Question: “ലോകമെങ്ങുമുള്ള മുസ്‌ലിംകൾ ഭീകരവാദികളും തീവ്രവാദികളുമാകാൻ കാരണം ഇസ്‌ലാമല്ലേ?”
Answer: അല്പം വിശദീകരണമർഹിക്കുന്ന ചോദ്യമാണിത്. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വർഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്കാരിക, നാഗരിക, വൈജ്ഞാനിക മേഖലകളിലും ലോകത്തിന് നേതൃത്വം നൽകിപ്പോന്ന മുസ്‌ലിം സ്പെയിനിലെ അവസാനത്തെ ഭരണാധികാരി അബു അബ്ദുല്ലയായിരുന്നു. ഗ്രാനഡെ നഗരം മാത്രമേ അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. 1492 ജനുവരി അവസാനത്തോടെയാണ് അയാളെ പുറംതള്ളി സ്പാനിഷുകാർ അവിടെ ആധിപത്യമുറപ്പിച്ചത്. സ്പെയിനിന്റെ പതനം പൂർത്തിയായ അതേ വർഷമാണ് സാമ്രാജ്യത്വാധിനിവേശം ആരംഭിച്ചതെന്ന വസ്തുത ഏറെ ശ്രദ്ധേയമത്രെ. 1492 ലാണല്ലോ കൊളംബസ് തന്റെ ‘കണ്ടെത്തൽ’ യാത്രക്ക് തുടക്കം കുറിച്ചത്.
അതേവർഷം ഒക്ടോബർ 12-ന് അയാൾ ഗ്വാനാഹാനി ദ്വീപിലെത്തി. ആയുധങ്ങളുമായി കപ്പലിറങ്ങിയ കൊളംബസും കൂട്ടുകാരും, അതുമുതൽ ആ നാട് സ്പാനിഷ് രാജാവിന്റെതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. തദ്ദേശീയരെ അവർക്കറിയാത്ത സ്പാനിഷ് ഭാഷയിലുള്ള ഉത്തരവ് വായിച്ചുകേൾപ്പിച്ചു. അത് അനുസരിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് ഇങ്ങനെ വിശദീകരിച്ചു: “ഞാൻ ഉറപ്പിച്ചു പറയുന്നു, ദൈവസഹായത്താൽ ഞങ്ങൾ നിങ്ങളുടെ രാജ്യത്ത് ബലമായി പ്രവേശിക്കും. നിങ്ങളോട് ആവുംവിധം യുദ്ധം ചെയ്യും. നിങ്ങളെ ക്രിസ്ത്യൻ പള്ളിക്കും തമ്പ്രാക്കന്മാർക്കും കീഴ്പ്പെടുത്തും. നിങ്ങളെയും ഭാര്യമാരെയും കുട്ടികളെയുമെല്ലാം പിടികൂടി അടിമകളാക്കും. നിങ്ങളുടെ സാമാനങ്ങൾ പിടിച്ചടക്കും. ഞങ്ങളാലാവുന്ന എല്ലാ ദ്രോഹവും നാശവും നിങ്ങൾക്ക് വരുത്തും”(David E Stannard, American Holocaust, The conquest of the New World, OUP 1993, P 66) ( ഉദ്ധരണം: പരാന്നഭോജികൾ: പാശ്ചാത്യവൽക്കരണത്തിന്റെ അഞ്ഞൂറു വർഷം, ഐ.പി.എച്ച്, പുറം 17)
ഇതോടെയാണ് യൂറോപ്പിന്റെ അധിനിവേശം ആരംഭിച്ചത്. മുസ്‌ലിം സ്പെയിൻ തകർന്ന് കൃത്യം ആറുവർഷം കഴിഞ്ഞ് 1498-ലാണല്ലോ വാസ്കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്.
1492-ൽ അമേരിക്കയിൽ ഏഴരകോടിക്കും പത്തുകോടിക്കുമിടയിൽ ആദിവാസികളുണ്ടായിരുന്നു. യൂറോപ്യൻ അധിനിവേശത്തെത്തുടർന്ന് ഒന്നര നൂറ്റാണ്ടുകൊണ്ട് അവരിൽ 90 ശതമാനവും സ്വന്തം മണ്ണിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു. ക്രൂരമായ കൂട്ടക്കൊലകളിലൂടെ തദ്ദേശീയരെ നശിപ്പിച്ചശേഷം 1776-ലെ ‘സ്വാതന്ത്ര്യപ്രഖ്യാപനത്തോടെ’ യൂറോപ്യർ അമേരിക്ക അധിനപ്പെടുത്തുകയായിരുന്നു. തീർത്തും അനീതിയിലും അതിക്രമത്തിലും അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തിലൂടെയാണ് ഇന്നത്തെ അമേരിക്ക സ്ഥാപിതമായത്.
1527-ൽ പോർച്ചുഗീസുകാർ ബഹ്റൈൻ പിടിച്ചടക്കി. തൊട്ടുടനെ ഒമാനും കീഴ്പ്പെടുത്തി. എങ്കിലും ഉസ്മാനികൾ ആ നാടുകൾ തിരിച്ചുപിടിച്ചു. പിന്നീട് 1798-1801 കാലത്ത് നെപ്പോളിയന്റെ ഫ്രഞ്ച് സേന ഈജിപ്തിലെ അലക്സാണ്ട്രിയ, അക്കാ നഗരങ്ങൾ അധീനപ്പെടുത്തി.
പിന്നിട്ട രണ്ട് നൂറ്റാണ്ടുകൾ അറബ്-മുസ്‌ലിം നാടുകൾ ഇതര ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളെപ്പോലെത്തന്നെ പാശ്ചാത്യാധിനിവേശത്തിന്റേതായിരുന്നു. ഫ്രാൻസ് 1830-ൽ അൾജീരിയയും 1859-ൽ ജിബൂട്ടിയും 1881-ൽ തുനീഷ്യയും 1919-ൽ മൗറിത്താനിയയും അധീനപ്പെടുത്തി. ഇറ്റലി 1859-ൽ സോമാലിയയും 1911-ൽ ലിബിയയും 1880-ൽ ഐരിത്രിയയും കീഴ്പ്പെടുത്തി. ബ്രിട്ടൻ 1800-ൽ മസ്കത്തും 1820-ൽ ഒമാന്റെ ബാക്കി ഭാഗവും 1839-ൽ ഏതനും 1863-ൽ ബഹ്റൈനും 1878-ൽ സൈപ്രസും 1882-ൽ ഈജിപ്തും 1898-ൽ സുഡാനും 1899-ൽ കുവൈതും പിടിച്ചടക്കി. 1916-ൽ ബ്രിട്ടനും ഫ്രാൻസും ചേർന്നുണ്ടാക്കിയ സെക്സ്-പിക്കോട്ട് രഹസ്യ കരാറനുസരിച്ച് ഉസ്മാനിയാ ഖലീഫയുടെ കീഴിലുണ്ടായിരുന്ന അറബ് പ്രവിശ്യകൾ ബ്രിട്ടനും ഫ്രാൻസും പങ്കിട്ടെടുത്തു. അങ്ങനെ ഇറാഖും ജോർദാനും ഫലസ്തീനും ഖത്തറും ബ്രിട്ടന്റെയും സിറിയയും ലബനാനും ഫ്രാൻസിന്റെയും പിടിയിലമർന്നു. മൊറോക്കോ സ്പെയിനിന്റെയും ഇന്തോനേഷ്യ ഡച്ചുകാരുടെയും കോളനികളായി. ഇന്ത്യയും അഫ്ഗാനിസ്ഥാനുമെല്ലാം സാമാ ജ്യശക്തികളുടെ പിടിയിലമർന്നപോലെത്തന്നെ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടതോടെ പടിഞ്ഞാറിന്റെ കോളനികളിലെല്ലാം സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു. തദ്ഫലമായി 1932-ൽ ഇറാഖും ’46-ൽ സിറിയയും ലബനാനും ’51-ൽ ലിബിയയും ഒമാനും 52-ൽ ഈജിപ്തും ’56-ൽ മൊറോക്കോയും സുഡാനും തുനീഷ്യയും ’58-ൽ ജോർദാനും ’59-ൽ മൗറിത്താനിയയും ’60-ൽ സോമാലിയയും ’61-ൽ കുവൈത്തും ’62-ൽ അൾജീരിയയും ’68-ൽ യമനും ’71-ൽ ഖത്തറും ബഹ്റൈനും അറബ് എമിറേറ്റ്സും ’77-ൽ ജിബൂട്ടിയും സ്വാതന്ത്ര്യം നേടി.
എന്നാൽ, സാമ്രാജ്യശക്തികൾ ഈ നാടുകളോട് വിടപറഞ്ഞത് അവിടങ്ങളിലടക്കം അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഏകാധിപതികളും സ്വേച്ഛാധികാരികളുമായ രാജാക്കന്മാരെയും ചക്രവർത്തിമാരെയും സുൽത്താന്മാരെയും പ്രതിഷ്ഠിച്ച ശേഷമായിരുന്നു. അതോടൊപ്പം ഈ നാടുകൾക്കിടയിലെല്ലാം അപരിഹാര്യങ്ങളായ അതിർത്തിത്തർക്കങ്ങളും ഉണ്ടാക്കിവെച്ചു. യമനും സൗദി അറേബ്യയും തമ്മിലും ഇറാനും ഇറാഖും തമ്മിലും ഇറാഖും കുവൈത്തും തമ്മിലും ഇറാനും യു.എ.ഇയും തമ്മിലും ഇനിയും പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ നിലനിൽക്കാനുള്ള കാരണം സാമ്രാജ്യത്വശക്തികൾ ചെയ്തുവെച്ച കുതന്ത്രങ്ങളത്രെ. അറബ്-മുസ്‌ലിം നാടുകൾ ഒന്നിക്കുന്നതിന് ഈ അതിർത്തി തർക്കങ്ങൾ സ്ഥിരമായ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം പലപ്പോഴും കിടമൽസരത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. അമേരിക്കക്കും ഇതര മുതലാളിത്ത നാടുകൾക്കും അവിടങ്ങളിലെ പെട്രോളും വാതകവും ഇതര അസംസ്കൃത പദാർഥങ്ങളും തട്ടിയെടുക്കാനും ആ നാടുകളെ തങ്ങളുടെ ആയുധക്കമ്പോളമാക്കി മാറ്റാനും ഇത് അവസരമൊരുക്കുന്നു.
സാമ്രാജ്യശക്തികൾ തന്നെ സൃഷ്ടിച്ച തർക്കത്തിന്റെ പേരിലാണല്ലോ ഇറാഖും കുവൈത്തും തമ്മിലേറ്റുമുട്ടിയത്. ഇത് അമേരിക്കക്ക് മേഖലയിൽ ഇടപെടാൻ അവസരമൊരുക്കി. അതുതന്നെയായിരുന്നുവല്ലോ അവരുടെ ലക്ഷ്യം. അറബ്-മുസ്‌ലിം നാടുകൾ സ്വാതന്ത്ര്യം നേടിയശേഷവും അവിടങ്ങളിലെല്ലാം പടിഞ്ഞാറിന്റെ അദൃശ്യസാമ്രാജ്യത്വവും ചൂഷണവും നിയന്ത്രണവും ഇന്നോളം നിലനിന്നുപോന്നിട്ടുണ്ട്. ആ രാജ്യങ്ങൾക്കൊന്നും തന്നെ സ്വന്തം നാടുകളിലെ വിഭവങ്ങൾ ഇഷ്ടാനുസൃതം വിനിയോഗിക്കാനോ നിയന്ത്രിക്കാനോ സാധിച്ചിട്ടില്ല. അവിടങ്ങളിലെ ഭരണാധികാരികൾ അറിഞ്ഞോ അറിയാതെയോ നിർബന്ധിതമായോ അല്ലാതെയോ പടിഞ്ഞാറിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുവരികയായിരുന്നു.
ഇറാഖിൽ ഇടപെടാൻ അവസരം ലഭിച്ചതോടെ അമേരിക്ക അറബ് നാടുകളുടെ മേലുള്ള പിടിമുറുക്കുകയും തങ്ങളുടെ പട്ടാളത്തെ തീറ്റിപ്പോറ്റുന്ന ചുമതലയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബാധ്യതയും ആ നാടുകളുടെ മേൽ വെച്ചുകെട്ടുകയും ചെയ്തു. ഇന്ന് എല്ലാ പ്രധാന അറബ്നാടുകളിലും അമേരിക്കക്ക് ആയുധശാലകളും സൈനികത്താവളങ്ങളുമുണ്ട്. അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും ഈ സാമ്രാജ്യത്വ ചൂഷണത്തിന് അറുതി വരുത്തണമെന്ന് വാദിക്കുന്നതും കൊടിയ പാതകമായാണ് പാശ്ചാത്യസാമ്രാജ്യ ശക്തികൾ കണക്കാക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനദശകം വരെ ലോകത്ത് ശാക്തികമായ സന്തുലിതത്വം നിലനിന്നിരുന്നു. എന്നാൽ സോഷ്യലിസ്റ്റ് ചേരി ദുർബലമായി ചരിത്രത്തിന്റെ ഭാഗമായതോടെ ശീതസമരം അവസാനിച്ചു. ലോകം അമേരിക്കയുടെ നേതൃത്വത്തിൽ ഏകധ്രുവമായി മാറി. ഗൾഫ് യുദ്ധത്തിൽ അമേരിക്കൻ ചേരി വിജയിച്ചതോടെ ആ രാജ്യം ലോകപോലീസ് ചമയാൻ തുടങ്ങി. തങ്ങളുടെ താൽപര്യങ്ങൾക്ക് എതിരു നിൽക്കുന്നവരെയെല്ലാം തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുകയും അവരെയൊക്കെ തകർക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു. പാശ്ചാത്യചേരി കമ്യൂണിസ്റ്റ് നാടുകളുടെ തകർച്ചയോടെ തങ്ങളുടെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ചത് ഇസ്‌ലാമിനെയാണ്. അമേരിക്കയും അതിന്റെ നേതൃത്വത്തിലുള്ള നാറ്റോയും ഇക്കാര്യം സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ലോകമെങ്ങുമുള്ള ഇസ്‌ലാമിക നവോത്ഥാന ചലനങ്ങളെയും മുന്നേറ്റങ്ങളെയും അടിച്ചമർത്താനും നശിപ്പിക്കാനും അമേരിക്കയും കൂട്ടാളികളും ആവുന്നതൊക്കെ ചെയ്യുന്നു. അതിനായി ആടിനെ പട്ടിയാക്കും വിധമുള്ള പ്രചാരവേലകൾ സംഘടിപ്പിക്കുന്നു. ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ മതമൗലികവാദം, മതഭ്രാന്ത്, ഭീകരത, തീവ്രവാദം തുടങ്ങിയ പദങ്ങൾ നിരന്തരം നിർലോഭം പ്രയോഗിച്ചു കൊണ്ടിരിക്കുന്നു. 1993-ൽ അമേരിക്കൻ കോൺഗ്രസ്സ് അംഗീകരിച്ച് പുറത്തിറക്കിയ കേവലം 93 പുറങ്ങളുള്ള ‘പുതിയ ലോക ഇസ്‌ലാമിസ്റ്റുകൾ’ എന്ന ഔദ്യോഗിക രേഖയിൽ 288 പ്രാവശ്യം ഭീകരത, ഭീകരർ എന്നീ പദങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. സയണിസ്റ്റ് പ്രസ്ഥാനത്തോട് കൂറുപുലർത്തുന്ന ഫാൻ ഫോറെയ്സ്റ്റ്, യോസഫ് സോദാൻസ്കി എന്നിവരാണ് പ്രസ്തുത രേഖ തയ്യാറാക്കിയത്.
യഥാർഥത്തിൽ ആരാണ് ലോകത്ത് കൂട്ടക്കൊലകളും യുദ്ധങ്ങളും ഭീകരപ്രവർത്തനങ്ങളും നടത്തുന്നത്? ഒന്നാം ലോകയുദ്ധത്തിൽ 80 ലക്ഷവും രണ്ടാം ലോകയുദ്ധത്തിൽ അഞ്ചുകോടിയും വിയറ്റ്നാമിൽ മുപ്പതു ലക്ഷവും കൊല്ലപ്പെട്ടു. പനാമയിലും ഗോട്ടിമലയിലും നിക്കരാഗ്വയിലും കമ്പൂച്ചിയയിലും കൊറിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം അനേകലക്ഷങ്ങൾ അറുകൊല ചെയ്യപ്പെടുകയുണ്ടായി. ഇതിലൊന്നും ഇസ്‌ലാമിന്നോ മുസ്‌ലിംകൾക്കോ ഒരു പങ്കുമില്ല.
ജപ്പാൻ യുദ്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വർഷിച്ച കൊടും ഭീകരനായ അമേരിക്ക തന്നെയാണ് ഇന്നും ആ പേരിനർഹൻ. തങ്ങളുടെ കുടില താൽപര്യങ്ങൾക്കെതിരു നിൽക്കുന്ന എല്ലാ നാടുകളെയും സമൂഹങ്ങളെയും ആ രാജ്യം എതിർക്കുന്നു. സ്വന്തം വരുതിയിൽ വരാത്ത നാടുകളിലെല്ലാം ഭീകരപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ചാരസംഘടനയായ സി.ഐ.എയെയും ഭീകരപ്രവർത്തകരായ സയണിസ്റ്റുകളെയും അതിനായി ഉപയോഗിക്കുന്നു. ആഭ്യന്തര പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലും ലോകത്ത് യുദ്ധങ്ങളുണ്ടാക്കുന്നു. അമേരിക്കൻ രാഷ്ട്രീയവൃത്തങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മിസ്റ്റർ റോസ്പെറോ പറയുന്നു: “ആഭ്യന്തരസ്ഥിതി മോശമാകുമ്പോൾ ശ്രദ്ധ തിരിച്ചുവിടാനായി ഞങ്ങൾ ലോകത്ത് കൊച്ചുകൊച്ചു യുദ്ധങ്ങൾ സംഘടിപ്പിക്കുന്നു.”
ഇവ്വിധം കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം അമേരിക്ക ലോകത്തിലെ അമ്പതിലേറെ രാജ്യങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ട് കുഴപ്പങ്ങൾ കുത്തിപ്പൊക്കുകയും കൂട്ടക്കൊലകൾ സംഘടിപ്പിക്കുകയുമുണ്ടായി. ഇത്തരമൊരു ഭീകരരാഷ്ട്രത്തിന്റെ പ്രചാരണമാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണകൾ വളർന്നുവരാനിടവരുത്തിയത്. എല്ലാ വിധ പ്രചാരണോപാധികളും കയ്യടക്കിവെക്കുന്ന അമേരിക്കയുടെ കുടിലതന്ത്രങ്ങൾ ലോകജനതയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ അനൽപമായ പങ്കുവഹിക്കുകയാണുണ്ടായത്.
യഥാർഥത്തിൽ, ഇന്ന് ലോകത്തിലെ ഏറ്റവും കൊടിയ ഭീകരകൃത്യം നടത്തുന്നത് സമാധാനത്തിന്റെ സംരക്ഷകരായി അറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലാണ്. ഏതെങ്കിലും ഒരു രാജ്യത്തെ ഭരണാധികാരിയോടുള്ള ശത്രുതയുടെ പേരിൽ ആ രാജ്യത്തിന്റെ യാത്രാ വിമാനം തട്ടിക്കൊണ്ടുപോയി അതിലെ നാനൂറോ അഞ്ഞൂറോ ആളുകളെ ബന്ദികളാക്കിയാൽ നാമവരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കും. തീർച്ചയായും അത് ശരിയുമാണ്. നിരപരാധരായ യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ക്രൂരതയാണ്. മനുഷ്യ വിരുദ്ധവും അതുകൊണ്ടുതന്നെ മതവിരുദ്ധവുമാണ്. എന്നാൽ സദ്ദാം ഹുസൈൻ എന്ന ഒരു ഭരണാധികാരിയോടുള്ള വിരോധത്തിന്റെ പേരിൽ ഇറാഖിലെ ഒന്നേകാൽ കോടി മനുഷ്യരെ പതിനൊന്നുവർഷം ആഹാരവും മരുന്നും കൊടുക്കാതെ ഐക്യരാഷ്ട്രസഭ ബന്ദികളാക്കുകയും ആറുലക്ഷം കുട്ടികളുൾപ്പെടെ പതിനൊന്നു ലക്ഷത്തെ കൊന്നൊടുക്കുകയും ചെയ്തു. ഇവിധം ലോകത്തിലെ ഏറ്റം ക്രൂരനായ കൊലയാളിയും കൊടുംഭീകരനുമായി മാറിയ സെക്യൂരിറ്റി കൗൺസിൽ ഇപ്പോഴും സമാധാനത്തിന്റെ കാവൽക്കാരായാണ് അറിയപ്പെടുന്നതെന്നത് എത്രമാത്രം വിചിത്രവും വിരോധാഭാസവുമാണ്. അമേരിക്കയുടേതല്ലാത്ത ഒരു മാനദണ്ഡവും അളവുകോലും ലോകത്തിന് ഇന്നില്ല എന്നതാണ് ഇതിനു കാരണം.
മുസ്‌ലിംകളിൽ തീവ്രവാദികളോ ഭീകരപ്രവർത്തകരോ ആയി ആരുമില്ലെന്ന് അവകാശപ്പെടാനാവില്ല. ഇസ്‌ലാമിനെ ഏറെ കളങ്കപ്പെടുത്തുകയും അതിന്റെ പ്രതിഛായ തകർക്കുകയും ചെയ്യുന്ന അപക്വവും വിവേകരഹിതവുമായ അത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന ഒറ്റപ്പെട്ട ചിലരെ അങ്ങിങ്ങായി കാണാൻ കഴിഞ്ഞേക്കും. മുസ്‌ലിം നാടുകളിൽ അത്തരം ഭീകരപ്രവർത്തനങ്ങളും തീവ്രവാദചിന്തകളും വളർന്നുവരാൻ കാരണം, അവിടങ്ങളിലെ ഏകാധിപത്യ സ്വഛാധിപത്യ ഭരണകൂടങ്ങളും അവയുടെ കൊടിയ തിന്മകളുമാണ്. ജനാധിപത്യപരവും സമാധാനപരവുമായ മാർഗങ്ങളിലൂടെ ജനാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണകൂടങ്ങൾ സ്ഥാപിക്കാനും വ്യവസ്ഥാമാറ്റത്തിനുമായി കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിലായി നടത്തി പോന്ന ശ്രമങ്ങൾ സാമ്രാജ്യ ശക്തികളുടെ ഇടപെടൽ കാരണം പരാജയമടഞ്ഞതിനാൽ ക്ഷമകെട്ട ഒരുപറ്റം ചെറുപ്പക്കാർ തീവ്രവാദ സമീപനം സ്വീകരിക്കുകയാണുണ്ടായത്. മുസ്‌ലിം ന്യൂനപക്ഷ പ്രദേശങ്ങളിൽ ഭൂരിപക്ഷത്തോടൊപ്പം ഭരണകൂടവും ചേർന്ന് നടത്തുന്ന കൊടുംഭീകരവൃത്തികളാണ് ചില ചെറുപ്പക്കാരെ തുല്യനിലയിൽ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത്. തീർത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാണിച്ചാണ് തൽപര കക്ഷികൾ ഇസ്‌ലാമിനെതിരെ ഭീകരതയും തീവ്രവാദവും ആരോപിക്കുന്നത്.
ഇസ്‌ലാം എല്ലാവിധ ഭീകരതക്കും എതിരാണ്- വ്യക്തികളുടെയും സംഘടിത പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും ഭീകരതയെയും തീവ്രവാദത്തെയും അത് തീർത്തും നിരാകരി ക്കുകയും ശക്തിയായി എതിർക്കുകയും ചെയ്യുന്നു. നിരപരാധികളുടെ മരണത്തിനും സ്വത്തുനാശത്തിനും ഇടവരുത്തുന്ന ഭീകരപ്രവർത്തനങ്ങൾ മത വിരുദ്ധമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവൻ മനുഷ്യരെയും വധിക്കുന്നതുപോലെയും, ഒരാൾക്കു ജീവനേകുന്നത് മുഴുവൻ മനുഷ്യർക്കും ജീവിതമേകുന്നതുപോലെയുമാണെന്ന് ഖുർആൻ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.(5: 32)
അതിനാൽ യഥാർഥ വിശ്വാസികൾക്ക് ഒരിക്കലും തീവ്രവാദികളോ ഭീകരപ്രവർത്തകരോ ആവുക സാധ്യമല്ല. അതോടൊപ്പം ലോകമെങ്ങും മുസ്‌ലിംകൾ ഭീകരപ്രവർത്തകരാണെന്നത് അമേരിക്കയുടെയും കൂട്ടാളികളുടെയും അവയുടെ മെഗഫോണുകളാകാൻ വിധിക്കപ്പെട്ട പൗരസ്ത്യനാടുകളുടെ അടിയാളസമൂഹങ്ങളുടെയും പ്രചാരണം മാത്രമാണെന്ന വസ്തുത വിസ്മരിക്കാവതല്ല.
(വിശദമായ പഠനത്തിന് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഭീകരവാദവും ഇസ്‌ലാമും’, ‘ഖുർആന്റെ യുദ്ധസമീപനം’ എന്നീ കൃതികൾ കാണുക.)