Question: ഇസ്‌ലാം പുരുഷമേധാവിത്വപരമല്ലേ? ഖുർആൻ നാലാം അധ്യായം 34-ാം വാക്യം തന്നെ ഇതിനു തെളിവാണല്ലോ?”
Answer: ഖുർആൻ നാലാം അധ്യായം മുപ്പത്തിനാലാം വാക്യം കുടുംബഘടനയെ സംബന്ധിച്ച ദൈവികനിർദേശമാണ്. അത് ഈ വിധമത്രെ: “പുരുഷന്മാർ സ്ത്രീകളുടെ രക്ഷാധികാരികളാകുന്നു. അല്ലാഹു അവരിൽ ചിലരെ മറ്റു ചിലരേക്കാൾ കഴിവുറ്റവരാക്കിയതിനാലും പുരുഷന്മാർ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനാലുമാണത്.”
ഇവിടെ പുരുഷന്മാരെ സംബന്ധിച്ച് ഖുർആൻ പ്രയോഗിച്ച പദം ഖവ്വാം എന്നാണ്. “ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കാര്യങ്ങൾ നല്ല നിലയിൽ കൊണ്ടുനടത്താനും മേൽനോട്ടം വഹിക്കാനും അതിനാവശ്യമായത് സജ്ജീകരിക്കാനും ഉത്തരവാദപ്പെട്ട വ്യക്തിക്കാണ് അറബിയിൽ ഖവ്വാം അല്ലെങ്കിൽ ഖയ്യിം എന്നു പറയുക”(തഫ്ഹീമുൽ ഖുർആൻ, ഭാഗം 1, പുറം 310. 56-ാം അടിക്കുറിപ്പ്).
മേൽനോട്ടക്കാരനും രക്ഷാധികാരിയുമില്ലാതെ ഏതൊരു സ്ഥാപനവും സംരംഭവും വിജയകരമായി നിലനിൽക്കുകയില്ല. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം ഭദ്രമായും സുരക്ഷിതമായും നിലനിൽക്കേണ്ട സ്ഥാപനമത്രെ. കൈകാര്യകർത്താവില്ലാതെ അത് സാധ്യമല്ല. അത് ആരായിരിക്കണമെന്നത് ഓരോ കുടുംബത്തിലും സ്ത്രീ പുരുഷന്മാർക്കിടയിൽ വിവാദ വിഷയമായാൽ കുടുംബഭദ്രത നഷ്ടമാവുകയും ഛിദ്രത അനിവാര്യമാവുകയും ചെയ്യും. അതിനാൽ ശാരീരികവും മാനസികവും വൈകാരികവുമായ പ്രത്യേകതകൾ പരിഗണിച്ച് ഇസ്‌ലാം അത് പുരുഷനെ ഏൽപിച്ചു. കുടുംബത്തിന്റെ സംരക്ഷണമെന്നത് ഒരു അവകാശമോ അധികാരമോ അല്ല. ഭാരിച്ച ഒരു ഉത്തരവാദിത്തമാണ്. ജീവിതവുമായി മല്ലിടാൻ ഏറ്റവും പ്രാപ്തനും കരുത്തനും പുരുഷനായതിനാലാണ് കടുത്ത ആ ചുമതല പുരുഷനെ ഏൽപിച്ചത്. അതിനാൽ ഇസ്‌ലാമിക വീക്ഷണത്തിൽ പുരുഷൻ കുടുംബമെന്ന കൊച്ചു രാഷ്ട്രത്തിലെ പ്രധാനമന്ത്രിയും സ്ത്രീ ആഭ്യന്തരമന്ത്രിയുമാണ്. വീട്ടിനകത്തെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതും നിർവഹിക്കുന്നതും സ്ത്രീയാണ്.
സ്ത്രീ-പുരുഷന്മാർക്കിടയിലെ ബന്ധം ഭരണാധികാരി-ഭരണീയ ബന്ധമല്ല. അതിനാലാണ് ഇസ്‌ലാം ദമ്പതികളെ ഭാര്യാഭർത്താക്കന്മാരെന്ന് വിളിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യാത്തത്. ഇണകളെന്നാണ് ഇസ്‌ലാം ദമ്പതികളെ വിശേഷിപ്പിക്കുന്നത്. ‘സ്ത്രീകൾ പുരുഷന്മാരുടെയും പുരുഷന്മാർ സ്ത്രീകളുടെയും വസ്ത്രമാണെ’ന്ന് (2:187) വിശുദ്ധ ഖുർആൻ പറയാനുള്ള കാരണവും അതുതന്നെ.
രാജ്യത്തെ ഭരണാധികാരി ഭരണീയരോടും സമൂഹത്തിലെ നേതാവ് അനുയായികളോടുമെന്നപോലെ ഗൃഹനാഥൻ വീട്ടുകാരോട് കൂടിയാലോചിച്ചു മാത്രമായിരിക്കണം തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും “തങ്ങളുടെ കാര്യങ്ങൾ പരസ്പരം കൂടിയാലോചിച്ചു നടത്തുന്നവരാണ വർ”(ഖുർആൻ: 42: 38).
അതിനാൽ പുരുഷൻ വീട്ടിലെ സ്വേഛാധിപതിയോ സർവാധികാരിയോ അല്ല. എല്ലാ ദൈവികപരിധികളും പാലിക്കാനയാൾ ബാധ്യസ്ഥനാണ്; കുടുംബത്തിന്റെ സംരക്ഷണം മാന്യമായും മര്യാദയോടെയും നിർവഹിക്കാൻ കടപ്പെട്ടവനും, സ്ത്രീയുടെ അവകാശങ്ങളെല്ലാം പൂർണമായും പാലിച്ചു കൊണ്ടായിരിക്കണം അത് നിർവഹിക്കുന്നത്. അല്ലാഹു അറിയിക്കുന്നു. “സ്ത്രീകൾക്ക് ചില ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്”(2: 228).
പ്രവാചകൻ(സ) പറയുന്നു: “മാന്യന്മാരല്ലാതെ സ്ത്രീകളെ മാനിക്കുകയില്ല. നീചനല്ലാതെ അവരെ നിന്ദിക്കുകയില്ല.”
“കുടുംബത്തോട് കാരുണ്യം കാണിക്കാത്തവനും അഹങ്കരിക്കുന്നവനും സ്വർഗത്തിൽ പ്രവേശിക്കുകയില്ല” (അബൂദാവൂദ്).
“വിശ്വാസികളിൽ വിശ്വാസപരമായി ഏറ്റവുമധികം പൂർണത വരിച്ചവൻ അവരിൽ ഏറ്റം നല്ല സ്വഭാവമുള്ളവനാണ്. നിങ്ങളിലേറ്റവും നല്ലവർ സ്വന്തം സഹധർമിണിമാരോട് നന്നായി വർത്തിക്കുന്നവരാണ്” (തിർമിദി)
സ്വകുടുംബത്തിന്റെ നിലനിൽപിനും പ്രതിരോധത്തിനും ജീവിതാവശ്യങ്ങൾക്കും ഗുണകരമായ എല്ലാറ്റിനും പങ്കുവഹിക്കുന്നതിനുവേണ്ടി ജീവിതം നീക്കിവച്ചത്. പുരുഷനായതിനാൽ വീട്ടിലെ അവസാനവാക്ക് -ചർച്ചക്കും കൂടിയാലോചനക്കും ശേഷം അവന്റേതാണ്. എന്നാലത് നന്മക്ക് എതിരോ അവകാശനിഷേധമോ അവിവേകപൂർവമോ ആകാവതല്ല. ഭർത്താവിന് തെറ്റ് സംഭവിച്ചാൽ തിരുത്താനും അയാളുടെ അന്യായമായ തീരുമാനങ്ങൾ അവഗണിക്കാനും വേണ്ടിവന്നാൽ തദാവശ്യാർഥം തന്റെയോ അയാളുടെയോ കുടുംബത്തെയോ അധികാരകേന്ദ്രങ്ങളെയോ സമീപിക്കാനും സ്ത്രീക്ക് അവകാശമുണ്ടായിരിക്കും. പുരുഷനാവട്ടെ, അപ്പോൾ ദൈവികപരിധികൾ പാലിച്ചു നടപ്പാക്കാൻ ബാധ്യസ്ഥനുമാണ്.
പുറത്തുപോയി പണിയെടുക്കാൻ സ്ത്രീയേക്കാൾ കൂടുതൽ കഴിയുക പുരുഷന്നാണ്. പ്രതിയോഗികളുടെ പരാക്രമങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്നതും അവനുതന്നെ. എന്തുതന്നെയായാലും സ്ത്രീക്ക് എല്ലാ സമയത്തും ഒരുപോലെ പാടത്തും പറമ്പിലും ഫാക്ടറിയിലും പുറത്തും പോയി ജോലി ചെയ്തു സമ്പാദിക്കുക സാധ്യമല്ല. മനുഷ്യരാശി നിലനിൽക്കണമെങ്കിൽ സ്ത്രീ ഗർഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടുകയുമൊക്കെ വേണമല്ലോ. ഈ ശാരീരികമായ പ്രത്യേകതകളാലാണ് ഇസ്‌ലാം കുടുംബത്തിന്റെ സാമ്പത്തികബാധ്യതകളും സംരക്ഷണോത്തരവാദിത്തങ്ങളും നേതൃപദവിയും പുരുഷനെ ഏൽപിച്ചത്.