചടങ്ങുകള്‍ സംഘടിപ്പിക്കേണ്ടെന്നും, തടവുകാരെ മോചിപ്പിക്കാന്‍ മോചനദ്രവ്യവുമായി പെട്ടെന്ന് മുസ്‌ലിംകളെ സമീപിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. ഇത് രണ്ടും മുസ്‌ലിംകളെ സന്തോഷിപ്പിക്കുമെന്നും മുസ്‌ലിംകളുടെ വിലപേശല്‍ ശേഷി കൂട്ടുമെന്നും അവര്‍ ഭയന്നു. ഈ സന്ദര്‍ഭത്തിലെ ഒരു ചര്‍ച്ചാവേളയില്‍ നബി തിരുമേനി അല്‍പം വികാര പാരവശ്യങ്ങളോടെ പറഞ്ഞു: ”ഇപ്പോള്‍ മുത്വ്ഇമുബ്‌നു അദിയ്യ് ജീവിച്ചിരിക്കൂകയും, അദ്ദേഹം ഈ ബന്ധനസ്ഥരുടെ കാര്യത്തില്‍ നമുക്ക് ഒരു ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ നാം അത് അംഗീകരിച്ചേനെ.”
‘ഇവരെയെല്ലാം മുത്വ്ഇമിനു വിട്ടുകൊടുത്തേനെ’ എന്നാണ് ബുഖാരിയിലും മറ്റും കാണുന്നത്.
ആരായിരുന്നു നബി തിരുമേനിയുടെ ‘കരളു കവര്‍ന്ന’ ഈ മുത്വ്ഇം എന്ന് നോക്കൂ ! തിരു പലായനത്തിനു ശേഷം, മക്കയില്‍ ബഹുദൈവ വിശ്വാസിയായി മരിച്ചുപോയ ഒരു നല്ല മനുഷ്യന്‍! ഇന്നത്തെ ഭാഷയോട് ഒപ്പിച്ചു പറഞ്ഞാല്‍, അങ്ങേയറ്റം മാന്യനും പ്രമാണിയുമായ ഒരു പൊതുപ്രവര്‍ത്തകന്‍! തിരുമേനിയുടെ, എന്നുവെച്ചാല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കാര്യത്തില്‍ രണ്ടുമൂന്ന് നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ സദുദ്ദേശ്യക്കാരന്‍. ഖുറൈശികള്‍ അടിച്ചേല്‍പ്പിച്ച ബഹിഷ്‌കരണം റദ്ദ് ചെയ്യാന്‍ മുന്നിട്ടിറങ്ങിയ ആറു പേരിലൊരാള്‍ ഇദ്ദേഹമായിരുന്നു.
ഹ. ഖദീജയുടെയും അബൂത്വാലിബിന്റെയും മഹാനിര്യാണങ്ങള്‍ക്കു ശേഷം, സഹായാര്‍ഥനയും പ്രബോധനദൗത്യവുമായി ത്വാഇഫിലേക്കു പോയ പ്രവാചകന്‍, മക്കയിലേക്ക് തിരിച്ചു പ്രവേശിക്കാന്‍ സുരക്ഷാ അഭ്യര്‍ഥനയുമായി (ജിവാര്‍) സുഹൈലുബ്‌നു അംറിനെയും മക്കയിലെ മറ്റൊരു പ്രമുഖനെയും സൈദുബ്‌നു ഹാരിസ മുഖേന സമീപിച്ചു. അവര്‍ രണ്ടു പേരും ഗോത്ര മര്യാദകളുദ്ധരിച്ച് അഭ്യര്‍ഥന നിരസിച്ചപ്പോള്‍, സഹായത്തിനു എത്തിയത് മുത്വ്ഇം ആയിരുന്നു. അന്ന് മുത്വ്ഇമിന്റെ മറുപടിയും കാത്ത് ഹിറാ പര്‍വതത്തിന് അടുത്ത് ആകാംക്ഷയോടെ നിന്നിരുന്ന പ്രവാചകനെ, തന്റെ മക്കളെയും ബന്ധുക്കളായ യുവാക്കളെയും പടച്ചട്ടയണിയിച്ച് അണിനിരത്തി എതിരേറ്റ്, കഅ്ബാ പരിസരത്ത് വെച്ച് മുത്വ്ഇം അഭയദാന പ്രഖ്യാപനം നടത്തി. ‘താങ്കള്‍ മുഹമ്മദിന്റെ മതത്തില്‍ ചേര്‍ന്നു എന്നോ, അതോ മുഹമ്മദിന് അഭയം നല്‍കി എന്നോ എന്താണ് ഞങ്ങള്‍ മനസ്സിലാക്കേണ്ടത്?’ എന്ന് പരസ്യമായി ചോദ്യം ഉയര്‍ത്തിയ അബൂജഹ്‌ലിനോട് ‘ഇല്ല ഞാന്‍ അഭയം നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ’ എന്ന് പറഞ്ഞുകൊണ്ട് തന്റെ വിശ്വാസ നിലപാട് ഉറപ്പിക്കുന്നുണ്ട് മുത്വ്ഇം.
മുസ്‌ലിംകള്‍ കൂട്ടത്തോടെ മക്ക വെടിഞ്ഞ് മദീനയിലേക്ക് ഹിജ്‌റ പോവുകയും, അവസാനം തിരുദൂതരും ഒളിച്ചു പോകുമ്പോള്‍, ഖുറൈശികളെ ഒന്നടങ്കം കുറ്റപ്പെടുത്തുന്ന മുത്വ്ഇമിനെയും ചരിത്രത്തില്‍ കാണാം.
കാലം മാറി ദേശം മാറി, ആ നല്ല മനുഷ്യന്‍ കഥാവശേഷനായി. അതിനു ശേഷവും ഇസ്‌ലാമികരാഷ്ട്രത്തിന്റെ സാരഥിയായ നബി തിരുമേനി, അദ്ദേഹത്തിന് ആദരം ചൊരിയുന്നു! ആ മര്യാദ അനുയായികളെ പഠിപ്പിക്കുന്നു! നാനാമതസ്ഥര്‍ ഒത്തുപാര്‍ക്കുന്ന നമ്മുടേതു പോലുള്ള ഒരു നാട്ടിലെ ഭരണകര്‍ത്താക്കള്‍ക്കും ഭരണീയര്‍ക്കും എന്തുമാത്രം വിലപ്പെട്ട സന്ദേശങ്ങളാണ് ഇവ കൈമാറുന്നത്! അന്യമതവിദ്വേഷത്തിന്റെ പേരില്‍, നാടാകെ വെറുപ്പ് വിതരണം ചെയ്യുന്നവരുടെ അറിവിലേക്കായി ഇതാ ആ ചരിത്രത്തിന്റെ ബാക്കി ശകലം കൂടി: ബഹുദൈവവിശ്വാസത്തില്‍ അടിയുറച്ചു ജീവിച്ച മുത്വ്ഇമിന്റെ മരണവാര്‍ത്ത മദീനയില്‍ എത്തുമ്പോള്‍, റസൂല്‍ തിരുമേനി ഏതാനും സഖാക്കളോടൊപ്പം ഇരിക്കുകയായിരുന്നു. ആ വാര്‍ത്ത സദസ്സില്‍ ശോകം പരത്തി. കൂട്ടത്തിലുണ്ടായിരുന്ന, അനുഗൃഹീത കവിയും മികച്ച പോരാളിയുമായ അബ്ദുല്ലാഹിബ്‌നു റവാഹ പറഞ്ഞു: എന്റെ മനസ്സില്‍ ഒരു ശോക കവിത വിരിയുന്നു; ഞാനത് ചൊല്ലാം. അങ്ങനെ പ്രവാചകന്റെ അനുമതിയോടെ, പരേതന്റെ ശ്രേഷ്ഠ ഗുണങ്ങള്‍ ആവര്‍ത്തിച്ചു വാഴ്ത്തിക്കൊണ്ട് അബ്ദുല്ലാഹിബ്‌നു റവാഹ ഒരനുശോചന കവിത ചൊല്ലി..