ഭോപ്പാൽ: സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ ഒരു പരിചയവും ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് താരമായിരിക്കുകയാണ് ഭോപ്പാൽ സ്വദേശി മുഹമ്മദ് മെഹബൂബ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹം, ട്രെയിൻ നീങ്ങിത്തുടങ്ങുന്നതിന് മുമ്പ് പാളത്തിൽ വീണ പെൺകുട്ടിയെ രക്ഷിച്ച വിഡിയോ വൈറലായിരുന്നു. അതിസാഹസികമായിരുന്നു മെഹബൂബിന്റെ രക്ഷാപ്രവർത്തനം. പക്ഷേ വൈറലായതൊന്നും ഇദ്ദേഹം അറിഞ്ഞിരുന്നില്ല. ഫെബ്രുവരി 5നായിരുന്നു സംഭവം. അപ്പുറത്തെ പ്ലാറ്റ്ഫോമിൽ നിന്ന സഹോദരന്റെ അരികിലേക്ക് പോകാനായിരുന്നു സ്നേഹ എന്ന പെൺകുട്ടി ട്രാക്കിലേക്ക് ക്രോസ് ചെയ്യാനിറങ്ങിയത്. എന്നാൽ ട്രെയിൻ വരുന്നത് കണ്ട് പെൺകുട്ടി അന്ധാളിച്ച് നിന്നു. പെട്ടെന്നുണ്ടായ സംഭവത്തിൽ ആർക്കും പ്രതികരിക്കാനായില്ല. പക്ഷേ മെഹബൂബിന്റെ സംയോജിതമായ ഇടപെടൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.
മഗ് രിബ് നമസ്കാരത്തിന് ശേഷം മെഹബൂബ് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവം. ട്രെയിൻ എത്തുന്നതിന് മുമ്പ് സ്നേഹയുടെ തല തറയിൽ അമർത്തി വെച്ചാണ് മെഹബൂബ് അതിസാഹസികമായി സ്നേഹയെ രക്ഷിച്ചത്. സംഭവത്തിന് ശേഷം കരഞ്ഞുകൊണ്ട് സഹോദരനടുത്തേക്ക് ഓടിപ്പോയ പെൺകുട്ടിയെ മെഹബൂബ് ഇതുവരെ കണ്ടില്ല. പക്ഷേ അന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്ന ആരോ പിടിച്ച വിഡിയോ വൈറലായതോടെ മെഹബൂബിനെ തേടി അഭിനന്ദന പ്രവാഹമാണ്. പൊലീസുകാരും നാട്ടുകാരും അദ്ദേഹത്തെ അഭിനന്ദിച്ചു. ഒരു എൻ.ജി.ഒ മൊബൈൽ ഫോണും വാങ്ങി നൽകി.
മെഹബൂബ് എന്നാൽ അറബിയിലും ഉറുദുവിലും അർത്ഥം സ്നേഹിക്കപ്പെടുന്നവൻ എന്നാണ്. പക്ഷെ, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളെ സ്വന്തം ജീവൻ പോലും വക വെക്കാതെ രക്ഷിച്ച് മനുഷ്യസ്നേഹത്തിന്റെ മഹാകാവ്യം തീർക്കുകയാണ് മെഹബൂബ്. പേരിലുള്ള സ്നേഹം പ്രവർത്തിയിലും വന്നത് ജീവിതാനുഭവങ്ങൾ കാരണമാകാം. പക്ഷെ, രക്ഷിക്കപ്പെട്ട പെൺകുട്ടിയുടെ പേരും സ്നേഹ എന്നായത് ദൈവനിശ്ചയം തന്നെയാകും.