Question: “മനുഷ്യൻ മരണമടഞ്ഞാൽ ചിലർ മണ്ണിൽ മറവുചെയ്യുന്നു. ഏറെ വൈകാതെ മൃതശരീരം മണ്ണോടു ചേരുന്നു. വേറെ ചിലർ ജഡം ചിതയിൽ ദഹിപ്പിക്കുന്നു. അതോടെ അത് ചാരമായി മാറുന്നു. നദിയിലൊഴുക്കപ്പെടുന്ന ശവശരീരങ്ങളെ മത്സ്യം വെട്ടിവിഴുങ്ങുകയും ചെയ്യുന്നു. ഈ വിധം അപ്രത്യക്ഷരാവുന്ന മനുഷ്യരെ വീണ്ടും ഉയിർത്തെഴുന്നേൽപിക്കുമെന്നല്ലേ ഇസ്‌ലാം അവകാശപ്പെടുന്നത്? ഇത് വിശ്വസനീയമാണോ? മനുഷ്യ ബുദ്ധിക്ക് നിരക്കുന്നതാണോ?
Answer: എന്നും എവിടെയും മഹാഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായിരുന്നു. അറിയപ്പെടുന്ന മനുഷ്യചരിത്രത്തിൽ ഈശ്വരവിശ്വാസമില്ലാത്ത സമൂഹങ്ങളും ജനതകളും വളരെ വിരളമത്രെ. അതുകൊണ്ടുതന്നെ ദൈവ ദൂതന്മാർക്ക് അഭിമുഖീകരിക്കേണ്ടിവന്നത് നിരീശ്വരവാദികളെയായിരുന്നില്ല. മറിച്ച്, മരണാനന്തര ജീവിതത്തിൽ വിശ്വാസമില്ലാത്ത ദൈവവിശ്വാസികളെയായിരുന്നു. പ്രവാചകന്മാർക്കെതിരെ അണിനിരന്ന വിവിധ കാലഘട്ടങ്ങളിലെ ജനങ്ങൾ പരലോകത്തെ അവിശ്വസിക്കുന്നവരും തള്ളിപ്പറയുന്നവരുമായിരുന്നു. അവരുന്നയിച്ച വാദങ്ങളും ചോദ്യങ്ങളും വിശുദ്ധഖുർആൻ ഇങ്ങനെ ഉദ്ധരിക്കുന്നു:
“അവർ ദൈവനാമത്തിൽ ശക്തമായി ആണയിട്ടു പറയുന്നു. മരിച്ചു പോകുന്നവരെ അല്ലാഹു വീണ്ടും ജീവിപ്പിച്ച് എഴുന്നേൽപിക്കുകയില്ല.” (അധ്യായം 16, വാക്യം 38).
“ജീവിതമെന്നാൽ നമ്മുടെ ഈ ഐഹികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാമൊരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാൻ പോകുന്നില്ല.” (അധ്യായം 6, വാക്യം 29).
“നിങ്ങൾ മരിച്ച് മണ്ണും അസ്ഥിയുമായ ശേഷം വീണ്ടും ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്ന് ഇയാൾ നിങ്ങളോട് പറയുന്നോ? എന്നാലത് വളരെ വളരെ വിദൂരം തന്നെ. ഇയാൾ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് വളരെ വിദൂരമത്രെ! നമ്മുടെ ഐഹികജീവിതമല്ലാതെ ജീവിതമില്ല. ഇവിടെ നാം മരിക്കുന്നു. ജീവിക്കുന്നു. നാമൊരിക്കലും ഉയിർത്തെഴുന്നേൽപിക്കപ്പെടുകയില്ല.” (അധ്യായം 23, വാക്യം 36, 37).
“അവർ അവരുടെ മുൻഗാമികൾ പറഞ്ഞതുതന്നെ പറയുന്നു. അവർ പറയുന്നു. ഞങ്ങൾ മരിച്ച് മണ്ണും എല്ലുമായി മാറിക്കഴിഞ്ഞാൽ പിന്നെയും ഉയിർത്തെഴുന്നേല്പിക്കപ്പെടുമെന്നോ? ഈ വാഗ്ദാനം ഞങ്ങൾ ഏറെ കേട്ടിട്ടുള്ളതാണ്. പണ്ട് ഞങ്ങളുടെ പൂർവപിതാക്കളും കേട്ടുപോന്നിട്ടുണ്ട്. അതാ വട്ടെ കേവലം കെട്ടുകഥകൾ മാത്രമാകുന്നു.” (അധ്യായം 23, വാക്യം 82, 83).
“അവർ ചോദിക്കുന്നു. ഞങ്ങൾ മരിച്ച് മണ്ണും അസ്ഥിപഞ്ജരവുമായി മാറിക്കഴിഞ്ഞാൽ വീണ്ടും ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്നോ? ഞങ്ങളുടെ പൂർവപിതാക്കളും അങ്ങനെ ഉയിർത്തെഴുന്നേൽപിക്കപ്പെടുമോ?” (അധ്യായം 37, വാക്യം 16, 17).
പുരാതന കാലം മുതൽക്കുതന്നെ ദൈവവിശ്വാസികളായ പലരും പരലോകത്തിൽ വിശ്വസിച്ചിരുന്നില്ലെന്ന് ഉപര്യുക്ത വാക്യങ്ങൾ വ്യക്തമാക്കുന്നു. ഇന്നത്തെ അവസ്ഥയും ഭിന്നമല്ല. അവിശ്വാസികൾ ഉയിർത്തെഴുന്നേൽപിനെ നിഷേധിച്ചും അവിശ്വസിച്ചും സംശയിച്ചും ഉന്നയിച്ച ചോദ്യങ്ങൾക്ക് വിശുദ്ധ ഖുർആൻ വ്യക്തമായ മറുപടി നൽകുന്നു. “അവർ ചോദിക്കുന്നു: “ഞങ്ങൾ കേവലം അസ്ഥികളും മറ്റുമായിത്തീർന്നാൽ പിന്നെ വീണ്ടും പുതിയ സൃഷ്ടിയായി എഴുന്നേൽപിക്കപ്പെടുമെന്നോ?’ അവരോടു പറയുക: നിങ്ങൾ കല്ലോ തുരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കിൽ ജീവനുൾക്കൊള്ളാൻ തീരെ അസാധ്യമായതെന്ന് നിങ്ങൾക്ക് തോന്നുന്ന മറ്റെന്തെങ്കിലും കടുത്ത സൃഷ്ടിയായിക്കൊള്ളുക. എന്നാലും നിങ്ങൾ എഴു ന്നേൽപിക്കപ്പെടും.’ അവർ തീർച്ചയായും ചോദിക്കും: ‘ആരാണ് ഞങ്ങളെ വീണ്ടും ജീവിതത്തിലേക്ക് മടക്കുക?’ പറയുക: “ആദ്യതവണ സൃഷ്ടിച്ചവനാരോ അവൻ തന്നെ. അവർ തലയിളക്കി പരിഹാസത്തോടെ ചോദിക്കും: “ഓഹോ, അതെപ്പോഴാണുണ്ടാവുക?’ പറയുക: അദ്ഭുതമെന്ത്? അടുത്തു തന്നെ അത് സംഭവിച്ചേക്കാം. ദൈവം നിങ്ങളെ വിളിക്കുന്ന നാളിൽ അതിനുത്തരമായി നിങ്ങളവനെ സ്തുതിച്ചുകൊണ്ട് പുറപ്പെട്ടുവരും. “ഞങ്ങൾ അൽപനേരം മാത്രമേ ഈ അവസ്ഥയിൽ കഴിഞ്ഞിട്ടുള്ളൂ എന്നായിരിക്കും അന്നേരം നിങ്ങളുടെ തോന്നൽ” (അധ്യായം 17, വാക്യം 49-52).
“ഞങ്ങൾ കേവലം അസ്ഥികളും മണ്ണുമായിക്കഴിഞ്ഞ ശേഷം പുതിയ സൃഷ്ടിയായി വീണ്ടും എഴുന്നേൽപിക്കപ്പെടുകയോ’ എന്നു ചോദിച്ചതിനുള്ള പ്രതിഫലമാണിത്. ഭൂലോകത്തെയും വാനലോകങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിന് ഇവരെപ്പോലുള്ളവരെയും സൃഷ്ടിക്കുവാൻ തീർച്ചയായും കഴിവുണ്ടെന്ന് ഇവർക്ക് മനസ്സിലായിട്ടില്ലേ? അവരെ പുനരുജ്ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്നതിന് അവനൊരു സമയം നിർണയിച്ചു വച്ചിട്ടുണ്ട്. അതുണ്ടാവുമെന്നതിൽ സംശയമില്ല. പക്ഷേ, അതിനെ ധിക്കരിക്കുക തന്നെ വേണമെന്ന് ധിക്കാരികൾക്ക് ശാഠ്യമുണ്ട്”(അധ്യായം 17, വാക്യം 98, 99).
“മനുഷ്യരേ, മരണാനന്തര ജീവിതത്തെക്കുറിച്ച് വല്ല സംശയവുമുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കുക. ആദിയിൽ നിങ്ങളെ നാം സൃഷ്ടിച്ചത് മണ്ണിൽനിന്നാണ്. പിന്നെ രേതസ്കണത്തിൽ നിന്ന്. പിന്നെ ഒട്ടിപ്പിടിക്കുന്നതിൽനിന്ന്, പിന്നെ രൂപം പ്രാപിച്ചതും അല്ലാത്തതുമായ മാംസപിണ്ഡത്തിൽനിന്ന്, ഈ വിവരണം നിങ്ങൾക്ക് യാഥാർഥ്യം വ്യക്തമാകാന നാമുദ്ദേശിക്കുന്ന ബീജത്തെ ഒരു നിശ്ചിത അവധി വരെ ഗർഭാശയങ്ങളിൽ നിവസിപ്പിക്കുന്നു. പിന്നെ നിങ്ങളെ ശിശുവായി പുറത്തുകൊണ്ടുവരുന്നു. പിന്നെ നിങ്ങൾ യൗവനം പ്രാപിക്കുന്നു. നിങ്ങളിൽ ചിലർ നേര തന്നെ തിരിച്ചുവിളിക്കപ്പെടുന്നു. ചിലരാവട്ടെ എല്ലാം അറിഞ്ഞശേഷം ഒന്നും അറിയാത്തവരായിത്തീരാൻ, മോശമായ പ്രായാധിക്യത്തിലേക്ക് നയിക്കപ്പെടുന്നു. ഭൂമി വരണ്ടുകിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതിൽ മഴ വർഷിപ്പിച്ചാൽ പെട്ടെന്നത് തുടികൊള്ളുന്നു. പുഷ്പിണിയാവുന്നു. കൗതുകമാർന്ന സകലയിനം ചെടികളെയും മുളപ്പിച്ചുതുടങ്ങുന്നു. അല്ലാഹ തന്നെയാകുന്നു യാഥാർഥ്യം. അവൻ നിർജീവമായതിനെ ജീവിപ്പിക്കുന്നു. അവൻ സകലതിനും കഴിവുള്ളവനാണെന്നതിനാലാണിതൊക്കെയും ഉണ്ടാവുന്നത്. അതിനാൽ പുനരുത്ഥാനവേള വരികതന്നെ ചെയ്യും. അതിൽ സംശയമേയില്ല. ഖബറിലുള്ളവരെയെല്ലാം അല്ലാഹു ഉയിർത്തെഴുന്നേൽപിക്കും തീർച്ച” (അധ്യായം 22, വാക്യം 5-7).
“നിങ്ങൾ ലോകരെയെല്ലാം സൃഷ്ടിക്കുകയും പിന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയെന്നത് അത് അവന് ഒരു ജീവിയെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതുപോലെയേയുള്ളൂ.” (അധ്യായം 31, വാക്യം 28)
“സത്യനിഷേധികൾ വലിയ വാദമായി ഉന്നയിച്ചു, മരണാനന്തരം തങ്ങളൊരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടുകയില്ലെന്ന്. അവരോടു പറയുക. അല്ല. എന്റെ നാഥനാണ് സത്യം! നിങ്ങൾ തീർച്ചയായും പുനരുജ്ജീവിപ്പിക്കപ്പെടുകതന്നെ ചെയ്യും. അങ്ങനെ ചെയ്യൽ അല്ലാഹുവിന് തീർത്തും അനായാസകരമത്രെ.” (അധ്യായം 64, വാക്യം 7).
“ആകാശഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയാൽ ക്ഷീണിക്കാത്തവനുമായ അല്ലാഹു തീർച്ചയായും മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനാണെന്ന കാര്യം ഈ ജനത്തിന് മനസ്സിലായിട്ടില്ലെന്നോ? എന്തു കൊണ്ടില്ല? നിശ്ചയം, അവൻ സകല സംഗതികൾക്കും കഴിവുള്ളവനാകുന്നു” (അധ്യായം 46, വാക്യം 33).
“മനുഷ്യൻ വിചാരിക്കുന്നുണ്ടോ, അവൻ വെറുതെ വിടപ്പെടുമെന്ന് അവൻ വിസർജിക്കപ്പെട്ട നിസ്സാരമായ ശുക്ലകണമായിരുന്നില്ലേ? പിന്നീടവൻ ഒട്ടിപ്പിടിക്കുന്ന വസ്തുവായി. അനന്തരം അല്ലാഹു അവന്റെ ശരീരം സൃഷ്ടിച്ചു. അവയവങ്ങൾ സംവിധാനിച്ചു. എന്നിട്ടതിൽ നിന്ന് സ്ത്രീയുടെയും പുരുഷന്റെയും രണ്ടു വർഗങ്ങളുണ്ടാക്കി. അവൻ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ളവനല്ലെന്നോ?” (അധ്യായം 75, വാക്യം 36-40).
“അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന് ഇതാകുന്നു. എന്തെന്നാൽ ഭൂമിയെ ചൈതന്യമറ്റു കിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതിൽ മഴ വർഷിപ്പിച്ചാലോ, പെട്ടെന്നതാ അത് ചലനം കൊള്ളുകയും വളർന്നു വികസിക്കുകയും ചെയ്യുന്നു. നിശ്ചയം, ഈ മൃതഭൂമിയെ സജീവമാക്കിയതാരോ, അവൻ മരിച്ചുപോയവരെയും ജീവിപ്പിക്കുന്നവനാകുന്നു. അവൻ സകല സംഗതികൾക്കും കഴിവുറ്റവനല്ലോ” (അധ്യായം 41, വാക്യം 39),
“മനുഷ്യൻ വിചാരിക്കുന്നുവോ, അവന്റെ അസ്ഥികളെ സംഘടിപ്പിക്കാൻ നമുക്കാവില്ലെന്ന്. എന്തുകൊണ്ടാവില്ല. നാമവന്റെ വിരൽ തുമ്പുകൾ വരെ കൃത്യമായി നിർമിക്കാൻ കഴിവുള്ളവനല്ലോ.” (അധ്യായം 75, വാക്യം 3, 4)
ചുരുക്കത്തിൽ, ഇല്ലായ്മയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് അവനെ പുനരുജ്ജീവിപ്പിക്കുക ഒട്ടും പ്രയാസകരമായ കാര്യമല്ല. അറുനൂറു കോടി മനുഷ്യർക്ക് വിഭിന്നവും വ്യതിരിക്തവുമായ കൈവിരലുകളും തലമുടിയും രക്തത്തുള്ളികളും ഗന്ധവുമൊക്കെ നൽകി സൃഷ്ടികർമം നിർവഹിച്ച ദൈവത്തിന് മനുഷ്യനെ ഉയിർത്തെഴുന്നേൽപിക്കുക എന്നത് തീർത്തും അനായാസകരമത്രെ. നിർജീവമായ ഭൂമി മഴ കിട്ടിയാൽ സജീവമാകുന്ന പോലെ മരിച്ചു മണ്ണായ മനുഷ്യരെ അല്ലാഹു വിളിക്കുമ്പോൾ പുനരുജ്ജീവിച്ച് ഓടിയെത്തുന്നുവെന്നത് തീരെ അയുക്തികമോ അവിശ്വസനീയമോ അല്ല. ശരീരത്തിന്റെ നേരിയ ഒരു അംശമുപയോഗിച്ച് ക്ലോണിംഗിലൂടെ പൂർണ മനുഷ്യനെ സൃഷ്ടിക്കാൻ ശ്രമം നടക്കുന്ന ലോകത്ത്, സർവശക്തനായ ദൈവം മനുഷ്യനെ പുനഃസൃഷ്ടിക്കുമെന്ന സത്യം അംഗീകരിക്കാൻ വിസമ്മതിക്കുന്നതാണ് അയുക്തികവും വിസ്മയകരവുമായ കാര്യം.
previous post