Question: “ഖുർആൻ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ്‌ലിംകൾ അവകാശപ്പെടാറുള്ളത്. അത് മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ് മനസ്സിലാവുക? എന്താണതിന് തെളിവ്?
ഖുർആൻ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീർണമായ ഖുർആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവൻ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത.
അജ്ഞതാന്ധകാരത്തിൽ ആണ്ടുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറിൽ തീർത്തും അനാഥനായാണ് അദ്ദേഹം വളർന്നുവന്നത്. ചെറുപ്പത്തിൽ തന്നെ ഇടയ വൃത്തിയിലേർപ്പെട്ട മുഹമ്മദിന് എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. പാഠശാലകളിൽ പോവുകയോ മതചർച്ചകളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. മക്ക സാഹിത്യകാരന്മാരുടെയും കവികളുടെയും പ്രസംഗകരുടെയും കേന്ദ്രമായിരുന്നെങ്കിലും നാൽപതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി കവിതയോ ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചിരുന്നില്ല. സർഗസിദ്ധിയുടെ അടയാളമൊന്നും അദ്ദേഹത്തിൽ ദൃശ്യമായിരുന്നില്ല.
ആത്മീയതയോട് അതിതീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തിൽനിന്ന് മാറി ധ്യാനത്തിലും പ്രാർഥനയിലും വ്യാപൃതനായി. ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. വിശുദ്ധ കഅ്ബയിൽ നിന്ന് മൂന്നു കിലോമീറ്റർ വടക്കുള്ള മലമുകളിലെ ഹിറാഗുഹയിൽ ഏകാന്തവാസമനുഷ്ഠിക്കവെ മുഹമ്മദിന് ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. തുടർന്നുള്ള ഇരുപത്തിമൂന്നു വർഷങ്ങളിൽ വിവിധ സന്ദർഭങ്ങളിലായി ലഭിച്ച ദിവ്യബോധനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുർആൻ. അത് സാധാരണ അർഥത്തിലുള്ള ഗദ്യമോ പദ്യമോ കവിതയോ അല്ല. തീർത്തും സവിശേഷമായ ശൈലിയാണ് ഖുർആന്റേത്. അതിനെ അനുകരിക്കാനോ അതിനോട് മത്സരിക്കാനോ കിടപിടിക്കാനോ ഇന്നേവരെ ആർക്കും സാധിച്ചിട്ടില്ല. ലോകാവസാനം വരെ ആർക്കും സാധിക്കുകയുമില്ല.
അനുയായികൾ ദൈവികമെന്ന് അവകാശപ്പെടുന്ന ഒന്നിലേറെ ഗ്രന്ഥങ്ങൾ ലോകത്തുണ്ട്. എന്നാൽ സ്വയം ദൈവികമെന്ന് പ്രഖ്യാപിക്കുന്ന ഒരൊറ്റ ഗ്രന്ഥമേ ലോകത്തുള്ളൂ. ഖുർആനാണത്. ഖുർആൻ ദൈവത്തിൽനിന്ന് അവതീർണമായതാണെന്ന് അത് അനേകം തവണ ആവർത്തിച്ചാവർത്തിച്ചു പ്രഖ്യാപിക്കുന്നു. അതോടൊപ്പം അതിലാർക്കെങ്കിലും സംശയമുണ്ടെങ്കിൽ, 114 അധ്യായങ്ങളുള്ള ഖുർആനിലെ ഏതെങ്കിലും ഒരധ്യായത്തിന് സമാനമായ ഒരധ്യായമെങ്കിലും കൊണ്ടുവരാൻ അത് വെല്ലുവിളിക്കുന്നു. അതിന് ലോകത്തുള്ള ഏതു സാഹിത്യകാരന്റെയും പണ്ഡിതന്റെയും ബുദ്ധിജീവിയുടെയും സഹായം തേടാമെന്ന കാര്യം ഉണർത്തുകയും ചെയ്തു. അല്ലാഹു പറയുന്നു: “നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മിൽ നിന്നുള്ളതു തന്നെയോ എന്നു നിങ്ങൾ സംശയിക്കുന്നുവെങ്കിൽ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെ കൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങൾ സത്യവാന്മാരെങ്കിൽ അതു ചെയ്തുകാണിക്കുക.”(ഖുർആൻ 2: 23)
പ്രവാചകകാലം തൊട്ടിന്നോളം നിരവധി നൂറ്റാണ്ടുകളിലെ ഇസ്‌ലാം വിമർശകരായ എണ്ണമറ്റ കവികളും സാഹിത്യകാരന്മാരും ഈ വെല്ലുവിളിയെ നേരിടാൻ ശ്രമിച്ചിട്ടുണ്ട്. രണ്ടിലൊരനുഭവമേ അവർക്കൊക്കെയും ഉണ്ടായിട്ടുള്ളൂ. മഹാഭൂരിപക്ഷവും പരാജയം സമ്മതിച്ച് ഖുർആന്റെ അനുയായികളായി മാറുകയായിരുന്നു. അവശേഷിക്കുന്നവർ പരാജിതരായി പിന്മാറുകയും. നബിതിരുമേനിയുടെ കാലത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന ലബീദും ഹസ്സാനും കഅ്ബുബ്നു സുഹൈറുമെല്ലാം ഖുർആന്റെ മുമ്പിൽ നിരുപാധികം കീഴടങ്ങിയവരിൽ പെടുന്നു.
യമനിൽനിന്നെത്തിയ തുഫൈലിനെ ഖുർആൻ കേൾക്കുന്നതിൽ നിന്ന് ഖുറൈശികൾ വിലക്കി. ഏതോ അന്തഃപ്രചോദനത്താൽ അതു കേൾക്കാനിടയായ പ്രമുഖ കവിയും ഗായകനുമായ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. “ദൈവമാണ! അവൻ സർവശക്തനും സർവജ്ഞനുമല്ലോ. ഞാനിപ്പോൾ ശ്രവിച്ചത് അറബി സാഹിത്യത്തിലെ അതുല്യമായ വാക്യങ്ങള്. നിസ്സംശയം, അവ അത്യുൽകൃഷ്ടം തന്നെ. മറ്റേതിനെക്കാളും പരിശുദ്ധവും. അവ എത്ര ആശയ സമ്പുഷ്ടം! അർഥപൂർണം! എന്തുമേൽ മനോഹരം! ഏറെ ആകർഷകവും! ഇതുപോലുള്ള ഒന്നും ഞാനിതുവരെ കേട്ടിട്ടില്ല. അല്ലാഹുവാണ! ഇത് മനുഷ്യവചനമല്ല. സ്വയംകൃതവുമല്ല. ദൈവികം തന്നെ, തീർച്ച. നിസ്സംശയം ദൈവികവാക്യങ്ങളാണിവ.”
മുഗീറയുടെ മകൻ വലീദ് ഇസ്‌ലാമിന്റെയും പ്രവാചകന്റെയും കടുത്ത എതിരാളിയായിരുന്നു. ഖുർആൻ ഓതിക്കേൾക്കാനിടയായ അയാൾ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി: “ഇതിൽ എന്തെന്നില്ലാത്ത മാധുര്യമുണ്ട്. പുതുമയുണ്ട്. അത്യന്തം ഫലസമൃദ്ധമാണിത്. നിശ്ചയമായും ഇത് അത്യുന്നതി പ്രാപിക്കും. മറ്റൊന്നും ഇതിനെ കീഴ്പെടുത്തുകയില്ല. ഇതിനു താഴെയുള്ളതിനെ ഇത് തകർത്ത് തരിപ്പണമാക്കും. ഒരിക്കലും ഒരു മനുഷ്യനിങ്ങനെ പറയുക സാധ്യമല്ല.”
വിവരമറിഞ്ഞ പ്രവാചകന്റെ പ്രധാന പ്രതിയോഗി അബൂജഹ്ൽ വലീദിനെ സമീപിച്ച് ഖുർആനെ സംബന്ധിച്ച് മതിപ്പ് കുറയ്ക്കുന്ന എന്തെങ്കിലും പറയാനാവശ്യപ്പെട്ടു. നിസ്സഹായനായ വലീദ് ചോദിച്ചു: “ഞാനെന്തു പറയട്ടെ; ഗാനം, പദ്യം, കവിത, ഗദ്യം തുടങ്ങി അറബി സാഹിത്യത്തിന്റെ ഏതു ശാഖയിലും എനിക്കു നിങ്ങളെക്കാളേറെ പരിജ്ഞാനമുണ്ട്. അല്ലാഹുവാണ! ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾക്ക് അവയോടൊന്നും സാദൃശ്യമില്ല. അല്ലാഹു സാക്ഷി! ആ സംസാരത്തിൽ അസാധാരണ മാധുര്യവും സവിശേഷ സൗന്ദര്യവുമുണ്ട്. അതിന്റെ ശാഖകൾ ഫലസമൃദ്ധവും തളിരുകൾ ശ്യാമസുന്ദരവുമാണ്. ഉറപ്പായും അത് മറ്റേതു വാക്യത്തേക്കാളും ഉൽകൃഷ്ടമാണ്. ഇതര വാക്യങ്ങൾ സർവവും അതിനു താഴെയും.”
ഇത് അബൂജഹ്‌ലിനെ അത്യധികം അസ്വസ്ഥനാക്കി. അയാൾ പറഞ്ഞു: “താങ്കൾ ആരാണെന്നറിയാമോ? അറബികളുടെ അത്യുന്നതനായ നേതാവാണ്. യുവസമൂഹത്തിന്റെ ആരാധ്യനാണ്; എന്നിട്ടും താങ്കൾ ഒരനാഥച്ചെക്കനെ പിൻപറ്റുകയോ? അവന്റെ ഭ്രാന്തൻ ജൽപനങ്ങളെ പാടിപ്പുകഴ്ത്തുകയോ? താങ്കളെപ്പോലുള്ള മഹാന്മാർക്കത് കുറച്ചിലാണ്. അതിനാൽ മുഹമ്മദിനെ പുഛിച്ചു തള്ളുക.”
അബൂജഹ്‌ലിന്റെ ലക്ഷ്യം പിഴച്ചില്ല. അഹന്തക്കടിപ്പെട്ട വലീദ് പറഞ്ഞു: “മുഹമ്മദ് ഒരു ജാലവിദ്യക്കാരനാണ്. സഹോദരങ്ങളെ തമ്മിൽ തല്ലിക്കുന്നു. ഭാര്യാഭർതൃബന്ധം മുറിച്ചുകളയുന്നു. കുടുംബഭദ്രത തകർക്കുന്നു. നാട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഒരു ജാലവിദ്യക്കാരൻ മാത്രമാണ് മുഹമ്മദ്.”
എത്ര ശ്രമിച്ചിട്ടും വലീദിനെപ്പോലുള്ള പ്രഗത്ഭനായ സാഹിത്യകാരന് ഖുർആന്നെതിരെ ഒരക്ഷരം പറയാൻ സാധിച്ചില്ലെന്നത് ശ്രദ്ധേയമത്രെ.
നാൽപതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാൽ അദ്ദേഹം അൽഅമീൻ (വിശ്വസ്തൻ) എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരിൽ പെരു കള്ളം പറയുമെന്ന് സങ്കൽപിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുൽകൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതിൽ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകൻ ഖുർആൻ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിൽ അറേബ്യൻ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ.
ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഏറെ ശ്രദ്ധേയമായവ ചരിത്രത്തിൽ ചില മാറ്റങ്ങൾ സൃഷ്ടിക്കുകയും വിപ്ലവങ്ങൾക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിശുദ്ധ ഖുർആനെ പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങൾ, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവ രീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുർആൻ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാൾ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ലവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കൽപിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാൽ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീർത്തും പുതിയ മനുഷ്യരാക്കി പരിവർത്തിപ്പിച്ച ഗ്രന്ഥമാണ് ഖുർആൻ. രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് ഈ ഗണത്തിലെ ഏറെ ശ്രദ്ധേയനായ വ്യക്തിയത്. ഇന്നും ഖുർആൻ ആഴത്തിൽ പഠിക്കാൻ സന്നദ്ധരാവുന്നവർ അനായാസം അതിന്റെ അനുയായികളായി മാറുന്നു.
ഖുർആൻ മാനവസമൂഹത്തിന്റെ മുമ്പിൽ സമ്പൂർണമായൊരു ജീവിത വ്യവസ്ഥ സമർപ്പിക്കുന്നു. മനുഷ്യ മനസ്സുകൾക്ക് സമാധാനം സമ്മാനിക്കുകയും വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബവ്യവസ്ഥയെ സ്വൈര്യമുള്ളതും സമൂഹഘടനയെ ആരോഗ്യകരവും രാഷ്ട്രത്തെ ഭദ്രവും ലോകത്തെ പ്രശാന്തവുമാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രത്യയശാസ്ത്രമാണത്. കാലാതീതവും ദേശാതീതവും നിത്യനൂതനവുമായ ഇത്തരമൊരു ജീവിതപദ്ധതി ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥവും ലോകത്ത് വേറെയില്ല. ലോകത്തിലെ കോടിക്കണക്കിന് കൃതികളിലൊന്നുപോലും ഖുർആനിനെപ്പോലെ സമഗ്രമായ ഒരു ജീവിതക്രമം സമർപ്പിക്കുന്നില്ല. നിരക്ഷരനായ ഒരാൾക്ക് ഈ വിധമൊന്ന് രചിക്കാനാവുമെന്ന് ബോധമുള്ള ആരും അവകാശപ്പെടുകയില്ല.
മനുഷ്യചിന്തയെ ജ്വലിപ്പിച്ച് വിചാരവികാരങ്ങളിലും വിശ്വാസവീക്ഷണങ്ങളിലും വമ്പിച്ച വിപ്ലവം സൃഷ്ടിച്ച വിശുദ്ധ ഖുർആൻ ചരിത്രത്തിൽ തുല്യതയില്ലാത്ത, എക്കാലത്തും ഏതു നാട്ടുകാർക്കും മാതൃകായോഗ്യമായ സമൂഹത്തെ വാർത്തെടുത്ത് പുതിയൊരു സംസ്കാരത്തിനും നാഗരികതയ്ക്കും ജന്മം നൽകി. നൂറ്റിപ്പതിനാല് അധ്യായങ്ങളിൽ, ആറായിരത്തിലേറെ സൂക്തങ്ങളിൽ, എൺപത്താറായിരത്തിലേറെ വാക്കുകളിൽ, മൂന്നു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം അക്ഷരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഖുർആന്റെ പ്രധാന നിയോഗം മാനവസമൂഹത്തിന്റെ മാർഗദർശനമാണ്. മുപ്പതു ഭാഗമായും അഞ്ഞൂറ്റി നാൽപ്പത് ഖണ്ഡികകളായും വിഭജിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രമേയം മനുഷ്യനാണ്. എങ്കിലും അവന്റെ മാർഗസിദ്ധിക്ക് സഹായകമാംവിധം ചിന്തയെ ഉത്തേജിപ്പിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും വിജ്ഞാനം വികസിപ്പിക്കാനും ആവശ്യമായ ചരിത്രവും പ്രവചനങ്ങളും ശാസ്ത്രസൂചനകളുമെല്ലാം അതിലുണ്ട്. ഈ രംഗത്തെല്ലാം അക്കാലത്തെ ജനതയ്ക്ക് തീർത്തും അജ്ഞാതമായിരുന്ന കാര്യങ്ങൾ വിശുദ്ധ ഖുർആൻ അനാവരണം ചെയ്യുകയുണ്ടായി. ചിലത് മാത്രമിവിടെ ചേർക്കുന്നു.
1. അല്ലാഹു പറയുന്നു: “സത്യനിഷേധികൾ ചിന്തിക്കുന്നില്ലേ? ഉപരിലോകങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു. പിന്നീട് നാമവയെ വേർപ്പെടുത്തി.”(21:30) ഈ സത്യം ശാസ്ത്രം കണ്ടെത്തിയത്. ഖുർആൻ അവതീർണമായി അനേക നൂറ്റാണ്ടുകൾ പിന്നിട്ട ശേഷമാണെന്നത് സുവിദിതമത്രെ.
2. “ജീവനുള്ളതിനെയെല്ലാം ജലത്തിൽ നിന്നാണ് നാം സൃഷ്ടിച്ചത്.” (21: 30) ഈ വസ്തുത ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയത്. സമീപകാലത്തു മാത്രമാണ്.
3. “അതിനുപുറമെ അവൻ ഉപരിലോകത്തിന്റെയും സംവിധാനം നിർവഹിച്ചു. അത് ധൂളി(നെബുല)യായിരുന്നു” (41: 11). ഈ സൃഷ്ടിരഹസ്യം ശാസ്ത്രം അനാവരണം ചെയ്തത് അടുത്ത കാലത്താണ്.
4. “സൂര്യൻ അതിന്റെ നിർണിത കേന്ദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത് പ്രതാപശാലിയും സർവജ്ഞനുമായ അല്ലാഹുവിന്റെ ക്രമീകരണമത്രേ.”(36: 38)
കോപ്പർ നിക്കസിനെപ്പോലുള്ള പ്രമുഖരായ ശാസ്ത്രജ്ഞർ പോലും സൂര്യൻ നിശ്ചലമാണെന്ന് വിശ്വസിക്കുന്നവരായിരുന്നു. അടുത്ത കാലം വരെയും സൂര്യൻ ചലിക്കുന്നുവെന്ന സത്യം അംഗീകരിക്കാൻ ഭൗതിക ശാസ്ത്രജ്ഞന്മാർ സന്നദ്ധരായിരുന്നില്ല. എങ്കിലും അവസാനം ഖുർആന്റെ പ്രസ്താവം സത്യമാണെന്ന് സമ്മതിക്കാനവർ നിർബന്ധിതരായി.
5. “ഉപരിലോകത്തെ നാം സുരക്ഷിതമായ മേൽപുരയാക്കി. എന്നിട്ടും അവർ നമ്മുടെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കുന്നേയില്ല.” (21: 32)
അടുത്ത കാലം വരെയും ഖുർആന്റെ വിമർശകർ ഈ വാക്യത്തിന്റെ പേരിൽ പരിഹാസം ഉതിർക്കുക പതിവായിരുന്നു. എന്നാൽ ഏറെ മാരകമായ കോസ്മിക് രശ്മികളിൽനിന്ന് ഭൂമിയെയും അതിലെ ജന്തുജാലങ്ങളെയും മനുഷ്യരെയും കാത്തുരക്ഷിക്കുന്ന ഓസോൺ പാളികളെക്കുറിച്ച അറിവ് ഇന്ന് സാർവത്രികമാണ്. അന്തരീക്ഷത്തിന്റെ ഈ മേൽപ്പുരയാണ് ഉൽക്കകൾ ഭൂമിയിൽ പതിച്ച് വിപത്തുകൾ വരുത്തുന്നത് തടയുന്നത്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും അതിന് അനൽപമായ പങ്കുണ്ട്. മലിനീകരണം കാരണം അതിന് പോറൽ പറ്റുമോ എന്ന ആശങ്ക പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ നിരന്തരം പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ജീവിതമിവിടെ സാധ്യമാവണമെങ്കിൽ ഖുർആൻ പറഞ്ഞ സുരക്ഷിതമായ മേൽപ്പുര അനിവാര്യമത്രെ. ശ്വസനത്തിനാവശ്യമായ വായുവിന്റെ മണ്ഡലത്തെ ഭദ്രമായി നിലനിർത്തുന്നതും ഈ മേൽപ്പുര തന്നെ.
6. “നാം ഭൂമിയെ തൊട്ടിലും പർവതങ്ങളെ ആണികളുമാക്കിയില്ലേ?”(78:7). “ഭൂമിയിൽ നാം ഉറച്ച പർവതങ്ങളുണ്ടാക്കിയിരിക്കുന്നു. ഭൂമി അവരെയുമായി തെന്നിപ്പോവാതിരിക്കാൻ, ഭൂമിയിൽ നാം വിശാലമായ വഴികളുണ്ടാക്കി, ജനം തങ്ങളുടെ മാർഗമറിയാൻ.” (21:31)
ഭൂമിയുടെ സന്തുലിതത്വത്തിൽ പർവതങ്ങൾ വഹിക്കുന്ന പങ്ക് അടുത്തകാലം വരെയും അജ്ഞാതമായിരുന്നു. എന്നാലിന്ന് ഭൂകമ്പങ്ങൾ തടയുന്നതിലും ഭൂഗോളത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടന സംരക്ഷിക്കുന്നതിലും അവയുടെ പങ്ക് പ്രമുഖ ഭൂഗർഭശാസ്ത്രജ്ഞന്മാരെല്ലാം ഊന്നിപ്പറഞ്ഞിട്ടുണ്ട്.
7. “നിശ്ചയം, നാം ഉപരിലോകത്തെ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.” (51: 47) പ്രപഞ്ചഘടനയെ സംബന്ധിച്ച പ്രാഥമിക ജ്ഞാനമുള്ളവരിലെല്ലാം ഒടുങ്ങാത്ത വിസ്മയം സൃഷ്ടിക്കാൻ ഖുർആന്റെ ഈ പ്രസ്താവം പര്യാപ്തമത്രെ.
8. ഹോളണ്ടുകാരനായ സ്വാമർഡാം എന്ന ജന്തുശാസ്ത്രജ്ഞൻ തേനീച്ചകളിൽ കൂടി ഉണ്ടാക്കുകയും തേൻ ഉൽപാദിപ്പിക്കുകയും ചെയ്യുന്നത് പെൺവർഗമാണെന്ന് തെളിയിച്ചത് 1876-ൽ മാത്രമാണ്. എന്നാൽ ഈ രണ്ടും തേനീച്ചകളിലെ സ്ത്രീകളാണ് ചെയ്യുകയെന്ന് പതിനാലു നൂറ്റാണ്ട് മുമ്പു തന്നെ ഖുർആൻ അതിനെ പരാമർശിക്കുന്ന വാക്യങ്ങളിലെ സ്ത്രീലിംഗ പ്രയോഗത്തിലൂടെ സ്ഥാപിക്കുകയുണ്ടായി. (16: 68, 69)
9. ലോകത്തിലെ അറുനൂറു കോടി മനുഷ്യരുടെയും കൈവിരലടയാളം 600 കോടി രൂപത്തിലാണ്. സൃഷ്ടിയിലെ മഹാവിസ്മയങ്ങളിലൊന്നാണിത്. എന്നാൽ വിരൽത്തുമ്പിലെ ഈ മഹാത്ഭുതം മനുഷ്യൻ തിരിച്ചറിഞ്ഞത് സമീപകാലത്താണ്. എങ്കിലും വിശുദ്ധ ഖുർആൻ പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം ഈ മഹാവിസ്മയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. “മനുഷ്യൻ വിചാരിക്കുന്നുവോ, നമുക്കവന്റെ എല്ലുകൾ ശേഖരിക്കാനാവില്ലെന്ന്? നാമവന്റെ വിരൽക്കൊടികൾ പോലും കൃത്യമായി നിർമിക്കാൻ കഴിവുള്ളവനായിരിക്കെ എന്തുകൊണ്ടില്ല?”(75: 3,4)
10. സൂര്യൻ വിളക്കുപോലെ സ്വയം പ്രകാശിക്കുന്നതും ചന്ദ്രൻ സൂര്യകിരണം തട്ടി പ്രകാശം പ്രതിബിംബിക്കുന്നതുമാണെന്ന് ലോകം മനസ്സിലാക്കിയത് അടുത്ത കാലത്താണ്. ഖുർആൻ ഇക്കാര്യം അസന്ദിഗ്ധമായി സൂചിപ്പിച്ചിട്ടുണ്ട്. “ഉപരിലോകത്ത് കോട്ടകളുണ്ടാക്കുകയും അതിലൊരു ദീപവും പ്രകാശിക്കുന്ന ചന്ദ്രനും സ്ഥാപിക്കുകയും ചെയ്തവനാരോ അവൻ മഹത്തായ അനുഗ്രഹമുടയവനത്രെ.” (25:61)
ഈ ദീപം സൂര്യനാണെന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നു: “അവൻ പ്രകാശമായി ചന്ദ്രനെയും വിളക്കായി സൂര്യനെയും നിശ്ചയിച്ചു.”(71: 16)
11. മനുഷ്യജന്മത്തിൽ പുരുഷബീജത്തിന് മാത്രമാണ് പങ്കെന്നായിരുന്നു പതിനെട്ടാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ധാരണ. സ്ത്രീയുടെ ഗർഭാശയം കുഞ്ഞു വളരാനുള്ള ഇടം മാത്രമായാണ് ഗണിക്കപ്പെട്ടിരുന്നത്. സ്ത്രീയുടെ അണ്ഡത്തിന്റെ പങ്ക് തിരിച്ചറിഞ്ഞത് അതിനുശേഷം മാത്ര മാണ്. ഖുർആൻ ജന്മത്തിലെ സ്ത്രീ-പുരുഷ പങ്കിനെ വ്യക്തമായി ഊന്നി പറഞ്ഞിട്ടുണ്ട്. “മനുഷ്യരേ, നിശ്ചയമായും നാം നിങ്ങളെ ഒരാണിൽനിന്നും പെണ്ണിൽനിന്നും സൃഷ്ടിച്ചിരിക്കുന്നു.”(49:13) “കൂടിച്ചേർന്നുണ്ടാവുന്ന ഒരു ബീജത്തിൽനിന്ന് നാം നിശ്ചയമായും മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.” (76: 2)
12. കുഞ്ഞിന്റെ ലിംഗനിർണയം നിർവഹിക്കുന്നത് പുരുഷബീജമാണെന്ന് വിശുദ്ധഖുർആൻ വ്യക്തമാക്കിയെങ്കിലും ശാസ്ത്രലോകമിത് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. “സ്രവിക്കപ്പെടുന്ന ഒരു ബീജത്തിൽ നിന്ന് ആൺ-പെൺ ഇണകളെ സൃഷ്ടിച്ചതും അവനാണ്.” (53: 45,46)
ഒരു തുള്ളി ഇന്ദ്രിയത്തിൽ അസംഖ്യം ബീജങ്ങളുണ്ടാവുമെങ്കിലും അവയിലൊന്നു മാത്രമാണ് ജനനത്തിൽ പങ്കുചേരുന്നതെന്ന കാര്യവും ഖുർആനിവിടെ വ്യക്തമാക്കുന്നു. ജനിതകശാസ്ത്രം കണ്ടെത്തിയ നിരവധി വസ്തുതകൾ വിശുദ്ധ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതായി കാണാം. അത് സവിസ്തരമായ പഠനമർഹിക്കുന്നതായതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല.
13. “രണ്ട് സമുദ്രങ്ങളെ കൂട്ടിച്ചേർത്തതും അവൻ തന്നെ. ഒന്ന് രുചികരമായ തെളിനീർ. മറ്റേത് ചവർപ്പുറ്റ ഉപ്പുനീരും. രണ്ടിനുമിടയിൽ ഒരു മറയുണ്ട്. അവ കൂടിക്കലരുന്നതിനെ വിലക്കുന്ന ഒരു തടസ്സം.” (25:53)
പതിനാറാം നൂറ്റാണ്ടിൽ തുർക്കി അമീറുൽ ബഹ്റ് സയ്യിദ് അലി റഈസ് രചിച്ച മിർആത്തുൽ മമാലിക് എന്ന ഗ്രന്ഥത്തിൽ, പേർഷ്യൻ ഗൾഫിന്റെ അടിത്തട്ടിൽ ഇത്തരം ജലാശയങ്ങളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അത് കണ്ടെത്തിയതിനു തെളിവുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ബഹ്റൈൻ തീരത്തുനിന്ന് മൂന്നര കിലോമീറ്റർ ദൂരെ പേർഷ്യൻ ഗൾഫിൽ ഉമ്മുസുവാലിയിൽ വമ്പിച്ച ശുദ്ധജലശേഖരം ഉപ്പു വെള്ളത്തിൽ കലരാതെ കണ്ടെത്തിയിരിക്കുന്നു. അങ്ങനെ നൂറ്റാണ്ടുകൾക്കപ്പുറം ഖുർആൻ അറിയിച്ച കാര്യം കണ്ടെത്താൻ മനുഷ്യസമൂഹത്തിന് സാധിക്കുകയുണ്ടായി.
14. നൂഹ് നബിയുടെ കപ്പൽ ജൂദി പർവതത്തിലാണ് ചെന്നുതങ്ങിയതെന്ന് ഖുർആൻ പറയുന്നു (11:44). Charles Berlits നോഹയുടെ നഷ്ടപ്പെട്ട പേടകം (The Lost Ship of Noah) എന്ന ഗ്രന്ഥത്തിൽ 1883-ൽ കിഴക്കൻ തുർക്കിയിലെ അറാറത്ത് പർവതനിരകളിലെ ജൂദിമലയിൽ 450 അടി നീളവും 150 അടി വീതിയും 50 അടി ഉയരവുമുള്ള കപ്പൽ കണ്ടെത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. പര്യവേക്ഷണവേളയിൽ കണ്ടെടുക്കപ്പെട്ട ഈ കപ്പൽ നോഹാ പ്രവാചകന്റേതാണെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
നിരക്ഷരനായ ഒരാൾക്കെന്നല്ല, ആറാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന എല്ലാ വിജ്ഞാനങ്ങളും ആർജിച്ച മഹാപണ്ഡിതനുപോലും ഇത്തരം കാര്യങ്ങൾ കണ്ടെത്താൻ ആവില്ലെന്ന് സത്യസന്ധതയുടെ നേരിയ അംശമുള്ള ഏവരും അംഗീകരിക്കും. ദൈവികമെന്ന് സ്വയം അവകാശപ്പെട്ട ഒരു ഗ്രന്ഥം അന്നെന്നല്ല, തുടർന്നുള്ള നിരവധി നൂറ്റാണ്ടുകളിലും മുഴു ലോകത്തിനും അജ്ഞാതമായിരുന്ന ഇത്തരം കാര്യങ്ങൾ തുറന്നു പ്രഖ്യാപിക്കുവാൻ ധൈര്യം കാണിക്കുകയും ഒന്നൊഴിയാതെ അവയൊക്കെയും സത്യമാണെന്ന് സ്ഥാപിതമാകുകയും ചെയ്തതുതന്നെ ഖുർആൻ ദൈവികഗ്രന്ഥമാണെന്നതിന് അനിഷേധ്യമായ തെളിവാണ്. സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഒരു ഗ്രന്ഥം ശാസ്ത്ര വസ്തുതകൾ അനാവരണം ചെയ്യാൻ ധൈര്യപ്പെട്ടുവെന്നതും പിൽക്കാലത്തെ മനുഷ്യധിഷണയുടെ കണ്ടെത്തലുകളിലൊന്നുപോലും അവയ്ക്ക് വിരുദ്ധമായില്ലെന്നതും ആലോചിക്കുന്ന ആരെയും വിസ്മയഭരിതരാക്കാതിരിക്കില്ല.
മനനം ചെയ്യുകവഴി ദർശനങ്ങൾ ഉരുത്തിരിഞ്ഞു വന്നേക്കാം. ശാസ്ത്രസത്യങ്ങൾ കണ്ടെത്താനും കഴിഞ്ഞേക്കാം. എന്നാൽ ചരിത്രവസ്തുതകൾ കേവലചിന്തയിലൂടെ ഉരുത്തിരിച്ചെടുക്കുക സാധ്യമല്ല. നിരക്ഷരനായ നബി തിരുമേനിയിലുടെ അവതീർണമായ ഖുർആൻ കാല സമൂഹങ്ങളുടെ ചരിത്രം വിശദമായി വിശകലനം ചെയ്യുന്നു. അവയിലൊന്നുപോലും വസ്തുനിഷ്ഠമല്ലെന്ന് സ്ഥാപിക്കാൻ ഇസ്‌ലാമിന്റെ വിമർശകർക്ക് ഇന്നോളം സാധിച്ചിട്ടില്ല. എന്നല്ല. അവയൊക്കെ തീർത്തും സത്യനിഷ്ഠമാണെന്ന് ലഭ്യമായ രേഖകളും പ്രമാണങ്ങളും തെളിയിക്കുകയും ചെയ്യുന്നു.
ദൈവിക ഗ്രന്ഥമെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഖുർആൻ ഭാവിയെ സംബന്ധിച്ച് നിരവധി പ്രവചനങ്ങൾ നടത്താൻ ധൈര്യപ്പെട്ടുവെന്നതും അവയൊക്കെയും സത്യമായി പുലർന്നുവെന്നതും അതിന്റെ അമാനുഷികതക്ക് മതിയായ തെളിവാണ്.
ടോൾസ്റ്റോയി, വിക്ടർ യൂഗോ, മാക്സിം ഗോർക്കി, ഷേയ്ക്സ്പിയർ, ഗോയ്ഥെ, ഷെല്ലി, മിൽട്ടൻ തുടങ്ങി കാലം നിരവധി സാഹിത്യകാരന്മാരെ കാണുകയും, അവരുടെ രചനകളുമായി പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ നൂറ് വർഷം പിന്നിടുമ്പോഴേക്കും ലോകത്തിലെ ഏത് മഹദ്ഗ്രന്ഥത്തിലെയും പല പദങ്ങളും ശൈലികളും പ്രയോഗങ്ങളും കാലഹരണപ്പെടുകയും പ്രയോഗത്തിലില്ലാതാവുകയും ചെയ്യുന്നു.
യേശുവിന്റെ ഭാഷയായ അരാമിക്കിൽ ലോകത്തെവിടെയും ഇന്ന് ബൈബിളില്ല. സുവിശേഷങ്ങൾ രചിക്കപ്പെട്ട ഭാഷയിലും ശൈലിയിലും അവ നിലനിൽക്കുന്നുമില്ല. ഉള്ളവ വിവർത്തനങ്ങളായതിനാൽ അവയുടെ ഭാഷയും ശൈലിയും നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ വേദഭാഷയും ഇന്ന് ജീവൽഭാഷയോ പ്രയോഗത്തിലുള്ളതോ അല്ല.
എന്നാൽ പതിനാലു നൂറ്റാണ്ടു പിന്നിട്ടശേഷവും ഖുർആന്റെ ഭാഷയും ശൈലിയും പ്രയോഗങ്ങളും ഇന്നും അറബിയിലെ ഏറ്റം മികച്ചവയും അതുല്യവും അനനുകരണീയവുമായി നിലകൊള്ളുന്നു. അറബി ഭാഷ അറിയുന്ന ആരെയും അത് അത്യധികം ആകർഷിക്കുന്നു. ആർക്കും അതിന്റെ ആശയം അനായാസം മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇവ്വിധം നിത്യനൂതനമായ ഒരു ഗ്രന്ഥവും ലോകത്ത് എവിടെയും ഒരു ഭാഷയിലും കണ്ടെത്താനാവില്ല.
എന്നാൽ ഇത്തരം ഏതൊരു വിവരണത്തേക്കാളുമേറെ ഖുർആന്റെ ദൈവികത ബോധ്യമാവാൻ സഹായകമാവുക അതിന്റെ പഠനവും പാരായണവുമത്രേ.
“ഖുർആൻ ദൈവികമെന്നതിന് താങ്കളുദ്ധരിച്ച മുഴുവൻ തെളിവുകളും ഖുർആനിൽ നിന്നുള്ളവയാണല്ലോ. ഇതെങ്ങനെയാണ് സ്വീകാര്യമാവുക?
സ്വർണവള സ്വർണനിർമിതമാണെന്നതിനു തെളിവു ആ വളതന്നെയാണ്. മാവ് മാവാണെന്നതിനു തെളിവു ആ വൃക്ഷം തന്നെയാണല്ലോ. ‘യുദ്ധവും സമാധാനവും’ ടോൾസ്റ്റോയിയുടേതാണെന്നതിന്നും ‘വിശ്വചരിത്രാവലോകം’ നെഹ്റുവിന്റെതാണെന്നതിന്നും പ്രസ്തുത ഗ്രന്ഥങ്ങളാണ് ഏറ്റവും പ്രബലവും സ്വീകാര്യവുമായ തെളിവ്. അവ്വിധം തന്നെ ഖുർആൻ ദൈവികമാണെന്നതിന്ന് ഏറ്റം ശക്തവും അനിഷേധ്യവുമായ തെളിവ് ആ ഗ്രന്ഥം തന്നെയാണ്.
previous post