Question: “സ്ത്രീകൾക്ക് പർദ നിർബന്ധമാക്കുകയും പുരുഷന്മാരെ അതിൽനിന്നൊഴിവാക്കുകയും ചെയ്തത് തികഞ്ഞ വിവേചനമല്ലേ?”
Answer: ഈ വിവേചനം പ്രകൃതിപരമാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരപ്രകൃതി ഒരുപോലെയല്ലല്ലോ. ഏതൊരു കരുത്തനായ പുരുഷനും സ്ത്രീയെ അവളുടെ അനുവാദമില്ലാതെ തന്നെ ബലാത്സംഗം ചെയ്യാൻ സാധിക്കും. എന്നാൽ സ്ത്രീ എത്ര കരുത്തയായാലും പുരുഷന്റെ അനുമതിയില്ലാതെ അയാളെ ലൈംഗികമായി കീഴ്പ്പെടുത്താനാവില്ല. ഈ അന്തരത്തിന്റെ അനിവാര്യമായ താൽപര്യമാണ് വസ്ത്രത്തിലെ വ്യത്യാസം. അതിനാലാണല്ലോ ഇന്ത്യയുൾപ്പെടെ ലോകമെങ്ങും സ്ത്രീയുടെ സംരക്ഷണത്തിന് പ്രത്യേക നിയമം അനിവാര്യമായത്. സ്ത്രീപീഡനത്തിന് കഠിന ശിക്ഷ നിയമം മൂലം നിശ്ചയിച്ച് നാടുകളിലൊന്നും പുരുഷ പീഡനത്തിനെതിരെ ഇവ്വിധം നിയമനിർമാണം നടത്തിയിട്ടില്ലല്ലോ. ശാരീരിക വ്യത്യാസങ്ങളാൽ കൂടുതൽ സുരക്ഷിതത്വവും മുൻകരുതലും ആവശ്യമുള്ളത് സ്ത്രീകൾക്കാണെന്ന് ഇത് സുതരാം വ്യക്തമാക്കുന്നു. അവൾ തന്റെ ശരീരസൗന്ദര്യം പരപുരുഷന്മാരുടെ മുമ്പിൽ പ്രകടിപ്പിക്കരുതെന്ന് ഇസ്‌ലാം ആവശ്യപ്പെടാനുള്ള കാരണവും അത്. അതിനാൽ പർദ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവുമാണ്. അസൗകര്യമോ പീഡനമോ അല്ല.