ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ് ജൻഡർ, ക്വീർ, ഇന്റർസെക്സ്, അസെക്സ് (LGBTQIA+) തുടങ്ങിയ പേരുകളിൽ വ്യവഹരിക്കപ്പെടുന്ന ലൈംഗിക സ്വത്വങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയും അവർ സമൂഹത്തിൽ നേരിടുന്ന അവഗണന ഇല്ലാതാക്കുന്നതിന് വേണ്ടിയും അടുത്ത കാലത്ത് രൂപപ്പെട്ടതാണ് ഈ പ്രസ്ഥാനം. ഇപ്പോൾ അത് അന്തർദേശീയ തലത്തിൽ വലിയ ലോബി ഗ്രൂപ്പായി മാറിയിരിക്കുന്നു. ഈ കൂട്ടായ്മയിൽ സ്വവർഗ രതിക്കാരും ട്രാൻസ് ജൻഡർ ഇന്റർസെക്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭിന്ന ലൈംഗികതയുള്ളവരും ഉൾപ്പെടുന്നു. വ്യത്യസ്തമായ ലൈംഗിക ഐഡന്റിയുള്ള ഈ വിഭാഗങ്ങൾ ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായതിന്റെ കാരണം അവർ സമൂഹത്തിൽ വിവേചനവും അവഗണനയും നേരിടുന്നുവെന്നതാണ്.
സ്വവർഗലൈംഗികതയെയും ഭിന്ന ലൈംഗികതയെയും ഒരേ രീതിയിലല്ല ഇസ്‌ലാം സമീപിക്കുന്നത്. സ്വവർഗരതി ഇസ്‌ലാം വ്യക്തമായി വിലക്കിയിട്ടുള്ള പാപകർമവും ലൈംഗിക വൈകൃതവുമാണ്. അതിനെ ഗ്ലോറിഫൈ ചെയ്യുകയോ പ്രാത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഒരു നിലപാടിനെയും ഇസ്‌ലാം അംഗീകരിക്കുകയില്ല. സ്വവർഗരതി പ്രവണതയുള്ളവരെ ബോധവൽക്കരണത്തിലൂടെയും തർബിയത്തിലൂടെയും മനശ്ശാസ്ത്രപരമായ ഇടപെടലുകളുടെയും അതിൽ നിന്ന് മാറ്റിയെടുക്കുകയാണ് വേണ്ടത്. ഒരു മുസ്‌ലിമിന് എത്ര ശമിച്ചിട്ടും ഈ പ്രവണതയെ മാറ്റാൻ കഴിയുകയില്ലെങ്കിൽ അവൻ അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് അതിൽ നിന്ന് പിന്തിരിയണം. ഇത്തരം പ്രവണതകൾ മനുഷ്യൻ സ്വാംശീകരിക്കുന്നത് അധികവും വളരുന്ന സാഹചര്യങ്ങളിൽ നിന്നാണ്. ഇത് പോലെ മറ്റു പല ദുഷ്പ്രവണതകളും ശവരതി, മൃഗ രതി, ഇൻസെസ്റ്റ് തുടങ്ങിയ ലൈംഗിക വൈകൃതങ്ങളും പല മനുഷ്യരും പ്രകടിപ്പിക്കാറുണ്ട്. അതിനൊക്കെ ന്യായീകരണമുണ്ടാക്കുന്നതിന് ഇസ്‌ലാമികമായി യാതൊരു അടിസ്ഥാനവുമില്ല.
ജീവ ശാസ്ത്രപരമായ കാരണങ്ങളാൽ സ്ത്രീ പുരുഷ ശാരീരിക, മാനസിക ഗുണങ്ങൾ സമ്മിശ്രമായി കാണപ്പെടുന്നവരാണ് ട്രാൻസ്ജെൻഡർ , ഇന്റർസെക്സ് കാറ്റഗറികളിൽ ഉൾപ്പെടുന്നത്. സെക്സും ജെൻഡറും രണ്ടായിട്ടാണ് ഇപ്പോൾ മനസ്സിലാക്കപ്പെടുന്നത്. ഒരാളുടെ ജൻഡർ എന്താണെന്ന് തീരുമാനിക്കേണ്ടത് അയാൾ തന്നെയാണെന്ന് വാദിക്കപ്പെടുന്നു. ഒരു സ്ത്രീക്ക് താൻ പുരുഷനാണെന്ന് തോന്നിയാൽ ഒരു പുരുഷന് താൻ സത്രീയാണെന്ന് തോന്നിയാൽ സമൂഹം അത് അംഗീകരിക്കണം എന്നും ലിംഗമാറ്റം വരെയുള്ള ശാരീരിക മാറ്റങ്ങൾക്ക് വിധേയരവാൻ അവരെ അനുവദിക്കണം എന്നുമാണ് വാദം. സ്ത്രീ, പുരുഷൻ എന്ന ദ്വന്ദത്തിലൂടെയാണ് ഇസ്‌ലാം സെക്സിനെയും ജെൻഡറിനെയും വീക്ഷിക്കുന്നത്. ധാരാളം ഖുർആൻ സൂക്തങ്ങൾ ഇതിന് തെളിവാണ്. രണ്ടിലും പെടാത്ത കുറച്ച് മനുഷ്യർ ലോകത്തുണ്ട്. അവരെ അവരുടെ ജീവശാസ്ത്രപരമായ സവിശേഷത വെച്ച് കൊണ്ട് പ്രത്യേകമായി ഇസ്‌ലാം പരിഗണിക്കുന്നു.
ഖുൻസ എന്ന് പറയപ്പെടുന്ന വിഭാഗത്തെ അവരുടെ ലൈംഗികമായ സവിശേഷതകൾ പരിഗണിച്ചു കൊണ്ട് ഏത് സെക്സിനോടാണോ കൂടുതൽ അടുത്തു നിൽക്കുന്നത് അതായി പരിഗണിക്കണം എന്നതാണ് ഫിഖ്ഹിന്റെ കാഴ്ചപ്പാട്. അവർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ അനുവദനീയമാണ്.
ഖുൻസയിൽ നിന്ന് വ്യത്യസ്തമാണ് മുഖന്നസ്. സ്ത്രീയുടെ വേഷം ധരിക്കുകയും സ്ത്രീയെപ്പോലെ പെരുമാറുകയും ചെയ്യുന്നവരാണ് മുഖന്നസ്. ലൈംഗികമായി ഇവർ പുരുഷപ്രകൃതം ഉള്ളവരായിരിക്കും. ഇത്തരം സ്ത്രീകളുമുണ്ട്. (മുതറജൽ). ദുരുദേശ്വപൂർവം ഇങ്ങനെ വേഷം കെട്ടുന്നവരെയാണ് (മുഖന്നിസ് ) ഹദീസിൽ ശപിക്കുകയും വീടുകളിൽ നിന്ന് പുറത്താക്കണം എന്ന് പറയുകയും ചെയ്തിട്ടുള്ളത്. ഇവരിൽനിന്ന് വ്യത്യസ്തമായി മനസികമായി എതിർലിംഗമാണെന്ന് സ്വയം തോന്നുകയും അങ്ങനെ പെരുമാറുകയും ചെയ്യുന്ന ആളുകളുണ്ട്. അവരെ അവരുടെ ലിംഗത്തിൽ തന്നെ ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള ശിക്ഷണവും മാനസിക ചികിത്സകളും നൽകണം എന്നതാണ് ഫിഖ്ഹിന്റെ കാഴ്ചപ്പാട്. ലിംഗമാറ്റ ശസ്ത്രക്രിയ ഇവരുടെ കാര്യത്തിൽ അനുവദനീയമല്ല.