കെ.പി പ്രസന്നൻ
പൊതു സമൂത്തിൽ ഇസ്‌ലാമിനെ കുറിച്ചും ഖുർആനിനെ സംബന്ധിച്ചുമുള്ള തെറ്റിദ്ധാരണകളും വിമർശനങ്ങളും കണ്ട് പലപ്പോഴും അന്തിച്ചു നിന്നിട്ടുണ്ട്. ഇപ്പോഴത് ശീലമായിപ്പോയി. വളരെ ലളിതമായ ആശയങ്ങൾ പോലും വക്രീകരിക്കാനും അത് വെച്ച് ഇസ്‌ലാമിനെ തെറ്റിധരിപ്പിക്കാനും ബോധപൂർവം മെനക്കെടുന്ന ഒരു വിഭാഗം എന്നുമുണ്ടായിട്ടുണ്ട്. ഇസ്‌ലാമിനും അതിന്റെ മൂലപ്രമാണമായ വിശുദ്ധ ഖുർആനിനും വിമർശകരും ആക്ഷേപകരുമില്ലാത്ത ഒരു കാലവും കടന്നുപോയിട്ടില്ല. അതിന്റെ ഫലമായുണ്ടാവുന്ന ഇസ്‌ലാം പേടിയും സമൂഹങ്ങൾ തമ്മിലുണ്ടാവുന്ന വെറുപ്പുമൊക്കെ മുതലെടുക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം എന്നും എവിടെയുമുണ്ടായിരുന്നു. അവരുടെ ലക്ഷ്യം എന്തായാലും, സാമൂഹിക ജീവിതത്തെ അശാന്തമാക്കുന്ന അത്തരം പ്രവർത്തനങ്ങളെ ബോധപൂർവം പ്രതിരോധിക്കേണ്ടത് മുഴുവൻ ജനങ്ങളുടെയും ബാധ്യതയാണ്, വിശിഷ്യാ ഇസ്‌ലാമിക സമൂഹത്തിന്റെ.
തെറ്റിനെ ശരി കൊണ്ട് പ്രതിരോധിക്കുക എന്നതാണ് വിശുദ്ധ ഖുർആന്റെ കൽപന. ആ അർഥത്തിൽ, ബോധപൂർവം ഇരുൾ പടർത്തുമ്പോൾ വെളിച്ചത്തിന്റെ നറുതിരികൾ കൊളുത്തി വെക്കുക എന്നത് മാത്രമാണ് ഒരു മാതൃകാ സമൂഹത്തിന് കരണീയമായിട്ടുള്ളത്. ഡയലോഗ് സെന്റർ കേരള ([email protected], 9567696982) യുടെ പ്രവർത്തനങ്ങൾ അത് ലക്ഷ്യം വെച്ചിട്ടുള്ളതാണ്. ഇസ്‌ലാമിനെ സംബന്ധിച്ച അബദ്ധ ധാരണകൾ അകറ്റാനും അതിനെ ശരിയാംവിധം മനസ്സിലാക്കാനും ആഗ്രഹിക്കുന്ന ഏവർക്കും, വിശിഷ്യാ, സഹോദര സമുദായങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഏതാനും ലഘുകൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് വളരെ സന്തോഷകരവും അഭിനന്ദനാർഹവുമാണ്. ശൈഖ് മുഹമ്മദ് കാരകുന്നിന്റെ അനുഗൃഹീതമായ തൂലികയിൽ നിന്നാണ് അവ വെളിച്ചം കണ്ടിട്ടുള്ളത്.
1. അല്ലാഹു നമ്മുടെ സ്രഷ്ടാവ് (30 പേജ്)
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ ലളിതമായി പരിചയപ്പെടുത്തുന്ന ചെറു കൃതിയാണിത്. അല്ലാഹു ഖുറൈശികളുടെ ഗോത്ര ദൈവമാണെന്നും മുഹമ്മദ് നബി അതിനെ മുസ്ലിംകളുടെ ദൈവമാക്കുകയാണ് ചെയ്തതെന്നും വ്യാപകമായി പ്രചരിപ്പി ക്കപ്പെടുന്ന കാലത്ത് ഈ കൊച്ചു കൃതി സത്യാന്വേഷകർക്ക് ഏറെ പ്രയോജനപ്പെടാതിരിക്കില്ല.
ദൈവത്തിന്റെ ഏകത്വം, ദൈവം സർവശക്തൻ, അല്ലാഹുവിനെ അറിയാൻ, അഭൗതികമായ അറിവ്, കഴിവ്, ഉടമസ്ഥൻ, യജമാനൻ, കൽപനാധികാരം, ആരാധന സ്രഷ്ടാവിന് മാത്രം, വിഗ്രഹവൽക്കരണം, പരമമായ സ്നേഹം, സമ്പൂർണ സമർപ്പണം, അഭയമേകുന്നവൻ, മനഃശാന്തിയുടെ മാർഗം, വിശുദ്ധിയുടെ വഴി, ധീരതയും ഔന്നത്യ ബോധവും, ചില ചരിത്ര സാക്ഷ്യങ്ങൾ തുടങ്ങിയ ഉപശീർഷകങ്ങളിലൂടെ നമ്മുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തെ ശരിയാംവിധം മനസ്സിലാക്കാനും അവനോടുള്ള നമ്മുടെ ബാധ്യതകൾ തിരിച്ചറിയാനും വഴിയൊരുക്കുന്നു ഈ കൊച്ചു കൃതി. സഹോദര സമുദായങ്ങൾക്ക് സ്രഷ്ടാവിനെ തിരിച്ചറിയാൻ സഹായകമായ മാർഗദർശകൻ കൂടിയാണിത്.
2. ഖുർആൻ വഴികാണിക്കുന്നു (44 പേജ്)
വായന, വായിക്കപ്പെടുന്നത് എന്നൊക്കെ അർഥമുള്ള വിശുദ്ധ ഖുർആനെ പരിചയപ്പെടുത്തുന്ന കൊച്ചു കൃതി. മനുഷ്യർക്ക് അതിപ്രധാനമായുളളതാണ്. സമാധാനം. അത് കൈവരിക്കാൻ മനുഷ്യനെ സഹായിക്കുന്ന വേദം എന്ന നിലയിൽ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു ഇറക്കിയ ഖുർആനെ സംക്ഷിപ്തമായി പരിചയപ്പെടുത്തുകയും വായനക്ക് പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തയാറാക്കിയ കൃതിയാണിത്. ഖുർആന്റെ അവതരണാരംഭം, പൂർത്തീകരണം, ക്രോഡീകരണം, ഭാഷാപരമായ സവിശേഷത, ശാസ്ത്രമുണ്ടായിരിക്കെ ശാസ്ത്രഗ്രന്ഥമല്ലെന്ന അവസ്ഥ, ക്രമമില്ലായ്മയിലെ ക്രമം, ഖുർആന്റെ ചരിത്ര ദർശനം, പൂർവ വേദങ്ങളെക്കുറിച്ച് ഖുർആനിക കാഴ്ചപ്പാട്, എന്തുകൊണ്ട് അന്ത്യവേദം, മനുഷ്യ കേന്ദ്രീകൃതം തുടങ്ങിയ വിഷയങ്ങൾ ലളിതമായി വിശദീകരിക്കുന്നു.
3. ഇസ്‌ലാം എന്നാൽ (23 പേജ്)
ആരാണ് മനുഷ്യൻ, എവിടെ നിന്ന് വന്നു, എങ്ങോട്ട് പോകുന്നു, എന്താണ് ജീവിതം, എന്തിനുള്ളതാണ്, എവ്വിധമായിരിക്കണം, എന്താണ് മരണം, മരണ ശേഷമെന്ത് ഇങ്ങനെ മനുഷ്യരാശിയെ എന്നെന്നും മഥിച്ചിട്ടുള്ള ഒരുപാട് ചോദ്യങ്ങളുണ്ട്. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഏതൊരു മനുഷ്യനിലൂടെയും ഇത്തരം ചോദ്യങ്ങൾ കടന്നു പോയിട്ടുണ്ടാവും. ഇസ്‌ലാം ഇതിനു നൽകിയ ഉത്തരങ്ങൾ അവതരിപ്പിക്കുകയാണ് ഈ കൃതി. അന്വേഷണകുതുകികളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഇസ്‌ലാമിന്റെ സവിശേഷതകൾ ഇതിൽ മനോഹരമായി അടുക്കി വെച്ചിരിക്കുന്നു.
4. ഇസ്‌ലാമിലെ ആരാധനകൾ: ചര്യയും ചൈതന്യവും (36 പേജ്)
ഇസ്‌ലാമിലെ ആരാധനകൾ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയോ പലർക്കും അത് അനുഭവവേദ്യമാവുകയോ ചെയ്തിട്ടുണ്ടാവും. നമസ്കാരം, നിർബന്ധ ദാനം, വ്രതാനുഷ്ഠാനം, ഹജ്ജ് തുടങ്ങിയ ആരാധനകളുടെ മർമവും ചൈതന്യവും ലക്ഷ്യവുമൊക്കെ മനസ്സിലാക്കുമ്പോഴാണ് ഒരാൾക്ക് അത് യഥാവിധി അനുഷ്ഠിക്കാൻ തോന്നുക. സഹോദര സമുദായങ്ങൾക്ക് അതിന്റെ സവിശേഷത ശരിയായി മനസ്സിലാക്കാൻ സാധിക്കുന്നതും അപ്പോഴാണ്. ആ അർഥത്തിൽ ആരാധനകളുടെ ചര്യകളും ചടങ്ങുകളും അവയുടെ ചൈതന്യവും സഹോദര സമുദായങ്ങൾക്ക് മനസ്സിലാകും വിധം പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ.
5. മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യൻ (48 പേജ്)
ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ് മുഹമ്മദ് നബി. അനുയായികളാൽ അങ്ങേയറ്റം സ്നേഹിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും, വിമർശകരാൽ രൂക്ഷമായി ഭർത്സിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു അന്ത്യപ്രവാചകൻ എന്ന പശ്ചാത്തലത്തിൽ മുഴുവൻ മനുഷ്യർക്കുമായി ദൈവം നിയോഗിച്ച് നിലയിൽ മുഹമ്മദ് നബിയെ ഈ ചെറുപുസ്തകം മനോഹരമായി പരിചയപ്പെടുത്തുന്നു.
6. കുടുംബം ഇസ്‌ലാമിൽ (38 പേജ്)
ജാതി മത ഭേദമന്യേ ഏവരും കൊതിക്കുന്ന ഒന്നാണ് കുടുംബ ജീവിതത്തിലെ സമാധാനം. അത്തരം ജീവിതത്തിനു ആധാരമായ ഇസ്‌ലാമിക മൂല്യങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം അതിന് സാധ്യമായ ഉൾക്കാഴ്ച്ചയും ഈ കൃതി നൽകുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും കടപ്പാടുമൊക്കെ ഇസ്‌ലാമിക സംസ്കാരത്തിലൂടെയും പ്രവാചക ജീവിതത്തിലൂടെയും കുറിച്ച് വെക്കുമ്പോൾ ഏവരും സ്വായത്തമാക്കേണ്ട കുറെ മൂല്യങ്ങളെ കുറിച്ചാണ് ഈ കൃതി പറഞ്ഞു തരുന്നത്.
പേരുകൾ സൂചിപ്പിക്കുന്ന പോലെ അല്ലാഹു ഖുർആൻ, ഇസ്‌ലാം, മുഹമ്മദ് നബി, ആരാധനകൾ, ഇസ്‌ലാമിക ജീവിതം തുടങ്ങിയ സംജ്ഞകളുടെ പൊരുൾ അന്വേഷിക്കുന്നവർക്കുള്ള കൈപുസ്തകങ്ങളാണിവ. അന്വേഷണ കുതുകികൾക്ക് മുന്നിൽ ഇരുൾ പരത്തി ആശയക്കുഴപ്പമുണ്ടാക്കുന്നവർ യഥേഷ്ടമുണ്ടാവുമ്പോൾ വെളിച്ചത്തിന്റെ നറുതിരികൾ കൊളുത്തി വെച്ച് ഇസ്‌ലാമിന്റെ ആശയ പ്രപഞ്ചത്തിലേക്ക് പ്രവേശികയായി ഉപയോഗിക്കാൻ ഈ പുസ്തകങ്ങൾ തീർച്ചയായും സഹായിക്കും.