ഹൈന്ദവതയുടെ അടിസ്ഥാനം ചതുർ വേദങ്ങളാണെങ്കിലും പൊതുവെ വായിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും ഇതിഹാസങ്ങളും പുരാണങ്ങളുമാണ്. ബഹുദൈവാരാധനയെ പ്രത്യക്ഷമായി പ്രോത്സാഹിപ്പിക്കുമ്പോഴും ചിലയിടങ്ങളിൽ ഇസ്ലാമിന്റെ അടിസ്ഥാനമായ ഏക ദൈവ വിശ്വാസവും പരലോക വിശ്വാസവും അതിൽ കാണുവാൻ സാധിക്കും. ഉദാഹരണത്തിന് യജുർവേദത്തിലെ മുപ്പത്തിരണ്ടാം അധ്യായത്തിലെ മൂന്നാം വചനം വളരെ കൃത്യമായി തന്നെ ദൈവത്തിന് പ്രതിമയോ, രൂപമോ ഇല്ലെന്ന് പറയുന്നു. എന്നിരുന്നാലും ഋഗ്വേദം ആരംഭിക്കുന്നത് സൂര്യ ദേവനെ പ്രകീർത്തിച്ചു കൊണ്ടാണെന്നുള്ളത് മറ്റൊരു യാഥാർഥ്യം. എങ്ങനെ ഈ വൈരുദ്ധ്യം രൂപപ്പെട്ടു എന്ന ചോദ്യം പ്രസക്തമെങ്കിലും ഈ എഴുത്തിലൂടെ അതിനുള്ള ഉത്തരമല്ല നമ്മൾ തേടുന്നത്, ജനപ്രീതി കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന ഭഗവത് ഗീതയിലെ പരലോകത്തെ കുറിച്ചുള്ള പരാമർശങ്ങളെ എടുത്തു കാട്ടാനാണ് ഈ ശ്രമം.
“ഉത്‌സന്ന കുലധർമ്മാണാം
മനുഷ്യാണാം ജനാർദ്ദന !
നരകേ നിയതം വാസ :
ഭവതീത്വനുശുശ്രുമ”
അല്ലയോ കൃഷ്ണാ !
കുലധർമ്മങ്ങൾ നശിച്ച മനുഷ്യർക്ക് എന്നും നരകത്തിൽ വാസം ഭവിക്കുന്നു എന്ന് (ഞങ്ങൾ) കേട്ടിരിക്കുന്നു. (1-44)
“കുതസ്ത്വാ കഷ്മലമിദം
വിഷമേ സമൂപസ്ഥിതം
അനാര്യജുഷ്ട മസ്വർഗ്ഗം
അകീരർത്തികരമർജുന!”
ഹേ അർജ്ജുന! ഈ വിഷമ ഘട്ടത്തിൽ ശ്രേഷ്ഠന്മാർ കയ്ക്കൊള്ളാത്തതും സ്വർഗ്ഗ പ്രാപ്തിക്കു പ്രതികൂലവും അപകീർത്തിയുണ്ടാക്കുന്നതുമായ മൗനം നിനക്ക് എവിടെ നിന്ന് വന്ന് ചേർന്നു? (2-2)
“ജാതസ്യ ഹി ധ്രുവോ മൃത്യു
ധ്രുവം ജന്മമൃതസ്യ ച
തസ്മാദ പരിഹാര്യർഥേ
ന ത്വം ശോചിതുമർഹസി”
എന്തെന്നാൽ, ജനിച്ചവന് മരണം തീർച്ചയാണ്. മരിച്ചവന് ജനനം നിശ്ചയം തന്നെ. അതിനാൽ പരിഹാരമില്ലാത്ത കാര്യത്തിൽ നീ ദുഃഖിക്കാൻ അർഹനല്ല (2-27)
ഇത് പോലെ ഒരുപാടിടങ്ങളിൽ തെളിഞ്ഞും തെളിയാതെയും പരലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഹൈന്ദവ വേദങ്ങളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതാണ്