രണ്ട് ദിവസം മുൻപ് മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയിലാണ് യൂസുഫ് ഹാജിയുടെ ഫോൺ വരുന്നത് ..
” സുമേഷ് പെരുന്നാൾ ദിനത്തിൽ രാവിലെ എട്ട് മണിക്ക് ഒന്ന് നമ്മുടെ പള്ളി വരെ വരണം..
പെരുന്നാളിനോടനുബന്ധിച്ച് ഒരു ഈദ് സുഹൃദ് സംഗമമുണ്ട് , താങ്കൾ തീർച്ചയായും എത്തണം.. ”
വരാം എന്ന് യൂസുഫ് ഹാജിക്ക് ഉറപ്പുകൊടുത്ത് ഞാൻ ഫോൺ വെച്ചു …
ഇന്ന് പെരുന്നാൾ ദിവസം രാവിലെ ക്ഷണം സ്വീകരിച്ച് ഞാൻ പള്ളിയിലെത്തി …
പള്ളിയുടെ ഗേറ്റിൽ തന്നെ ചിരിച്ച മുഖവുമായി അതിഥികളെ സ്വീകരിക്കാൻ യൂസുഫ് ഹാജി നിൽക്കുന്നു ..
എന്നെയും ഹസ്തദാനം നൽകി അദ്ദേഹം പള്ളിയുടെ ഉൾവശത്തേക്ക് സ്വീകരിച്ച്
മുൻനിരയിൽ തന്നെ കൊണ്ടിരുത്തി……
ആദ്യമായാണ് ഒരു മുസ്ലീം പള്ളിയുടെ അകത്തളത്തിലേക്ക് ഞാൻ പ്രവേശിക്കുന്നത് ..
ഞാൻ ചെന്നപ്പോഴേക്കും പള്ളിയുടെ ഇത്തിരി വട്ടത്തിലൊരുക്കിയ സദസ്സും, വേദിയും താമരശ്ശേരിയിലെ നാനാജാതി മതസ്ഥരുടെയും നിറസാന്നിദ്ധ്യം കൊണ്ട് സമ്പൂർണ്ണമായിരുന്നു ..
താമരശ്ശേരിയിലെ പൗരപ്രമുഖരുണ്ട് ,
അമ്പലക്കമ്മറ്റി ഭാരവാഹികളുണ്ട് ,
കലാസാംസ്ക്കാരിക രംഗത്തെ പലരുമുണ്ട് ..
അവരിലൊരാളായി അവർക്കൊപ്പം ഞാനുമിരുന്നു.
ബലിപെരുന്നാളിന്റെ വിശുദ്ധിയും നന്മയും മാനുഷിക മൂല്യങ്ങളും പങ്കുവെച്ചു കൊണ്ടുള്ള എം.എം. മൊഹ്‌യുദ്ദീൻ എന്നവരുടെ പ്രഭാഷണത്തിലും , തുടർന്ന് ആശംസകളർപ്പിച്ചവരുടെയുമെല്ലാം വാക്കുകളിൽ മഴക്കെടുതിയിൽ യാതന അനുഭവിക്കുന്ന , മണ്ണിനടിയിൽ അകപ്പെട്ടുകിടക്കുന്ന നമ്മുടെ കൂടപ്പിറപ്പുകളോടുള്ള സഹാനുഭൂതി
ഒന്നു മാത്രമായിരുന്നു ..
ഇവിടെ ആലോഷങ്ങൾക്കല്ല പ്രസക്തിയെന്നും മാനുഷിക മൂല്യങ്ങൾക്ക് മാത്രമാണ് പ്രഥമ പരിഗണനയെന്നും എല്ലാവരും ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു ..
ആലോഷങ്ങളില്ല , ആശംസകൾ മാത്രം നേരട്ടെ എന്ന് പറയുന്ന സുമനസ്സുകളുടെ
നല്ല മനസ്സാണ് ഇവിടെ കണ്ടത്..
പള്ളിയുടെ അകത്തളങ്ങളിൽ ഒത്തുകൂടിയിരുന്ന് ജാതിയുടെയും, മതത്തിന്റെയും അതിർവരമ്പുകളില്ലാതെ മനുഷ്യനന്മയ്ക്കായ് സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ടവരുടെ വാക്കുകൾ കേട്ടിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ..
ഇങ്ങിനെയൊരു സംഗമത്തിൽ വിശുദ്ധമായ ഈ പുണ്യദിനത്തിൽ ഒരേ മനസ്സും, ഒരേ വികാരവുമുള്ളവരോടൊപ്പം പങ്കുചേരാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതട്ടെ..
ഈദ് സുഹൃദ് സംഗമം ഒരുക്കിയ താമരശ്ശേരി ടൗൺ മസ്ജിദുന്നൂർ മഹല്ല് കമ്മറ്റിയ്ക്കും , എന്നെ ഇതിലേക്ക് ക്ഷണിച്ച യൂസുഫ് ഹാജിയ്ക്കും നന്ദി രേഖപ്പെടുത്താൻ വാക്കുകളില്ല…..
എസ്.വി.സുമേഷ്
താമരശ്ശേരി