Question: “ഇവിടത്തെ അറുപതോ എഴുപതോ കൊല്ലത്തെ ജീവിതത്തിലെ പ്രവർത്തനങ്ങളുടെ പേരിൽ ശാശ്വതമായ രക്ഷയോ ശിക്ഷയോ നൽകുന്നത് നീതിയാണോ? ദൈവം തീരെ നീതിമാനല്ലെന്നല്ലേ ഇതു തന്നെ തെളിയിക്കുന്നത്?”
Answer: കർമങ്ങളുടെ സമയവും അവയുടെ ഫലവും തമ്മിൽ ഒരു ബന്ധവുമില്ല. ഒരാളെ കൊല്ലാൻ ഏതാനും നിമിഷം മതി. അതിന്റെ ഫലമോ? അതി ദീർഘവും അത്യന്തം ഗുരുതരവും. ഒരു ബോംബ് വർഷിക്കാൻ ഒരു നിമിഷം മതി. അതിന്റെ പ്രത്യാഘാതമോ? ലക്ഷങ്ങളെയോ കോടികളെയോ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ നീണ്ടുനിൽക്കുംവിധം ബാധിക്കുന്നു. ഇന്റർവ്യൂവേളയിലെ ചോദ്യത്തിനും ഉത്തരത്തിനും നിമിഷങ്ങളേ ആവശ്യമുള്ളൂ. അതേസമയം അതിന്റെ ഫലം ജീവിതാവസാനം വരെ തുടരുന്നു. പരീക്ഷയുടെയും അതിന്റെ ഫലത്തിന്റെയും സ്ഥിതിയും ഇതുതന്നെ.
ഒരാളുടെ ജീവിതാന്ത്യത്തോടെ അയാളുടെ കർമഫലങ്ങൾ ഭൂമിയിൽ തന്നെ തീരുകയില്ല. ഒരാൾ ഉന്നതവിദ്യാലയം സ്ഥാപിക്കുകയാണെങ്കിൽ അതിന്റെ സദ്ഫലം ആ സ്ഥാപനം നിലനിൽക്കുവോളം തുടരുന്നു. അവിടെനിന്ന് പഠിക്കുന്നവർ ആരൊക്കെയാണോ അവർക്കും അവരിൽനിന്ന് പഠിക്കുന്നവർക്കും പിന്നീട് അവരിൽനിന്ന് പഠിക്കുന്നവർക്കും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും പേർക്ക് ലഭിക്കുന്ന നന്മയുടെയും നേട്ടത്തിന്റെയും സദ്ഫലം വിദ്യാലയം സ്ഥാപിച്ച വ്യക്തിക്ക് ലഭിക്കുന്നു. ഒരു തിന്മ ആരെയെല്ലാം സ്വാധീനിക്കുന്നുവോ അവരുടെയും അവരിലൂടെ സ്വാധീനിക്കപ്പെടുന്നവരിലൂടെയും പിന്നീട് സ്വാധീനിക്കപ്പെട്ടവരാൽ സ്വാധീനിക്കപ്പെടുന്നവരുടെയുമെല്ലാം തിന്മകളുടെ ദുഷ്ഫലവും തുടക്കക്കാരനിലേക്ക് ചെന്നെത്തുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വർഷിച്ചത് ചുരുങ്ങിയ സമയം കൊണ്ടാണ്. അത് സൃഷ്ടിച്ച ദുരന്തമോ? ഇന്നും അവിരാമം തുടരുന്നു.
കാലദൈർഘ്യമോ ആയുസിന്റെ നീളമോ നല്ലവനെ കൊള്ളരുതാത്തവനോ നീചനെ ഉൽകൃഷ്ടനോ ആക്കുകയില്ല. അതിനാൽ കർമങ്ങൾക്കെടുക്കുന്ന സമയവും കർമഫലവും തമ്മിൽ ഒരു ബന്ധവുമില്ല. മനുഷ്യൻ മരിച്ചാലും അവന്റെ കർമഫലം അവിരാമം തുടരും. കർമം നന്മയാണെങ്കിൽ സദ്ഫലവും, തിന്മയാണെങ്കിൽ ദുഷ്ഫലവും. അതുകൊണ്ടുതന്നെ ആരുടെ കർമഫലവും അവരുടെ ജീവിതകാലത്ത് തിട്ടപ്പെടുത്തുക സാധ്യമല്ല. വിചാരണയും വിധിയും രക്ഷാശിക്ഷകളും ഭൂമിയിൽ വച്ച് സംഭവിക്കാതിരിക്കാനുള്ള കാരണവും അതുതന്നെ. അപ്പോൾ പരലോകത്തിലെ ശാശ്വതമായ രക്ഷാശിക്ഷകൾക്ക് ഭൂമിയിലെ ജീവിതകാലം തന്നെ ധാരാളം.
പിന്നെ ദൈവനിശ്ചയവും അവന്റെ തീരുമാനങ്ങളുടെ യുക്തിയും ന്യായവും നീതിയുമൊക്കെ അവൻ വിശദീകരിച്ചുതരാതെ നമുക്ക് മനസ്സിലാകണമെങ്കിൽ നാം ദൈവത്തെപ്പോലെയോ അവനേക്കാൾ കഴിവുറ്റവരോ ആകണമല്ലോ. സർവശക്തനും സർവജ്ഞനുമായ ദൈവത്തിന്റെ കർമങ്ങൾ എന്തുകൊണ്ട് അങ്ങനെയായി എന്ന് അവൻ നൽകിയ അൽപജ്ഞാനവും യുക്തിയും കൊണ്ട് നമുക്ക് മനസ്സിലാവണമെന്നില്ല. നമ്മുടെ വൈജ്ഞാനികരംഗം എത്രയൊക്കെ വളരുകയും വികസിക്കുകയും ചെയതിട്ടുണ്ടങ്കിലും അറുനൂറു കോടി മനുഷ്യർക്ക് അറിവും ബോധവും യുക്തിയും നൽകിയ ദൈവത്തിന്റെ അറിവിനെ അപേക്ഷിച്ച് അത് ഇന്നും തീർത്തും അഗണ്യമത്രെ. അതുപയോഗിച്ച് സഷ്ടാവിന്റെ സൃഷ്ടിയിലെ ന്യായവും നീതിയും തേടുന്നത് നിരർഥകമാണ്. പ്രതിഭാശാലികളുടെ കർമങ്ങളുടെ യുക്തിയും ന്യായവും സാമാന്യ ബുദ്ധികൾക്ക് മനസ്സിലാവുകയില്ലല്ലോ. സാമാന്യബുദ്ധികളുടേത് മന്ദബുദ്ധികൾക്കും.