Question: സകാത്ത്, കമ്മിറ്റി വഴി കൊടുക്കുന്നതിനേക്കാൾ നല്ലതാണ് വ്യക്തിപരമായി തന്നെ കൊടുക്കുന്നത് എന്ന് ചിലർ പറഞ്ഞു കാണുന്നു. എന്താണ് അഭിപ്രായം?
Answer: ഖുർആനും സുന്നത്തും അനുശാസിച്ച നേർവഴി വിട്ട് പൗരോഹിത്യം സ്വന്തമായി ഉണ്ടാക്കിയെടുത്ത മതം അവർക്കുതന്നെ ഭീഷണിയും ഭാരവുമാവുന്നതിന്റെ മികച്ച ഉദാഹരണം സകാത്തിന്റെ ‘വ്യക്ത്യാധിഷ്ഠിത സാമൂഹിക വിതരണം’ എന്ന പുതിയ കണ്ടുപിടിത്തത്തിൽ കാണാം. ഇസ്‌ലാമിക ഭരണകൂടം ഉണ്ടെങ്കിൽ മാത്രമേ സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവും സാധുവാകൂ എന്ന് ശഠിച്ചവർ, സമുദായം പ്രബുദ്ധരാവും തോറും യാചനയുടെ പ്രാകൃതരൂപമായ സ്വകാര്യ വിതരണരീതി കൈയൊഴിഞ്ഞ് സാമൂഹിക വിതരണസംവിധാനത്തിലേക്ക് നീങ്ങുന്നുവെന്ന് കണ്ടതോടെയാണ് ബിദ്അത്തുകാരെ നേരിടാനെന്ന പേരിൽ സകാത്ത് വിതരണത്തിന് കുറുക്കുവഴി തേടുന്നത്. സത്യത്തിൽ സകാത്തിന് സാമൂഹിക സംഭരണവും വിതരണവും അല്ലാത്ത രീതി മുഹമ്മദ് നബി(സ) പരിചയപ്പെടുത്തിയിട്ടില്ല. അവകാശികളുടെ അഭിമാനം പരിരക്ഷിച്ചുകൊണ്ട് അവർക്കേറ്റവും ഗുണകരമായ രീതിയിൽ സകാത്ത് വിതരണം ചെയ്യാനും സകാത്ത് ദായകരിൽ രിയാഇ(പ്രദർശനം)ന്റെ നേരിയ ലാഞ്ഛനപോലും ഇല്ലാതിരിക്കാനും ഏറ്റവും ഫലപ്രദമായ മാർഗം സാമൂഹികസംഭരണവും വിതരണവുമാണ്. ഭരണകൂടം ഇല്ലെന്നതുകൊണ്ട് ജുമുഅയോ ജമാഅത്തോ മാസപ്പിറവി നിർണയമോ വിവാഹമോ വിവാഹമോചനമോ ഒന്നും മുസ്‌ലിം സമൂഹം വേണ്ടെന്നു വെച്ചിട്ടില്ല, ഫലപ്രദമായ ബദൽ സംവിധാനങ്ങൾ കണ്ടെത്തുകയായിരുന്നു. മഹല്ല് ഖാദി പോലും അതിന്റെ ഭാഗമാണ്. ഖാദി എന്നാൽ ജഡ്ജി എന്നാണർഥം. ഭരണകൂടം ഇല്ലെങ്കിൽ പിന്നെന്ത് ജഡ്ജി? എന്നിട്ടും പരിമിതമായ അധികാരങ്ങളോടെ ഓരോ മഹല്ലിലും ഖാദിയെ നിയമിക്കാൻ സമുദായം നിഷ്കർഷിക്കുന്നു. ഈ സമ്പ്രദായത്തെ പുരോഹിതന്മാർ എതിർക്കുന്നില്ലെന്ന് മാത്രമല്ല അവരിൽ പലരും ഖാദിമാരും ഇമാം ഖത്വീബുമാരുമാണ്. എന്നാൽ സകാത്തിന്റെ പ്രശ്നം വരുമ്പോൾ മാത്രം ഭരണകൂടം തന്നെ വേണമത്രെ. (ഭരണത്തെക്കുറിച്ച് ആരെങ്കിലും ശബ്ദിച്ചാൽ അയാൾ മതരാഷ്ട്രവാദിയും മുബ്തദിഉമാകുന്ന വിരോധാഭാസം വേറെയും.)
സകാത്ത് വിതരണത്തിന് വകീലിനെ ഏൽപിക്കാമെന്നത് അംഗീകൃത കർമശാസ്ത്രനിയമമാണ്. വ്യക്തിക്ക് വകീലാവാമെങ്കിൽ വ്യക്തികളടങ്ങിയ കമ്മിറ്റിക്കും ആവാം. ഒരാളേക്കാൾ എല്ലായ്പ്പോഴും ഒരു സംഘത്തിനാണ് തെറ്റ് പറ്റാതിരിക്കാനുള്ള സാധ്യത കൂടുതൽ. ശരീഅത്ത് നിയമങ്ങൾക്കനു സൃതമായി നിയമാവലി ചിട്ടപ്പെടുത്തി, മതപണ്ഡിതന്മാരടങ്ങുന്ന സകാത്ത് കമ്മിറ്റി സകാത്ത് ദാതാക്കളുടെ ന്യായമായ അഭിപ്രായങ്ങൾ കൂടി കണക്കി ലെടുത്ത് സകാത്ത് വിതരണം ചെയ്താൽ അതായിരിക്കും ഏറ്റവും നല്ലത്.