അല്ലാഹുവിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യമായി മുന്നില്‍ വരുന്നത് ദൈവവിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യമെന്ത് എന്ന ചോദ്യമാണ്. സാമാന്യമായ ദൈവവിശ്വാസത്തെ ഇങ്ങനെ സംഗ്രഹിക്കാം,മനുഷ്യനടക്കമുള്ള ഈ മഹാപ്രപഞ്ചത്തിന്റെ പിന്നില്‍ അദൃശ്യമായ ഒരുമഹാശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. അതാണ് പ്രപഞ്ചത്തെ ഉളവാക്കിയത്. പ്രപഞ്ചത്തെ പരിപാലിച്ച് നിര്‍ത്തിപോരുന്നതും അവന്‍ തന്നെ. ഈ ശക്തിയാണ് പരബ്രഹ്മം, യഹോവ, അല്ലാഹു എന്നെല്ലാം വിളിക്കപ്പെടുന്നത്. ഇങ്ങനെ ഒരസ്തിത്വം ഉണ്ട് എന്ന വിശ്വാസം മനുഷ്യാരംഭം മുതല്‍ നിലവിലുണ്ട്. പൗരാണികസമൂഹങ്ങളെല്ലാം ദൈവത്തില്‍ വിശ്വിച്ചിരുന്നു വെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ദൈവനിഷേധം ജീവിതപ്രമാണമായി സ്വീകരിച്ച ഒരു സമുദായവും മാനവചരിത്രത്തില്‍ അറിയപ്പെട്ടിട്ടില്ല. നാസ്തികര്‍ ആധുനികകാലത്തേതു പോലെ പ്രാചീനകാലത്തും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍കുന്ന വ്യക്തികളോ ചെറുസംഘങ്ങളോ മാത്രമായിരുന്നു.
ദൈവവിശ്വാസത്തിന്റെ തുടക്കം
പ്രപഞ്ചത്തിനു പിന്നില്‍ അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം അല്ലാഹു ഉണ്ട് എന്ന വിശ്വാസം ആരംഭിച്ചതെങ്ങനെയാണ്? ആ വിശ്വാസം യാഥാര്‍ത്ഥ്യമാണോ? ഈ ചോദ്യത്തിന് വ്യത്യസ്ത ദിശകളില്‍ നിന്ന് പലവിധഉത്തരങ്ങളാണ് ലഭിക്കുന്നത്. നമുക്കീ ഭിന്നതകളെ മൂന്നായി അടയാലപ്പെടുത്താം ഒന്ന് ദൈവം, ദൈവം ഉണ്ട് എന്ന് ദൃഢമായി വിശ്വിസിക്കുന്നവര്‍. അവരുടെ ദൃഷ്ടിയില്‍ സ്വന്തം പ്രകൃതിയുടെ പ്രചോദനത്തില്‍ നിന്നാണ് മനുഷ്യരില്‍ ദൈവവിശ്വാസമുളവായത്. സൃഷ്ടിപ്രപഞ്ചത്തില്‍ സൃഷ്ടാവുണ്ടായിരിക്കുക അനിവാര്യമാണെന്ന് മനുഷ്യന്റെ സാമാന്യബുദ്ധി അവനോട് പറയുന്നുണ്ട്. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിക്കാനാവാത്ത ആജ്ഞേയവാദികളുടേതാണ് രണ്ടാമത്തെ ദിശ. ദൈവം നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരമല്ല. പഞ്ചേ്ന്ദ്രിയങ്ങള്‍ക്ക് ഗോചരമല്ലാതത്തൊന്നും ഇല്ലെന്നുറപ്പിച്ചുകൂടാ ഉണ്ടാവാം ഇല്ലാതിരിക്കുകയുമാവാം.
ദൈവം എന്നൊന്ന് യഥാര്‍ത്ഥത്തില്‍ ഇല്ലെങ്കില്‍ അതുണ്ടെന്ന് വിശ്വസിച്ചാലും ഇല്ലെന്നു നിഷേധിച്ചാലും കുഴപ്പമൊന്നുമില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ ഇല്ലെന്നു നിഷേധിച്ചാല്‍ കുഴപ്പമുണ്ട്. സൃഷ്ടാവായ ഒരു ദൈവമുണ്ടെങ്കില്‍ പ്രപഞ്ചം ആ ദൈവത്തിന്റെ സൃഷ്ടിയാണ്. സൃഷ്ടി അതിന്റെ സൃഷ്ടാവിനോട് കടപ്പെട്ടിരിക്കുന്നു. സ്രഷ്ടാവിന് വിധേയമായി പ്രവര്‍ത്തിക്കുകയാണ് സൃഷ്ടിധര്‍മ്മം. സ്രഷ്ടാവിനെ നിഷേധിക്കുന്നവര്‍ അനിവാര്യമായും അവരുടെ ജീവിതധര്‍മ്മത്തെയും നിഷേധിക്കുന്നു. ധര്‍മ്മനിഷേധം ജീവിതത്തെ ദുഷ്ടവും വികലവുമാക്കുന്നു. ഈ അപകട സാധ്യത ഒഴിവാക്കാന്‍ പണ്ടു മുതലേ അധിക ആളുകളും ആസ്തിക-നാസ്തിക ദ്വന്ദ്വങ്ങളില്‍ ആസ്തികതയെ അംഗീകരിച്ച് ദൈവത്തില്‍ വിശ്വസിച്ചവരുടെ ഗണത്തില്‍ ചേര്‍ന്നു.
നിരീശ്വരവാദത്തിന്റേതാണ് മൂന്നാമത്തെ ദിശ. ദൈവം എന്നൊന്ന് പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിധേയമാകുന്നില്ല. ഇന്ദ്രിയഗോചരമല്ലാത്തതൊന്നും ഇല്ലാത്തതാണ്. അതുകൊണ്ട് ദൈവം ഇല്ല. ഉണ്ടെന്ന സങ്കല്‍പ്പം അന്ധവിശ്വാസമാണ്. പിന്നെ എന്ന് എങ്ങനെ യാണ് മനുഷ്യചരിത്രത്തില്‍ ദൈവവിശ്വാസംഉളവായത് എന്ന പ്രശ്‌നത്തെ വിശദീകരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഭൗതികചിന്തകന്‍മാര്‍ 19 നൂറ്റാണ്ടിന്റെ അന്ത്യശതകങ്ങളിലും 20 നൂറ്റാണ്ടിന്റെ അദ്യദശകങ്ങളിലുമായി പലതരം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. പ്രാപഞ്ചികപ്രതിഭാസങ്ങളോട് പൂര്‍വ്വികമനുഷ്യനുണ്ടായ ഭയത്തില്‍ നിന്നാണ് ദൈവവിശ്വാസം ഉടലെടുത്തത് എന്നാണ് ഒരു സിദ്ധാന്തം.
പ്രളയം,കൊടുങ്കാറ്റ്, അഗ്നിബാധ, ഭൂകമ്പം തുടങ്ങിയ അത്യാഹിതങ്ങള്‍ കണ്ട് ഭീതിതനായ മനുഷ്യന്‍ അവയെയെല്ലാം പ്രപഞ്ചത്തെ നിയന്ദ്രിക്കുന്ന സ്വതന്ത്രഅസ്തിത്വങ്ങളായി സങ്കല്‍പ്പിച്ചു. പിന്നീട് അവക്കെല്ലാം മൂര്‍ത്തരൂപങ്ങള്‍ നല്‍കി ആരാധിച്ചുതുടങ്ങി. കാലാന്തരത്തില്‍ ഈ ദേവീദേവന്‍മാരിലുള്ള വിശ്വാസം അവയെല്ലാം ഒറ്റ അസ്തിത്വത്തിന്റെ വിവിധ ഭാഗങ്ങളും കര്‍മ്മങ്ങളും ആകുന്നു എന്ന വിശ്വാസമായി പരിണമിച്ചു. അങ്ങനെ പ്രാപഞ്ചികപ്രതിഭാസങ്ങളോടുള്ള ഭയം മനുഷ്യനെ ഏകദൈവവിശ്വാസത്തിലേക്കെത്തിച്ചു.
പൂര്‍വ്വികരോടുള്ള സ്‌നേഹാദരങ്ങളില്‍ നിന്നാണ് ദൈവവിശ്വാസം ഉദ്ഭവിച്ചത് എന്നതാണ് മറ്റൊരു സിദ്ധാന്തം. പിതാക്കളെയും പ്രപിതാക്കളെയും സ്‌നേഹാദരങ്ങളോടെ അനുസ്മരിക്കുകയും അവരുടെ നടപടികള്‍ അനുകരിക്കുകയും ചെയ്യുന്ന സ്വഭാവം ആദികാലം മുതലേ മനുഷ്യരിലുണ്ടായിരുന്നു. ഈ ആദരവും അഭിമാനവും പിന്നീട് പിതൃപൂജയും പ്രേതാരാധനയുമായി പരിണമിച്ചു. ക്രമേണ പിതാക്കള്‍ ദൈവങ്ങളായി. ഒടുവില്‍ ദൈവങ്ങളെല്ലാം ഒരൊറ്റ ദൈവമാണെന്ന് എന്ന വിശ്വാസത്തിലെത്തിച്ചേര്‍ന്നു.
ദൈവവിശ്വസത്തിന്റെ ഉദ്ഭവം ആത്മവാദത്തില്‍ നിന്നുമാണ് എന്നാണ് ചിലര്‍ പറയുന്നത്. പ്രാപഞ്ചിക വസ്തുക്കള്‍ക്ക് ജഡത്തിനു പുറമെ ആത്മാവും ബോധവുമുണ്ടെന്ന് മനുഷ്യന്‍ ധരിച്ചുവശായി. ശാരീരീകജീവിതത്തിനപ്പുറം മനുഷ്യന് സ്വതന്ത്രമായ ഒരാത്മീയ ജീവിതവുമുണ്ട്. ഈ സങ്കല്‍പ്പത്തില്‍ നിന്നാണ് ദൈവവിശ്വാസവും മതവിശ്വാസവും ഉടലെടുത്തത്.
റ്റൊട്ടമിസം എന്ന പേരില്‍ അറിയപ്പെടുന്ന മറ്റൊരു സിദ്ധാന്തം പറഞ്ഞത് ഇങ്ങനെയാണ്. ഭൗതികപദാര്‍ത്ഥങ്ങളോടും തിര്യക്കുകളോടും മനുഷ്യനുണ്ടായിരുന്ന സമ്പര്‍ക്കം ക്രമേണ ആ വസ്തുക്കളോടുള്ള ആരാധനയായി പരിണമിക്കുകയും പിന്നീട് ബഹുദൈവവിശ്വാസവും ഏകദൈവവിശ്വാസവുമായി പുരോഗമിക്കുകയായിരുന്നു. ഗോ പൂജ, സര്‍പ്പാരാധന, തുടങ്ങിയ ആചാരങ്ങള്‍ അതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആദികാലം മുതലേ മനുഷ്യനില്‍ ഒരുതരം മായാജാല സങ്കല്‍പ്പമുണ്ടായിരുന്നുവെന്നും അത് പല മട്ടില്‍ വളര്‍ന്നുവികസിച്ച് ദൈവവിശ്വാസമായി പരിണമിച്ചുവെന്ന് വാദിക്കുന്നവരുമുണ്ട്.
പക്ഷേ, ദൈവവിശ്വാസത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് ഭൗതിക ചിന്തകന്‍മാര്‍ പുലര്‍ത്തുന്ന ഈ സിദ്ധാന്തവൈവിധ്യം തന്നെ അവയിലൊന്നുപോലും സാര്‍വ്വാംഗീകൃതമോ വസ്തുനിഷ്ഠമോ ആയി സ്ഥാപിക്കപ്പെട്ടതല്ലെന്നു തെളിയിക്കുന്നു. ഏതെങ്കിലും ഒരു വാദം എല്ലാ ആധുനിക ചിന്തകരും അംഗീകരിച്ചിരുന്നെങ്കില്‍ മറ്റ് സിദ്ധാന്തങ്ങളെല്ലാം അപ്പാടെ തള്ളപ്പെടുമായിരുന്നു. എല്ലാ സിദ്ധാന്തങ്ങളും മൂന്നു കാര്യങ്ങളില്‍ ഒന്നിക്കുന്നത് കാണാം. ഒന്ന് പരിണാമസിദ്ധാന്തത്തിന്റെ രീതിശാസ്ത്രമുപയോഗിച്ചാണ് എല്ലാവരും തങ്ങലുടെ സിദ്ധാന്തം വിശദീകരിക്കുന്നത്. രണ്ട്, ദൈവവിശ്വാസം ഇല്ലാത്ത ഒരു കാലഘട്ടം മനുഷ്യരില്‍ ഉണ്ടായിരുന്നു. മൂന്ന്, ആദ്യമുണ്ടായത് ബഹുദൈവവിശ്വാസമാണ്. അത് പരിണമിച്ച് പുരോഗമിച്ചതാണ് ഏകദൈവവിശ്വാസം.
ഒന്നാംലോകയുദ്ധത്തിനു ശേഷം ഉത്ഖനനങ്ങളിലൂടെയും പുരാവസ്തു പഠനങ്ങളിലൂടെയും ചരിത്രവിജ്ഞാനീയങ്ങളിലുണ്ടായ വികാസം ഈ സിദ്ധാന്തങ്ങളെയെല്ലാം കടപുഴക്കിയിരിക്കുന്നു. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തന്നെ ഇന്ന് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിണാമ സിദ്ധാന്തം തെറ്റാവട്ടെ ശരിയാവട്ടെ ദൈവവിശ്വാസപഠനത്തില്‍ ആ സിദ്ധാന്തത്തിന്റെ രീതിശാസ്ത്രത്തിലൂന്നിയ സമീപനം അപ്രസ്‌ക്തമാണെന്ന പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പരിണാമവാദത്തോടുള്ള പ്രതിബദ്ധത ഈ വിഷയത്തിലുള്ള അന്വോഷണത്തെ വഴിതെറ്റിക്കുകയേയുള്ളൂ.
ആദിമ മനുഷ്യന് അഗോചരമായ അസ്തിത്വങ്ങളെ സംബന്ധിച്ച സങ്കല്‍പ്പമുണ്ടായിരുന്നില്ല. പ്രകൃതിയുടെ പ്രതിഭാസങ്ങളിലുള്ള ഭയവും ഉല്‍കഠയും അവനില്‍ അഗോചരാസ്തിത്വങ്ങളുടെ സങ്കല്‍പ്പമുളവാക്കി. അത് ആരാധനയും ഭക്തിയുമായി വളര്‍ന്ന് ക്രമേണ അവന്റെ ഭാവന അഗോചരാസ്തിത്വങ്ങളുടെ മൂര്‍ത്തരൂപങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ പ്രതിഷ്ഠകളും ആരാധനാലയങ്ങളുമുണ്ടായി. പിന്നീട് എല്ലാ ആരാധ്യരെയും ഒറ്റ ദൈവത്തിന്റെ പല രൂപങ്ങളായി കണ്ടു. പിന്നെ മനുഷ്യന്‍ ഏകദൈവവിശ്വാസത്തിലെത്തി. ഈ മട്ടിലാണല്ലോ ദൈവവിശ്വാസത്തെക്കുറിച്ച പരിണാമാത്മകമായ വിശദീകരണം.
പക്ഷേ ദൈവവിശ്വാസം ഇല്ലാത്ത ഒരു കാലഘട്ടം ചരിത്രത്തിലെങ്ങും കാണാനില്ല. ഏതു പൗരാമികസമൂഹത്തിന്റെയും അറിയപ്പെട്ട ചരിത്രം പറയുന്നത് അവര്‍ക്കൊക്കെയും ദൈവവിശ്വാസവും ആരാധനാക്രമവും ഉണ്ടായിരുന്നുവെന്നാണ്.ദൈവം: പലത് ഒന്നായതോ, ഒന്ന് പലതായതോ
മനുഷ്യന്‍ ബഹുദൈവവിശ്വാസത്തില്‍ നിന്ന് ഏകദൈവവിശ്വാസത്തിലേക്ക് പരിണമിക്കുകയായിരുന്നു എന്ന നിഗമനത്തെയും ചരിത്രപഠനം നിഷേധിച്ചിരിക്കുന്നു. വിശ്വാസപ്രമാണം നേരെ മറിച്ചായിരുന്നു വെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. അത്യുന്നതമായ ഒരൊറ്റ പരാശക്തിയിലാണ് മനുഷ്യന്‍ ആദ്യം വിശ്വാസമര്‍പ്പിച്ചിരുന്നത്. വിയന്ന യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്ന ഡബ്ലൂ. ഷ്മിറ്റ് തന്റെ വിഖ്യാതമായ ഒറിജിന്‍ ആന്റ് ഗ്രോത്ത് ഓഫ് റിലീജിയന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
അതിപുരാതന സംസ്‌ക്കാരങ്ങളിലെ പരാശക്തി സങ്കല്‍പ്പം ഏകദൈവദര്‍ശനത്തിലുള്ള സാക്ഷാല്‍ ദൈവംതന്നെയായിരുന്നു. അവയുള്‍ക്കൊള്ളുന്ന മതം ശുദ്ധഏകദൈവാധിഷ്ഠിതമായിരുന്നു വെന്ന് കുരാഹി, ജൂലിന്‍, ആസ്‌ത്രേലിയയിലെയും അമേരിക്കയിലെയും ആദിവാസികള്‍ തുടങ്ങിയ പുരാതന പ്രാകൃതവര്‍ഗ്ഗങ്ങളെ സംബന്ധിച്ച പഠനങ്ങളില്‍ കണ്ടെത്തിയ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈജിപ്ഷ്യന്‍ പുരാറേഖകളില്‍ ഗവേഷണം നടത്തിയ ഡോക്ടര്‍ ബജി യുടെ വീക്ഷണത്തില്‍ ഈജിപ്,#്‌യന്‍ സംസ്‌ക്കാരങ്ങളെക്കാള്‍ പഴക്കമുണ്ട് മതവിശ്വാസങ്ങള്‍ക്ക്. ഓസിഫറസ് ആയിരുന്നു അവരുടെ ആരാധ്യന്‍ മഹാദേവന്‍ അനശ്വരാധിപധി, പരലോകനാഥന്‍ എന്നൊക്കെ ഓസിഫറസ് വിശേഷിക്കപ്പെട്ടു. ഈജിപ്ഷ്യന്‍ സംസ്‌ക്കാരം എന്നറിയപ്പെടുന്ന സംസ്‌ക്കാരം രൂപംകൊള്ളുന്നതിന് മുമ്പ് ഈജിപ്തുകാര്‍ നന്മയുടെ ഉറവിടവും നിത്യരാജനും മരണാന്തരജീവിതത്തിന്റെ അധിപനുമായ ഏകദൈവത്തിലാണ് വിശ്വസിച്ചിരുന്നത്.
ഇറാഖില്‍ നടന്ന ഉത്ഖനനപഠനങ്ങളും വിളംഭംരം ചെയ്യുന്നത് ഇതേ സത്യംതന്നെയാണ്. യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിലെ ആദിമനിവാസികള്‍ ഏകദൈവാരാധകരായിരുന്നു. കാല്‍ഡിയയിലെ സുമേറിയരും അക്കേടിയരും ആദ്യം ഉപാസിച്ചിരുന്നത് സൂര്യദേവനെയോ ചന്ദ്രദേവനെയോ ആയിരുന്നില്ല. അനാദിയും അനന്തവും സൂര്യചന്ദ്ര നക്ഷത്രാദികളുടെ സ്രഷ്ടാവുമായ ഒരു ഏകശക്തിയെയാണ്.
ആര്യാധിനിവേശത്തിനു മുമ്പ് ഇന്ത്യയില്‍ അധിവസിച്ചിരുന്ന പുരാതന ദ്രാവിഡരുടെ വിശ്വാസാചാരങ്ങളെ ക്കുറിച്ച് ഹാരപ്പ-മോഹന്‍ജദാരോ ഉദ്ഖനനപഠനങ്ങള്‍ നല്‍കുന്ന സൂചനയും മറ്റൊന്നല്ല. സകലചരാചരങ്ങളെയും അടക്കിവാഴുന്ന ഒരിക്കലും അശ്രദ്ധ ബാധിക്കാത്ത ദൃഷ്ടിയോട്കൂടിയുള്ള ഒരേകശക്തിയിലാണവര്‍ വിശ്വസിച്ചിരുന്നത്.
സെമിറ്റിക് വര്‍ഗ്ഗങ്ങളെല്ലാം ഒര് വര്‍ഗ്ഗത്തിന്റെ ഉപവര്‍ഗ്ഗങ്ങളാണെന്നും എല്ലാവരും ആദിയില്‍ ഏകദൈവവിശ്വാസികളായിരുന്നുവെന്നും അവരുടെ ചരിത്രം പറയുന്നു. യഹൂദ-ക്രൈസ്തവ-ഇസ് ലാം വേദങ്ങള്‍ക്കു പുറമെ സിറിയയിലും ഹിജാസിലും കണ്ടെത്തിയ പൗരാണികാവശിഷ്ടങ്ങളും ഇക്കാര്യം അസന്നിഗ്ദമായി തെളിയിച്ചിട്ടുണ്ട്.
ഹിന്ദുമതം ഇന്ന് ബഹുദൈവവിശ്വാസത്തിലും വിഗ്രഹാരാധനയിലും അധിഷ്ഠിതമായാണ് ആചരിക്കപ്പെടുന്നത്. ഹൈന്ദവദൈവങ്ങളുടെ എണ്ണം മുപ്പത്തിമുക്കോടിയാണെന്ന് പറയപ്പെടുന്നു. സൂര്യചന്ദ്രാദി ഗ്രഹങ്ങളും കാറ്റും വെളിച്ചവും എല്ലാമുണ്ട് ദൈവങ്ങളുടെ ഗണത്തില്‍. ഹിന്ദുമതത്തിന്റെ ഏറ്റവും പ്രാചീനമായ ആധാരങ്ങള്‍ വേദങ്ങളാണ്. വേദങ്ങളില്‍ ആദ്യത്തേതാണ് ഋഗ്വേദം. അതില്‍ ഏകദൈവത്തിന്റെ ശക്തമായ അടിയൊഴുക്കുകളാണ് കാണുന്നത്. ഓം എന്ന പ്രണവമന്ത്രം തന്നെ ഏകദൈവത്വസൂചകമാണ്.
അത്യുന്നതനും എല്ലാ വസ്തുക്കളിലും ആന്തരികമായി വര്‍ത്തിക്കുന്നവനുമായ ഒരസ്തിത്വത്തെക്കുറിച്ച സങ്കല്‍പ്പം വേദങ്ങള്‍ മുന്നോട്ടു വെക്കുന്നു. അവനാണ് വിശ്വകര്‍മ്മാവും പ്രജാപതിയും അത് #േകമമാണ്. പക്ഷേ, ജ്ഞാനികള്‍ അതിനെ അഗ്നി, യമന്‍, മാതിരാശ്വാവ് എന്നിങ്ങനെ വിവിധ പേരുകളില്‍ വിളിക്കുന്നു. അത് ആകാശമല്ല, ഭൂമിയല്ല, വായുവല്ല, സൂര്യപ്രകാശമല്ല, പ്രത്യുത പ്രപഞ്ച ചൈതന്യവും സകലശക്തികളുടെയും ഉറവിടവും അനശ്വരവുമത്രേ. എന്നാല്‍ അതെന്താണ്? ഒരുപക്ഷേ സത്താഭാവത്തിലുള്ള പ്രകൃതിയാവാം, അല്ലെങ്കില്‍ ആത്മസ്വഭാവത്തിലുള്ള ആകൃതിയാവാം. അത് ശ്വാസം കൂടാതെ ശ്വസിക്കുന്നു. നമുക്കതിനെ കാണുക സാധ്യമല്ല. പൂര്‍ണ്ണമായി വിവരിക്കാനും കഴിയില്ല. അത് ഏകസത്തയാണ്. ഏകയാഥാര്‍ത്ഥ്യം അഥവാ ഏക സത്യം. പ്രപഞ്ചത്തിലെ നാനാത്വങ്ങളിലെല്ലാം ആ ഏകദൈവത്തെ കാണാവുന്നതാണ്. ഇത്തരം ആശയങ്ങള്‍ വേദങ്ങളിലും ഉപനിഷത്തുക്കളിലും ധാരാളം ചിതറിക്കിടക്കുന്നുണ്ട്. ഋഗ്വേദം പത്താം മണ്ഢലത്തിലെ ഒരു സൂക്തം ഇങ്ങനെയാണ്:
ഹിരണ്യഗര്ഭ സമവര്ത്തതാഗ്രേ
ഭൂതസ്യജാത പതിരേക അസീത്
സദാധാര പൃഥിവിം ദ്യാമു തേമാം
കസ്‌മൈ ദേവായ ഹവിഷാവിധേമ (10-121-1)
(ഹിരണ്യഗര്‍ഭന്‍ മുമ്പേ ഉണ്ടായിരുന്നു. അവനാണ് സര്‍വ്വഭുവനങ്ങടെയും അധിപതി. ആകാശഭൂമികളെ അവന്‍ ധാരണം ചെയ്തു. ആനന്ദ സ്വരൂപനായ അവനെ നാം നമിക്കുക.)
യജുര്‍വേദം 17ാം അധ്യായം 18 ാം മന്ത്രത്തില്‍ പറയുന്നു:
കി സ്വിദാസീദധിഷ്ഠാനമാരമ്ഭണം കതമത് സ്വിത് കഥാസീത്
യതോ ഭൂമീം ജനയാന്വിശ്ചകര്‍മ്മാ വി ദ്യാമദര്‍ണോന്മഹിനാ വിശ്വചക്ഷാ
(സൃഷ്ടിയുടെ അധിഷ്ഠാനം എന്തായിരുന്നു? ലോകാരംഭത്തില്‍ സൃഷ്ടിയുടെ ഉപാദാന കാരണം എന്തായിരുന്നു? എങ്ങനെയായിരുന്നു? ഈ വിശാലസൃഷ്ടിയെ ജനിപ്പിച്ച വിശ്വകര്‍മ്മാവായ പ്രജാപതി ഭൂമിയെയും അന്തരീക്ഷാദികളെയും രചിച്ച് എല്ലാറ്റിനെയും സ്വശക്തിയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു.)
യവന-ഈജിപ്ഷ്യന്‍-മെസ്സപ്പൊട്ടേമിയന്‍ സംസ്‌ക്കാരങ്ങളിലെന്ന പോലെ ഹിന്ദുമതത്തിലും പില്‍കാലത്ത് കടന്നുവന്നതാണ് ബഹുദൈവസങ്കല്‍പ്പം. ആദിയില്‍ പരമേശ്വരന്റെ സാക്ഷാല്‍ ദൈവത്തിന്റെ ഉപദൈവങ്ങളായിട്ടാണ് ബഹുദൈവങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടത്. തൈത്തരിയോപനിഷത്ത് പറയുന്നു: പരബ്രഹ്മത്തെക്കൂടാതെ അഗ്നിദേവന് ഒന്നും ചെയ്യാന്‍ കഴിയില്ല. എല്ലാം അതിനെ ഭയപ്പെടുന്നു. ദേവീ ദേവന്‍മാരെക്കൊണ്ട് അവക്കു നിശ്ചയിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിപ്പിക്കുന്നത് അതാണ്. ഈ ഉപദൈവങ്ങള്‍ പിന്നീട് സ്വന്തമായ കഴിവുകളും അധികാരങ്ങളുമുള്ള സ്വതന്ത്രദൈവങ്ങളായി സങ്കല്‍പ്പിക്കപ്പെട്ടു. വിദ്വല്‍ ജനങ്ങള്‍ അപ്പോഴും ഏകദൈവവിശ്വാസത്തെ പൂര്‍ണ്ണമായി കൈവെടിഞ്ഞില്ല. അവര്‍ ബഹുദൈവങ്ങളെ ഏകദൈവത്തിന്റെ വിവിധ ഗുണങ്ങളുമായി സങ്കല്‍പ്പിച്ചു. ബൃഹതാരണ്യകോപനിഷത്ത് വിദേഹ രാജാവായ ജനകന്‍ ഒരു വിദ്വല്‍സദസ്സ് സംഘടിപ്പിച്ച കഥ പറയുന്നുണ്ട്. സദസ്സില്‍ പങ്കെടുത്ത ഏറ്റവും വലിയജ്ഞാനി യാജ്ഞവല്‍ക്യനായിരുന്നു. അദ്ദേഹത്തോട് സദസ്യര്‍ ചോദിച്ചു.
ദേവന്‍മാര്‍ എത്രയുണ്ട്?
യാജ്ഞവല്‍ക്യന്‍ : മുന്നൂറ്റി മൂന്നും മൂവായിരത്തിമൂന്നും
സദസ്സ്: യാജ്ഞവല്‍ക്യാ, പരമാര്‍ത്ഥത്തില്‍ എത്ര ദേവന്‍മാരുണ്ട്?
യാജ്ഞവല്‍ക്യന്‍ : മുപ്പത്തിമൂന്ന്
സദസ്സ്: യഥാര്‍ത്ഥത്തില്‍ ദേവന്‍മാര്‍ എത്രയാണ്?
യാജ്ഞവല്‍ക്യന്‍ : ആറ്‌സദസ്സ് : തീര്‍ച്ചയായി എത്ര?
യാജ്ഞവല്‍ക്യന്‍ : മൂന്ന്
സദസ്സ് : എത്രമാത്രമുണ്ട് ?
യാജ്ഞവല്‍ക്യന്‍ : രണ്ട്
സദസ്സ് : സത്യത്തില്‍ എത്രയാണ്?
യാജ്ഞവല്‍ക്യന്‍ : ഒന്നര
സദസ്സ് : കൃത്യമായി എത്ര?
യാജ്ഞവല്‍ക്യന്‍ : ഒന്ന്
ആ ഒരു ദേവന്‍ പ്രാണന്‍ തന്നെയാണെന്നും അതാണ് ബ്രഹ്മമെന്നും യാജ്ഞവല്‍ക്യന്‍ തുടര്‍ന്ന് പറയുന്നുണ്ട്.
അശ്വിനിമഹാരാജാവ് തന്റെ അഞ്ച് ഗൃഹവാസികളോട് നിങ്ങള്‍ പൂജിക്കുന്നത് ആരെയെന്ന് അന്വോഷിച്ചപ്പോള്‍ അവരോരുത്തരും ഓരോദേവന്റെ പേരു പറഞ്ഞു. അപ്പോള്‍ അശ്വിനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. നിങ്ങളില്‍ ഓരോ ആളുകളും പൂജിക്കുന്നത് സത്യത്തിന്റെ ഓരോ അംശങ്ങളെയുമാകുന്നു പരമാര്‍ത്ഥത്തില്‍ എല്ലാം ചേര്‍ന്ന വിശ്വരൂപമാണ് സത്യം. അതിന്റെ ശിരസ്സാണ് ഇന്ദ്രന്‍. നേത്രമാണ് സൂര്യന്‍. ശ്വാസമാണ് വായു. ശരീരമാണ് ആകാശം. കാലമാണ് ഭൂമി…. അനശ്വരമായി അതില്‍ സ്ഥിതിചെയ്യുന്ന മുഴുവന്‍ പ്രപഞ്ചവും. യോതൊന്നും അതിന് പുറത്തല്ല. (തൈത്തരിയോപനിഷത്ത്) പണ്ഢിതന്‍മാര്‍ അടിസ്ഥാനപരമായി ഏകദൈവവിശ്വാസികളായിരുന്നുവെങ്കിലും സാധാരണക്കാര്‍ക്ക് അവരുപദേശിച്ചത് വിഗ്രഹാരാധനയുടെ മാര്‍ഗ്ഗമാണ്.
പ്രമുഖ ദാര്‍ശനികനും ഇന്ത്യയുടെ മുന്‍ പ്രസിഡണ്ടുമായ ഡോ: രാധാകൃഷ്ണന്‍ തന്റെ ഇന്ത്യന്‍ ഫിലോസഫി എന്ന ഗ്രന്ഥത്തില്‍ ഇതെപ്പറ്റിപ്പറയുന്നു. ചില പ്രത്യേകക്കാരുടെ മസ്തിഷ്‌കം രൂപപ്പെടുത്തിയ ദര്‍ശനാത്മകമായ ദൈവസങ്കല്‍പ്പം പാമര ജനങ്ങളുടെ അന്ധവിശ്വാസവുമായി ഒരു പരസ്പരധാരണയിലെത്തുകയായിരുന്നുവെന്നാണ് വാസ്തവത്തിലിത് സൂചിപ്പിക്കുന്നത്. തന്മൂലം പണ്ഢിതന്‍മാരുടെയും പാമരന്‍മാരുടെയും ഒരു ചിന്താപരമായ ഒത്തുതീര്‍പ്പ് സംജാതമായി. അതിപ്പോഴും തുടര്‍ന്നു വരുന്നു.
ദൈവവിശ്വാസത്തിന്റെ ഉറവിടം ദൈവം തന്നെ
ചരിത്രാതീതകാലം മുതലേ ദൈവവിശ്വാസം മനുഷ്യമനസ്സില്‍ സ്ഥാനംപിടിച്ചിട്ടുണ്ടെന്നും ആ വിശ്വാസം ദൈവത്തിന്റെ ഏകത്വത്തിലധിഷ്ഠിതമായിരുന്നുവെന്നുമാണ് മുന്‍ താളുകള്‍ ചൂണ്ടിക്കാണിച്ചത്. ദൈവവിശ്വാസത്തിന്റെ ഉറവിടമേത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
ദൈവവിശ്വാസത്തിന്റെ ഉറവിടെ ദൈവം തന്നെ എന്നാണ് ഈ ചോദ്യത്തിന് ഒറ്റവാക്കിലുള്ള മറുപടി. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ദൈവമാണല്ലോ. സൃഷ്ടിയില്‍ സൃഷ്ടാവിന്റെ കര്‍ത്തൃത്വം നിലനില്‍ക്കുക അനിവാര്യമാകുന്നു. ഉല്‍പ്പന്നത്തിന്റെ ഉല്‍പ്പാദകന്‍ തന്റെ കര്‍തൃത്വം തിരിച്ചറിയപ്പെടാനുള്ള ഒരടയാളമിടാറുണ്ടല്ലോ. മനുഷ്യനില്‍ അതിന്റെ നിര്‍മ്മാതാവ് വെച്ച അടയാളമാണ് അവനിലുള്ള മനുഷ്യന്റെ വിശ്വാസം. അത് വെളിയില്‍ നിന്ന് വന്നതല്ല.
മഹാഗ്രന്ഥങ്ങള്‍ വായിച്ചോ ഗവേഷണനിരീക്ഷണങ്ങള്‍ നടത്തിയോ ആരും കണ്ടു പിടിച്ചതുമല്ല. ദൈവവിശ്വാസം എന്നും നമ്മോടൊപ്പമുണ്ട്. അത് ശരിയായ രൂപത്തില്‍ തിരിച്ചറിയാന്‍ ഗ്രന്ഥങ്ങളും ഗവേഷണങ്ങളും നമ്മെ സഹായിച്ചേക്കാം. ചിലപ്പോള്‍ വഴിതെറ്റിക്കുകയും ചെയ്‌തേക്കാം. ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരദൃശ്യശക്തി പ്രവര്‍ത്തിക്കുന്നുവെന്നും ആ ശക്തിയുടെ നിയന്ത്രണത്തിന് വിധേയമായിട്ടാണ് പ്രപഞ്ചം ചരിച്ചുകൊണ്ടിരിക്കുന്നത് എന്നുമുള്ള ഒരടിസ്ഥാനബോധം മനുഷ്യമനസ്സിന്റെ അടിത്തട്ടില്‍ മൗലികപ്രകൃതിയില്‍ നിലീനമായിട്ടുണ്ട്.
സത്യം, ധര്‍മ്മം, സ്‌നേഹം തുടങ്ങിയ അടിസ്ഥാനമൂല്യങ്ങളെ കുറിച്ച് നമുക്ക് ഒരുസങ്കല്‍പ്പമുണ്ടല്ലോ. സത്യമാണ് അസത്യത്തേക്കാള്‍ ഉന്നതം; സ്‌നേഹമാണ് ശത്രുതയേക്കാള്‍ വിശിഷ്ടം; ധര്‍മ്മമാണ് അധര്‍മ്മത്തേക്കാള്‍ നല്ലത് എന്നൊക്കെയുള്ള ബോധങ്ങള്‍ നാം ചരിത്രത്തിന്റെ ഏതോ ദിശയില്‍ കണ്ടുപിടിച്ച് സ്വായത്തമാക്കിയതല്ല. അതെല്ലാം നമ്മുടെ പ്രകൃതിയുടെ താല്‍പര്യമാണ്. അഥവാ സൃഷ്ടാവ് സൃഷ്ടിവേളയില്‍ നമ്മില്‍ നിക്ഷേപിച്ചതാണ്. ഇതു തന്നെയാണ് ദൈവവിശ്വാസത്തിന്റെയും അവസ്ഥ. സത്യവും ധര്‍മ്മവും വിശിഷ്ടവും ഗുണകരവും എന്നംഗീകരിച്ചു കൊണ്ടുതന്നെ മനുഷ്യന്‍ പലപ്പോഴും അതില്‍ നിന്ന് വ്യതിചലിക്കുന്നത് പോലെ ദൈവത്തില്‍ നിന്ന് വ്യതിചലിക്കുന്നു.
മനുഷ്യപ്രകൃതിയില്‍ ദൈവബോധം ഉള്‍ച്ചേര്‍ന്നതിനെ ഖുര്‍ആന്‍ ഇങ്ങനെ ചിത്രീകരിക്കുന്നു: ഓര്‍ക്കുക, നിന്റെ നാഥന്‍ മനുഷ്യപുത്രന്‍മാരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്തതികളെ പുറത്തെടുത്തു. അവരെ തങ്ങളുടെ മേല്‍ സ്വയം സാക്ഷികളാക്കിക്കൊണ്ട് ചോദിച്ചു, നിങ്ങളുടെ വിധാതാവ് ഞാനല്ലയോ? അവര്‍ പറഞ്ഞു അതെ തീര്‍ച്ചയായും ഞങ്ങളുടെ വിധാതാവ് നീ തന്നെ. ഞങ്ങളതിന് സാക്ഷികളായിരിക്കുന്നു. അന്ത്യനാളില്‍ നിങ്ങള്‍ ഇപ്രകാരം ന്യായം പറയാതിരിക്കാനത്രെ അല്ലാഹു ഇത് ചെയ്തത്, ഞങ്ങള്‍ ഇതേക്കുറിച്ച് അജ്ഞനായിരുന്നു, അല്ലെങ്കില്‍ ഇങ്ങനെ പറയാതിരിക്കേണ്ടതിന് ബഹുദൈവാരാധന,പൂര്‍വ്വപിതാക്കള്‍ ഞങ്ങള്‍ക്കു മുമ്പേ തുടങ്ങിവെച്ചതാണ് ഞങ്ങള്‍ അവരുടെ പിന്‍മുറക്കാരായി ജനിച്ചവരാകുന്നു. അസത്യം ആചരിച്ച പൂര്‍വ്വികരുടെ നടപടിക്ക് നീ ഞങ്ങളെ ശിക്ഷിക്കുന്നുവോ? (അല്‍ അഅ്‌റാഫ്:172,173).
മറ്റൊരു സന്ദര്‍ഭത്തില്‍ അല്ലാഹു അരുള്‍ ചെയ്തു: ആത്മാവാണ, അതിനെ സന്തുലിതമാക്കിയവനാണെ എന്നിട്ട് അതിന് ധര്‍മ്മാധര്‍മങ്ങള്‍ ബോധനം ചെയ്തവനാണെ, ആതമാവിനെ സംസ്‌ക്കരിച്ചവന്‍ തീര്‍ച്ചയായും വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു(അശ്ശംസ്: 7-10).
ദൈവം, സത്യം,ധര്‍മ്മം മുതലായ സനാതനമൂല്യങ്ങള്‍ മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. ആ മൂല്യങ്ങളെ സാക്ഷാത്കരിക്കുന്നതിലാണ് മനുഷ്യജന്മത്തിന്റെ സാഫല്യം. മനുഷ്യപ്രകൃതിയില്‍ അടങ്ങിയ ഈ ദൈവവിചാരത്തെയും ധര്‍മ്മബോധത്തെയും ഉത്തേജിപ്പിക്കാനും അതിന്റെ സാക്ഷാത്കാരത്തിന് മാര്‍ഗദര്‍ശനം ചെയ്യാനുമാണ് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചതും വേദങ്ങളവതരിപ്പിച്ചതും.
ആദിയില്‍ എല്ലാ ജനവിഭാഗങ്ങളും ഒരേ മാര്‍ഗത്തിലായിരുന്നു. പിന്നീട് അവരില്‍ ഭിന്നതകള്‍ ഉടലെടുത്തപ്പോള്‍ ധര്‍മ്മാനുഷ്ഠാനത്തിന്റെ ശുഭപര്യവസാനമറിയിക്കാനും അധര്‍മ്മാചരണത്തിന്റെ കൊടുതികളെക്കുറിച്ച് താക്കീത് ചെയ്യാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. ധര്‍മ്മത്തെക്കുറിച്ചുളവായ ഭിന്നിപ്പുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി അവരോടൊപ്പം സത്യവേദങ്ങളും അവതരിപ്പിച്ചു.(അല്‍ബഖറ : 213)
(ടി.കെ ഉബൈദിന്‍റെ അല്ലാഹു എന്ന പുസ്തകത്തില്‍ നിന്നും )