ഞാന്‍ ഒരു ആശ്രമവിദ്യാലയത്തിലാണ് വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കിയത്. ക്രൈസ്തവ സമൂഹത്തെയും ഹിന്ദു സമൂഹത്തെയും ഏറെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം സമൂഹത്തെക്കുറിച്ചും അടുത്തറിയാനും മനസ്സിലാക്കാനും അടുത്ത നാള്‍ വരെ ഭാഗ്യമുണ്ടായിരുന്നില്ല. സമീപ കാലത്ത് ഗുരുവായൂരിലെ ചില സഹോദരന്മാരിലൂടെയാണ് പ്രഥമമായി ഇസ്‌ലാമിനെക്കുറിച്ച് അറിയുന്നത്.
ഞാന്‍ ഖുര്‍ആന്‍ ആദ്യമായി കണ്ടത് മുതുവട്ടൂര്‍ മഹല്ലില്‍ നടത്തിയ ‘സ്‌നേഹ വിരുന്നില്‍’ ആണ്. അന്ന് ആ പരിപാടിയില്‍ ഞങ്ങള്‍ രണ്ട് സിസ്റ്റേഴ്‌സ് പങ്കെടുത്തു. മുസ്‌ലിം പള്ളിയിലേക്ക് തങ്ങളെ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെടുത്തിയത്, ഒരു രൂപം പോലും പള്ളിയില്‍ ഇല്ല. ദൈവസാന്നിധ്യം മാത്രം! എങ്ങനെയാവും ഇവര്‍ പ്രാര്‍ഥിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. പ്രതീകങ്ങളും പ്രതിമകളും ഇല്ലാത്ത ദേവാലയത്തില്‍, താന്‍ കാണുന്നില്ലെങ്കിലും തന്നെ കാണുന്നു എന്ന വിശ്വാസത്തില്‍ മസ്ജിദുകളില്‍ ദൈവത്തെ നമസ്‌കരിക്കുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഇതിന്റെ ഉള്ളിലും ഈശ്വരസാന്നിധ്യമുണ്ടെന്ന് എനിക്ക് ബോധ്യമായി.
ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഓരോ വിശുദ്ധ ഖുര്‍ആന്‍ തന്നു. ഇത് എങ്ങനെ വായിക്കണം എന്നൊന്നും ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അവിടെ നിന്ന് ഞാന്‍ ഖുര്‍ആന്‍ വായിക്കാന്‍ പഠിച്ചു. എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ഖുര്‍ആനിലെ 19-ാം അധ്യായം മറിയത്തെപ്പറ്റി പറയുന്നതാണ്. കൂടാതെ 3-ാം അധ്യായം ആലുഇംറാനില്‍ മറിയത്തിന്റെ ജനനം മുതല്‍ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇതോടെ ഇത് കൂടുതല്‍ പഠിച്ചറിയാന്‍ ആഗ്രഹമുണ്ടായി. ചില സഹോദരങ്ങളുടെ സഹായത്തോടെ ഈ രണ്ടു അധ്യായങ്ങളും ഞാന്‍ വിശദമായി പഠിച്ചു.
ക്രൈസ്തവ വേദങ്ങള്‍ പറയുന്നതിനേക്കാള്‍ ആകര്‍ഷകമായും ആധികാരികമായും മറിയമും കുടുംബവും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇംറാന്‍ കുടുംബത്തെയും ഇബ്രാഹീം കുടുംബത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങളും മറിയം എന്ന അധ്യായവും ഏറെ ശ്രദ്ധേയമാണ്. ലോകത്ത് എല്ലാ സ്ത്രീകളേക്കാളും ഉത്തമയായി ഖുര്‍ആന്‍ മറിയമിനെ പരിചയപ്പെടുത്തുന്നു. മസീഹിനെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയും, ഏറെ പ്രത്യേകതയുള്ള ജനനവും പ്രവാചക നിയോഗവും ശത്രുക്കളുടെ അപവാദ പ്രചാരണങ്ങളും ഒടുവില്‍ ഉടലോടെ സ്വര്‍ഗ ലോകത്തേയ്ക്ക് ഉയര്‍ത്തപ്പെടുന്നതും സവിസ്തരം ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്.
മറിയത്തെ കൂടുതല്‍ ആദരിക്കുന്നതും ആരാധിക്കുന്നതും ക്രിസ്ത്യാനികളാണ്. എന്നാല്‍ മറിയത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ വിവരിക്കുന്നത് ഖുര്‍ആനിലാണ്. ബൈബിളില്‍ പറഞ്ഞ അതേ വാക്യങ്ങള്‍ തന്നെ മറിയത്തെപ്പറ്റി ഖുര്‍ആനിലും പറയുന്നുണ്ട്. ആലുഇംറാന്‍ 33 മുതല്‍ ഇംറാന്‍ കുടുംബത്തിന്റെ ശ്രേഷ്ഠതയെപ്പറ്റി വിശദമാക്കുന്നു. ഞാന്‍ ഖുര്‍ആന്‍ വായിച്ച് മനസ്സിലാക്കിയ മറിയത്തിന്റെ ഏതാനും ചില സംഭവങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.
മനുഷ്യനെ ഏറെ സ്‌നേഹിക്കുന്ന ദൈവം അവന്‍ ദുഃഖിതനായിരിക്കുന്നത് കാണുവാന്‍ ആഗ്രഹിക്കാത്തവനാണ്. പാപത്തില്‍ പതിച്ച് ജീവിതം പ്രലാപവും കണ്ണീരുമായി കഴിയുന്ന മനുഷ്യനെ രക്ഷിക്കാന്‍ തിരുമനസ്സായ അവിടുന്ന് അതിനായി ഒരു പ്രത്യേക കുടുംബത്തെ, വംശത്തെ തെരഞ്ഞെടുക്കുന്നതായി ഖുര്‍ആനിലും ബൈബിളിലും വേദങ്ങളിലും കാണാം. വിശുദ്ധ ഖുര്‍ആനില്‍ ആലുഇംറാന്‍ 33-ല്‍ ഇപ്രകാരം പറയുന്നു: ”ആദാമിനെയും നൂഹിനെയും ഇബ്‌റാഹീം കുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു.” അല്ലാഹുവില്‍ മാത്രം ദൃഷ്ടിയുറപ്പിച്ച് ഹൃദയത്തിലും മനസ്സിലും ബോധത്തിലും ആ നാമം ഉരുവിട്ട് ജീവിച്ചിരുന്ന ഗര്‍ഭിണിയായ ഇംറാന്റെ ഭാര്യയുടെ പ്രാര്‍ഥന ഇപ്രകാരമായിരുന്നു: ”എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ നീ എന്നില്‍ നിന്ന് അത് സ്വീകരിക്കേണമേ” (3/35). ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ച അവള്‍ പറയുന്നു: ”എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ-എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനാണ്-ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മറിയം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അവളെയും അവളുടെ സന്തതികളെയും രക്ഷിക്കാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു” (3:36). വിശുദ്ധ ബൈബിളില്‍ വെളിപാടു പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന, സര്‍പ്പത്തിന്റെ തല തകര്‍ത്ത സ്ത്രീ ഈ മറിയം തന്നെയാണ്.
ദൈവവുമായി ഗാഢബന്ധത്തിലായിരിക്കുന്ന വ്യക്തികള്‍ക്ക് ദൈവിക വെളിപാടുകള്‍ ലഭിക്കുന്നു. തങ്ങളുടെ മകള്‍ മറിയം പരിശുദ്ധയാണെന്നു ഗ്രഹിച്ച ആ മാതാപിതാക്കള്‍ ”അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും അവളുടെ സംരക്ഷണച്ചുമതല സകരിയ്യയെ ഏല്‍പ്പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ അവളുടെ അടുക്കല്‍ സകരിയ്യാ കടന്നുചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു: ”അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു” (3:37). മറിയത്തിന്റെ സ്‌തോത്ര ഗീതത്തില്‍ മറിയം ഇത് ഏറ്റുപറയുന്നുണ്ട്. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി (ലൂക്കാ 1:53) തീര്‍ച്ചയായും അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു.
ദൈവത്തിന്റെ കരുണ അനുഭവിച്ചറിഞ്ഞ സക്കരിയ്യാ ”അവിടെ വെച്ച് തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ” (3:38). ”അങ്ങനെ അദ്ദേഹം ‘മിഹ്‌റാബി’ല്‍ പ്രാര്‍ഥിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ട് പറഞ്ഞു. യഹ്‌യാ (എന്ന കുട്ടി)യെപ്പറ്റി അല്ലാഹു നിനക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു” (3:39). കുട്ടിയെ കിട്ടാന്‍ പ്രാര്‍ഥിച്ച സക്കരിയ്യക്ക് കുട്ടി ലഭിക്കുമെന്ന് മലക്ക് പറഞ്ഞപ്പോള്‍ വിശ്വസിക്കാനാവുന്നില്ല. ”എനിക്കെങ്ങനെയാണ് ഒരാണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ധക്യമെത്തിക്കഴിഞ്ഞു. എന്റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണ് താനും” (3:40). ഇതേ കാര്യം തന്നെ വിശുദ്ധ ബൈബിളില്‍ ലൂക്കാ 1:13-19 വരെയുള്ള വചനങ്ങളില്‍ പറയുന്നുണ്ട്.
ആലുഇംറാന്‍ 42-ല്‍, ”മലക്കുകള്‍ മറിയത്തോട് പറഞ്ഞ സന്ദര്‍ഭം: മറിയമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉത്കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.” ”തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷ വാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മധ്യവയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും” (3:45-46). ”മര്‍യം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ” (3:47). കന്യക എങ്ങനെ പുത്രനെ പ്രസവിക്കും എന്ന ചോദ്യത്തിന് ഖുര്‍ആനും ബൈബിളും ഉത്തരം നല്‍കുന്നു: താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. അല്ലാഹു ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ‘ഉണ്ടാകൂ’ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. ലൂക്കാ 1/35-ല്‍ പറയുന്നു: ”പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍ ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍ എന്നു വിളിക്കപ്പെടും. ദൈവത്തിന് ഒന്നും അസാധ്യമല്ല. തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തില്‍ പ്രത്യാശ വെക്കുകയും ചെയ്യുന്നവരില്‍ അവിടന്ന് പ്രസാദിക്കുന്നു. ദൈവത്തോട്, അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. അവന്റെ ഹിതപ്രകാരം ചില നിമിത്തങ്ങള്‍ ഉണ്ടാകും, അതുവഴി സ്വര്‍ഗരാജ്യത്തിനും സ്വര്‍ഗകിരീടത്തിനും അവകാശികളാകാന്‍ സൗഭാഗ്യം സിദ്ധിച്ചേക്കാം. തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയ പരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് അവിടന്ന് സമീപസ്ഥനാണ്. തന്റെ ഭക്തരുടെ ആഗ്രഹം അവിടുന്ന് സഫലമാക്കുന്നു. തന്നെ സ്‌നേഹിക്കുന്നവരെ അവിടുന്ന് പരിപാലിക്കുന്നു” എന്ന് (സങ്കീര്‍ത്തനം 145:180-20) പറഞ്ഞിട്ടുണ്ട്.
മറിയത്തിന്റെ ജീവിതത്തില്‍ ദൈവം ഇടപെട്ടതുപോലെ ഇന്നും നമ്മുടെ ജീവിതത്തില്‍ നിര്‍ണായക നിമിഷങ്ങളില്‍ ദൈവം നേരിട്ട് ഇടപെടുന്നുണ്ട് എന്നതിന്റെ ഒരു ഉദാഹരണം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. 2009 ജനുവരി 16. ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയ എയര്‍പോര്‍ട്ടില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്കുള്ള യാത്രാവിമാനം 155 യാത്രക്കാരുമായി പറന്നുയര്‍ന്നു. വിമാനം 3200 അടി ഉയരത്തിലെത്തിയപ്പോഴാണ് പൈലറ്റ് ചെല്‍സിയുലന്‍ ബര്‍ഗര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. വിമാനത്തിനു മുന്നില്‍ കൂട്ടംതെറ്റി പറക്കുന്ന ഒരു പറ്റം പക്ഷികള്‍. പക്ഷിക്കൂട്ടം വന്നിടിച്ച് വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും നിശ്ചലമായി. താഴെ ഉയര്‍ന്ന കെട്ടിടങ്ങളും ജനവാസ കേന്ദ്രങ്ങളും. വിമാനത്തിനുള്ളിലാണെങ്കില്‍ ശിശുക്കളടക്കം 155 പേര്‍. 40 വര്‍ഷത്തെ സുദീര്‍ഘമായ പരിചയ സമ്പത്തുണ്ട് പൈലറ്റിന്. പക്ഷേ നിശ്ചലമായ എഞ്ചിനുകളുമായി ആകാശത്തിനും ഭൂമിക്കുമിടയില്‍ നിസ്സഹായതയോടെ മിഴികള്‍ പൂട്ടാനേ അദ്ദേഹത്തിനായുള്ളൂ.
ഉത്തരമില്ലാത്ത ഉത്കണ്ഠയുടെ നിമിഷങ്ങളില്‍, ഏതോ നിയന്ത്രണം മനസ്സിന്റെ അകത്തളങ്ങളില്‍ അദ്ദേഹം ശ്രവിച്ചു. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍: ”ദൈവം എന്തു തോന്നിച്ചുവോ, ഞാനതു ചെയ്തു.” മൗന പ്രാര്‍ഥനയില്‍ മനസ്സില്‍ തെളിഞ്ഞ കരുത്തോടെ അദ്ദേഹം യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി: ”എല്ലാവരും കരുതിയിരിക്കുക. നമ്മള്‍ അടിയന്തരമായി നിലത്തിറങ്ങാന്‍ പോകുന്നു.” ന്യൂ ജഴ്‌സി മന്‍ഹട്ടന്‍ തീരങ്ങളെ കടന്ന് തണുത്തുറഞ്ഞ ഹട്‌സണ്‍ നദിയിലേക്ക് അദ്ദേഹം വിമാനം ഇടിച്ചിറക്കി. ഉഗ്രമായ സ്‌ഫോടനമോ, മുങ്ങിത്താഴലോ ഒന്നുമുണ്ടായില്ല. വിമാനം ഒരു നൗക പോലെ ഒഴുകി നിന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തുവന്നു. അല്ലാഹുവിന്റെ അനുഗ്രഹം എണ്ണുകയാണെങ്കില്‍ നമുക്കതിന്റെ കണക്കെടുക്കാനാവുകയില്ല.
‘എനിക്കു രൂപം ലഭിക്കുന്നതിനു മുമ്പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു. എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ, അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു’ എന്നാണ് ബൈബിള്‍ (സങ്കീര്‍ത്തനങ്ങള്‍ 139:16) പറഞ്ഞിട്ടുള്ളത്. ‘നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞു കൊള്ളുക’ എന്ന് ഖുര്‍ആനിലും (41:30) കാണാം.
എന്റെ വായന ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഞാന്‍ ഖുര്‍ആനെ, അല്ലാഹുവിന്റെ ദിവ്യവചനങ്ങളെ അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.