ചോദ്യം: സ്ത്രീകൾ പർദയണിഞ്ഞ് നടക്കുന്നതുകൊണ്ടാണ് അവർ വഴി തെറ്റിപ്പോകാത്തതെന്ന വാദം ശരിയാകണമെങ്കിൽ പർദ ധരിക്കാത്ത അമുസ്‌ലിം സ്ത്രീകളെല്ലാം വഴിതെറ്റിപ്പോകണം. തൊഴിലില്ലായ്മയാണ് എല്ലാവരെയും അരാജകത്വത്തിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. ജനാധിപത്യ മൂല്യങ്ങളും മാനവികതയും കർശനമായി സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹത്തിൽ അരാജകത്വ ജീവിതങ്ങൾ നിയന്ത ണവിധേയമാക്കാൻ കഴിയും. അതോടെ പർദയുടെ പ്രസക്തി പോലും നഷ്ടപ്പെടുന്നു. ഈയൊരു അവസ്ഥക്ക് വേണ്ടിയാണ് മതനേതാക്കൾ രംഗത്തിറങ്ങേണ്ടത് എന്ന ആശയത്തെക്കുറിച്ചുള്ള പ്രതികരണമെന്താണ്?
ഉത്തരം: സ്ത്രീകൾ വഴിതെറ്റിപ്പോവാതിരിക്കണമെങ്കിൽ അവർ കണിശമായ സദാചാര ധാർമിക മൂല്യങ്ങളിൽ വിശ്വസിക്കുകയും പരമാവധി ജീവിതത്തിൽ പകർത്തുകയും വേണം. അതിലൊന്ന് മാത്രമാണ് ശരീരസൗന്ദര്യം പ്രകടമാക്കാത്ത വേഷം. ഈ വേഷമാണ് ഹിജാബ് അഥവാ പർദ. പർദ എല്ലാ അപഥ സഞ്ചാരത്തിനുമുള്ള ഒറ്റമൂലിയല്ല. വേശ്യക്കും വേണമെങ്കിൽ പർദ ധരിക്കാം. പുരുഷന്മാരെ ഇക്കിളിപ്പെടുത്തുന്ന വേഷം ധരിച്ചു ചെത്തി നടക്കുമ്പോൾ സ്വാഭാവികമായും കൈയേറ്റങ്ങളുണ്ടാവും. അന്നേരം ഒച്ചവെച്ചിട്ടും സ്ത്രീ സ്വാതന്ത്ര്യം പ്രസംഗിച്ചിട്ടും എന്തു കാര്യം?
ജനാധിപത്യവും മാനവികതയും പൂർണമായി പുലരുന്ന ഒരു രാജ്യവും ഇന്ന് ഭൂമുഖത്തില്ല. ഉണ്ടെന്ന് അവകാശപ്പെടുന്ന നാടുകളിലാണ് സ്ത്രീ ഏറ്റവും അരക്ഷിത. ഇറാഖിലെ അമേരിക്കൻ സൈനികരിലെ വനിതകൾ ഏറ്റവും മോശമായ ഭീഷണി നേരിടുന്നത് ഭീകരരിൽ നിന്നല്ല, സഹപ്രവർത്തകരായ പുരുഷന്മാരിൽ നിന്നാണെന്ന് ആ രാജ്യത്തെ കോൺഗ്രസ്സംഗം തുറന്നടിച്ചത് ഓർമിക്കണം. ഇന്ത്യയിലെ മന്ത്രിമാരും ന്യായാധിപന്മാരും ഉദ്യോഗസ്ഥ പ്രമുഖരുമടക്കമുള്ളവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും അന്വേഷിച്ചു നോക്കണം. പെണ്ണ് അവിടെയും അരക്ഷിതയാണ്, മന്ത്രിമാരുടെ സ്റ്റാഫംഗമായാൽ പോലും. സുരക്ഷ പ്രദാനം ചെയ്യാൻ പർദ മാത്രം പോരാ. പർദ കൂടി ഇല്ലാതാക്കിയാൽ അത്രയളവിൽ അരക്ഷിതാവസ്ഥ വർധിക്കുമെന്ന് മാത്രം.