ഇസ്‌ലാം വിമര്‍ശകര്‍ പ്രവാചകനെ ഭോഗാസക്തനായും കാമവെറിയനുമായി ചിത്രീകരിക്കുന്നത് പരമാബദ്ധമാണെന്ന് ആ പുണ്യപുരുഷന്റെ ജീവിതം പഠിക്കുന്ന ആര്‍ക്കും സംശയത്തിനിടമില്ലാത്ത വിധം ബോധ്യമാകും. അദ്ദേഹത്തിന്റേതുപോലെ വളരെ കൃത്യമായും കണിശമായും രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവിതവും ലോകത്തെവിടെയും ആരുടേതും ഇല്ലെന്നതും ഏറെ ശ്രദ്ധേയമാണ്.
1. ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ലൈംഗിക അരാജകത്വം അരങ്ങു തകര്‍ക്കുകയായിരുന്നു. എങ്ങും നിര്‍ലജ്ജത നൃത്തമാടി. കണിശമായി പാലിക്കപ്പെടുന്ന കൃത്യമായ സദാചാര നിയമങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. വിശുദ്ധ കഅ്ബ എന്ന ആദരണീയമായ ആരാധനാലയത്തിന്റെ പരിസരങ്ങളില്‍ പോലും അശ്ലീല വൃത്തികള്‍ നിര്‍ബാധം നടന്നുകൊണ്ടിരുന്നു. വിവാഹബാഹ്യ ബന്ധങ്ങള്‍ വിലക്കപ്പെട്ടിരുന്നില്ല. വിവാഹം പോലും കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന് നിയമത്തിന്റെയും മാന്യതയുടെയും പരിവേഷമണിയിക്കാനുള്ള തന്ത്രം മാത്രമായിരുന്നു. വേശ്യാവൃത്തിയിലേര്‍പ്പെട്ടിരുന്നവര്‍ ആവശ്യക്കാരെ പരസ്യമായി ക്ഷണിക്കുകയും തങ്ങളുടെ തൊഴില്‍ അതാണെന്നറിയിക്കാന്‍ വീടുകള്‍ക്ക് മുമ്പില്‍ കൊടി നാട്ടുകയും ചെയ്തിരുന്നു. ആര്‍ക്കും ആരെയും എപ്പോഴും കാമപൂരണത്തിന് ഉപയോഗിക്കാവുന്ന അവസ്ഥയാണുണ്ടായിരുന്നത്.
എല്ലാ അര്‍ഥത്തിലും സ്വതന്ത്ര ലൈംഗികത നിലനിന്നിരുന്ന സമൂഹത്തില്‍ മുഹമ്മദ് നബി കടുത്ത വിമര്‍ശകര്‍ക്ക് പോലും ഒരാരോപണവും ആക്ഷേപവും ഉന്നയിക്കാന്‍ അവസരം ലഭിക്കാതിരിക്കുമാറ് തീര്‍ത്തും വിശുദ്ധവും സദാചാരനിഷ്ഠവുമായ ജീവിതം നയിച്ചു.
2. മുഹമ്മദ് നബി കാഴ്ചക്കാരിലെല്ലാം കൗതുകമുണര്‍ത്തുമാറ് അതീവ സുന്ദരനും അരോഗ ദൃഢഗാത്രനുമായിരുന്നു. അതോടൊപ്പം പ്രമുഖ കുടുംബാംഗവും. സ്വഭാവമഹിമ കൊണ്ടും പെരുമാറ്റമേന്മ കൊണ്ടും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. അവിടത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും പ്രാപിക്കാന്‍ അദ്ദേഹത്തിനൊട്ടും പ്രയാസമുണ്ടായിരുന്നില്ല..
ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹം വിവാഹം കഴിച്ചത്. എന്നിട്ടും അന്നോളം അദ്ദേഹം അവിഹിത വൃത്തികളിലേര്‍പ്പെടുകയോ അതേക്കുറിച്ച് ആലോചിക്കുകപോലുമോ ചെയ്തില്ല. മാന്യേതര വൃത്തിയില്‍നിന്നെല്ലാം പൂര്‍ണമായും വിട്ടുനിന്നു. അശ്ലീലതയോടും നിര്‍ലജ്ജതയോടും പ്രകടമായ അകലം പാലിച്ചു. പ്രവാചകന്‍ കാമവെറിയനോ ഭോഗാസക്തനോ ആയിരുന്നെങ്കില്‍ ലൈംഗിക വേഴ്ചക്ക് ഒരുവിധ വിലക്കുമില്ലാതിരുന്ന മക്കയില്‍ പരമ പരിശുദ്ധമായ ജീവിതം നയിക്കാന്‍ സാധിക്കുമായിരുന്നില്ല.
3. സമപ്രായക്കാരിയോ തന്നേക്കാള്‍ പ്രായം കുറഞ്ഞവളോ ആയ ഏതു സുന്ദരിയെയും കല്യാണം കഴിക്കാന്‍ കഴിയുമായിരുന്നിട്ടും പതിനഞ്ച് വയസ്സ് കൂടുതലുള്ള ഖദീജാ ബീവിയെയാണ് വിവാഹം ചെയ്തത്. അവര്‍ രണ്ടുതവണ വിവാഹിതയായ വിധവയായിരുന്നു. നാലു കുട്ടികളുടെ മാതാവും.
പ്രവാചകത്വനിയോഗത്തിനു ശേഷം നിര്‍വഹിക്കാനുള്ള മഹാ നിയോഗത്തിന് അല്ലാഹു ഖദീജാ ബീവിയെയും നബിതിരുമേനിയെയും കൂട്ടിയിണക്കുകയായിരുന്നുവെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നു.
4. ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ അറേബ്യയിലും അന്ന് ബഹുഭാര്യാത്വം ആക്ഷേപകരമോ അസാധാരണമോ ആയിരുന്നില്ല. എന്നല്ല, മാന്യതയുടെയും മഹത്വത്തിന്റെയും യോഗ്യതയുടെയും അടയാളമായിരുന്നു. അക്കാലത്ത് അപവാദം ഏകഭാര്യാത്വമായിരുന്നു. എന്നിട്ടും ആദ്യഭാര്യ ഖദീജാ ബീവി പരലോകം പ്രാപിക്കുന്നതു വരെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചില്ല. അഥവാ 50 വയസ്സുവരെ ഏകഭാര്യനായാണ് അദ്ദേഹം ജീവിച്ചത്. പ്രവാചകന്റെ ബഹുഭാര്യാത്വത്തിനു കാരണം ലൈംഗിക തൃഷ്ണ ആയിരുന്നുവെങ്കില്‍ യൗവനത്തിന്റെ കരുത്തും ചെറുപ്പത്തിന്റെ ചോരത്തിളപ്പും വൈകാരിക ആവേശവുമുള്ള കാലത്താണല്ലോ ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിക്കേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല, ഖദീജയുടെ മരണശേഷം രണ്ടാമത് വിവാഹം കഴിച്ചതും തന്നേക്കാള്‍ പ്രായമുള്ള വിധവയായ സൗദയെയാണ്.
5. ഹിജ്‌റക്കു ശേഷം മദീനയിലെത്തിയതോടെ പ്രവാചകന്‍ രാഷ്ട്രത്തലവനും ഭരണാധികാരിയും സര്‍വസൈന്യാധിപനുമൊക്കെയായി. തന്റെ ഭരണ സീമയിലുള്ള ഏത് പ്രായത്തിലുള്ള ഏത് സുന്ദരിയെയും സ്വന്തമാക്കാന്‍ ഒട്ടും പ്രയാസമില്ലാത്ത പദവിയിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. എന്നിട്ടും ഭരണാധികാരിയായി മാറിയ ശേഷം ഒരൊറ്റ കന്യകയെയും മുഹമ്മദ് നബി വിവാഹം ചെയ്തിട്ടില്ല. തന്റെ അധികാരമോ സ്വാധീനമോ ഉപയോഗിച്ച് ആരെയും ലൈംഗികമായി ഉപയോഗിച്ചില്ല. നിര്‍ബന്ധിച്ച് സ്വന്തമാക്കിയില്ല. എന്നല്ല, തന്റെ ജീവിത പങ്കാളികളായവരില്‍ ഏവര്‍ക്കും വേര്‍പിരിഞ്ഞു പോകാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. ഈ സ്വാതന്ത്ര്യപ്രഖ്യാപനം പ്രപഞ്ചനാഥന്റെ നിര്‍ദേശാനുസരണമായിരുന്നു:
”നബിയേ, നീ നിന്റെ സഹധര്‍മിണിമാരോട് പറയുക: ഇഹലോകവും അതിലെ വിഭവങ്ങളുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ വരുവിന്‍, വിഭവങ്ങള്‍ നല്‍കി ഞാന്‍ നിങ്ങളെ ഭംഗിയായി പിരിച്ചയക്കാം” (ഖുര്‍ആന്‍ 33:28).
പ്രവാചക പത്‌നിമാരിലാരും ആ മാര്‍ഗമവലംബിച്ചില്ല. ഒരു കാമാതുരന്റെ കൈയില്‍ കുടുങ്ങിപ്പോയവരായിരുന്നു അവരെങ്കില്‍ കിട്ടുന്ന ആദ്യാവസരമുപയോഗിച്ച് രക്ഷപ്പെടുമായിരുന്നു.
6. പ്രവാചകന്‍ വിവാഹം ചെയ്തവരില്‍ ഒരാളൊഴികെ എല്ലാവരും വിധവകളായിരുന്നു. ഏറെപ്പേരും കാഴ്ചക്കാരില്‍ ഒട്ടും കൗതുകമുണര്‍ത്താത്ത വിധം യൗവനം പിന്നിട്ടവരും. മൂന്നാമത് കല്യാണം കഴിച്ച ആഇശ മാത്രമാണ് പ്രവാചക പത്‌നിമാരില്‍ കന്യകയായുണ്ടായിരുന്ന ഏക സ്ത്രീ. അദ്ദേഹം അവരെ വിവാഹം ചെയ്തത് അവരുടെ ആറാമത്തെ വയസ്സിലാണ്. മൂന്ന് വര്‍ഷം പിന്നിട്ട ശേഷമാണ് അവരോടൊത്ത് ദാമ്പത്യം നയിക്കാന്‍ തുടങ്ങിയത്. കന്യകയായ ആഇശയെ സഹധര്‍മിണിയായി സ്വീകരിച്ചതും ലൈംഗികതാല്‍പര്യത്താലായിരുന്നില്ലെന്ന് ഈ വസ്തുത സുതരാം വ്യക്തമാക്കുന്നു. ഭോഗാസക്തിയായിരുന്നു വിവാഹത്തിന് പ്രേരകമായിരുന്നതെങ്കില്‍ അമ്പത് പിന്നിട്ട ഒരാള്‍ ദാമ്പത്യം പങ്കിടാന്‍ പ്രായമായിട്ടില്ലാത്ത കുട്ടിയെയല്ലല്ലോ കല്യാണം കഴിക്കുക, പ്രായപൂര്‍ത്തിയായ യുവതിയെയാണല്ലോ.
7. കുത്തഴിഞ്ഞ ലൈംഗിക ജീവിതം ഇഷ്ടപ്പെടുന്ന കാമാതുരനായിരുന്നു നബിതിരുമേനിയെങ്കില്‍ അറേബ്യയില്‍ അക്കാലത്ത് നിലവിലുണ്ടായിരുന്ന ലൈംഗിക അരാജകത്വത്തിന് ഒരിക്കലും അറുതി വരുത്തുമായിരുന്നില്ല. വിവാഹബാഹ്യ ബന്ധങ്ങള്‍ക്ക് വിലക്കുകളില്ലാത്ത വ്യവസ്ഥയും അവസ്ഥയുമാണല്ലോ ഭോഗാസക്തരും കാമവെറിയരും ആഗ്രഹിക്കുക. എന്നാല്‍ മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ ജീവിതവ്യവസ്ഥ സ്ത്രീ- പുരുഷ ബന്ധത്തിന് കണിശവും കര്‍ക്കശവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണുണ്ടായത്. വിവാഹബാഹ്യ ബന്ധങ്ങള്‍ക്ക് ഗുരുതരമായ ശിക്ഷ നിശ്ചയിച്ചു. സ്ത്രീ- പുരുഷന്മാര്‍ പരസ്പരം ലൈംഗിക വികാരത്തോടെ നോക്കുന്നത് പോലും വിലക്കി. അന്യ സ്ത്രീയും പുരുഷനും ഒരിടത്ത് തനിച്ചാവരുതെന്ന് നിര്‍ദേശിച്ചു. ലൈംഗിക വിശുദ്ധി ഉറപ്പുവരുത്തുന്ന വ്യക്തമായ സദാചാര നിയമങ്ങള്‍ ആവിഷ്‌കരിച്ചു. കാമവെറിയന്മാര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ലല്ലോ ഇതൊന്നും.
മതനിരാസത്തിന്റെ മുദ്രയണിഞ്ഞ യുക്തിവാദികളും നിരീശ്വരവാദികളും ഇത്തരം എല്ലാ നിയമങ്ങളെയും നിയന്ത്രണങ്ങളെയും പൂര്‍ണമായും നിരാകരിക്കുകയും തള്ളിപ്പറയുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നത് അതിനാലാണല്ലോ. സ്ത്രീകള്‍ പരമാവധി ശരീരഭാഗം തുറന്നിടുന്നതിനെയും സ്ത്രീപുരുഷന്മാര്‍ ഇഴുകിച്ചേര്‍ന്ന് തൊട്ടുരുമ്മി കഴിയുന്നതിനെയുമാണല്ലോ അത്തരക്കാര്‍ പ്രമോട്ട് ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
8. പ്രവാചകന്‍ ജീവിച്ച സമൂഹത്തിലെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ അദ്ദേഹത്തിന്റെ ജീവിതം വിശദമായ നിരീക്ഷണത്തിനും നിശിതമായ നിരൂപണത്തിനും കൃത്യമായ വിശകലനത്തിനും രൂക്ഷമായ വിമര്‍ശനത്തിനും വിധേയമാക്കിയിരുന്നു. അദ്ദേഹത്തിനെതിരെ വ്യാജമായ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും ആക്ഷേപശകാരങ്ങള്‍ കൊണ്ടു പൊതിയുകയും ചെയ്തിരുന്നു. എന്നിട്ടും ഒരാള്‍പോലും പ്രവാചകനില്‍ ലൈംഗികാസക്തിയോ ഭോഗ തൃഷ്ണയോ സദാചാരലംഘനമോ കാമവെറിയോ ആരോപിച്ചിട്ടില്ല. അദ്ദേഹത്തിലൂടെ അവതീര്‍ണമായ ആദര്‍ശവിശ്വാസത്തെ അതിനിശിതമായി വിമര്‍ശിച്ചിരുന്നവരും എതിര്‍ത്തിരുന്നവരും ആ ജീവിതം പരമപരിശുദ്ധമായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നവരായിരുന്നു.
ഉഭയസമ്മതപ്രകാരം ആര്‍ക്കും ആരുമായും എപ്പോള്‍ വേണമെങ്കിലും ലൈംഗികബന്ധം പുലര്‍ത്താമെന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്ന യുക്തിവാദികളുള്‍പ്പെടെയുള്ള ഭൗതികവാദികള്‍ക്ക് പ്രവാചകന്റെ വിവാഹങ്ങളെയോ ലൈംഗിക ജീവിതത്തെയോ വിമര്‍ശിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള അവകാശമില്ല. സ്ത്രീയുടെ സമ്മതമില്ലാതെ നിര്‍ബന്ധപൂര്‍വം ലൈംഗിക വേഴ്ചക്ക് വിധേയമാക്കുന്നത് മാത്രമാണല്ലോ അവരുടെ വീക്ഷണത്തില്‍ നിയമവിരുദ്ധവും വിമര്‍ശനവിധേയവുമാവുക.