ചോദ്യം: “മതമുക്തമായ ആത്മീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വേണമെന്നു പറയാൻ തോന്നുന്നു. വീടുകളിലും ആരാധനാലയങ്ങളിലും സ്കൂളുകളിലും ആശുപത്രികളിലും നീതിപീഠങ്ങളിലും ഭരണകൂടങ്ങളിലും ഇത് പൂർണമായി ഇല്ലാതായതിന്റെ ഇരുട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വ്യക്തികളുടെ ജീവിതം ഈ മന്ദിരങ്ങളിലൊന്നും സ്വസ്ഥമല്ലാത്തതിന്റെ അടയാളങ്ങളാണ് ഇന്ന് പെരുകിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ എല്ലാ യുദ്ധങ്ങളും.”
“ഭരണകൂടങ്ങളും മാധ്യമങ്ങളും നമ്മുടെ സംവേദനത്തെ കെടുത്തിക്കളയുന്നു എന്ന് നാം പറയാറുണ്ട്. മതസ്ഥാപനങ്ങളും ഇതുതന്നെയല്ലേ ചെയ്തിട്ടുള്ളത്?”
“ഭരണകൂടങ്ങളും മാധ്യമങ്ങളും പോലെ മതങ്ങളും ഒരു അധീശശക്തിയായിരിക്കുന്നു. ഇവ മൂന്നും മനുഷ്യന്റെ സംവേദനത്തെ മരവിപ്പിക്കുകയാണ്. സംഘടിതമതങ്ങൾ ലോകത്തുണ്ടാക്കിയ ഹിംസകൾ, മനുഷ്യചരിത്രത്തിന് നാളിതുവരെയുണ്ടാക്കിയ വേദന, ഭയം, നിസ്സഹായത ചർച്ച ചെയ്യപ്പെടണം. ലോകതലത്തിൽ മറ്റേതു മതങ്ങളേക്കാളും രക്തച്ചൊരിച്ചിലിനും യുദ്ധത്തിനും ഇടയാക്കിയത് സ്നേഹത്തിന്റെ മതമെന്ന് പറയാറുള്ള ക്രൈസ്തവ വിഭാഗമായിരുന്നു” (പി.എൻ. ദാസുമായി എ.ബി തരകൻ നടത്തിയ അഭിമുഖത്തിൽ നിന്ന്) പ്രതികരണം?
ഉത്തരം: നമ്മുടെ പല ബുദ്ധിജീവികൾക്കും അവർ പ്രയോഗിക്കുന്ന വാക്കുകളുടെ അർഥം പിടികിട്ടാതെ പോവുന്നോ എന്ന് ന്യായമായും സംശയിക്കണം. അതിന് ഉദാഹരണമാണ് നാസ്തികവാദികൾ ഉരുവിടുന്ന ഐശ്വര്യം എന്ന വാക്ക്. ഈശ്വരനിൽ നിന്നാണ് ഐശ്വര്യം. ഈശ്വരൻ ഇല്ലെന്ന് വാദിക്കുന്നവർക്ക് എന്ത് ഐശ്വര്യം? അതുതന്നെയാണ് ആത്മീയതയുടെ കാര്യം. മനുഷ്യന്റെ ശരീരം മാത്രമല്ല ആത്മാവ് കൂടിയാണെന്ന് പഠിപ്പിച്ചത് മതമാണ്. ശരീരത്തിന് ഭക്ഷണം പോലെയാണ് ആത്മാവിന് ഈശ്വരചിന്ത, മറിച്ച് ഭൗതികദർശനങ്ങൾ ആത്മാവിനെ അംഗീകരിക്കുന്നില്ല. അത് പഞ്ചേന്ദ്രിയങ്ങൾക്ക് വഴങ്ങുന്നില്ല എന്നതാണവരുടെ കാഴ്ചപ്പാട്. ആത്മാവില്ലെങ്കിൽ പിന്നെ എന്ത് ആത്മീയത? അതിനാൽ, ആത്മീയത സത്യവും അനുപേക്ഷ്യവുമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിൽ ദൈവത്തിലും ദൈവികസന്മാർഗമായ മതത്തിലും വിശ്വസിച്ചേ മതിയാവൂ. താൻ ദൈവത്തിന്റെ സൃഷ്ടി മാത്രമാണെന്നും അവൻ വിധിച്ചതല്ലാതെ തനിക്ക് യാതൊന്നും സംഭവിക്കുന്നില്ലെന്നും അവനാണ് തന്റെ രക്ഷാശിക്ഷകൾക്ക് ഉത്തരവാദിയെന്നും ആത്മാർഥമായി വിശ്വസിക്കുന്നവർക്കേ ആത്മീയസംതൃപ്തിയും നിർവൃതിയും ലഭിക്കൂ. ഇത് പഠിപ്പിച്ചുതന്നത് ദൈവദൂതരായിരുന്നു. ദൈവവും പ്രവാചകന്മാരും പഠിപ്പിച്ചതാണ് യഥാർഥ മതം. അത് കുഴപ്പമോ കലാപമോ സൃഷ്ടിക്കുകയല്ല; രണ്ടിൽ നിന്നും മനുഷ്യന് മോചനം നൽകുകയാണ് ചെയ്തിട്ടുള്ളത്. ചൂഷണ മുക്തവും യുദ്ധമുക്തവും സമാധാനപൂർണവുമായ ഒരു ലോകം പിറക്കണമെന്നുണ്ടെങ്കിൽ ദാർശനികനായിരുന്ന രാഷ്ട്രപതി എസ്. രാധാകൃഷ്ണൻ എഴുതിയ പോലെ ‘വിശ്വാസത്തിലേക്ക് വീണ്ടും’.
ഇതിൽനിന്ന് വ്യത്യസ്തമായി വ്യാജമതങ്ങളും പുരോഹിത മതങ്ങളും ഉണ്ട്. അവയെ തിരിച്ചറിയുകയാണാവശ്യം. സ്വാർഥതാൽപര്യങ്ങൾക്കും ഭൗതികനേട്ടങ്ങൾക്കും വേണ്ടി മനുഷ്യൻ നിർമിച്ച വിശ്വാസാചാരങ്ങൾ യഥാർഥ മതമല്ല. അരുതായ്മകൾ ചെയ്ത ക്രിസ്തുമതം യേശുവിന്റേതല്ല.