Question: ഖുർആൻ പാരായണത്തിന് ഒരു മത്സരം ആവശ്യമുണ്ടോ? ഖുർആൻ പാരായണ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടതായി ചരിത്രരേഖകളിലൊന്നും കണ്ടിട്ടില്ല. ലക്ഷക്കണക്കിന് രൂപമുടക്കി ഇത്തരം മത്സരങ്ങൾ നടത്തുന്നതിനെക്കാൾ നല്ലത് ആ പണം സമുദായനന്മക്കായോ സാധുസംരക്ഷണത്തിനായോ ഒക്കെ ഉപയോഗിക്കന്നതല്ലേ? പുണ്യം ഉദ്ദേശിച്ച് ചെയ്യുന്ന പ്രവൃത്തികൾ മതത്തിൽ അംഗീകാരമുള്ളതായിരിക്കേണ്ടേ?
Answer: പ്രദർശനപരതയോ ഭൗതികനേട്ടങ്ങളോ ലക്ഷ്യമാക്കാതെ നല്ല കാര്യങ്ങളിൽ മത്സരിക്കാനും മുന്നേറാനും ഖുർആൻ ആഹ്വാനം ചെയ്തിട്ടുണ്ട്. (3:114, 21:90, 3:133, 23:61). ചില സന്ദിഗ്ധഘട്ടങ്ങളിൽ മത്സരപൂർവം ദാനധർമങ്ങൾ നടത്തുന്നതിനെ നബി(സ)യും പ്രോത്സാഹിപ്പിച്ചിരുന്നു. നല്ല കാര്യങ്ങളിൽ പെട്ടതാണ് വൃത്തിയായ ഖുർആൻ പാരായണവും ഖുർആൻ മനഃപാഠവും. പുതിയ തലമുറയിൽ ഇക്കാര്യങ്ങളിൽനിന്ന് മുഖം തിരിക്കുന്ന പ്രവണത കൂടിവരുന്നു. ഇമാമത്ത് നിൽക്കാൻ യോഗ്യരായ ഹാഫിളുകളുടെ ക്ഷാമവും രൂക്ഷമാണ്. അതുകൊണ്ടാണ് ഖുർആൻ മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. പ്രദർശനത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ലെങ്കിൽ ഖുർആൻ പാരായണ മത്സരങ്ങൾ തെറ്റാണെന്ന് പറയാനാവില്ല. എന്നാൽ, ഇതൊരു ആചാരവും ചടങ്ങുമായി മാറ്റിയാൽ ബിദ്അത്തുകളുടെ പട്ടികയിൽ വരും. ബിദ്അത്ത് ഏതായാലും വർജ്യമാണ്. ഇപ്പോൾ നടക്കുന്നത് മറ്റു വൈജ്ഞാനികമത്സരങ്ങൾ പോലെ ഖുർആൻ പഠനത്തെ പ്രോത്സാഹിപ്പിക്കാനുള്ള സദുദ്യമമായി കരുതിയാൽ മതി.