Question: “ദൈവത്തിങ്കൽ ലിംഗവിവേചനമില്ലെങ്കിൽ എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരെ നിയോഗിച്ചില്ല?”
Answer: ദൈവിക ജീവിതവ്യവസ്ഥ സമൂഹത്തിന് സമർപ്പിക്കലും അതിന് കർമപരമായ സാക്ഷ്യം വഹിക്കലും പ്രായോഗിക മാതൃക കാണിച്ചുകൊടുക്കലുമാണല്ലോ പ്രവാചകൻമാരുടെ പ്രധാന ദൗത്യം. അതിനാൽ ആരാധനാ കാര്യങ്ങളിലും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ, ഭരണരംഗങ്ങളിലും യുദ്ധം, സന്ധി പോലുള്ളവയിലും സമൂഹത്തിന് അവർ മാതൃകയാവേണ്ടതുണ്ട്. മാസത്തിൽ ഏതാനും ദിവസം ആരാധനാകർമങ്ങൾക്ക് നേതൃത്വം നൽകാനും ഗർഭധാരണം, പ്രസവം പോലുള്ള ഘട്ടങ്ങളിൽ നായകത്വപരമായ പങ്കുവഹിക്കാനും സ്ത്രീകൾക്ക് സാധ്യമാവാതെ വരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിന് സദാ സകല മേഖലകളിലും നേതൃത്വം നൽകേണ്ട പ്രവാചകത്വബാധ്യതയിൽ നിന്ന് സ്ത്രീകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എങ്കിലും മൂസാനബിയുടെ മാതാവ് സ്വന്തം ജീവിതത്തിൽ പകർത്തേണ്ട നിർദേശങ്ങൾ ദൈവത്തിൽനിന്ന് നേരിട്ട് സ്വീകരിച്ചതായി വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. അല്ലാഹു അറിയിക്കുന്നു: “നാം മൂസായുടെ മാതാവിനു ബോധനം നൽകി. അവനെ മുലയൂട്ടിക്കൊള്ളുക. അവന്റെ ജീവനിൽ ആശങ്കയുണ്ടായാൽ അവനെ നദിയിലെറിയുക. ഒന്നും ഭയപ്പെടേണ്ടതില്ല. ഒട്ടും ദുഃഖിക്കേണ്ടതില്ല. നാം അവനെ നിന്റെ അടുക്കലേക്കുതന്നെ തിരികെ കൊണ്ടുവരുന്നതാകുന്നു. അവനെ ദൈവദൂതന്മാ രിലുൾപ്പെടുത്തുകയും ചെയ്യും”(28:7).
പ്രവാചകൻമാർക്ക് ലഭിക്കും വിധം യേശുവിന്റെ മാതാവ് മർയമിന് മലക്കിൽനിന്ന് സന്ദേശം ലഭിച്ചതായും ഖുർആൻ പ്രസ്താവിക്കുന്നു: “അങ്ങനെ മർയം ആ കുഞ്ഞിനെ ഗർഭം ധരിച്ചു. ഗർഭവുമായി അവൾ അകലെയുള്ള ഒരു സ്ഥലത്ത് ചെന്നെത്തി. പിന്നെ പ്രസവവേദന അവളെ ഒരു ഈന്തപ്പനയുടെ ചുവട്ടിലെത്തിച്ചു. അവൾ കേണുകൊണ്ടിരുന്നു. ഹാ കഷ്ടം! ഇതിനു മുമ്പുതന്നെ ഞാൻ മരിക്കുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കിൽ അപ്പോൾ താഴെനിന്ന് മലക്ക് അവളെ വിളിച്ചറിയിച്ചു. വ്യസനിക്കാതിരിക്കുക! നിന്റെ നാഥൻ നിനക്കു താഴെ ഒരു അരുവി ഒഴുക്കിയിരിക്കുന്നു. നീ ആ ഈന്തപ്പനയുടെ തടിയൊന്നു കുലുക്കി നോക്കുക. അതു നിനക്ക് പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരും. അതു തിന്നുകയും കുടിക്കുകയും കൺകുളിർക്കുകയും ചെയ്തുകൊള്ളുക. പിന്നെ, വല്ല മനുഷ്യരെയും കാണുകയാണെങ്കിൽ അവരോടു പറഞ്ഞേക്കുക. ഞാൻ കാരുണികനായ ദൈവത്തിനുവേണ്ടി വ്രതം നേർന്നിരിക്കുകയാണ്. അതിനാൽ ഞാനിന്ന് ആരോടും സംസാരിക്കുന്നതല്ല”(19: 22-26).
പ്രകൃതിപരമായ കാരണങ്ങളാൽ സ്ത്രീകൾ പ്രവാചകരായി നിയോഗിതരായിട്ടില്ലെങ്കിലും പ്രവാചകന്മാർക്കെന്നപോലെ അവർക്കും ദിവ്യബോധനം ലഭിച്ചിരുന്നതായി ഈ വേദവാക്യങ്ങൾ വ്യക്തമാക്കുന്നു.