പ്രപഞ്ചത്തിലെ സകലവസ്തുക്കളും തകര്‍ന്നു കഴിഞ്ഞശേഷം ദൈവം മനുഷ്യരെ അന്ത്യനാളില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. അന്ന് മനുഷ്യരെല്ലാം വിചാരണ പ്രതീക്ഷിച്ചുകൊണ്ട് അതിവിശാലമായ ഒരിടത്ത് ഒരുമിച്ചുകൂട്ടപ്പെടും. അനന്തവിശാലമായ ആ വിചാരണസ്ഥലമാണ് മഹ്ശറ. മഹാസംഗമം എന്നാണ് മഹ്ശറ എന്ന അറബിപദത്തിനര്‍ഥം. മഹ്ശറയില്‍ മനുഷ്യന്‍ തന്റെ സ്രഷ്ടാവിനെ കണ്ടുമുട്ടുന്നു. വിചാരണയ്ക്കുശേഷം അവരെ സ്വര്‍ഗത്തിലോ നരകത്തിലോ പ്രവേശിപ്പിക്കുന്നു.
പുനരുത്ഥാനദിവസം ഓരോ മനുഷ്യനും തന്റെ ഐഹികജീവിതത്തിലെ ചെയ്തികള്‍ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങളും വഹിച്ചുകൊണ്ട് രണ്ട് മലക്കുകളുടെ അകമ്പടിയോടുകൂടി അവനെ വിളിച്ചയാളിനെ പിന്തുടര്‍ന്ന് വിചാരണസ്ഥലത്തേക്ക്ആനയിക്കപ്പെടുന്നതാണ്. ആ സ്ഥലവും സന്ദര്‍ഭവും ഗാംഭീര്യം നിറഞ്ഞതാണ്. ജനകോടികളുടെ കാലടികളുടെ ശബ്ദത്തിന്റെ മുഴക്കം സന്ദര്‍ഭത്തിന്റെ ഗാംഭീര്യം ഇരട്ടിയാക്കും. മറ്റു യാതൊരു അപശബ്ദവും അന്ന് അവിടെ കേള്‍ക്കപ്പെടുന്നതല്ല.
സത്യനിഷേധികള്‍ പേടിച്ചുവിറച്ച്, പ്രകാശമില്ലാത്ത മുഖഭാവങ്ങളോടുകൂടിയായിരിക്കും അന്ന് കാണപ്പെടുക. സത്യവിശ്വാസികള്‍ ആ ഘട്ടത്തിലെ എല്ലാ ഭയാനകമായ അവസ്ഥയെയും ആത്മവിശ്വാസത്തോടുകൂടി നേരിടുന്നവരും പുഞ്ചിരിതൂകുന്ന, പ്രകാശപൂരിതമായ മുഖഭാവങ്ങളോടു കൂടിയുളളവരുമായിരിക്കും. ഇപ്രകാരം മഹ്ശറയില്‍ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ ഓരോരുത്തര്‍ക്കും അവന്റെ ഭൗതികജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങള്‍ നല്‍കപ്പെടും. ആ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ നന്മയാണ് കൂടുതലെങ്കില്‍ സ്വര്‍ഗവും തിന്മയാണ് കൂടുതലെങ്കില്‍ നരകവും ഓരോരുത്തര്‍ക്കും ലഭിക്കും.